ഫോമായുടെ സേവന പ്രവർത്തനങ്ങൾ ആദിവാസി ഗ്രാമങ്ങളിലേക്ക്
Saturday, January 19, 2019 7:43 PM IST
പാലക്കാട്: ഫോമായും ലെറ്റ് ദെം സ്മയില്‍ എഗൈനും (LTSA) ഒത്തുചേർന്ന് കേരളത്തിലങ്ങോളമിങ്ങോളം നടത്തുന്നമെഡിക്കൽ സർജിക്കൽ ക്യാമ്പിന്‍റെ ആറാം ദിനം കേരള തമിഴ്നാട് അതിർത്തി ഗ്രാമമായ ഗോവിന്ദപുരത്തു നടന്നു. ഊര് വിലക്കും ജാതി തിരിവും കൊണ്ട് അടുത്ത കാലഘട്ടം വരെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരു ഗ്രാമമാണ് ഗോവിന്ദാപുരം. ഇരുന്നൂറോളം ആദിവാസി വിഭാഗത്തിൽ പെട്ട ജനങ്ങളാണ് ഗോവിന്ദപുരത്തു നടന്ന മെഡിക്കൽ ക്യാമ്പ് പ്രയോജനപ്പെടുത്തിയത്.

ഇത്തരത്തിൽ ആദിവാസി ഗ്രാമങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമ്പോഴാണ് അത് സാധാരണക്കാർക്കും പിന്നോക്ക വിഭാഗക്കാർക്കും കൂടുതൽ പ്രയോജനകരമാകുന്നതെന്ന് ക്യാമ്പ് സന്ദർശിച്ച ഫോമാ ചാരിറ്റി പ്രതിനിധി ഡോ. സാം ജോസഫ് അഭിപ്രായപ്പെട്ടു. പാലക്കാട്‌ യാക്കരയിലും, ഗോവിന്ദപുരത്തും ക്യാമ്പ് സംഘടിപ്പിക്കാൻ സഹായിച്ച പരിസ്ഥിതി സംരക്ഷണ സംഘടനായ മെപ്‌കോയോട് ഫോമാ ചാരിറ്റി ചെയർമാൻ ജിജു കുളങ്ങര നന്ദി അറിയിച്ചു. സമൂഹത്തിൽ ഏറ്റവും താഴെ തട്ടിൽ ഉള്ള ജനങ്ങൾക്കു വരെ ഫോമാ സുപരിചിതമാവുകയാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു. തുടർന്ന് ക്യാമ്പ് ഭാരവാഹികളും ഫോമാ പ്രവർത്തകരും പാലക്കാട്‌ ഉൾപ്രദേശ ഗ്രാമമായ കൊല്ലങ്കോടുള്ള പറക്കോട് ആദിവാസി കോളനിയും സന്ദർശിച്ചു.

ഫോമായുടെ ഇത്തരം സേവനങ്ങള്‍ ജനഹൃദയങ്ങള്‍ ഏറ്റെടുത്തതില്‍ അതിയായ സന്തോഷമുണ്ടന്നു ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍, സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറർ ഷിനു ജോസഫ്‌, ജോയിന്‍റ് ട്രഷറർ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോർട്ട്: ബിജു പന്തളം