ഇന്ത്യയിലെ മുസ് ലിംകൾ ആക്രമിക്കപ്പെടുന്നതിൽ ബ്രിട്ടീഷ് എംപിക്ക് ആശങ്ക
Tuesday, July 16, 2019 8:56 PM IST
ലണ്ടൻ: മുസ് ലിംകൾക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ആക്രമണങ്ങളിൽ ബ്രിട്ടീഷ് എംപി ജോനാഥൻ ആഷ്വർത്ത് ആശങ്ക അറിയിച്ചു. ലേബർ പാർട്ടി പ്രതിനിധിയായ അദ്ദേഹം ഇക്കാര്യം ഉന്നയിച്ച് ബ്രിട്ടീഷ് വിദേശകാര്യ കോമണ്‍വെൽത്ത് മന്ത്രാലയത്തിലെ സീനിയർ കാബിനറ്റ് മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

ഇന്ത്യൻ വംശജർ കൂടുതലുള്ള ലെസ്റ്റർ സൗത്തിൽനിന്നുള്ള ജനപ്രതിനിധിയാണ് ആഷ്വർത്ത്. ഇന്ത്യയിൽ മുസ് ലിംകൾക്ക് അങ്ങേയറ്റം ആശങ്കപ്പെടേണ്ട സാഹചര്യമാണ്. ബ്രിട്ടീഷ് സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം. ഇന്ത്യൻ സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ല. വർഗീയ ആക്രമണങ്ങളും കൊലപാതകങ്ങളും വിവേചനങ്ങളും നടക്കുകയാണ്. മതപരമായ വിശ്വാസങ്ങൾക്കുള്ള അവകാശങ്ങൾ പോലും ലംഘിക്കപ്പെടുന്നുവെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു. തന്‍റെ മണ്ഡലത്തിലെ മുസ് ലിംകൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

അതേസമയം ഇന്ത്യയിലെ ജനവിഭാഗങ്ങളുടെ മനുഷ്യാവകാശ സംരക്ഷണത്തിനും മതപരമായ വിവേചനങ്ങൾ ഇല്ലാതാക്കാനും ഇടപെടുമെന്ന് ബ്രിട്ടീഷ് ഫോറിൻ ആൻഡ് കോമണ്‍വെൽത്ത് ഓഫീസ് മറുപടിയായി അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