സൗത്ത് ഡാളസിൽ വെടിവയ്പ്; 7 പേർക്ക് പരുക്ക്, രണ്ട് പേരുടെ നില ഗുരുതരം
പി.പി. ചെറിയാൻ
Sunday, June 8, 2025 9:17 PM IST
ഡാളസ്: സൗത്ത് ഡാളസിൽ നടന്ന വെടിവയ്പിൽ 7 പേർക്ക് പരുക്ക്. രണ്ടു പേരുടെ നില ഗുരുതരം. വ്യാഴാഴ്ച രാത്രിയാണ് വെടിവയ്പ് ഉണ്ടായത്. വെടിവയ്പിന് ഇരയായവർ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി ലെൻവേ സ്ട്രീറ്റിലെ 2700 ബ്ലോക്കിൽ വഴക്കുണ്ടാകുകയും ജനക്കൂട്ടത്തിന് നേർക്ക് ആരോ വെടിവയ്ക്കുകയുമായിരുന്നുവെന്ന് ഡാളസ് പോലീസ് വ്യക്തമാക്കി.
അന്വേഷണം പുരോഗമിക്കുകയാണ്. പരുക്കേറ്റവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അതിനിടെ അയൽപക്കങ്ങളിൽ നടക്കുന്ന അക്രമം അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മോംസ് ഡിമാൻഡ് ആക്ഷൻ വോളന്റിയർ സംഘം ഡാളസ് പോലീസ് ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധം നടത്തി.