ആറ്റുകാൽ പൊങ്കാലയ്ക്ക് നടി അന്ന രാജന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരിച്ച് നടൻ മാധവ് സുരേഷ്. അന്ന ക്ഷമ പറയേണ്ടതില്ലെന്നും അവരുടെ ഭാഗത്ത് തെറ്റൊന്നും പറ്റിയിട്ടില്ലെന്നും മാധവ് സുരേഷ് പറയുന്നു.
തെറ്റായി വിഡിയോ ചിത്രീകരിച്ച യുട്യൂബേഴ്സാണ് യഥാർഥത്തിൽ മാപ്പ് പറയേണ്ടതെന്ന് സമൂഹമാധ്യമത്തിൽ മാധവ് കുറിച്ചു.
ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വിവാദങ്ങളിൽ വൈകാരിക പ്രതികരണം നടത്തിയ അന്നയുടെ പോസ്റ്റ് പങ്കുവച്ചാണ് മാധവ് സുരേഷിന്റെ പിന്തുണ.
‘പൂജ ചെയ്യുന്ന സ്ത്രീകളുടെ വീഡിയോ അവരുടെ അന്തസിന് വില കൽപിക്കാതെ പലപ്പോഴും ക്ലിക്ക് കിട്ടുന്നതിനായി ചില യുട്യൂബേഴ്സ് പകർത്തി പങ്കുവയ്ക്കുന്നു. ഇതുമൂലം പലപ്പോഴും മാപ്പ് പറയേണ്ടി വരുന്നത് സെലിബ്രിറ്റികളാണ്.
വാസ്തവത്തിൽ അന്ന രാജൻ മാപ്പ് പറയേണ്ടതില്ല. താങ്കൾ ഒരു തെറ്റും ചെയ്തിട്ടില്ല. പൊതുജനങ്ങളോട് മാപ്പ് പറയേണ്ടത് ഇത്തരത്തിൽ ലജ്ജയില്ലാതെ വീഡിയോ പകർത്തിയ നട്ടെല്ലില്ലാത്ത ആ കൂട്ടരാണ്. നമ്മൾ ലജ്ജയില്ലാത്ത ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു,’ മാധവ് സുരേഷ് കുറിച്ചു.
ശുദ്ധമായ ഭക്തിയോടെയാണ് ആറ്റുകാൽ എത്തി പൊങ്കാല അർപ്പിച്ചതെന്നും തന്റെ വസ്ത്രങ്ങളോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരെ വേദനപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു വിഷയത്തിൽ അന്ന രാജൻ പ്രതികരിച്ചത്.
‘കൈകൂപ്പി, കണ്ണുനീരോടെ,
ആറ്റുകാൽ അമ്മയുടെ തൃപ്പാദങ്ങളിൽ ഞാൻ ആദ്യമായി പൊങ്കാല അർപ്പിച്ച ദിനമായിരുന്നു അത്. ശുദ്ധമായ ഭക്തിയോടെയാണ് ഞാൻ അവിടെ എത്തിയിരുന്നത്. അതികഠിനമായ ചൂടിൽ നിന്നുകൊണ്ട്, വിറകടുപ്പിൽ പൊങ്കാല ഒരുക്കി അമ്മയുടെ നാമം ജപിച്ച് വിശ്വാസത്തോടെ ആ നിമിഷം അനുഭവിക്കുകയായിരുന്നു.
ആ പരിശുദ്ധമായ നിമിഷത്തിനിടെ ചില അനാവശ്യമായ വിഡിയോകളും ക്ലിപ്പുകളും പകർത്തി പങ്കുവയ്ക്കപ്പെട്ടുവെന്ന് കണ്ടപ്പോൾ വളരെ വേദനയായി. ചുറ്റുമുണ്ടായിരുന്ന എല്ലാവരെയും മീഡിയയെയും ഉൾപ്പെടെ ഞാൻ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.
എന്റെ ഭക്തിയെ ദുർബലപ്പെടുത്തുന്ന രീതിയിൽ ചില നിമിഷങ്ങൾ അവതരിപ്പിച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചു.
എന്റെ സാരിയോ ഭാവങ്ങളോ അല്ലെങ്കിൽ എന്റെ ഏതെങ്കിലും പ്രവൃത്തികളോ കാരണം ഏതെങ്കിലും ഭക്തരുടെ മനസിൽ അനാവശ്യമായി വേദനയുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ഹൃദയപൂർവം ക്ഷമ ചോദിക്കുന്നു. ഒരിക്കലും അതായിരുന്നില്ല എന്റെ ലക്ഷ്യം. എന്റെ മനസ് അമ്മയ്ക്ക് അറിയാം. ആ ചൂടും ആ പരിശ്രമവും ആ പ്രാർത്ഥനകളും എന്റെ ചിരിയുടെ പിന്നിലുള്ള സത്യസന്ധതയും അമ്മയ്ക്ക് അറിയാം.
ആ സത്യം മതി എനിക്ക്. എപ്പോഴും ഞാൻ ആറ്റുകാൽ അമ്മയുടെ വിനയമുള്ള ഒരു ഭക്തയായി തുടരും. എല്ലാം അമ്മയുടെ തിരുവടികളിൽ സമർപ്പിച്ചുകൊണ്ട്.’’ അന്ന രാജൻ പറഞ്ഞതിങ്ങനെ.
പൊങ്കാല ചടങ്ങിൽ നിന്നുള്ള അന്നയുടെ വീഡിയോകൾ വലിയ രീതിയിൽ വൈറലായിരുന്നു. താരത്തിന്റെ വസ്ത്രധാരണം ശരിയല്ലെന്നായിരുന്നു വിമർശനങ്ങൾ വന്നത്.
പൊങ്കാല അർപ്പിക്കാനായല്ല നഷ്ടപ്പെട്ട റീച്ച് തിരികെ പിടിക്കാൻ വേണ്ടിയാണ് അന്ന ആറ്റുകാൽ എത്തിയത് എന്നതരത്തിൽ വരെ വിമർശനം ഉയർന്നിരുന്നു.
Tags : madhav suresh anna rajan movie news