വിമാന ഇന്ധനം സ്കൂൾ പരിസരത്ത് പതിച്ച് 60 പേർക്കു ദേഹാസ്വാസ്ഥ്യം
Wednesday, January 15, 2020 8:22 PM IST
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിൽ നിന്നും ചൈനയിലേക്ക് പുറപ്പെട്ട യാത്രാവിമാനം എൻജിൻ തകരാറിനെ തുടർന്നു വിമാനത്തിന്‍റെ ഭാരം കുറക്കുന്നതിന് പുറംന്തള്ളിയ ഇന്ധനം വിമാനത്താവളത്തിന്‍റെ 19 മൈൽ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന വിവിധ സ്കൂളുകളുടെ പരിസരത്ത് പതിച്ചതിനെതുടർന്നു വിദ്യാർഥികൾ ഉൾപ്പെടെ 60 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

കാര്യമായി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട ചുരുക്കം ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരേയും സ്കൂൾ പരിസരത്തുവച്ചു തന്നെ പ്രാഥമിക ചികിത്സ നടത്തി.

സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടനെ ഹസാർഡ്സ് മെറ്റീരിയൽ ടീം (HAZARDOVS MATERIAL TEAM) സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

ഫ്ളൈറ്റ് 89 വിമാനം അടിയന്തരമായി സുരക്ഷിതത്വത്തോടെ വിമാനത്താവളത്തിൽ തിരിച്ചിറങ്ങിയതായി ഫെഡറൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.

അടിയന്തരഘട്ടത്തിൽ വിമാനത്തിന്‍റെ ഭാരം കുറയ്ക്കുന്നതിന് ഇന്ധനം പുറത്ത് കളയുന്നത് അപൂർവമല്ല. 10,000 അടി ഉയരത്തിലാണ് വിമാനം പറക്കുന്നതെങ്കിൽ പുറംതള്ളുന്ന ഇന്ധനം ഭൂമിയിൽ പതിക്കുകയില്ല. എന്നാൽ വിമാനം 5000 അടി ഉയരത്തിൽ പറന്നതാണ് ഇന്ധനം സ്കൂൾ പരിസരങ്ങളിൽ പതിക്കുന്നതിനിടയായതെന്നും അധികൃതർ പറഞ്ഞു. എന്തായാലും വലിയൊരു അപകടം ഒഴിവായ ആശ്വാസത്തിലാണ് വിമാനത്താവള അധികൃതർ.

റിപ്പോർട്ട്: പി.പി. ചെറിയാൻ