ജിമ്മി കാർട്ടർ ഏറ്റവും പ്രായം കൂടിയ മുൻ പ്രസിഡന്‍റ്
Friday, March 22, 2019 8:23 PM IST
ഒർലാൻഡോ: അമേരിക്കയിൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ മുൻ പ്രസിഡന്‍റ് എന്ന പദവി ജിമ്മി കാർട്ടറിന്. മാർച്ച് 21 ന് 94 വയസും 172 ദിവസവും പൂർത്തിയാക്കിയ ജിമ്മി കാർട്ടർ, 94 വയസും 171 ദിവസവും ജീവിച്ചിരുന്ന മുൻ പ്രസിഡന്‍റ് ജോർജ് എച്ച്. ഡബ്ല്യു ബുഷിന്‍റെ റിക്കാർഡാണ് മറികടന്നത്.

ജിമ്മി കാർട്ടർ സെന്‍റർ അധികൃതർ വാർത്തയ്ക്ക് സ്ഥിരീകരണം നൽകി. ഇതിനോടനുബന്ധിച്ചു ആഘോഷ പരിപാടികളൊന്നും ആസൂത്രണം ചെയ്തിട്ടില്ലെന്ന് കാർട്ടർ സെന്‍റർ അധികൃതർ അറിയിച്ചു.

ലോകത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് ജിമ്മി കാർട്ടർ ചെയ്യുന്ന സഹായം തുടർന്നു ലഭിക്കുന്നതിനും ദീർഘമായി ലഭിച്ച ആയുസിനു പ്രത്യേകം നന്ദിയുണ്ടെന്നും എല്ലാവരും അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കണമെന്നും ജിമ്മി കാർട്ടർ സെന്‍ററിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.

യുഎസ് പ്രസിഡന്‍റ് സ്ഥാനത്തു നിന്നും വിരമിച്ചതിനുശേഷം 38 വർഷവും അറുപത് ദിവസവും പൂർത്തിയാക്കുന്ന ആദ്യ പ്രസിഡന്‍റ് എന്ന പദവി കൂടി ജിമ്മി കാർട്ടറിന് തേടി എത്തി. ഒക്ടോബർ ഒന്നിനാണ് ജിമ്മി കാർട്ടർ 95-ാം വയസിലേക്ക് പ്രവേശിക്കുന്നത്.

അമേരിക്കൻ പ്രസിഡന്‍റുമാരിൽ കാർട്ടർ, ജോർജ് എച്ച്. ഡബ്ല്യു ബുഷ്, ജോൺ ആഡംസ്, ഹെർബർട്ട് ഹൂവർ, റൊണാൾഡ് റീഗൻ, ജെറാൾഡ് ഫോർഡ് എന്നിവർ 90 വയസിനു മുകളിൽ ജീവിച്ചിരുന്നവരാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