അവയവദാന രീതിയിലെ മാറ്റത്തിനുള്ള നിര്‍ദേശം ജര്‍മന്‍ പാര്‍ലമെന്‍റ് തള്ളി
Friday, January 17, 2020 9:28 PM IST
ബര്‍ലിന്‍: അവയവദാനത്തിനു സമ്മതപത്രം നല്‍കുന്നതിനു പകരം, താത്പര്യമില്ലാത്തവര്‍ വിസമ്മത പത്രം നല്‍കുന്ന തരത്തിലുള്ള മാറ്റത്തിനുള്ള നിര്‍ദേശം ജര്‍മന്‍ പാര്‍ലമെന്‍റ് തള്ളി. എല്ലാ പൗരന്‍മാര്‍ക്കും അവയവദാനം നിര്‍ബന്ധമാക്കുകയും വിസമ്മതം അറിയിക്കുന്നവരെ മാത്രം ഒഴിവാക്കുകയും ചെയ്യുന്ന ഈ രീതി പ്രാബല്യത്തില്‍ വന്നാല്‍ അവയവദാതാക്കളുടെ ക്ഷാമം പരിഹരിക്കാമെന്നായിരുന്നു സര്‍ക്കാരിന്‍റെ പ്രതീക്ഷ.

ആരോഗ്യ മന്ത്രി യെന്‍സ് സ്പാന്‍ കൊണ്ടുവന്ന നിര്‍ദേശത്തിന് വിവിധ പാര്‍ട്ടികളില്‍ നിന്നു വേണ്ടത്ര പിന്തുണ ലഭിച്ചെങ്കിലും പാസാക്കാനുള്ള ഭൂരിപക്ഷം പാര്‍ലമെന്‍റില്‍ ലഭിച്ചില്ല. 292 പേര്‍ നിര്‍ദേശത്തെ അംഗീകരിച്ചപ്പോള്‍ 379 പേര്‍ എതിര്‍ക്കുകയായിരുന്നു.

നിലവിലുള്ള സംവിധാനം തുടരുകയും, കൂടുതല്‍ പേരെ സമ്മതപത്രം നല്‍കാന്‍ പ്രേരിപ്പിക്കുകയും ചെയ്യാനുള്ള നിര്‍ദേശത്തിന് ഭൂരിപക്ഷ പിന്തുണ ലഭിക്കുകയും ചെയ്തു. 432 പേര്‍ ഇതിനെ പിന്തുണച്ചപ്പോള്‍ 200 പേര്‍ എതിര്‍ത്തു.

പാര്‍ലമെന്റില്‍ അവതരിപ്പിച്ച അവയവദാന നിയമ ഭേദഗതിയോടു യോജിച്ചവര്‍ 84 ശതമാനം പേരെന്ന് സര്‍വേ ഫലം ഉണ്ടായിരുന്നു. എന്നാല്‍, യഥാര്‍ഥത്തില്‍ അവയവദാനം നടത്താന്‍ സന്നദ്ധതയുള്ളവര്‍ 40 ശതമാനം മാത്രം എന്നാണ് മറ്റൊരു കണ്ടെത്തൽ..

18 മുതല്‍ 29 വരെ പ്രായമുള്ളവരില്‍ 93 ശതമാനം പേരും ബില്ലിനെ അനുകൂലിക്കുന്നു. അമ്പത് വയസുകാരില്‍ 79 ശതമാനം പേരാണ് അനുകൂലിക്കുന്നത്, ഇതാണ് ഏറ്റവും കുറവ് പിന്തുണയുള്ള പ്രായ വിഭാഗവും.

എന്നാല്‍, യഥാര്‍ഥത്തില്‍ അവയവദാന കാര്‍ഡ് പൂരിപ്പിച്ചിട്ടുള്ളത് സര്‍വേയില്‍ പങ്കെടുത്തവരില്‍ 40 ശതമാനം പേര്‍ മാത്രമാണ്. 29 വരെ പ്രായമുള്ളവരില്‍ 51 ശതമാനം പേരും ഇതു നല്‍കിയിരുന്നു. 70 കഴിഞ്ഞവര്‍ 25 ശതമാനം മാത്രം.

അവയവദാനം നടത്താന്‍ സമ്മതപത്രം നല്‍കുന്നതിനു പകരം, അവയദാനത്തിനു തയാറല്ലെങ്കില്‍ അത് അറിയിക്കുന്ന രീതിയിലുള്ള മാറ്റമാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