ഇന്ന് ഉഴുന്നാലിലച്ചൻ അന്ന് ജയിംസച്ചൻ
ഫാ. ടോം ഉഴുന്നാലിലിനെപ്പോലെ ജീവനു വിലപറയപ്പെട്ട് സഹനത്തിന്‍റെ ദുരിതപാതകളിൽ അഞ്ഞൂറു ദിവസം ബന്ദിയാക്കപ്പെട്ട മറ്റൊരു സലേഷ്യൻ വൈദികനാണ് ഫാ. ജയിംസ് പുളിക്കൽ. കോതമംഗലം പുളിക്കൽ അഡ്വ. പി.പി ജോസഫിന്‍റെയും പാലാ മൂഴയിൽ അന്നക്കുട്ടിയുടെയും ഒൻപതു മക്കളിൽ ഏഴാമനായ ജയ്മിയച്ചൻ എന്ന ഫാ.ജയിംസ് പുളിക്കൽ നാലു പതിറ്റാണ്ടായി ആഫ്രിക്കയിൽ ജ്വലിക്കുന്ന വിശ്വാസ തീക്ഷ്ണതയോടെ പ്രേഷിതശുശ്രൂഷ തുടരുന്നു.

സലേഷ്യൻ സഭയിൽ അംഗമായി ഗോഹട്ടി സേക്രഡ് ഹാർട്ട് തിയളോജിക്കൽ കോളജിൽ വൈദികപരിശീലനം പൂർത്തിയാക്കിയ ഫാ. ജയിംസ് പുളിക്കൽ സുഡാനിൽ 1980ലാണ് സേവനത്തിനായി കടന്നുചെന്നത്. വറുതിയുടെ തീച്ചൂളയിൽ വെന്തെരിയുകയാണ് അന്ന് ഇരുണ്ട ഭൂഖണ്ഡത്തിലെ വലിയ രാജ്യമായിരുന്ന സുഡാൻ. കറുത്ത ജനതയുടെ മണ്ണിൽ ജാതിയുടെയും വർഗത്തിന്‍റെയും പേരിൽ ഗോത്രങ്ങൾ തമ്മിൽ രക്തരൂഷിതമായ പോരാട്ടം നടക്കുകയാണന്ന്. അശാന്തി പുകയുന്ന ആഫ്രിക്കൻ രാജ്യത്തെ ചുട്ടുപൊള്ളുന്ന മണ്ണിൽ കൊടുംപട്ടിണിയിൽ മരിച്ചുവീഴുന്ന മനുഷ്യരുടെ ഇടയിലേക്കാണ് കാരുണ്യത്തിന്‍റെ സുവിശേഷവുമായി ജയിംസച്ചൻ എത്തുന്നത്. സുഡാനിലെ ടോംബുറ- യാംബിയോ രൂപതയിലെ മെറിഡിയിലായിരുന്നു സേവനത്തിനു തുടക്കം. ക്ഷയരോഗികളും കുഷ്ഠരോഗികളും ഏറെയുള്ള പ്രദേശം. പുല്ലുമേഞ്ഞ ആശ്രമവും താത്കാലിക പള്ളിയും. രോഗികൾക്കായി ഒരു ഡിസ്പെൻസറിയും ചെറിയ ഒരു സ്കൂളും പ്രവർത്തിച്ചിരുന്നു. നൂറു ശതമാനം നിരക്ഷരതയുള്ള ഗോത്രവനമേഖലയിൽ വിദ്യാഭ്യാസം നൽകുകയെന്നതു സലേഷ്യൻ സഭയുടെ ദൗത്യമായിരുന്നു.

