പല്ലവി സിംഗ് (സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം).
പ്രയാഗ്രാജ്: പ്രമുഖ ഡേറ്റിംഗ് ആപ്പുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം സ്വകാര്യവീഡിയോയും ചിത്രങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കോടികൾ തട്ടിയെടുത്ത യുവതി ഒടുവിൽ പിടിയിൽ. ഉത്തർപ്രദേശിലെ പ്രയാഗ്രാജ് സ്വദേശിയായ പല്ലവി സിംഗ് രാജ്പുത് എന്ന യുവതിയാണ് പോലീസിന്റെ വലയിലകപ്പെട്ടത്.
ഹൈക്കോടതി അഭിഭാഷകൻ നൽകിയ പരാതിയെത്തുടർന്നാണ് ഞെട്ടിക്കുന്ന ഈ ഹണിട്രാപ്പ് സംഘത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. വിവിധ വ്യക്തികളിൽ നിന്നായി ആറു കോടിയിലേറെ രൂപയാണ് സംഘം തട്ടിയെടുത്തത്. വിവിധ ഡേറ്റിംഗ് ആപ്പുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വ്യാജ പേരുകളിലാണ് യുവതി പുരുഷന്മാരുമായി ബന്ധപ്പെട്ടിരുന്നത്. ആദ്യഘട്ടത്തിൽ സാധാരണ സൗഹൃദം നടിച്ച് അടുപ്പത്തിലാകുന്ന ഇവർ, പിന്നീടു നേരിട്ടു കാണാൻ അവസരമൊരുക്കും. ഈ കൂടിക്കാഴ്ചകൾക്കിടയിൽ ഇരകളുടെ സ്വകാര്യചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകർത്തിയെടുക്കുകയാണ് പതിവ്.
തുടർന്ന്, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും പീഡന പരാതി നൽകുമെന്നും ഭീഷണിപ്പെടുത്തിയാണു ലക്ഷക്കണക്കിനു രൂപ ഇരകളിൽനിന്നു കൈക്കലാക്കിയിരുന്നത്. നാണക്കേട് ഭയന്നാണ് പലരും പോലീസിൽ പരാതിപ്പെടാതിരുന്നത്. സംഘത്തിന്റെ ഭീഷണിയും വ്യാജ പരാതികളും കാരണം മുമ്പ് അഞ്ച് വ്യക്തികൾക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നതായും ഇരകൾ ആരോപിക്കുന്നു.
യുവതിയുടെ സംഘത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലു പേരുണ്ടെന്നും പോലീസ് പറഞ്ഞു. കട്ടിലിൽ നോട്ടുകെട്ടുകൾ അടുക്കിവച്ചിരിക്കുന്ന ചിത്രങ്ങളും തോക്ക് കൈയിലേന്തിയ യുവതിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൂടുതൽ ഇരകൾ പരാതിയുമായി വരുന്നുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
Tags : Crime Honeytrap CyberCrime