പ്രഭുദേവയും രംഭയും.
തെന്നിന്ത്യയുടെ സൂപ്പർഹിറ്റ് താരജോഡികളായിരുന്ന രംഭയും പ്രഭുദേവയും കാനഡയിൽ വീണ്ടും ഒത്തുചേർന്നു. രംഭയുടെ കാനഡയിലെ വസതിയിൽ നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. നിമിഷങ്ങൾക്കകം ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായി.
സ്വന്തം വീടിന്റെ മുറ്റത്തും സമീപത്തെ തടാകത്തിനരികിലുമായി പ്രഭുദേവയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് രംഭ പുറത്തുവിട്ടത്. രംഭയുടെ ഭർത്താവിനൊപ്പവും കുടുംബാംഗങ്ങൾക്കൊപ്പവും പ്രഭുദേവ നിൽക്കുന്ന ചിത്രങ്ങളും കൂട്ടത്തിലുണ്ട്. 'പ്രഭു മാസ്റ്റർ ഞങ്ങൾക്കൊപ്പമുണ്ട്. അദ്ദേഹത്തോടും കുടുംബത്തോടുമൊപ്പം സമയം ചെലവഴിച്ചു. സന്തോഷത്തിന്റെ നിമിഷങ്ങൾ മാത്രം...' എന്ന കുറിപ്പോടെയാണ് രംഭ ചിത്രങ്ങൾ പങ്കിട്ടത്.
പോസ്റ്റിനു താഴെ നടി ഖുശ്ബു സുന്ദർ പങ്കുവെച്ച കമന്റും ശ്രദ്ധ നേടി. സംഗീതമുയരുമ്പോൾ രണ്ടുപേരും ഒരുമിച്ചുള്ള നിമിഷങ്ങളെ വെല്ലാൻ മറ്റൊന്നിനുമാകില്ലെന്നാണ് ഖുശ്ബു കുറിച്ചത്. തൊണ്ണൂറുകളിലെ സ്ക്രീൻ കെമിസ്ട്രിക്കും നൃത്തച്ചുവടുകൾക്കും പേരുകേട്ട താരജോഡികളാണ് ഇരുവരും.
1992-ൽ 'സർഗം' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ രംഭ, 2010-ൽ കാനഡയിലെ ബിസിനസുകാരനായ ഇന്ദ്രകുമാർ പത്മനാഥനെ വിവാഹം കഴിച്ച് ടൊറന്റോയിലേക്ക് താമസം മാറുകയായിരുന്നു. 2011-ന് ശേഷം സിനിമകളിൽനിന്നു വിട്ടുനിന്നെങ്കിലും റിയാലിറ്റി ഷോകളിൽ വിധികർത്താവായി അവർ സജീവമാണ്. നിലവിൽ 'ജോഡി ആർ യു റെഡി' സീസൺ 2-ൽ വിധികർത്താവായി പ്രവർത്തിക്കുകയാണ്.
Tags : Prabhudeva Rambha KhushbuSundar Entertainment FilmNews