സുഡാന്‍റെ വിഭജനം ആവശ്യപ്പെട്ട് സുഡാൻ പീപ്പിൾസ് ലിബറേഷൻ ആർമി പോരാട്ടം ശക്തമാക്കിയ കാലം. ഗറിലാ പോരാളികൾ സംഘടിതമായി എത്തി 1986 നവംബർ ഏഴ് അർധരാത്രിയാണ് താമസിച്ചിരുന്ന കുടിലിൽനിന്ന് അച്ചനെ ബന്ദിയാക്കിയത്. പാവങ്ങൾക്കുള്ള ശുശ്രൂഷ തുടരണമെന്നും താൻ ഇറങ്ങിവരില്ലെന്നും പറഞ്ഞപ്പോൾ‌ പത്തംഗ സായുധസംഘം അച്ചന്‍റെ നെഞ്ചിനു നേരേ തോക്കുചൂണ്ടി. വലിച്ചിഴച്ചു പുറത്തിറക്കുന്പോൾ ലുങ്കിയും ടീ ഷർട്ടും മാത്രം വേഷം. പിടിവലിയിൽ കണ്ണട താഴെവീണു പൊട്ടിയതോടെ കാഴ്ചയും പരിമിതമായി. മർദിച്ചും വലിച്ചും കാട്ടിലൂടെ കൊണ്ടുപോയപ്പോൾ വേദന സഹിക്കാനാകുമായിരുന്നില്ല.

പച്ചവെള്ളം പോലും നൽകാതെ ദിവസങ്ങൾ നീണ്ട വനപാതകളിലൂടെ അച്ചനെ അവർ കലാപകാരികളുടെ ക്യാന്പിലേക്കു കൊണ്ടുപോയി. കാട്ടിലെ കള്ളിമുൾ കന്പുകളിൽ ഉടക്കി ലുങ്കി ഏറെക്കുറെ പൂർണമായും കീറി.

ബന്ദികളുടെ പിടിയിലായി ആഫ്രിക്കൻ വനാന്തരങ്ങളിൽ കഴിഞ്ഞ ജയിംസ് അച്ചന്‍റെ ജീവിതം സഹനത്തിന്‍റെയും പരിത്യാഗത്തിന്‍റേതുമായിരുന്നു. ’ ആദ്യത്തെ അൻപതുദിവസം നരകയാതനകളായിരുന്നു. നൂറുകണക്കിന് കിലോമീറ്റർ ഘോരവനത്തിലൂടെ, പോരാട്ടവും സൈനിക പരിശീലനവും നടക്കുന്ന ഒളിത്താവളങ്ങളിലൂടെ ആനയിക്കപ്പെട്ടു. ആകെ പത്തു ക്യാന്പുകളിലൂടെ ഓരോ മാസവും ഇടവിട്ട് മാറ്റിക്കൊണ്ടിരുന്നു. വനത്തിലൂടെ 1500 കിലോമീറ്റർ അവർ അച്ചനെ വിവിധ ഇടങ്ങളിലൂടെ കൊണ്ടുപോയി. കാട്ടുമൃഗങ്ങൾക്കും ഇഴജന്തുക്കൾക്കും ഇടയിലൂടെയായിരുന്നു യാത്രകൾ. രാത്രി കല്ലിലും മുൾക്കാട്ടിലും കിടക്കുന്പോൾ തൊട്ടുചേർന്ന് വന്യമൃഗങ്ങൾ നടന്നുപോകുന്നത് പതിവായിരുന്നു. സിംഹഗർജനം കേട്ട് ഉണർന്നിട്ടുണ്ട്. ഏറെ ദിവസങ്ങളിലും പട്ടിണിയായിരുന്നു. കുടിക്കാൻ കാട്ടരുവികളിലെ വെള്ളം മാത്രം. വേട്ടയാടിക്കിട്ടിയാൽ അതിന്‍റെ അൽപം വിഹിതം ബന്ദികൾ നല്കും. പച്ചിലയും കായ്കളും കിഴങ്ങുകളും കഴിച്ച ദിവസങ്ങൾ പലതാണ്. ഉടുക്കാൻ കീറിയ ലുങ്കിയായിരുന്നു മൂന്നുമാസം. അത് അലക്കി പാറയിൽ വിരിക്കും. ഉണങ്ങിക്കിട്ടും വരെ നദിയിൽ കിടക്കും. അതല്ലെങ്കിൽ മരങ്ങൾക്കോ പുൽച്ചെടികൾക്കോ ഇടയിൽ ഒളിച്ചിരിക്കും. ലുങ്കി ഛിന്നഭിന്നമായപ്പോൾ ഒരു പഴകിയ പാന്‍റ് കൊടുത്തു.‌

