ടിക്ക് ടോക്കിനും വീ-ചാറ്റിനും അമേരിക്കയിൽ മരണമണി മുഴങ്ങി; നിരോധന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു
Friday, August 7, 2020 5:49 PM IST
വാഷിംഗ്ടൺ ഡിസി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിനെ 45 ദിവസത്തിനകം നിരോധിച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവച്ചതോടെ ചൈനീസ് കന്പനികളായ ടിക് ടോക്കിനും വീ-ചാറ്റിനും അമേരിക്കയിൽ മരണമണി മുഴങ്ങി.

അടിയന്തര സാമ്പത്തിക സാഹചര്യം പരിഗണിച്ചുകൊണ്ടോ മറ്റു എക്സിക്യൂട്ടീവ് ഉത്തരവോ ഉപയോഗിച്ച് ടിക് ടോക്കിനെ അമേരിക്കയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് വിലക്കുമെന്ന് ട്രംപ് കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞിരുന്നു. അതിനുശേഷം പല നാടകീയ സംഭവവികാസങ്ങളും പ്രസ്താവനകളും ഇരു രാജ്യങ്ങളുടെ ഉന്നതരിൽ നിന്നും വന്നിരുന്നു.

ബൈറ്റ്ഡാൻസ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള ഒരു വീഡിയോ പങ്കിടൽ മൊബൈൽ ആപ്ലിക്കേഷനാണ് ടിക് ടോക്ക്, ചൈനീസ് സർക്കാരുമായി ഈ ഡാറ്റ പങ്കിടാൻ സാധ്യതയുള്ളതിനാൽ ദേശിയ സുരക്ഷാഭീക്ഷണിയായി ഇതിനെ കണക്കാക്കികൊണ്ടാണ് അമേരിക്കയിൽ നിരോധന ഉത്തരവിറക്കിയത്.

ടിക് ടോക്ക് അതിന്‍റെ ഉപയോക്താക്കളിൽ നിന്ന് ഇന്‍റർനെറ്റ് ലൊക്കേഷൻ, ബ്രൗസിംഗ് തിരയൽ ചരിത്രം എന്നിവയുൾപ്പെടെ മറ്റ് നെറ്റ്‌വർക്ക് പ്രവർത്തന വിവരങ്ങൾ ശേഖരിക്കുന്നു എന്ന ട്രംപിന്‍റെ ആക്ഷേപത്തിനു മറുപടിയായി ഈ ശേഖരിക്കുന്ന വിവരങ്ങൾ ചൈനയിൽ സൂക്ഷിക്കുന്നില്ലെന്ന് ടിക്ക് ടോക് പറഞ്ഞു. അമേരിക്കൻ ജനതയുടെ സ്വകാര്യതയിലേക്കും അവരുടെ ഇഷ്ടങ്ങൾ അറിയുന്നതിലേക്കും ഉള്ള കടന്നു കയറ്റം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിസിപി) ഈ ഡാറ്റാ ചോർത്തലിലൂടെ നടത്തുന്നു. ഫെഡറൽ ജീവനക്കാരുടെയും കരാറുകാരുടെയും സ്ഥലങ്ങൾ ട്രാക്കുചെയ്യാനും വ്യക്തിഗത വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവരെ ബ്ലാക് മെയിൽ ചെയ്യാനും അമേരിക്കൻ കോർപറേറ്റുകളിൽ ചാരപ്രവർത്തനം നടത്തിന്നതിനും ഇതുമൂലം ചൈനയ്ക്ക് സാധിക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ്‌ ട്രംപ് ഉന്നയിച്ചത്.

സിഇഒ സത്യ നാഡെല്ലയും ട്രംപും തമ്മിലുള്ള സംഭാഷണത്തെത്തുടർന്ന് ടിക് ടോക് ആപ്ലിക്കേഷൻ സ്വന്തമാക്കാനുള്ള ചർച്ചകളുമായി മുന്നോട്ട് പോവുകയാണെന്ന് മൈക്രോസോഫ്റ്റ് ഞായറാഴ്ച പറഞ്ഞിരുന്നു.

മൈക്രോസോഫ്റ്റോ ഏതെങ്കിലും യുഎസ് കമ്പനിയോ ടിക് ടോക്ക് വാങ്ങുകയാണെങ്കിൽ, പുതിയ കമ്പനിയിൽ ചൈനീസ് പങ്കാളിത്തം ഇല്ലെന്ന് ഉറപ്പുവരുത്തുമെന്നും ട്രംപ് പറഞ്ഞു.
ടിക് ടോക്കിനെ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതിനൊപ്പം സമാനമായ ഉത്തരവ്, വി-ചാറ്റ് എന്ന ആപ്ലിക്കേഷനെതിരെയും ട്രംപ് പുറപ്പെടുവിച്ചു. വി-ചാറ്റ് ചൈനീസ് ആസ്ഥാനമായുള്ള ടെൻസെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനാണ്. വി-ചാറ്റിലൂടെ ഉപയോക്താക്കൾക്കു പരസ്പരം ഫണ്ട് കൈമാറാൻ സാധിക്കുമെന്നതിനാൽ ഇതിലൂടെയുള്ള സാമ്പത്തിക ഇടപാടുകളും നിരോധിക്കുമെന്ന് പ്രസിഡന്‍റ് ട്രംപിന്‍റെ ഉത്തരവിൽ പറയുന്നു.

റിപ്പോർട്ട്: അജു വാരിക്കാട്