മോദിക്ക് മ്യൂണിച്ചിൽ ഊഷ്മള സ്വീകരണം
Tuesday, June 28, 2022 12:07 AM IST
ജോസ് കുന്പിളുവേലിൽ
മ്യൂണിച്ച്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജർമനിയിലെ മ്യൂണിച്ചിൽ ഊഷ്മള സ്വീകരണം. ബവേറിയന്‍ സംസ്ഥാനത്തിലെ ഗാര്‍മിഷ് പാര്‍ട്ടന്‍കിര്‍ഷനിലെ എല്‍ാവു കൊട്ടാരത്തില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാവായാണ് മോദി ജര്‍മനിയിലെത്തിയിരിക്കുന്നത്.

വിമാനത്താവളത്തില്‍ പ്രസിദ്ധമായ ബവേറിയന്‍ ബാന്‍ഡിന്‍റെ അകമ്പടിയോടെയാണ് മോദിയെ വരവേറ്റത്. ദേശീയപതാകകള്‍ കൈയിലേന്തിയും "ഭാരത് മാതാ കീ ജയ്' വിളിച്ചും മോദിയെ വരവേല്‍ക്കാന്‍ എത്തിയ ഇന്ത്യക്കാരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു.

മ്യൂണിച്ചിൽ നടന്ന പ്രത്യേക ചടങ്ങില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. വിവിധ രംഗങ്ങളില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റത്തെപ്പറ്റി മോദി പ്രസംഗത്തില്‍ വിവരിച്ചു. പ്രസിദ്ധമായ ഔഡി എംഡോം ബാസ്കറ്റ്ബോള്‍ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയില്‍ ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ പങ്കെടുത്തു.

ജൂണ്‍ 26 മുതല്‍ 28 വരെയാണ് ഉച്ചകോടി നടക്കുന്നത്, ഇത് രണ്ടാം തവണയാണ് എല്‍മാവു കൊട്ടാരം ജി 7 ഉച്ചകോടിക്ക് വേദിയാവുന്നത്.