പലപ്പോഴും ഞാൻ നിലവിളിച്ചു കരഞ്ഞിട്ടുണ്ട്. ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു. ഞാൻ എന്തു തെറ്റു ചെയ്തു. ദരിദ്രരെയും പാവങ്ങളെയും ശുശ്രൂഷിക്കാൻ നിനക്കായി ഇറങ്ങിത്തിരിച്ചതാണോ ചെയ്ത കുറ്റം. ആസ്തി എന്നു പറയാൻ ഒരു ചെറിയ ബൈബിൾ മാത്രം. കൂരിരുട്ടിലെ ഏകാന്തതയിലും കഷ്ടതകളിലും ഞാൻ ബൈബിൾ വായിച്ചുകൊണ്ടിരുന്നു.


കാട്ടുകിഴങ്ങ് പച്ചയ്ക്കു തിന്നും നൈൽ നദിയിൽ നിന്ന് മീനിനെയും ഞണ്ടിനെയും പിടിച്ചു ചുട്ടുതിന്നും ജീവിതം. മരിക്കുകയല്ലേ ഭേദം എന്നുപോലും തോന്നിപ്പോയ ദിവസങ്ങളുണ്ട്. ചുറ്റും തോക്കുധാരികൾ. ഓടി രക്ഷപ്പെടുക അസാധ്യം. പോരെങ്കിൽ കൊടുംവനം. ഒരു വശത്ത് നിറഞ്ഞൊഴുകുന്ന നൈൽനദി. പല്ലുതേയ്ക്കാനോ മുടി വെട്ടാനോ മുഖംവടിക്കാനോ അവസരം ഉണ്ടായിരുന്നില്ല. വേണമെങ്കിൽ കലാപകാരികൾ ചെയ്യുന്നതുപോലെ തലയിൽ തീയിട്ട് മുടി വക്കിക്കളയാമെന്ന് അവർ പറഞ്ഞു. ഭയമായിരുന്നതുകൊണ്ട് അതിനു തുനിഞ്ഞില്ല. തിമിംഗലത്തിന്‍റെ വായിൽപ്പെട്ട യോന പ്രവാചകനെപ്പോലെ, തീച്ചൂളയിലേക്കും സിംഹക്കൂട്ടിലേക്കും എറിയപ്പെട്ട ആദിമക്രൈസ്തവരെപ്പോലെ 35-ാം വയസിൽ ഞാൻ പീഡിപ്പിക്കപ്പെടുകയായിരുന്നു.
കൊല്ലപ്പെടുന്നതല്ലേ ഭേദം എന്ന് ആഗ്രഹിച്ചുപോയ കാലം. സഹനപർവം മാസങ്ങളോളം കടന്നുപോയി. രാത്രിയുടെ ഏകാന്തയാമങ്ങളിൽ മുട്ടിൽനിന്ന് ഞാൻ കണ്ണീരോടെ പ്രാർഥിച്ചു. ദൈവമേ സഹിക്കാൻ എനിക്കു ശക്തി നൽകണമേ. ആ പ്രാർഥനകൾ എന്നെ പുതിയൊരു മനുഷ്യനാക്കി മാറ്റി. അദ്ഭുതകരവും അവിശ്വസനീയവുമായിരുന്നു എന്നിലുണ്ടായ മാറ്റം. എല്ലാം സഹിക്കാൻ ദൈവം എന്‍റെ മനസിനെ പരുവപ്പെടുത്തുകയായിരുന്നു. ശ്രീബുദ്ധനു ലഭിച്ച ബോധോദയം പോലെ സഹനത്തിനായി ഒരുക്കപ്പെട്ട പുതിയ മനസ് എന്നിൽ പരുവപ്പെടുകയായിരുന്നു. എന്തും വരട്ടെ, ഈ ആഫ്രിക്കൻ വനമായിരിക്കാം ക്രിസ്തു എനിക്കായി കരുതിവച്ച നസ്രേത്തുപട്ടണം എന്നു മനസിൽ ദൃഢനിശ്ചയം ചെയ്തു.

