ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും
സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയായ കോസ്മിക് സാംസണിന്റെ ട്രെയിലർ പുറത്ത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം നവംബർ 27-ന് തിയറ്ററുകളിലെത്തും.
ജോൺ ലൂതർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം തന്നെ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. സഹരചയിതാവ്- അഭികേർഷ് വസന്ത്. എക്സികുട്ടീവ് പ്രൊഡ്യൂസർ - ബിനോ ടി. എബ്രഹാം.
സന്ദീപ് പ്രദീപ് അവതരിപ്പിക്കുന്ന സിനിമ മോഹവുമായി നടക്കുന്ന സാംസൺ ജോസഫ് എന്ന യുവാവിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു കാര്യം അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നു.
തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ യാഥാർഥ്യത്തിന്റെ പതിവ് കാഴ്ചപ്പാടുകൾക്കപ്പുറമുള്ള വിചിത്രവും വിസ്മയകരവുമായ സാഹചര്യങ്ങളിലേക്ക് സാംസൺ എത്തിപ്പെടുന്നു. ഫാന്റസിയും ആക്ഷനും മിസ്റ്ററിയും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ചിത്രം, ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിലേക്ക് അസാധാരണമായ ലോകം കടന്നുവരുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങളാണ് അവതരിപ്പിക്കുന്നത്. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും നൽകിയിരുന്ന കൗതുകത്തിന് കൂടുതൽ ആഴം നൽകുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ.
സന്ദീപ് പ്രദീപ് കൂടാതെ, മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സൂപ്പർ ഹിറ്റായ പടക്കളം, എക്കോ, എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്.
മിന്നൽ മുരളിക്ക് ശേഷം, കോസ്മിക് സാംസണിലൂടെ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് വീണ്ടും മലയാളത്തിൽ എത്തുകയാണ്. അദ്ദേഹം ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസിനെത്തും.
Tags : Cosmic Samson Trailer Cosmic Samson Sandeep Pradeep Abhijith Joseph Weekend Blockbusters Trailer