ഷിക്കാഗോയിൽ കെ സിസിഎന്‍എ സ്ഥാനാര്‍ഥി സംവാദം ആവേശം വാരിവിതറി
Monday, March 18, 2019 9:56 PM IST
ഷിക്കാഗോ: അമേരിക്കയിലേയും കാനഡയിലേയും ക്‌നാനായ സംഘടനകളുടെ ഫെഡറേഷനായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2019 -20 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായുള്ള വാശിയേറിയ തെരഞ്ഞെടുപ്പ് മാര്‍ച്ച് 23-നു ന്യൂയോര്‍ക്ക് ക്‌നാനായ കമ്യൂണിറ്റി സെന്‍ററിൽ നടക്കും.

രണ്ടു പാനലുകളിലായി മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളും പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തില്‍ ഷിക്കാഗോയില്‍ നടന്ന തെരഞ്ഞെടുപ്പ് സംവാദത്തില്‍ പങ്കെടുത്തു.

ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ അഭിമുഖ്യത്തില്‍ നടന്ന പരിപാടി കെസിഎസ് പ്രസിഡന്‍റ് ഷിജു ചെറിയത്തില്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ജെറിന്‍ പൂതകരി സ്ഥാനാര്‍ത്ഥികളെ രിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലിപ്പറമ്പില്‍ സ്വാഗതം ആശംസിച്ചു. കെ,സി.എസ് സെക്രട്ടറി റോയി ചേലമലയിലും എന്‍റര്‍ടൈന്‍മെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ ലിന്‍സണ്‍ കൈതമലയിലും മോഡറേറ്റർമാരായി പ്രവര്‍ത്തിച്ചു.

യാതൊരുവിധത്തിലുള്ള വ്യക്തിഹത്യകള്‍ക്കും മുതിരാതെ, ആശയങ്ങളിലും തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയും കേന്ദ്രീകരിച്ച് വളരെ സൗഹാര്‍ദ്ദപരമായി നടത്തിയ സംവാദം വളരെ ഉന്നത നിലവാരം നിലനിര്‍ത്തി.

ടീം ഹെറിറ്റേജിന്‍റ് ബാനറില്‍ സ്ഥനാര്‍ഥികളായ അനി മഠത്തില്‍താഴെ (പ്രസിഡന്‍റ്), സണ്ണി മുണ്ടപ്ലാക്കില്‍ (വൈസ് പ്രസിഡന്‍റ്), ലൂക്ക് തുരുത്തുവേലില്‍ (സെക്രട്ടറി), റോജി കണിയാംപറമ്പില്‍ (ജോയിന്‍റ് സെക്രട്ടറി), ഷിജു അപ്പോഴിയില്‍ (ട്രഷറര്‍) എന്നിവരും ടീം യൂണഫൈഡിന്‍റെ ബാനറില്‍ മത്സരിക്കുന്ന ജോസ് ഉപ്പൂട്ടില്‍ (പ്രസിഡന്‍റ്), സിബി കാരക്കാട്ടില്‍ (വൈസ് പ്രസിഡന്‍റ് ), ജോസ് തൂമ്പനാല്‍ (സെക്രട്ടറി), ജോസ് മാമ്പിള്ളി (ജോയിന്‍റ് സെക്രട്ടറി), ചാക്കോച്ചന്‍ പുല്ലാനപ്പള്ളി (ട്രഷറര്‍) എന്നിവരും ശക്തമായ പ്രകടനത്തിലൂടെ ഏവരുടേയും മുക്തകണ്ഠമായ പ്രശംസ പടിച്ചുപറ്റി. നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ സമുദായം വരും നാളുകളില്‍ ശക്തമായ കരങ്ങളിലായിരിക്കും എന്നു പ്രതീക്ഷ നല്‍കിയ സംവാദം സ്‌നേഹവിരുന്നോടെ സമാപിച്ചു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം