ജനസമ്മതിയിൽ ലേബർ പാർട്ടി ലീഡർ ബോറിസിനെക്കാൾ മുന്നിൽ, മുഖം മിനുക്കാനുറച്ച് ബോറിസ് കാബിനറ്റ്
Sunday, June 28, 2020 12:00 PM IST
ലണ്ടൻ: ലേബർ പാർട്ടി ലീഡർ സർ കെയ്ർ സ്റ്റാർമർ ബോറിസ് ജോൺസണേക്കാൾ മികച്ച പ്രധാനമന്ത്രിയായിരിക്കുമെന്ന് ബ്രിട്ടണിലെ പൊതുജനങ്ങൾ കരുതുന്നതായി സർവേകൾ വെളിപ്പെടുത്തുന്നു. രാജ്യത്തെ നയിക്കാൻ ലേബർ ലീഡർ പ്രാപ്തനാണെന്ന് 37 ശതമാനം പേർ അഭിപ്രായപ്പെട്ടു. 35 ശതമാനത്തിന്‍റെ പിന്തുണ മാത്രമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് ലഭിച്ചത്. പോളിംഗ് കമ്പനിയായ ഒപ്പീനിയം ആണ് സർവേ നടത്തിയത്. കഴിഞ്ഞ ആറ് ആഴ്ചകളായി ലേബർ പാർട്ടി ലീഡർ സർ കെയ്ർ സ്റ്റാർമറിന്‍റെ പൊതു ജനസമ്മതി ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. മികച്ച പ്രധാനമന്ത്രി ആരായിരിക്കും എന്ന ചോദ്യത്തിനുള്ള അഭിപ്രായ വോട്ടെടുപ്പിലാണ് ബോറിസിനെ ലേബർ ലീഡർ മറികടന്നത്.

ഗവൺമെന്‍റിന്‍റെ വിവിധ തലങ്ങളിൽ അഴിച്ചുപണി നടത്താൻ പദ്ധതിയിടുകയാണ് ബോറിസ് ജോൺസൺ. ഇതിൻ്റെ ഭാഗമായി 'പ്രോജക്ട് സ്പീഡ്' അടുത്തയാഴ്ച പ്രഖ്യാപിക്കും. ബ്രിട്ടണിലെ ഇൻഫ്രാ സ്ട്രക്ചറുകൾ സംബന്ധമായ പ്രോജക്ടുകൾക്കായുള്ള പ്രത്യേക ടാസ്ക് ഫോഴ്സായിരിക്കുമിത്. പുതിയ ഹോസ്പിറ്റലുകൾ, സ്കൂളുകൾ, റോഡുകൾ എന്നിവയുടെ നിർമ്മാണങ്ങൾ പ്രോജക്ട് സ്പീഡിന്‍റെ നിയന്ത്രണത്തിലായിരിക്കും.

പ്രോജക്ട് സ്പീഡിനെ നയിക്കുന്നത് ബ്രിട്ടീഷ് ചാൻസലർ റിഷി സുനാക് ആയിരിക്കും. പദ്ധതികൾ നടപ്പാക്കുന്നതിലുള്ള കാലതാമസങ്ങളും തടസങ്ങളും ഒഴിവാക്കി ഉടൻ പൂർത്തിയാക്കാനുള്ള അനുകൂലമായ അന്തരീക്ഷം ഒരുക്കുകയായിരിക്കും പ്രോജക്ട് സ്പീഡ് ചെയ്യുന്നത്.

റിപ്പോർട്ട്: ബിനോയ് ജോസഫ്