വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വപ്നമല്ല. ഇതു പഞ്ചനക്ഷത്ര ഹോട്ടലോ റിസോർട്ടോ സ്വകാര്യ ബംഗ്ലാവോ ഒന്നുമല്ല. ഗോവ ഗവര്‍ണറുടെ ഔദ്യോഗിക വസതിയാണ്. ആഗോളതലത്തിൽത്തന്നെ ശ്രദ്ധേയമായ മനോഹര നിര്‍മിതികളിലൊന്ന്. കാബോ പാലസ് അല്ലെങ്കില്‍ കാബോ നിവാസ് എന്ന രാജ്ഭവന്. കാബോ എന്നാല്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ മുനമ്പ് എന്ന് അര്‍ഥം. ഈ മുനമ്പിലും രാജ്ഭവനിലും നിന്നുള്ളതിനേക്കാള്‍ മികച്ച ദൃശ്യം ഗോവയില്‍ കിട്ടാനില്ലെന്നു പറയാം.
മലയാളിയായ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ഗവര്‍ണറായുള്ള ഗോവ രാജ്ഭവന് സ്ഥിതി ചെയ്യുന്ന, അറബിക്കടലിനും മണ്ഡോവി ഉള്‍ക്കടലിനും അഭിമുഖമായുള്ള കരഭൂമിയുടെ വശ്യത അവര്‍ണനീയമാണ്. സമുദ്രനിരപ്പില്‍നിന്ന് 154 മീറ്റര്‍ ഉയരത്തില്‍ കടലിലേക്കു തള്ളിനില്ക്കുന്ന മുനമ്പാണിത്. ഈ മുനമ്പിന്റെ അറ്റത്തുള്ള തട്ടിലാണ് പോര്‍ച്ചുഗീസുകാര്‍ 400ലേറെ വര്‍ഷം മുമ്പു ക്രിസ്ത്യന്‍ പള്ളിയും കൊട്ടാരവും ചുറ്റും കോട്ടയും പണിതത്.
പോര്‍ച്ചുഗീസ് പ്രൗഢി
മുനമ്പിലെ കൊട്ടാരം എന്ന കേപ്പ് പാലസ് സ്വതന്ത്ര ഭാരതത്തിലെ ഗവര്‍ണര്‍മാരുടെ വസതികളില്‍ ഏറ്റവും മനോഹരം. കോല്‍ക്കത്തയിലെയും മുംബൈയിലെയും മറ്റും രാജ്ഭവനുകള്‍ വലിപ്പംകൊണ്ട് ഗംഭീരമാണെങ്കിലും പഴക്കത്തിലും പൗരാണിക പ്രൗഢിയിലും മുന്പിൽ ഗോവയാണ്. നാനൂറിലധികം വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച മറ്റൊരു രാജ്ഭവൻ ഇന്ത്യയിലില്ല.
ഗോവന്‍ തലസ്ഥാനമായ പന്‍ജിമിലെ ഡോണ പോളയില്‍ 88 ഏക്കര്‍ വിസ്തൃതിയിലാണ് രാജഭവനും പരിസരവും നിലകൊള്ളുന്നത്. ഇതില്‍ പത്തേക്കര്‍ സ്ഥലത്തു മാത്രമാണ് നിര്‍മിതികളും മറ്റും. ഗോവയിലെ രണ്ടു പ്രധാന നദികളായ മണ്ഡോവി, സുവാരി എന്നിവയുടെ സംഗമസ്ഥാനത്താണ് മുനമ്പും രാജ്ഭവനും. പടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രം, വടക്ക് മാണ്ഡോവി നദിയുടെ ഉള്‍ക്കടലും ഫോര്‍ട്ട് അഗേഡയും തെക്ക് സുവാരി നദിയുടെ ഉള്‍ക്കടലും. നിരവധി നദികളും അരുവികളും അവയുടെ ഉള്‍ക്കടലുകളും കടലിലേക്ക് വ്യാപിക്കുന്ന മുനമ്പുകളും മറ്റുമായി കാഴ്ചവിരുന്നൊരുക്കുന്ന നിരവധി പോയിന്റുകൾ ഇവിടുണ്ട്. ഈ വനമേഖല സസ്യജന്തുജാലങ്ങളാലും സന്പന്നം.