പോരാളികൾ വച്ചുനീട്ടിയ ഗോതന്പ് അപ്പം കരുതിവച്ച് അത് ഓസ്തിയായി മനസിൽ കരുതി മനഃപാഠമായ വിശുദ്ധ കുർബാന ഞാൻ ചൊല്ലി. കൂദാശവചനങ്ങൾ ചൊല്ലിയപ്പോഴൊക്കെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ബലിപീഠവും പൂജാപാത്രങ്ങളുമില്ലാതെ കുർബാന അനുസ്മരണം നടത്തി. ഏകാന്ത മണിക്കൂറുകളിൽ ജപമാല അർപ്പിച്ചു.

മകൻ ബന്ദിയാക്കപ്പെട്ടതു മുതൽ കണ്ണീരൊഴുക്കി, നേർച്ച നേർന്ന് പ്രാർഥിക്കുകയായിരുന്നു കാൻസർ രോഗിണിയായ എന്‍റെ അമ്മ. അമ്മയുടെ പേരിൽ ഫാ. ജയിംസിന്‍റെ സഹോദരി സിസ്റ്റർ സോഫി പുളിക്കൽ സിഎംസി എഴുതിയ കണ്ണീരിൽ കുതിർന്ന ഏതാനും എഴുത്തുകൾ ജയിംസ് അച്ചന്‍റെ മോചനത്തിന് നിമിത്തമായി.
അഡീസ് അബാബയിലെ വത്തിക്കാൻ നുണ്‍ഷ്യേച്ചറിലേക്ക് പലപ്പോഴായി അമ്മ എഴുതിയ അഞ്ചു കത്തുകളും നുണ്‍ഷ്യോ പരിഭാഷപ്പെടുത്തി സുഡാൻ പീപ്പിൾസ് ലിബറേഷൻ ആർമി ഗറിലാ പോരാളികളുടെ നേതാവായ ജോണ്‍ ഗരാംഗിന് അയച്ചുകൊടുത്തിരുന്നു. ഒരു കത്തിനും അവർ മറുപടി നൽകിയതുമില്ല. അവസാനം നാട്ടിൽനിന്ന് അമ്മയുടെ പേരിൽ ഇംഗ്ലീഷിൽ സിസ്റ്റർ സോഫിയ ഒരു കത്തെഴുതി അറിയാവുന്ന വിലാസത്തിൽ ജോണ്‍ ഗരാംഗിന് നേരിട്ടും അയച്ചു. മാസങ്ങളോളം ആ കത്ത് എവിടെയൊക്കെയോ കറങ്ങി ജോണ്‍ ഗരാംഗിനു കൈയിൽ കിട്ടി. അമ്മയുടെ വേദനയാർന്ന അഭ്യർഥനയിൽ ഗരാംഗിന് അൽപം കരുണയുണ്ടായി. ഐക്യരാഷ്ട്രസഭയുടെ സഹകരണത്തോടെ വത്തിക്കാൻ കാര്യാലയം നടത്തിയ ഇടപെടലിലാണ് അച്ചനെ മോചിപ്പിക്കാനായത്.

ബന്ദിയായിരിക്കെ ഒരു വർഷം പിന്നിട്ടപ്പോൾ ജയിംസ് അച്ചന്‍റെ കണ്ണീരും ക്ഷമയും സഹനവും പോരാളികളുടെ മനസിൽ ചെറിയ മാറ്റങ്ങളുണ്ടാക്കാൻ ഇടയാക്കിത്തുടങ്ങി. പോരാളി നേതാവായ ജോണ്‍ ഗരാംഗിനും കൂട്ടാളികൾക്കും അൽപാൽപം കരുണയുണ്ടായി. സായുധപോരാളികൾ അച്ചനിലെ നൻമ അനുഭവിച്ച് അറിഞ്ഞുതുടങ്ങി. സുഡാനിൽ അധികാരം പിടിക്കാൻ അച്ചനെ ബന്ദിയാക്കുക വഴി ആഗോള മാധ്യമശ്രദ്ധ ഉണ്ടാകുമെന്നും ലോകത്തിന്‍റെ ഇടപെടൽ ഉണ്ടാകുമെന്നുമായിരുന്നു ഗറിലകളുടെ കണക്കുകൂട്ടൽ.

