കുവൈറ്റിലേക്ക് ഇന്ത്യയടക്കമുള്ള 31 രാജ്യങ്ങളിലെ യാത്രാ വിലക്ക് തുടരും
Thursday, August 13, 2020 6:41 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകളുടെ നടപടിക്രമങ്ങൾ അവലോകനം ചെയ്യുന്നതിനായി സുപ്രീം കമ്മിറ്റി യോഗം ചേർന്നു. ഓരോ 10 ദിവസം കൂടുമ്പോഴും നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ രോഗവ്യാപനത്തിന്‍റെ തോത് അടിസ്ഥാനമാക്കിയും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരവും യാത്രാ നിരോധനം പുനപരിശോധിക്കുമെന്ന് കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒരു മന്ത്രാലയത്തിൽ നിന്നും പ്രവാസി തൊഴിലാളികളെ കൊണ്ടുവരാൻ അഭ്യർഥന ലഭിച്ചിട്ടില്ലെന്നും നിലവില്‍ യാത്രാ വിലക്കുള്ള 31 രാജ്യങ്ങളുടെ നിരോധനം തുടരുവാനും യോഗത്തില്‍ തീരുമാനമായതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ വിദേശത്ത് കഴിയുന്ന ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടർമാർ, വിവിധ മന്ത്രാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എൻജിനിയർമാർ, ജഡ്ജിമാർ, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ക്ക് രാജ്യത്ത് പ്രവേശിക്കുവാനുള്ള താല്‍ക്കാലിക അനുമതി നല്‍കുമെന്ന വാദമാണ് ഇപ്പോൾ അപ്രസ്കതമായിരിക്കുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