പഴമയുടെ മഹിമ
രാജ്ഭവന് കെട്ടിടത്തിന്റെ പഴയ ഘടനയുടെ ഭൂരിഭാഗവും നിരവധി കൂട്ടിച്ചേര്‍ക്കലുകളോടെ നിലനിര്‍ത്തിയിട്ടുണ്ട്. ഹെലിപാഡ്, ബീച്ച്, ബോട്ടുജെട്ടി, പീരങ്കി പോയിന്റ് എന്നിവയെല്ലാം ഇവിടെ കാണാം. പഴയ കൊട്ടാരവും ചാപ്പലും അതേ പ്രൗഢിയിൽ. രാഷ്ട്രപതി ഭവനിലെ ഡര്‍ബാര്‍ ഹാളിന്റെ മിനി പതിപ്പാണ് ഗോവൻ രാജ്ഭവനിലെ സ്വീകരണ മുറിയായ ഡർബാർ ഹാൾ. ഗവര്‍ണര്‍മാരുടെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകളിലും റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നീ ദിവസങ്ങളിലെ സ്വീകരണ സമയത്തും ഉപയോഗിക്കുന്നു.
വിശാലമായ ഡൈനിംഗ് റൂമില്‍ മുപ്പതു പേര്‍ക്ക് ഇരിക്കാം. സ്വകാര്യ സിറ്റിംഗ് റൂമുകളും മറ്റൊരു സ്വകാര്യ ഡൈനിംഗ് റൂമും ഉണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്കായി രാജകീയ പ്രൗഢിയുള്ള പ്രത്യേക സ്യൂട്ട് റൂം ഒന്നാം നിലയിലുണ്ട്. ഇവിടേക്കു പുതിയൊരു ലിഫ്റ്റും സ്ഥാപിച്ചു. ഗവര്‍ണറുടെയും കുടുംബത്തിന്റെയും താമസസ്ഥലവും ഒന്നാം നിലയിലാണ്.
ശ്രീധരന്‍പിള്ള ആദ്യ വര്‍ഷം ഇവിടെ താമസിച്ചെങ്കിലും കാലപ്പഴക്കം പരിഗണിച്ചു പ്രധാന രാജ്ഭവനോടു ചേര്‍ന്നുള്ള ഔട്ട്ഹൗസിലേക്കു താമസം മാറ്റി. എങ്കിലും എഴുത്തിനും വായനയ്ക്കുമായി പഴയ കൊട്ടാരത്തിലെ ഒന്നാം നിലയിലുള്ള സ്റ്റഡി റൂം അദ്ദേഹം ഇപ്പോഴും ഉപയോഗിക്കാറുണ്ട്. അറബിക്കടലിന്റെ ദൃശ്യഭംഗിയും സൂര്യോദയവും സൂര്യാസ്തമയവും ചാന്ദ്രിക രാത്രികളും ആസ്വദിക്കാവുന്ന വലിയൊരു വരാന്തയുമുണ്ട്.
പാത്രങ്ങൾ, ഫർണിച്ചറുകൾ
ബൊഹീമിയന്‍ ശരറാന്തലുകൾ, ചൈനീസ് പോര്‍സലൈന്‍, വെള്ളി, തേക്ക് ഫര്‍ണിച്ചറുകള്‍ എന്നിവയുടെ മികച്ച ശേഖരം ഗോവ രാജ്ഭവനിലുണ്ട്. കാന്റണില്‍ നിര്‍മിച്ച പുരാതന ചൈനീസ് പോര്സലൈനിന്റെ മനോഹരമായ പാത്രങ്ങളാണ് ഏറ്റവും ശ്രദ്ധേയം. ഉയരമുള്ള അഞ്ച് കന്റോണീസ് പാത്രങ്ങളും വലിയ വലിപ്പമുള്ള രണ്ട് കന്റോണീസ് പാത്രങ്ങളും "ഗവര്ണോ ജനറാൽ ഡി ഇന്ത്യ'' എന്ന ആലേഖനമുള്ള അങ്കിയും ഉണ്ട്. പോര്‍ച്ചുഗലിലെ ഓരോ രാജാവിനും അവരുടേതായ അങ്കി ഉണ്ടായിരുന്നു.
