ജോർജിയയ്ക്കും സ്വീഡനും പിന്നാലെ ഫിന്‍ലന്‍ഡും നാറ്റോയിലേക്ക്
Tuesday, May 17, 2022 12:39 PM IST
ജോസ് കുമ്പിളുവേലില്‍
ഹെല്‍സിങ്കി: നാറ്റോയില്‍ ചേരാന്‍ ഉടന്‍ അംഗത്വ അപേക്ഷ സമര്‍പ്പിക്കുമെന്ന് ഫിന്‍ലന്‍ഡ് പ്രസിഡന്‍റ് സാവുലി നൈനിസ്റ്റോയും പ്രധാനമന്ത്രി സന്ന മരീനും വ്യക്തമാക്കി.

സ്വീഡനും നാറ്റോ അംഗമാകാന്‍ സന്നദ്ധരായി നില്‍ക്കുകയാണ്. സ്വീഡനും ഫിന്‍ലന്‍ഡും കൂടിയെത്തുന്നതോടെ 30 അംഗ നാറ്റോ കൂടുതല്‍ വിശാലമാകും. റഷ്യയുടെ കടുത്ത പ്രതിഷേധം അവഗണിച്ച് നാറ്റോ അംഗമാകാന്‍ തയാറാണെന്ന് അടുത്തിടെ ജോര്‍ജിയയും പ്രഖ്യാപിച്ചിരുന്നു.

ഫിന്‍ലന്‍ഡിന്‍റേയും സ്വീഡന്‍റേയും അംഗത്വം ചര്‍ച്ച ചെയ്യാന്‍ നാറ്റോ യോഗം ചേര്‍ന്നു. യുക്രെയ്നില്‍ റഷ്യക്ക് അടിപതറിയെന്നും അധികം വൈകാതെ യുദ്ധത്തില്‍ വിജയിക്കുമെന്നും നാറ്റോ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മിര്‍സിയ ജിയോണ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഫിന്‍ലന്‍ഡും സ്വീഡനും ലോകത്തിലെ ഏറ്റവും വലിയ സൈനിക സഖ്യമായ നാറ്റോയില്‍ അംഗത്വത്തിന് അനുകൂലം അറിയിച്ചതോടെ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയിബ് എര്‍ദോഗന്‍ പ്രതിഷേധവുമായി രംഗത്തു വന്നു.

ബെര്‍ലിനില്‍ നടന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍, രണ്ടു സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടെ പ്രവേശനത്തിന് ഒരു പൊതു ലൈന്‍ അംഗീകരിക്കാന്‍ സൈനിക സഖ്യത്തിനു കഴിയില്ലന്നും സ്വീഡനെയും ഫിന്‍ലന്‍ഡിനെയും ഭീകര സംഘടനകളുടെ അതിഥി മന്ദിരങ്ങള്‍" ആയി തുര്‍ക്കി കണക്കാക്കുന്നുവെന്നും പ്രസിഡന്‍റ് റജബ് ത്വയിബ് എര്‍ദോഗന്‍ വിശദീകരിച്ചു.

എന്നാല്‍ നാറ്റോ പുതിയ അംഗങ്ങളെ ഏകകണ്ഠമായി തീരുമാനിക്കുമെന്നും തുര്‍ക്കി വിമുഖത കാണിച്ചാലും മറ്റു 29 അംഗങ്ങള്‍ സ്കാന്‍ഡിനേവിയന്‍മാരെ സഹായിക്കുമെന്നും ജര്‍മനി പ്രതീക്ഷ പ്രകടിപ്പിച്ചു.