അയർലൻഡിൽ കൊറോണബാധിതർ ആയിരം കടന്നു; മരണം ആറായി
Tuesday, March 24, 2020 11:06 PM IST
ഡബ്ളിൻ:അയർലൻഡിൽ കൊറോണബാധിതരുടെ എണ്ണം ആയിരം കടന്നു.തിങ്കളാഴ്ച വരെ റിപ്പബ്ളിക് ഓഫ് അയർലൻഡിൽ 1125 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് നാൽപ്പതിനായിരത്തിലേറെ പേർ കൊറോണ ടെസ്റ്റിനായി കാത്തിരിക്കുന്ന അവസ്ഥയാണുള്ളത്.ഇവരുടെ പരിശോധനാഫലം വരുന്പോൾ രോഗബാധിതരുടെ എണ്ണം കുതിച്ചുയരാനാണ് സാധ്യത. കൂടുതൽ ടെസ്റ്റ് സെന്‍ററുകൾ ആരംഭിച്ചും കിറ്റുകൾ ഇറക്കുമതി ചെയ്തും കൊറോണടെസ്റ്റ് വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാഉപകരണങ്ങൾ ,ടെസ്റ്റ് കിറ്റുകൾ തുടങ്ങിയവ ചൈനയിൽ നിന്നും വിമാനമാർഗം അയർലൻഡിൽ എത്തിക്കുമെന്ന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരീസ് അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരിൽ ആറിലൊന്നു പേരും ആരോഗ്യ മേഖലയിൽ നിന്നുള്ളവരാണെന്നത് സർക്കാർ ഏറെ ഗൗരവത്തോതെയാണ് നോക്കിക്കാണുന്നത്.പല നഴ്സുമാരും രോഗനിർണയത്തിനായി കാത്തിരിക്കുകയാണ്. ആരോഗ്യമേഖലയിലുള്ളവർക്ക് രോഗനിർണയം എളുപ്പത്തിലാക്കണമെന്ന ആവശ്യം ഉടനെ പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

രോഗികളെ പരിചരിച്ച മലയാളികളടക്കമുള്ള ഇരുനൂറോളം ആരോഗ്യപ്രവർത്തകർ സെൽഫ് ഐസോലേഷനിൽ പോയിരിക്കുകയാണ്. പത്തിലേറെ മലയാളികൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.കോറോണബാധിതരുടെ സംഖ്യ ദിനംപ്രതി ഏറുന്ന സാഹചര്യത്തിൽ നഴ്സിംഗ് വിദ്യാർത്ഥികളെ ജോലിക്കിറക്കാനുള്ള പദ്ധതി തയാറാക്കിക്കഴിഞ്ഞു.

അയർലൻഡിൽ കൊറോണയുടെ പശ്ചാത്തലത്തിൽ പ്രമുഖ ധനകാര്യസ്ഥാപനമായ ബാങ്ക് ഓഫ് അയർലൻഡിന്‍റെ 101 ശാഖകൾ അടച്ചിടാൻ തീരുമാനിച്ചു. കുറച്ചു ശാഖകൾ തുറന്നു പ്രവർത്തിക്കും.ഫാസ്റ്റ്ഫുഡ് കന്പനി മക്ഡൊണാൾഡ്സിന്‍റെ മുഴുവൻ ബ്രാഞ്ചുകളും അടച്ചുപൂട്ടി. വീസ നിയന്ത്രണവും വിമാനസർവീസുകൾ റദ്ദാക്കിയതിനാലും മലയാളികളടക്കമുള്ള പ്രവാസികൾ എങ്ങോട്ടും പോവാനാവാതെ രാജ്യത്ത് കുടുങ്ങിക്കിടക്കു അവസ്ഥയിലാണ്.

ഡബ്ളിനിലുള്ള ഇന്ത്യൻ എംബസിയുടെ കോണ്‍സുലാർ സർവീസുകളുടെ പ്രവർത്തനം നിർത്തി വച്ചു.വിവിധകോളജ് ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർഥകൾക്ക് അവിടെ തുടരാനുള്ള അനുമതി ഇന്ത്യൻ അംബാസഡറുടെ ഇടപെടലിനെത്തുടർന്ന് ലഭിച്ചിട്ടുണ്ട്. മലയാളികളടക്കമുളള വിദേശവിദ്യാർഥികളോട് കാന്പസ് വിട്ടുപോവാൻ ട്രിനിറ്റി കോളജടക്കമുള്ളവർ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അംബാസഡർ ഇടപെട്ടത്. അയർലൻഡിൽ ഒരുലക്ഷത്തിനാൽപ്പതിനായിരം പേർക്ക് ജോലി നഷ്ടമായി. വരും ദിവസങ്ങളിൽ പ്രതിസന്ധിയുടെ ഭാഗമായി നാലു ലക്ഷത്തോളം പേർക്ക് ജോലി നഷ്ടമായേക്കാമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

റിപ്പോർട്ട് :ജയ്സണ്‍ കിഴക്കയിൽ