1861 ഡിസംബര്‍ 27ന് അധികാരമേറ്റ് 1889 വരെ ഭരിച്ച ഡോം ലൂയിസ് ഒന്നാമന് രാജാവിന്റെ ഭരണകാലത്തേതാണ് മനോഹരമായ ചൈനീസ് പാത്രങ്ങളെന്നാണ് കരുതുന്നത്. 1864 മുതല്‍ 1871 വരെ ഗോവയുടെ ഗവര്‍ണറായിരുന്ന ഗവര്‍ണര്‍ ജനറല്‍ ജോസ് ഫെരേര പെസ്താനയാണ് രാജാവിന്റെ സ്മരണയ്ക്കായി കാബോ കൊട്ടാരത്തില്‍ വലിയ നവീകരണം നടത്തിയത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പെയിന്റിംഗുകളാണു മറ്റൊരു ആകര്‍ഷണം.
കൊത്തുപണികളോടെയുള്ള തടി ഫര്‍ണിച്ചറുകളുടെ മികച്ച ശേഖരവും രാജ്ഭവനിലുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രചാരത്തിലുണ്ടായിരുന്നവയാണ് ഏറെയും. ഇപ്പോഴും വിവിഐപി ഉപയോഗത്തിലുള്ള ഇത്തരം കസേരകളില്‍ ചിലതില്‍ ഹിന്ദു ദൈവങ്ങളും ക്ഷേത്രങ്ങളും കൊത്തിയെടുത്തിട്ടുണ്ട്. പിന്നീടുള്ള നൂറ്റാണ്ടുകളില്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളും തമ്മിലുള്ള സമ്പൂര്‍ണ ഐക്യം ഗോവയില്‍ പ്രകടമായിരുന്നു.
ഗവര്‍ണറുടെ ഔദ്യോഗിക ഓഫീസ് കൊട്ടാരത്തിന്റെ താഴത്തെ നിലയില്‍ ആദ്യ മുറിയാണ്. ഗവര്‍ണറുടെ ഓഫീസ് മുറിയുടെ തൊട്ടടുത്ത് അതിഥികള്‍ക്കായുള്ള ആദ്യ സ്യൂട്ടിലായിരുന്നു ലേഖകനും ഭാര്യയ്ക്കും ഗവര്‍ണര്‍ താമസമൊരുക്കിയത്. അതിഥികള്‍ക്കായി മൂന്ന് സ്യൂട്ടുകളും ഏഴ് ഇരട്ട മുറികളുമുണ്ട്. ഗവര്‍ണറുടെ സെക്രട്ടേറിയറ്റിന്റെയും ജീവനക്കാരുടെയും ഓഫീസുകള്‍ പ്രത്യേക അനെക്സിലാണ്.
ശ്രീധരന്‍പിള്ള ഗവര്‍ണര്‍ ആയി എത്തിയതോടെ പുതിയ ഉണര്‍വ് ഇവിടെ പ്രകടമാണ്. രാജ്ഭവനും ചുറ്റുമുള്ള പൂന്തോട്ടങ്ങൾക്കും അടുത്തുള്ള പ്രദേശങ്ങൾക്കുമെല്ലാം വൃത്തിയും വെടിപ്പുമുണ്ട്. കാലപ്പഴക്കംകൊണ്ട് ജീര്‍ണത ബാധിച്ചു തുടങ്ങിയ പഴയ രാജ്ഭവനു സമീപത്തായി പുതിയ രാജ്ഭവന്റെ നിര്‍മാണം തകൃതിയില്‍ പുരോഗമിക്കുന്നു. പുതിയ കെട്ടിടം പൂര്‍ത്തിയായാല്‍ പഴയ കൊട്ടാരം സംരക്ഷിത സ്മാരകമായി മാറും.
കത്തോലിക്ക പള്ളിയും അന്പലവും
പോര്‍ച്ചുഗീസുകാര്‍ പണിത"ഔര്‍ ലേഡി ഓഫ് കാബോ'' കത്തോലിക്കാ പള്ളി ഇപ്പോഴും രാജ്ഭവന് ചാപ്പലായി പ്രവര്‍ത്തിക്കുന്നു. പോര്‍ച്ചുഗീസ് ഭാഷയില്‍ നോസ സെന്‍ഹോറ ഡോ കാബോ എന്ന വിശുദ്ധ മാതാവിനെ മുനമ്പിന്റെ കന്യകയായാണ് കരുതുന്നത്. ഇപ്പോഴും എല്ലാ ഞായറാഴ്ചകളിലും വൈദികനെത്തി ഇവിടെ ദിവ്യബലി അര്‍പ്പിക്കുന്നുണ്ട്. ക്രൈസ്തവരുടെ വിശേഷ ദിവസങ്ങളിലും ഈ ചാപ്പലില്‍ പ്രാര്‍ഥനകള്‍ക്കായി പൊതുജനം എത്താറുണ്ട്. രാജ്ഭവനോടു ചേര്‍ന്നു ഗണേശക്ഷേത്രവുമുണ്ട്.
