ഫ്രീഡം സണ്‍ഡേ: വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ജൂണ്‍ 28-നു ഡാളസില്‍
Sunday, June 28, 2020 12:43 PM IST
ഡാളസ്: ഫ്രീഡം സണ്‍ഡേ ആഘോഷങ്ങളുടെ ഭാഗമായി യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ജൂണ്‍-28-നു ഞായറാഴ്ച രാവിലെ 10.45-നു ഡാളസ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ സര്‍വീസില്‍ പങ്കെടുത്ത് അദ്ദേഹം സന്ദേശം നല്‍കും. അമേരിക്കന്‍ ഫ്രീഡം ആന്‍ഡ് സ്പിരിച്വല്‍ ഫൗണ്ടേഷന്‍ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനു 14,000 പേര്‍ക്ക് ഇരിക്കാവുന്ന ഡാളസിലെ ഏറ്റവും വലിയ ദേവാലയത്തില്‍ യുഎസ് ഹൗസിംഗ് സെക്രട്ടറി ബെന്‍ കാര്‍സനുമായാണ് മൈക്ക് പെന്‍സ് എത്തുന്നത്. യുഎസ് സെനറ്റര്‍ ജോണ്‍ കോണനും പരിപാടിയില്‍ പങ്കെടുക്കും.

ഞായാറാഴ്ച 10.45-നു ആരംഭിക്കുന്ന ചര്‍ച്ച് സര്‍വീസിനു രാവിലെ എട്ടു മുതല്‍ തന്നെ പ്രവേശനം ആരംഭിക്കുമെന്നും, കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മൂവായിരത്തില്‍താഴെ ആളുകള്‍ക്കു മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളുവെന്നും ചര്‍ച്ച് സീനിയര്‍ പാസ്റ്ററും ട്രംപിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ ഡോ. റോബര്‍ട്ട് ജഫ്രസ് പറഞ്ഞു.

ദേവാലയത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് ശരീരോഷ്മാവ് പരിശോധിക്കുമെന്നും, പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു. മാസ്‌കും സോഷ്യല്‍ ഡിസ്റ്റന്‍സും പരമാവധി പാലിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