ബ്രെക്‌സിറ്റിന്റെ ഭാവി നിര്‍ണയിക്കുന്ന വോട്ടെടുപ്പ് ഉറ്റുനോക്കി ലോകം
Friday, December 13, 2019 2:33 PM IST
ലണ്ടന്‍: ബ്രിട്ടനില്‍ വ്യാഴാഴ്ച നടക്കുന്ന പൊതു തെരഞ്ഞെടുപ്പ് പ്രായോഗിക തലത്തില്‍ ബ്രെക്‌സിറ്റിന്റെ ഭാവി നിര്‍ണിക്കുന്ന ഹിതപരിശോധന കൂടിയായി മാറും. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കരാറോടെയോ അല്ലാതെയോ എത്രയും വേഗം ബ്രെക്‌സിറ്റ് നടപ്പാക്കുമെന്നു പ്രഖ്യാപിക്കുമ്പോള്‍, ബ്രെക്‌സിറ്റിനായി വീണ്ടും ഹിതപരിശോധന നടത്താനുള്ള സന്നദ്ധതയാണ് ജെറമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി അറിയിക്കുന്നത്. അതല്ലെങ്കില്‍ ബ്രിട്ടന് അനുകൂലമാകുന്ന തരത്തില്‍ ബ്രെക്‌സിറ്റ് കരാര്‍ കൊണ്ടുവരുമെന്നും പാര്‍ട്ടി പറയുന്നു.

യൂറോപ്യന്‍ അനുകൂല സെന്‍ട്രലിസ്റ്റ് ലിബറല്‍ ഡെമോക്രാറ്റ്‌സ്, നികള സ്റ്റര്‍ജന്‍ നേതൃത്വം നല്‍കുന്ന സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി, ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടി എന്നിവയാണ് തെരഞ്ഞെടുപ്പ് രംഗത്തെ മറ്റു പ്രമുഖര്‍.

ജനസഭയും (ഹൗസ് ഓഫ് കോമണ്‍സ്), പ്രഭുസഭയും (ഹൗസ് ഓഫ് ലോര്‍ഡ്‌സ്) അടങ്ങിയതാണ് ബ്രിട്ടീഷ് പാര്‍ലമന്റെ്. 650 അംഗ ജനസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 326 സീറ്റുകള്‍ വേണം. ഇനിയെല്ലാം നിങ്ങളുടെ കൈയിലെന്ന്, വോട്ടിങ്ങിനു മുന്‍പുള്ള അവസാന തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ഭരണപക്ഷത്തിന് മുന്‍തൂക്കം കിട്ടിയാലും ഭൂരിപക്ഷം ഉറപ്പില്ലെന്നാണ് അവസാനവട്ട അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളില്‍ കാണുന്നത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 45 ശതമാനവും ലേബര്‍ പാര്‍ട്ടിക്ക് 33 ശതമാനവും വോട്ടാണ് ഏറ്റവും പുതിയ പ്രവചനം. തൊട്ടു മുന്‍പത്തെ പ്രവചനവുമായി താരതമ്യം ചെയ്യുമ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് രണ്ടു പോയിന്റ് കൂടുകയും ലേബറിന് ഒരു പോയിന്റ് കുറയുകയും ചെയ്തു.

പത്തിലൊന്ന് വോട്ടര്‍മാരും ആര്‍ക്ക് വോട്ട് ചെയ്യണമെന്ന തീരുമാനത്തിലെത്തിയിട്ടില്ലെന്നും ബുധനാഴ്ച പുറത്തുവന്ന അഭിപ്രായ സര്‍വേ ഫലത്തില്‍ ചൂണ്ടിക്കാട്ടുന്നു. 28 സീറ്റിന്റെ ഭൂരിപക്ഷമാണ് ബോറിസിന് പരമാവധി പ്രതീക്ഷിക്കാവുന്നതെന്നാണ് ഇപ്പോഴത്തെ കണക്ക്. എന്നാല്‍, തൂക്കു പാര്‍ലമെന്റ് നിലവില്‍ വരാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.

2016 ജൂണില്‍ നടന്ന ഹിതപരിശോധനയിലാണ് ബ്രെക്‌സിറ്റിന് അനുകൂലമായി ബ്രിട്ടീഷ് ജനത വിധിയെഴുതിയത്. മൂന്നു വര്‍ഷത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി ബ്രെക്‌സിറ്റ് നടപ്പാക്കണമെന്നാണ് ചട്ടം. എന്നാല്‍, ബ്രെക്‌സിറ്റ് സംബന്ധിച്ച കരാര്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് ഇതുവരെ പാസാക്കിയെടുക്കാന്‍ സാധിച്ചിട്ടില്ല. അതിനാലാണ് ബ്രെക്‌സിറ്റ് നീണ്ടുപോകുന്നത്.

തെരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കി ബ്രെക്‌സിറ്റ് വിഷയത്തില്‍ നിലനില്‍ക്കുന്ന സാധ്യതകള്‍ ഇവയാണ്:

* പിന്‍മാറ്റ കരാര്‍ പാസാക്കി 2020 ജനുവരി 31ന് ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാകും
* കരാറില്ലാത്ത ബ്രെക്‌സിറ്റ് നടപ്പാക്കും.
* രണ്ടാം ബ്രെക്‌സിറ്റ് ഹിതപരിശോധന നടക്കും.
* വീണ്ടും ബ്രെക്‌സിറ്റ് നീട്ടിവെക്കാന്‍ യൂറോപ്യന്‍ യൂനിയനോട് ആവശ്യപ്പെടും
* ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ക്കു തുടക്കമിട്ട 50ാം അനുഛേദം മരവിപ്പിക്കും.
* പിന്‍മാറ്റ കരാറില്‍ കൂടുതല്‍ മാറ്റങ്ങള്‍ക്കായി യൂറോപ്യന്‍ യൂനിയനുമായി ചര്‍ച്ച പുനരാരംഭിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