വത്തിക്കാൻ കാര്യാലയത്തിന്‍റെ തുടർച്ചയായ നയതന്ത്രശ്രമത്തിൽ ജയിംസ് അച്ചനെ മോചിപ്പിക്കാൻ സുഡാൻ പീപ്പിൾസ് ലിബറേഷൻ ആർമി അവസാനം തീരുമാനിച്ചു. ക്ഷമാപണത്തോടെ അച്ചനെ പിന്നീട് അവർ മോചിപ്പിച്ചു. വത്തിക്കാൻ സ്ഥാനപതിയുടെ ഇടപെടലാണ് ആശ്വാസമായത്. വനം കടത്തി നൈൽനദിയുടെ ശാഖയായ റാഡ് നദിയിലൂടെ ബോട്ടിൽ അക്കരെയെത്തിച്ച് എത്യോപ്യൻ തീരത്ത് ഇറക്കിവിട്ടു. 1988 മാർച്ച് ഏഴിനായിരുന്നു ആ വിമോചനം. അവിടെ സലേഷ്യൻ സഭയിലെ ഒരു വൈദികനും ഒരു സൈനിക ഉദ്യോഗസ്ഥനും എന്നെ കാത്തു പുഴയോരത്ത് നിന്നിരുന്നു. തിരിച്ചറിയാൻ പറ്റാത്തവിധം ദീക്ഷ നീണ്ട് മുടി വളർന്ന അവശനായ തന്നെ ആദ്യം അവർക്ക് തിരിച്ചറിയാനായില്ലെന്ന് അച്ചൻ ഓർമിക്കുന്നു.

കോതമംഗലത്തെ വസതിയിലെത്തി അച്ചൻ കുറച്ചുകാലം അമ്മയെ ശുശ്രൂഷിച്ച ശേഷം വീണ്ടും സുഡാനിലേക്കു മടങ്ങി. ആഫ്രിക്കയിലെ പാവപ്പെട്ട ഗോത്രവാസികളുടെ ഉന്നമനമാണ് ദൈവം തന്നിൽ ഏൽപ്പിച്ച ദൗത്യമെന്ന് സഭാധികാരികളോടു പറഞ്ഞ് അവിടേക്കു മടങ്ങിയ അച്ചൻ ഇപ്പോൾ ദക്ഷിണ സുഡാനിലെ വാവു എന്ന കേന്ദ്രത്തിൽ ഗോത്രവാസികൾക്കിടയിൽ സേവനമനുഷ്ഠിക്കുന്നു. സുഡാനിലെത്തിയ ശേഷം ആ ദേശവാസികളുടെ സങ്കീർണമായ ഗോത്രഭാഷയും ഇദ്ദേഹം ഹൃദിസ്ഥമാക്കിയിരുന്നു.
1995ൽ ആഭ്യന്തരകലാപത്തിനൊടുവിൽ രാജ്യം വിഭജിച്ച് ദക്ഷിണ സുഡാനിൽ ജോണ്‍ ഗരാംഗ് വൈസ് പ്രസിഡന്‍റായി അധികാരമേറ്റു. ഒന്നര വർഷം തങ്ങൾ വനത്തിൽ ബന്ദിയാക്കിയ ഫാ. ജയിംസ് പുളിയ്ക്കലിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ജോണ്‍ ഗരാംഗ് വിശിഷ്ടാതിഥിയായി ക്ഷണിച്ചിരുന്നു. ജയിംസ് അച്ചനെ ബന്ദിയാക്കിയതിൽ ജോണ്‍ ഗരാംഗ് വേദിയിൽ ക്ഷമാപണം നടത്തുകയും ചെയ്തു.

റെജി ജോസഫ്