ബ്രിട്ടനിൽ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് "പെര്‍മനന്‍റ് റസിഡന്‍സി' അനുവദിക്കുവാന്‍ നീക്കം
Friday, November 27, 2020 4:58 PM IST
ലണ്ടൻ: കോവിഡ് - 19 ഭീഷണിയില്‍ രാജ്യത്തോടൊപ്പം നിന്ന് പോരാടിയ ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് "ഓട്ടോമാറ്റിക് പെര്‍മനന്‍റ് റസിഡന്‍സി' അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാര്‍ രംഗത്തുവന്നു.

രാജ്യത്തെ പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 37 എംപിമാര്‍ ഒപ്പിട്ട നിവേദനം കേന്ദ്ര പാര്‍ലമെന്‍ററി കാര്യ ചുമതലയുള്ള സെക്രട്ടറി ജേക്കബ് റീസ് മോഗിന് സമര്‍പ്പിച്ചു. എന്നാൽ ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാര്‍ ആരുംതന്നെ നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

യുകെയിലേയ്ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കുടിയേറിയ മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന നീക്കമാണിത്. നഴ്‌സിംഗ് മേഖലയിലെ തൊഴിലാളികളെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള വര്‍ധനയില്‍ നിന്നും പാടെ അവഗണിച്ച ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി യുക്മ ദേശീയ തലത്തില്‍ നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമാമായാണ് യുകെ മലയാളി സമൂഹം ഇതിനെ നോക്കിക്കാണുകയാണ്.നോര്‍ത്ത് യോര്‍ക് ഷെയറിലെ റിച്ച്മണ്ടില്‍ നിന്നുള്ള എംപിയും ബ്രിട്ടീഷ് ചാന്‍സിലറുമായ ഋഷി സുനാക്ക് യുക്മയുടെ നേതൃത്വത്തില്‍ നടന്ന കാമ്പയിനെ പ്രശംസിച്ചത് പത്ര മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒന്പതു ലക്ഷത്തിലധികം വരുന്ന ഇതര പൊതുമേഖലാ ജീവനക്കാര്‍ക്ക് പുതുക്കിയ വേതനം പ്രഖ്യാപിച്ച ബോറിസ് ജോണ്‍സന്‍ സര്‍ക്കാര്‍, കോവിഡ് പോരാട്ടത്തില്‍ സ്വന്തം ജീവന്‍ പോലും അവഗണിച്ച് പോരടിച്ച ഒരു ലക്ഷത്തോളം വരുന്ന നഴ്‌സിംഗ് ജീവനക്കാരെ അവഗണിച്ചത് പാര്‍ലമെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുവാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് യുക്മ ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് നേരിട്ട് നിവേദനങ്ങള്‍ സമര്‍പ്പിക്കുന്ന കാമ്പയിന് തുടക്കമിട്ടത്.

വേതന വര്‍ധനവ് വിഷയത്തില്‍ ഫലപ്രദമായി ഇടപെടുന്നതോടൊപ്പം, കോവിഡ് കാലത്ത് പുതുതായി യുകെയിലെത്തിയ ആയിരക്കണക്കിന് നഴ്‌സുമാര്‍ക്ക് കുടുംബത്തെയും മാതാപിതാക്കളെയും യുകെയില്‍ കൊണ്ടുവരുന്നതിന് സഹായകരമാകും വിധം വീസ നിയമങ്ങളില്‍ അടിയന്തരമായി ഇളവ് അനുവദിക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും 2015 മുതല്‍ ഈടാക്കിയ എന്‍എച്ച്എസ് സര്‍ചാര്‍ജ് തിരികെ നല്‍കുക, പുതുതലമുറ നഴ്‌സിംഗ് ജീവനക്കാരുടെ കോവിഡ് പോരാട്ടത്തിന് അംഗീകാരമായി നിലവിലുള്ള വര്‍ക്ക് പെര്‍മിറ്റ് "ഓട്ടോമാറ്റിക് പെര്‍മനന്‍റ് റെസിഡന്‍സി" ആയി മാറ്റുക എന്നീ ആവശ്യങ്ങളാണ് യുക്മ ദേശീയ കമ്മിറ്റി പ്രാദേശീക എംപിമാര്‍ക്കുമുന്നില്‍ സമർപ്പിച്ചത്.

480 വ്യത്യസ്ത്യ പാര്‍ലമന്‍റ് മണ്ഡലങ്ങളില്‍ താമസിക്കുന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള മലയാളി ആരോഗ്യപ്രവര്‍ത്തകരാണ് കാന്പയിനിൽ പങ്കെടുത്തത്. ബ്രിട്ടണില്‍ ആകെയുള്ള 650 എംപിമാരില്‍ 480 പേരിലേയ്ക്കും അതത് മണ്ഡലങ്ങളില്‍ താമസിക്കുന്നവരെക്കൊണ്ട് തന്നെ നിവേദനം നല്‍കുവാന്‍ സാധിച്ചുവെന്നുള്ളത് യുക്മയുടെ നേട്ടമാണ്. ഇതിനായി സഹകരിച്ച എല്ലാവര്‍ക്കും യുക്മ ദേശീയ പ്രസിഡന്‍റ് മനോജ് പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ്, കാമ്പയിന്‍ മാനേജര്‍ എബി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രത്യേക നന്ദി പറഞ്ഞു. യുക്മയുടെ ദേശീയ ഭാരവാഹികള്‍, റീജണല്‍ ഭാരവാഹികള്‍, നഴ്സസ് ഫോറം നേതാക്കള്‍ മറ്റ് പോഷകസംഘടനാ ഭാരവാഹികള്‍, അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് എംപിമാർക്ക് നിവേദനം അവരുടെ വോട്ടര്‍മാരായ മലയാളി ആരോഗ്യപ്രവര്‍ത്തകരിലൂടെ സമര്‍പ്പിക്കുവാന്‍ സാധിച്ചത്.

റിപ്പോർട്ട്: സജീഷ് ടോം