രാജ്ഭവനും ചാപ്പലിനും താഴെയായി മലയിടുക്കില്‍ വിശുദ്ധ പോളയുടെ ഗ്രോട്ടോയുണ്ട്. ചെരിഞ്ഞു കിടക്കുന്ന രീതിയിലുള്ള വിശുദ്ധയുടെ രൂപമാണ് ഗ്രോട്ടോയിലെ അള്‍ത്താരയിലുള്ളത്. സീറോ മലബാര്‍ സഭയിലും മൈലാപ്പുരിലെ സെന്റ് തോമസ് പള്ളിയിലും മറ്റും ഉള്ള മാര്‍ത്തോമാ കുരിശിനു സമാനമായ കുരിശില്‍ തൂങ്ങപ്പെട്ട യേശുക്രിസ്തുവിന്റെ രൂപത്തിനു മുന്നിലായാണ് വിശുദ്ധ പോളയുടെ രൂപം എന്നതും പ്രത്യേകതയാണ്.
പ്രധാന ചാപ്പലിന്റെ ആദ്യ നിര്‍മാണ തീയതി വ്യക്തമല്ല. എന്നാല്‍, എഡി 1541 ജൂണ്‍ 30ലെ ഒരു കുറിപ്പില്‍, ചാപ്പലില്‍ ഒരു ഫ്രാന്‍സിസ്കന്‍ പുരോഹിതനെ കണ്ടെത്താനുള്ള നിര്‍ദേശമുണ്ട്. 1541നു മുമ്പുതന്നെ ചാപ്പല്‍ അവിടെ ഉണ്ടായിരുന്നുവെന്ന് അനുമാനിക്കാം. സമുദ്രനിരപ്പില്‍നിന്ന് 154 മീറ്റര്‍ ഉയരത്തിലുള്ള ഈ പള്ളി നൂറ്റാണ്ടുകളായി കടല്‍യാത്രികരുടെ വഴികാട്ടിയാണ്.
മാതാവിന്റെ വലിയ ഭക്തനും ഫ്രാന്‍സിസ്കന്‍ സന്യാസിമാരുടെ അടുപ്പക്കാരനുമായിരുന്ന വൈസ്രോയി മത്തിയാസ് ഡി ആല്ബുകെര്ക്കിന്റെ (1591-97) കാലത്താണു ചാപ്പല്‍ പുനര്‍ നിര്‍മിക്കാനും അതിനോടു ചേര്‍ന്നൊരു ആശ്രമം പണിയാനും തീരുമാനിച്ചത്.
ഫ്രാന്‍സിസ്കന്‍ സന്യാസിമാര്‍ ചാപ്പല്‍ പരിപാലിക്കുമെന്നും അവര്‍ ഇന്ത്യ വിട്ടുപോയാല്‍ ചാപ്പല്‍ പരിപാലനത്തിനായി ഗോവയിലെ കത്തോലിക്കാ അതിരൂപതയ്ക്കു കൈമാറുമെന്നും എട്ടാമത്തെ ഗവര്‍ണറായ ഡി എസ്റ്റെവോ ഡി ഗാമ 1540ല്‍ നിബന്ധന വച്ചു.
കോട്ടയും ജലസംഭരണികളും
ഡി എസ്റ്റെവോ ഡി ഗാമയാണ് 1540ല്‍ മണ്ഡോവി, സുവാരി നദികളുടെ പ്രവേശന കവാടം സംരക്ഷിക്കാനായി തന്ത്രപ്രധാനമായ സ്ഥലത്തു കോട്ട നിര്‍മിക്കാനുള്ള ആശയം മുന്നോട്ടുവച്ചത്. മികച്ച സജ്ജീകരണങ്ങളുള്ള പ്രധാനപ്പെട്ട കോട്ടകളിലൊന്നായി ഇതു മാറി. കോട്ടകള്‍ക്കുള്ളില്‍ മൂന്നു ജലസംഭരണികളും നിര്‍മിച്ചു.
