തോക്കുകളുമായി സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥി അറസ്റ്റില്‍
Saturday, September 12, 2020 4:56 PM IST
ഫ്‌ളോറിഡ: നോര്‍ത്ത് ഫ്‌ളോറിഡയിലെ സ്‌കൂളില്‍ മൂന്നു തോക്കുകളുമായി എത്തിയ 12 വയസുകാരനെ പോലീസ് അറസ്റ്റു ചെയ്തു. ഗബ്രിയേല്‍ സീന്‍ ലൂയിസ് സ്റ്റാന്‍ഫോര്‍ഡാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

വലിയ ബാഗ് കുട്ടിയുടെ കയ്യില്‍ കണ്ട ആധ്യാപിക അതു തുറന്നു നോക്കിയപ്പോഴാണ് തോക്കും വെടിയുണ്ടകളും കണ്ടെത്തിയത്. സ്‌കൂള്‍ പ്രിന്‍സിപ്പലാണ് പൊലീസിനെ വിവരം അറിയിച്ചത്. നാസു കൗണ്ടി ഷെരിഫ് ഓഫീസ് കുട്ടിക്കെതിരെ കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തി. തോക്കുകള്‍ പൊലീസ് പിടിച്ചെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കാണിക്കാനാണ് തോക്ക് സ്‌കൂളില്‍ കൊണ്ടു വന്നതെന്നാണു കുട്ടി പറയുന്നത്.

വിദ്യാര്‍ഥി അടുത്തിടെ ഒരു നായയെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച് വകവരുത്തിയിരുന്നതായി മാതാവ് പറഞ്ഞു. വീട്ടില്‍ സുരക്ഷിതമായി വച്ച തോക്ക് എങ്ങനെ കുട്ടിയുടെ കൈവശം വന്നു എന്ന് അറിയില്ലെന്നും, തോക്ക് ലോക്ക് ചെയ്തു വച്ചിരുന്നു എന്നാണ് തന്റെ ഓര്‍മയെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കി. അമ്മയ്‌ക്കെതിരെ കേസെടുത്തിട്ടില്ലെങ്കിലും അന്വേഷണം നടക്കുന്നുണ്ട്. അറസ്റ്റ് പിന്നീട് തീരുമാനിക്കുമെന്നും ഷെറിഫ് ഓഫീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: പി പി ചെറിയാന്‍