യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ കെട്ടിടങ്ങൾക്കു തീപിടിച്ചപ്പോൾ.
കീവ്: റഷ്യൻ സേന യുക്രെയ്നിൽ നടത്തിയ വ്യോമാക്രമണത്തിൽ കീവ് പ്രാന്തത്തിലെ ഗ്രാമത്തിൽ മൂന്നു വയസുള്ള ആൺകുഞ്ഞും അതിന്‍റെ മുത്തശ്ശി-മുത്തശ്ശനും മരിച്ചു. ഇതടക്കം നാലു പേരാണ് വെള്ളിയാഴ്ച രാത്രിമുതൽ ശനിയാഴ്ച പുലർച്ചവരെ നീണ്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആറു ബാലിസ്റ്റിക് മിസൈലുകളും 151 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചിടാൻ കഴിഞ്ഞില്ല. അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിലുപയോഗിക്കുന്ന മിസൈലുകളുടെ അഭാവം യുക്രെയ്ൻ നേരിടുന്നുണ്ട്. ജൂലൈയിൽ റഷ്യ പ്രയോഗിച്ച 195 ബാലിസ്റ്റിക് മിസൈലുകളിൽ 29 എണ്ണം വെടിവച്ചിടാനേ കഴിഞ്ഞിട്ടുള്ളൂവെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയിലെ ആക്രമണ
ത്തിൽ പാർപ്പിട കേന്ദ്രങ്ങളും വാണിജ്യ, വ്യവസായ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായി യുക്രെയ്ൻ അറിയിച്ചു. കീവിന് 30 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ ഡ്രോൺ പതിച്ചു വീടിനു തീപിടിച്ചാണ് കുഞ്ഞും ബന്ധുക്കളും മരിച്ചത്.
ഇതിനിടെ, വെള്ളിയാഴ്ച രാത്രി റഷ്യയിലെ രണ്ടു റിഫൈനറികൾക്കു നേർക്ക് യുക്രെയ്ൻ സേന ഡ്രോൺ പ്രയോഗിച്ചു. രണ്ടിടത്തും തീപീടിത്തമുണ്ടായി.
Tags : russia ukraine war drone attack