വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം
Tuesday, May 17, 2022 12:58 PM IST
ജോസ് കുമ്പിളുവേലില്‍
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി. നിലവിലെ കൂട്ടുകക്ഷി ഭരണത്തില്‍ മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചിരുന്ന സിഡിയുവിന് 35.9 ശതമാനം വോട്ടു നേടാനായി. എന്നാല്‍ ഭരണത്തിലിരുന്ന എഫ്ഡിപിക്ക് 5.8 ശതമാനം മാത്രമാണ് ലഭിച്ചത്.

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം കണ്ട് വോട്ടു തേടിയ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്‍റെ പാര്‍ട്ടിയായ എസ്പിഡിയ്ക്ക് ചരിത്ര തോല്‍വിയാണ് നേരിടേണ്ടി വന്നത്. 26.5 ശതമാനം വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മുമ്പുണ്ടായിരുന്ന 31.2 ശതമാനത്തിൽനിന്ന് പിന്നിലേയ്ക്ക് തള്ളപ്പെട്ടു. മുഖ്യമന്ത്രിയായ ഹെന്‍റിക് വ്യുസ്റ്റ് 41 ശതമാനം വോട്ടു നേടിയപ്പോള്‍ എസ്പിഡി മുഖ്യമന്ത്രി സ്ഥാനാര്‍ഥി തോമസ് കുറ്റ്ഷാറ്റിന് 33 ശതമാനം വോട്ടാണ് ലഭിച്ചത്.

ഏറ്റവും കൂടുതല്‍ കുതിപ്പും വോട്ടു ശതമാനവും ലഭിച്ചത് ഗ്രീന്‍സ് പാര്‍ട്ടിക്കാണ്. 6.4 ല്‍ നിന്ന് 18 ശതമാനത്തിലേയ്ക്കാണ് ഉയര്‍ന്നത്. എഫ്ഡിപി 12.6 ല്‍ നിന്ന് കൂപ്പുകുത്തി. വിദേശി വിരുദ്ധരായ എഎഫ്ഡി 7.4 ല്‍ നിന്ന് 5.5 ലേയ്ക്ക് ചുരുങ്ങി. മറ്റു കക്ഷികള്‍ ഒക്കെതന്നെ നഷ്ടത്തിന്‍റെ പട്ടികയിലാണ്.

ഭാവിയില്‍ ബ്ളാക്ക്- ഗ്രീൻ കൂട്ടുകക്ഷി മന്ത്രിസഭ അധികാരത്തില്‍ വരും. നിലവിലെ മുഖ്യമന്ത്രി ഹെന്‍ഡ്രിക് വുസ്റ്റ് എന്ന 46 കാരന്‍ അടുത്ത മുഖ്യമന്ത്രിയാവും. ജര്‍മനിയിലെ ഏറ്റവും ജനസംഖ്യയുള്ള ഫെഡറല്‍ സംസ്ഥാന അസംബ്ലിയിൽ ആകെ 199 അംഗങ്ങളാണുള്ളത്. സിഡിയുവിന്‍റെ 78 ഉം ഗ്രീന്‍സിന് 39 അംഗങ്ങളും കൂടി ചേരുന്പോൾ ഭരിക്കാനുള്ള കേവലഭൂരിപക്ഷ മാന്ത്രിക സംഖ്യ 100 നു മുകളിലെത്തും.

എസ്പിഡിക്ക് 58, എഫ്ഡിപിയ്ക്ക് 12, എഎഫ് ഡിക്ക് 12 എന്നീ ക്രമത്തിലാണ് കക്ഷിനില.

നോര്‍ത്ത് റൈന്‍ - വെസ്റ്റ് ഫാലിയയിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളുടെ പ്രകടനം ഫെഡറല്‍ പാര്‍ട്ടിയുടെ വിജയമായാണ് സിഡിയു പാര്‍ട്ടി അധ്യക്ഷൻ ഫ്രെഡറിക് മെര്‍സ് കാണുന്നത്.

അതേസമയം ഫെഡറല്‍ സർക്കാരിലെ സഖ്യകക്ഷിയും ഇക്കോ പാര്‍ട്ടിയുമായ ഗ്രീന്‍സ് രാജാക്കന്മാരായി മാറുകയാണ്. ഏറ്റവും ജനസംഖ്യയുള്ള ഫെഡറല്‍ സംസ്ഥാനത്ത് ഏകദേശം 13 ദശലക്ഷം വോട്ടര്‍മാരാണുള്ളത്. എന്നാല്‍ പോളിംഗ് ശതമാനവും കറവായിരുന്നു.