കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റി സുവർണ ജൂബിലി നിറവിലേക്ക്
Saturday, July 6, 2019 9:07 PM IST
കൊളോണ്‍ : പരിശുദ്ധ കന്യാമറിയത്തിന്‍റെ നാമധേയത്തിലുള്ള കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റി (Indische Gemeinde Koeln) സ്ഥാപിതമായിട്ട് അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുകയാണ്. ഏതാണ്ട് അറുപതുകളുടെ തുടക്കത്തിലാണ് ദക്ഷിണേന്ത്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നും ആദ്യമായി ഇന്ത്യക്കാർ ജർമനിയിൽ എത്തിത്തുടങ്ങിയത്. അക്കാലത്ത് നഴ്സിംഗ് ജോലികളിൽ നഴ്സുമാരായി പരിശീലനം ആരംഭിക്കാനുള്ള ജർമൻ ബിഷപ്പുമാരുടെ ക്ഷണം സ്വീകരിച്ചാണ് എത്തിയിരുന്നത്. അക്കാലത്ത് കന്യാസ്ത്രീകളും ഇവിടേയ്ക്ക് ഇത്തരുണത്തിൽ എത്തിയിരുന്നു. താമസിയാതെ കൊളോണ്‍ അതിരൂപത കർദ്ദിനാൾ ജോസഫ് ഫ്രിംഗ്സ് പ്രത്യേക ഇടയ പരിചരണത്തിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ, 1950 കളുടെ അവസാനം മുതൽ കൊളോണിൽ താമസിച്ചിരുന്ന ഫാ. വെർണർ ചക്കാലക്കൽ സിഎംഐയെ നഴ്സ്മാർക്കും കന്യാസ്ത്രീകൾക്കുമുള്ള ആത്മീയ വഴികാട്ടിയായി അനൗദ്യോഗികമായി അദ്ദേഹം നിയമിക്കുകയും ചെയ്തു.

ഫാ. വെർണർ ചക്കാലക്കൽ സിഎംഐ ജർമനിയിൽ നിന്ന് പോയപ്പോൾ, കർദിനാൾ ഹോഫ്നർ 1970 മുതൽ ഫാ. ജെറോം ചെറുശേരി സിഎംഐയെ ഇന്ത്യക്കാരുടെ ആദ്യത്തെ ഇടയനായി ഒൗദ്യോഗികമായി നിയമിച്ചു.

തുടർന്നുള്ള വർഷങ്ങളിൽ, നഗരവും കൊളോണ്‍ അതിരൂപതയും ജർമനിയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ ശ്രദ്ധാകേന്ദ്രമായി (കോണ്‍ടാക്റ്റ് പോയിന്‍റ്) അന്നു മുതൽ ഇവിടെയുള്ള ഇന്ത്യൻ കത്തോലിക്കർക്ക് പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവർക്ക് ഒരു വ്യക്തിഗത ഇടയസഹായം ലഭിച്ചു. ഇത് ആദ്യകാലങ്ങളിൽ യുവ ഇന്ത്യക്കാർക്കും കന്യാസ്ത്രീകൾക്കും വളരെ പ്രധാനമായിരുന്നു.

ഇന്ത്യൻ ദൗത്യത്തിന്‍റെ വികസനത്തിനായി, 1972 മുതൽ ജർമനിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ഭർത്താക്കന്മാർക്ക് ജർമനിയിൽ പ്രവേശിക്കാൻ അനുവാദം നൽകി, കുടുംബയോഗങ്ങളും യുവാക്കളും സമൂഹത്തിന്‍റെ ഇടയ കേന്ദ്രമായി. 1985 ൽ ഇന്ത്യൻ മിഷന്‍റെ തലവനായി ഫ്രാങ്ക് ജെ. ചക്കാലക്കൽ സിഎംഐ ചുമതല ഏറ്റെടുത്തു. തുടർന്ന് 1995 ൽ പിതാവ് ഫ്രാൻസിസ് പാറയ്ക്കൽ സിഎംഐ അദ്ദേഹത്തിന്‍റെ പിൻഗാമിയായി. 2001 ൽ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ ഈ സ്ഥാനം ഏറ്റെടുത്തു. കൊളോണ്‍ അതിരൂപത കൂടാതെ എസൻ, ആഹൻ എന്നീ രൂപതകളിലെ ഏതാണ്ട് 3,000 ത്തോളം കത്തോലിക്കർ ഉൾപ്പെടുന്നതാണ് (എണ്ണൂറോളം കുടുംബങ്ങൾ) നിലവിലെ സുവർണ്ണ ജൂബിലി നിറവിലേയ്ക്ക് നടന്നടുക്കുന്ന ഇൻഡിഷെ ഗെമൈൻഡേ അഥവാ ഇന്ത്യൻ കമ്യൂണിറ്റി.

കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയെ ഒൻപത് കുടുംബ കൂട്ടായ്മകളായി തിരിച്ചിട്ടുണ്ട്. എല്ലാ മാസത്തിലെയും മൂന്നാം ഞായറാഴ്ച വൈകുന്നേരം കൊളോണിൽ സീറോ മലബാർ റീത്തിൽ ദിവ്യബലിയുണ്ടാവും.

