കണ്ണൂര്‍: വളപട്ടണം പഞ്ചായത്തിലെ ആറാം വാർഡിലെ സ്ഥാനാർഥിയെ വാർഡിലുള്ള വോട്ടർമാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല. 1979 മുതല്‍ 2005-ല്‍ പട്ടികജാതി സംവരണമായപ്പോള്‍ ഒഴികെ ഒറ്റ മെംബറാണ് ഈ വാര്‍ഡിന്. പേര് വി.കെ. ലളിതാദേവി. ഇത്തവണ ജനറല്‍ ആണെങ്കിലും മത്സരിക്കാന്‍ കോണ്‍ഗ്രസ് നിശ്ചയിച്ചിരിക്കുന്നതു ലളിതാദേവിയെയാണ്.
ഫ്ലക്സ് ബോര്‍ഡും പോസ്റ്ററുകളുമില്ലാതെ 79-ാം വയസിലും പ്രചാരണത്തിൽ സജീവമാണ്. വീടുകളില്‍ നല്‍കാനുള്ള കത്ത് മാത്രമാണ് അച്ചടിക്കുന്നത്. അതുമാത്രമാണ് തെരഞ്ഞെടുപ്പ് ചെലവും.
1979-ലാണ് ലളിതാദേവി പഞ്ചായത്തങ്കത്തിനിറങ്ങുന്നത്. എട്ട് വാര്‍ഡില്‍ ഒരെണ്ണം വനിതകള്‍ക്കായി മാറ്റിവച്ചതാണു വഴി തുറന്നത്. ജനതാപാര്ട്ടിക്കാരാണ് ബിരുദധാരിയായ ലളിതാദേവിയെ ആദ്യം സമീപിച്ചത്.
അവരോടു താത്പര്യം പ്രകടിപ്പിച്ചില്ല. കോണ്‍ഗ്രസുകാര്‍ പിന്നാലെയെത്തി. ഇന്ദിരാഗാന്ധിയോടുള്ള ഇഷ്ടംകൊണ്ട് സമ്മതംമൂളി. പിന്നെ ആറാംവാര്ഡിന്റെ സ്ഥിരം മെംബറായി. കഴിഞ്ഞതവണ കോണ്‍ഗ്രസും ലീഗും മുന്നണിയില്ലാതെ പൊരുതിയപ്പോള്‍ കോണ്‍ഗ്രസില്‍നിന്നു ജയിച്ചത് ലളിതാദേവി മാത്രമാണ്.
67 വോട്ടായിരുന്നു ഭൂരിപക്ഷം. രണ്ടുതവണയായി അഞ്ചരവര്‍ഷം പഞ്ചായത്ത് പ്രസിഡന്റായി. ഒരു തവണ വൈസ് പ്രസിഡന്റും. 2001-ല്‍ രാമഗുരു യുപി സ്കൂള്‍ പ്രഥമാധ്യാപികയായി വിരമിച്ചശേഷം പൂര്‍ണമായും പൊതുരംഗത്താണ്.
ഭര്‍ത്താവ് പരേതനായ ഈശാനനും മക്കളായ മനോജും മീനയും കൊച്ചുമക്കളുമെല്ലാം എന്നും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. 14 വാര്‍ഡുള്ള ചെറിയ പഞ്ചായത്തിലെ ഈ വാര്‍ഡില്‍ ആകെ 495 വോട്ടര്‍മാരാണുള്ളത്. സിപിഎമ്മിലെ കെ.വി. പ്രശാന്ത് ബാബുവും ബിജെപിയിലെ ശൈലജ കിഴക്കെ ഇല്ലവുമാണ് എതിരാളികള്‍.
Tags : Valapattanam Member of Valapattanam