ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മൂന്നാം വാർഷികം
Saturday, June 25, 2022 8:30 AM IST
ജയ്ശങ്കർ പിള്ള
ബ്രാംപ്ടൺ (കാനഡ): ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനത്തിന്‍റെ മൂന്നാം വാർഷികം ജൂലൈ നാലു മുതൽ 10 വരെ ആഘോഷിക്കുന്നു.

ക്ഷേത്രത്തിലെ മൂന്നു തിരുമേനിമാരെ കൂടാതെ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ട മറ്റു പ്രമുഖ തന്ത്രിമാരും ചേർന്ന് പൂജകളും മറ്റു ആചാരങ്ങളും നടത്തും. ആഘോഷത്തോടനുബന്ധിച്ച് സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. കഥകളി, മോഹിനിയാട്ടം തുടങ്ങിയ ക്ഷേത്ര കലാരൂപങ്ങൾക്ക് ഏറെ പ്രാധാന്യം നൽകും. ഈ ദിവസങ്ങളിലെല്ലാം അന്നദാനം ഉണ്ടായിരിക്കും.

15 വർഷത്തിലേറെയായി ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രം ഒരു ക്ഷേത്രമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും 2019 വർഷത്തിലാണ് സമർപ്പണ പൂജ നടത്തിയത്. ഈ സമയത്ത് എല്ലാ ആചാരങ്ങളും താന്ത്രിക ആചാരപ്രകാരം നടന്നു. കേരളത്തിലെ മറ്റേതൊരു ക്ഷേത്രത്തെയും പോലെ പവിത്രതയും ആചാരപരമായ പാരമ്പര്യങ്ങളും ഈ ക്ഷേത്രം നിലനിർത്തിവരുന്നു.