1986 ലാണ് ആദ്യത്തെ കുടുംബകൂട്ടായ്മ പിറവിയടുത്തത്. സെന്‍റ് ജോർജ്, പിന്നീട് സെന്‍റ് തോമസും, സെന്‍റ് ചാവറയും, സെന്‍റ് മാർട്ടിൻ, സെന്‍റ് ഫ്രാൻസിസ്കൂസ് ഒക്കെയായി ഒൻപതെണ്ണം നിലവിൽ വന്നു. കുട്ടികളുടെ വേദപാഠം മാസത്തിലെ ഒന്നും മൂന്നും ഞായറാഴ്ചകളിലും നടക്കുന്നു. ഓശാന, ഈസ്റ്റർ, ക്രിസ്മസ്, കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥ തിരുനാൾ ജൂണ്‍/ജൂലൈ മാസങ്ങളിലും വിശുദ്ധ തോമാശ്ളീഹാ, വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധരായ ചാവറയച്ചൻ, ഏവുപ്രാസിയമ്മ, മദർ തെരേസ, വിശുദ്ധ കുർബാനയുടെ തിരുനാൾ, സകല മരിച്ചവർക്കും വേണ്ടിയുള്ള തിരുനാൾ, പന്തക്കുസ്താ തിരുനാൾ, ന്യൂഈയർ മാസ്, വർഷാവസാന മാസ്, പത്തുദിവസം നീണ്ടു നിൽക്കുന്ന കൊന്ത നമസ്ക്കാരം, ഓരോ മാസാദ്യ വെള്ളിയാഴ്ചകളിലും വൈകുന്നേരങ്ങളിൽ ആരാധന തുടങ്ങിയവയാണ് സമൂഹത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ.

യൂത്ത് കൊയർ, മുതിർന്നവരുടെ ഗെസാങ് ഗ്രൂപ്പ്, ഫ്രൈസൈറ്റ് ഗ്രൂപ്പ്, വനിതാ കൂട്ടായ്മ, യുവ ഫാമിലി കൂട്ടായ്മ, നാലു പ്രെയർ ഗ്രൂപ്പുകൾ തുടങ്ങിയവയുടെ പ്രവർത്തനവും സജീവമാണ്. നോന്പുകാലങ്ങളിൽ ധ്യാനങ്ങളും നടത്തിവരുന്നു.

ചാപ്ളെയിനെ സഹായിക്കാനായി 2004 മുതൽ ഒൻപതുപേരടങ്ങുന്ന ഒരു കോഓർഡിനേഷൻ കമ്മിറ്റിയും പ്രവർത്തിക്കുന്നു. ഓരോ രണ്ടു വർഷം കൂടുന്പോഴാണ് കോ ഓർഡിനേഷൻ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത്. എട്ടാമത്തെ കമ്മിറ്റിയാണ് നിലവിലുള്ളത്. കമ്മിറ്റിയിൽ കണ്‍വീനർ, സെക്രട്ടറി, ട്രഷറർ എന്നീ ഭരണ ക്രമങ്ങളുമുണ്ട്. കമ്യൂണിറ്റിയിലെ നടന്നതും നടക്കുന്നതുമായ കാര്യങ്ങൾ ഉൾപ്പെടുത്തി സന്ദേശം എന്ന പേരിൽ ഒരു ബുക്ക് ലെറ്റ് വർഷത്തിൽ രണ്ടു പ്രാവശ്യം തയാറാക്കി എല്ലാ കുടുംബങ്ങൾക്കും അയച്ചുകൊടുക്കുന്നുണ്ട്.

ആദ്യകാലങ്ങളിൽ ജർമനിയിലെ കൊളോണും പ്രാന്തപ്രദേശങ്ങളും കേന്ദ്രീകരിച്ച് കുടിയേറിയ മലയാളികളെ സംബന്ധിച്ചിടത്തോളം കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റി ഏറെ പ്രധാനമാണ്. ആദ്യതലമുറ നിലവിൽ രണ്ടും കടന്ന് മൂന്നാം തലമുറയായി നടന്നുനീങ്ങുന്പോൾ പുതുതലമുറയ്ക്ക് ജർമനിയുടെ മണ്ണിൽ മാർത്തോമാ വിശ്വാസ പൈതൃകം പകർന്നു നൽകാൻ സാധിക്കുന്നത് വലിയൊരു കാര്യം തന്നെയാണ്. പിച്ചവച്ച നാളുകളും, ബാല്യവും, കൗമാരവും, യൗവനവും ഒക്കെ പിന്നിട്ട് അഞ്ചു പതിറ്റാണ്ടിന്‍റെ തികവോടെ സുവർണജൂബിലി നിറവിലേയ്ക്കു കടക്കുന്പോൾ കമ്യൂണിറ്റി ഒരു ദീപസ്തംബമായി കെടാവിളക്കായി പ്രകാശം പരത്തുന്നതിൽ ജർമനിയിലെ മലയാളികൾക്ക് ഏറെ അഭിമാനിക്കാൻ വകയുണ്ട്.

കൊളോണ്‍ അതിരൂപതയുടെ അന്താരാഷ്ട്ര കത്തോലിക്കാ പാസ്റ്ററൽ കെയറിന്‍റെ ഭാഗമായി നിലകൊള്ളുന്ന ഇന്ത്യൻ സമൂഹത്തിന്‍റെ എല്ലാ പ്രവർത്തങ്ങൾക്കും സാന്പത്തിക സഹായവും മറ്റു മാർഗ ഗ്നിർദ്ദേശം നൽകുന്നതും കൊളോണ്‍ അതിരൂപതയും കർദ്ദിനാൾ റൈനർ മരിയ വോൾക്കിയുമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