ശിവോഹം കൺവെൻഷന് കൊടിയേറുന്നു
രഞ്ജിത് ചന്ദ്രശേഖർ
Thursday, July 3, 2025 5:00 PM IST
നോർത്ത് കരോലിന: കാത്തിരിപ്പിന് വിരാമം കുറിച്ച് നോർത്ത് കരോലിനയിൽ മന്ത്രയുടെ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്) ദ്വിതീയ ദേശീയ കൺവൻഷന്(ശിവോഹം 2025 ) കൊടിയേറുന്നു. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ് കൺവെൻഷൻ.
സമൂഹത്തിന്റെ ആത്മീയവും സാംസ്കാരികവും കലാപരവുമായ വിഭവങ്ങൾ കോർത്തിണക്കിയ മഹത്തായ ആഘോഷ ദിനങ്ങൾക്ക് ആണ് ശിവോഹം കൺവെൻഷൻ സാക്ഷ്യം വഹിക്കുക.
പൂജ്യ സ്വാമിജി ചിദാനന്ദ പുരി മുഖ്യാതിഥി ആകുന്ന കൺവൻഷനിൽ, ശിവഗിരി മഠത്തിൽ നിന്നും സ്വാമി വീരേശ്വരാനന്ദ, ബ്രഹ്മശ്രീ മനോജ് നമ്പൂതിരി, ഡോ. ശ്രീനാഥ് കാര്യാട്ട്, മോഹൻജി, മണ്ണടി ഹരി,
ചലച്ചിത്ര സംഗീത പിന്നണി രംഗത്തെ അതികായൻ ഉണ്ണി മേനോൻ, ഡോ. കലാമണ്ഡലം രചിത രവി(മോക്ഷ,മോഹിനിയാട്ടം സെഷൻ), രഞ്ജനി സൈഗാൾ (വീരാംഗന:വനിതാ ഫോറം സെഷൻ ) എന്നിവർ പങ്കെടുക്കും.
നാടക അവതരണം, ഫാഷൻ ഷോ, കൾച്ചറൽ കോംപറ്റീഷൻ, സിനിമ, ചെണ്ടമേളം, കഥകളി, മെഗാ തിരുവാതിര തുടങ്ങി നിരവധി പരിപാടികൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
പുതിയ പ്രവാസി തലമുറ നിവസിക്കുന്ന നോർത്ത് കാരോലിനയിൽ നടക്കുന്ന ഈ കൺവെൻഷന് ലഭിച്ച വർധിച്ച സ്വീകാര്യത സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിനു കരുത്തു പകരും എന്നു പ്രസിഡന്റ് ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു.