ഹൈദരാബാദ്: തെലുങ്കാനയിലെ രംഗറെഡ്ഡിയിൽ സ്റ്റീൽ ഫാബ്രിക്കേഷൻ യൂണിറ്റിലെ ക്രെയിൻ തകർന്ന് വീണ് അഞ്ച് തൊഴിലാളികൾ മരിച്ചു, 12 പേർക്ക് പരിക്കേറ്റു. നാഗേന്ദ്ര മാത്തൂർ, അലി ഹുസൈൻ, സജിം, മുകേഷ് കുമാർ, സോനു എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പെട്ടെന്നുണ്ടായ മഴയിൽ തൊഴിലാളികൾ ഒരു ഷെഡിന് താഴെ നിൽക്കുകയായിരുന്നു. കനത്ത മഴയെയും കാറ്റിനെയും തുടർന്ന് ഷെഡിന് സമീപത്തുണ്ടായിരുന്ന ക്രെയിൻ തകർന്ന് വീഴുകയായിരുന്നു. ഷെഡിന് താഴെയുണ്ടായിരുന്ന തൊഴിലാളികൾ ഇതിനടിയിൽപ്പെട്ട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.