സീറോ മലബാർ വാത്സിംഗ്ഹാം തീർത്ഥാടനം ശനിയാഴ്ച; നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക
Tuesday, July 16, 2019 7:56 PM IST
ലണ്ടൻ: പരിശുദ്ധ അമ്മ ഗബ്രിയേൽ മാലാഖയിലൂടെ മംഗള വാർത്ത ശ്രവിച്ച നസ്രത്തിലെ ദേവാലയം യ കെയിലേക്ക് മാതൃനിർദ്ദേശത്തിൽ സൃഷ്ടിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന മരിയൻ പുണ്യ കേന്ദ്രമായ വാല്‍ത്സിംഗ്ഹാമിൽ സീറോ മലബാർ സഭ നടത്തുന്ന മൂന്നാമത് തീർഥാടനം ജൂലൈ 20ന് (ശനി) നടക്കും.

വൻ ജനാവലി തീർഥടനത്തിനു എത്തുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങളും വോളണ്ടിയേഴ്സ് നല്കുന്ന നിർദ്ദേശങ്ങളും പാലിക്കണമെന്ന് കോൾചെസ്റ്ററിലെ തീർഥാടന സംഘാടക സമിതി പ്രത്യേകം അഭ്യർഥിച്ചു.

തീർഥാടനത്തിൽ പങ്കു ചേരുവാൻ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ സ്ലിപ്പർ ചാപ്പലിന്‍റെ തൊട്ടടുത്ത സ്ഥലത്തായി (ആറേക്കർ) സൗജന്യ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സംഘാടകര് തയാറാക്കിയിട്ടുള്ള കോച്ച് പാർക്കിംഗിലേക്കുള്ള റൂട്ട് മാപ്പ് കോച്ചിൽ വരുന്നവർ പാലിക്കണം. ഗതാഗത നിർദ്ദേശങ്ങളുമായി റോഡരികിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സഹായവും നിർദ്ദേശവുമായി വോളണ്ടിൻയേഴ്‌സും വഴിയിൽ ഉണ്ടായിരിക്കും.

പരിസരം മലീമസമാക്കാതെ ഓരോ തീർഥടകരും ശ്രദ്ധിക്കേണ്ടതാണ്. തങ്ങളുടെ വേസ്റ്റ് ബിന്നുകളിൽ തന്നെ നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. മരുന്നുകൾ അവരവരുടെ കൈവശം കരുതുവാൻ മറക്കരുത്. തീർഥാടകർക്കായി പ്രാഥമിക ചികിത്സക്കുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.

തീർഥാടന പ്രദക്ഷിണത്തിൽ മരിയ പുണ്യ ഗീതങ്ങൾ ആലപിച്ചും പരിശുദ്ധ ജപമാല സമർപ്പിച്ചും ഭയ ഭക്തി ബഹുമാനത്തോടെ മറ്റുള്ള തീർഥടകർക്ക് മാതൃകയും പ്രോത്സാഹനവുമായി താന്താങ്ങളുടെ ഗ്രൂപ്പുകളിൽ ചിട്ടയോടെ നടന്നു നീങ്ങേണ്ടതാണ്. നിരകൾ തെറ്റാതെയും വേറിട്ട കൂട്ടമായി മാറാതിരിക്കുവാനും അതാതു കമ്യൂണിറ്റികൾ തന്നെ പ്രത്യേകം ശ്രദ്ധിക്കണമെന്നും സംഘാടകർ അഭ്യർഥിച്ചു. മുത്തുക്കുടകൾ ഉള്ളവർ കൊണ്ടുവന്നാൽ തീർത്ഥാടനം കൂടുതൽ വർണാഭമാക്കാവുന്നതാണ്.

സ്വാദിഷ്ടമായ ചൂടൻ ഭക്ഷണങ്ങൾ ചാപ്പൽ പരിസരത്തു തയാറാക്കിയിരിക്കുന്ന ഫുഡ്‌ സ്റ്റാളുകളിൽ മിതമായ നിരക്കിൽ ലഭ്യക്കുവാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

രാവിലെ 9 മുതൽ11 വരെ ആരാധനയും സ്തുതിപ്പും തുടർന്ന് ‌ 12:00 വരെ പ്രമുഖ ധ്യാന ഗുരു ഫാ. ജോർജ് പനക്കൽ മരിയൻ പ്രഘോഷണവും നടത്തും. ഉച്ചക്ക് 12:00 മുതൽ 12:45 വരെ കുട്ടികളെ അടിമ വെക്കുന്നതിനും, ഭക്ഷണത്തിനായുള്ള ഇടവേളയുമാണ്. കുട്ടികളെ അടിമ വയ്ക്കുവാൻ ആഗ്രഹിക്കുന്നവർ വോളണ്ടിയെഴ്സിൽ നിന്നും കൂപ്പണ്‍ മുൻ കൂട്ടി വാങ്ങിയ ശേഷം നിർദ്ദേശങ്ങൾക്ക് അനുസൃതമായി ക്യു പാലിച്ചു മുന്നോട്ടു വരേണ്ടതാണ്.

തുടർന്നു 12:45 ന് ആമുഖ പ്രാര്‍ഥനയും തുടർന്ന് മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമർപ്പിച്ചുകൊണ്ട്, മരിയ ഭക്തര്‍ തീര്‍ത്ഥാടനം ആരംഭിക്കും.

ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുനാള്‍ സമൂഹ ബലിക്ക് മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകും. വികാരി ജനറാളുമാരോടൊപ്പം യു കെ യുടെ നാനാ ഭാഗത്ത് നിന്നും എത്തുന്ന മറ്റു വൈദികർ സഹ കാർമികരായിരിക്കും.

തീർഥാടനത്തിൽ പങ്കു ചേരുന്നവർ ഈ തീർഥാടന ദൗത്യം അനുഗ്രഹ പൂരിതമാകുവാൻ മാനസികമായും, ആത്മീയമായും ഒരുങ്ങി വരുവാൻ ഫാ. തോമസ് പാറക്കണ്ടത്തിലും, ഫാ ജോസ് അന്ത്യാംകുളവും പ്രത്യേകം നിഷ്കർഷിച്ചു.

സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ മരിയോത്സവത്തിനു അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയായതായി തീർഥാടനത്തിനു നേതൃത്വം നല്കുന്ന ആതിഥേയരായ ഈസ്റ്റ്‌ ആംഗ്ലിയായിലെ കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യൂണിറ്റി അറിയിച്ചു.

വിവരങ്ങള്‍ക്ക്: ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946.

THE BASILICA OF OUR LADY OF WALSINGHAM, HOUGHTON ST.GILES
NORFOLK, LITTLE WALSINGHAM, NR22 6AL

റിപ്പോർട്ട്:അപ്പച്ചൻ കണ്ണഞ്ചിറ