ഭവനരഹിതർക്ക് ക്രിസ്മസ് പുതുവത്സരാഘോഷം ഒരുക്കി മദർ തെരേസാ സിസ്റ്റേഴ്സ്
Tuesday, January 14, 2020 8:20 PM IST
ന്യൂജേഴ്സി: മദർ തെരേസ സിസ്റ്റേഴ്സ് കോൺഗ്രിഗേഷൻ മിഷനറി ഓഫ് ചാരിറ്റീസിന്‍റെ ആഭിമുഖ്യത്തിൽ മൻഹാട്ടനിലെ ഷെൽട്ടറിൽ കഴിയുന്ന അൻപതിൽപരം ഭവനരഹിതർക്ക് ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചത് ശ്രദ്ധേയമായി.

ജനുവരി നാലിനായിരുന്നു വ്യത്യസ്തമായ ആഘോഷം.ഷെൽട്ടറിൽ കഴിഞ്ഞിരുന്ന 50ൽ പരം ഭവനരഹിതരെ മിഷനറി ഓഫ് ചാരിറ്റി സുപ്പീരിയർ സിസ്റ്റർ ഈവ ശാലിനിയുടെ നേതൃത്വത്തിൽ ന്യൂജേഴ്സിയിലുള്ള നാറ്റിവിറ്റി ഓഫ് ഔവർ ലോഡ് ചർച്ചിൽ കൊണ്ടുവന്നായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

ഇടവക ചുമതലയുള്ള ഫാ. പോളി തെക്കൻ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്നു ചർച്ചിലെ നൈറ്റ് ഓഫ് കൊളംബസ്, യൂത്ത് ഗ്രൂപ്പ് എന്നിവർ വിവിധ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചത് ഭവനരഹിതർക്ക് പുതിയൊരു അനുഭവമായിരുന്നു. ചർച്ച് ഗായക സംഘത്തിന്‍റെ ഗാനങ്ങൾ ആസ്വദിച്ചതിനുശേഷം എല്ലാവർക്കും ക്രിസ്മസ് ഗിഫ്റ്റുകൾ വിതരണം ചെയ്തു. പാരിഷ് അംഗങ്ങൾ രുചികരമായ ഉച്ചഭക്ഷണവും തയാറാക്കിയിരുന്നു.

ജനിക്കുവാൻ സ്വന്തമായി ഒരു ഭവനം പോലും ലഭിക്കാതെ കാലിത്തൊഴുത്തിൽ ജനിച്ച ഉണ്ണിയേശുവിനെ ഒരു നോക്കുകാണുന്നതിന് കിഴക്കു നിന്നാണ് വിദ്വാന്മാർ എത്തിയത്. ക്രിസ്മസിന്‍റെ സന്ദേശം പൂർണമാക്കപ്പെടുന്നതു ഇത്തരം പ്രവർത്തനങ്ങളിലൂടെയായിരിക്കണമെന്ന് ഫാ. പോളി തെക്കൻ പറഞ്ഞു.വിദ്വാന്മാർക്കു ലഭിച്ച വെളിച്ചം ഉദ്ദിഷ്ഠ സ്ഥാനത്തെത്തിച്ചതുപോലെ നമ്മുടെ ജീവിതത്തെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കണമെങ്കിൽ ക്രിസ്തുവാകുന്ന വെളിച്ചം നമുക്ക് വഴികാട്ടിയായി മാറണമെന്ന് അച്ചൻ സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