കുന്നിന്റെ അടിത്തട്ടില്‍നിന്നു കടല്‍ത്തീരത്തേക്ക് 44 മീറ്റര്‍ ദൂരത്തില്‍ ഒരു കോട്ടയുണ്ട്. കുന്നിന്റെ പിന്‍ഭാഗത്തുള്ള 820 മീറ്റര്‍ റോഡിലൂടെ ഒരാള്‍ക്കു പോകാം. കോട്ടയുടെ ഒരു വാതിലിലേക്കാണ് ഈ റോഡ്. ഈ വാതില്‍ കടന്നാല്‍ 82 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുള്ള ഒരു തട്ടിലെത്തും. 1.32 മീറ്റര്‍ ഉയരമുള്ള മതിലുകളാല്‍ സംരക്ഷിതമായ ഇവിടെ 20 പൗണ്ട് വരെ ഭാരമുള്ള നാലു വെങ്കല പീരങ്കികളും പീരങ്കി വണ്ടികളുമുണ്ട്. കുന്നിന്റെ ഉയര്‍ന്ന വശത്തു നാവിക ക്യാപ്റ്റനു താമസിക്കാന്‍ പര്യാപ്തമായ ഏഴു നിലകളുള്ള വീടുകള്‍ ഉണ്ട്. താഴെയായി പട്ടാളക്കാര്‍ക്കായി 12 ചെറിയ വീടുകളുണ്ട്. ഈ വീടുകള്‍ പക്ഷേ, ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല.
വിമോചനത്തിനു ശേഷം
യൂറോപ്യന്‍ ശക്തികള്‍ തമ്മിലുള്ള സമവാക്യം ഇന്ത്യയിലും സ്വാധീനം ചെലുത്തിയിരുന്നു. ഗോവ ചെറുതും ദുര്‍ബലവുമായിരുന്നു. 1799 സെപ്റ്റംബര്‍ ഏഴിന് കേണല്‍ സര് വില്യം ക്ലാര്‍ക്കിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാര്‍ ഗോവയില്‍ സ്ഥാനം ഏറ്റെടുത്തു. അവര്‍ 1815 വരെ തുടര്‍ന്നു. അപ്പോഴേക്കും ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചിരുന്നതിനാല്‍ ബ്രിട്ടീഷുകാർ പിന്മാറി. അവര്‍ പോയപ്പോള്‍ കോട്ട വളരെ മോശമായ അവസ്ഥയിലായിരുന്നു.
ബ്രിട്ടീഷ് അധിനിവേശത്തിന്റെ എല്ലാ തെളിവുകളും തുടച്ചുമാറ്റാന്‍ പോര്‍ച്ചുഗീസുകാര്‍ ആഗ്രഹിച്ചു. റിയോ പാര്‍ഡോയിലെ കൗണ്ട് ഡോം ഡിയോഗോ ഡിസൂസ ഒരു ഫ്രാന്‍സിസ്കന്‍ ആയിരുന്നതിനാല്‍ കോണ്‍വെന്റ് നന്നാക്കി. 1821ല്‍ പോര്‍ച്ചുഗലില്‍ രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിക്കുകയും ഗോവയില്‍ ഒരു വിപ്ലവം നടക്കുകയും ചെയ്തു. 1844 ജൂണ്‍ 25ന് ഗോവയിലെ പോര്‍ച്ചുഗീസ് അധിനിവേശ പ്രദേശങ്ങളിലെ മതപരമായ ക്രമങ്ങള്‍ നിര്‍ത്തലാക്കി. ഇതേത്തുടര്‍ന്ന് മുനമ്പിലെ മഠം ഗോവ ആര്‍ച്ച്ബിഷപ്പിന് റെസിഡന്‍ഷല്‍ കൊട്ടാരമായി ഉപയോഗിക്കാനായി കൈമാറി.
1866 ജൂണ്‍ 19ന് ഈ പ്രദേശം മുഴുവന്‍ ഗോവ ഗവര്‍ണര്‍ ജനറലായ സീനിയര്‍ ജോസ് ഫെരേര പെസ്റ്റാനയുടെ വസതിയായി കൈമാറി. പോര്‍ച്ചുഗീസ് വൈസ്രോയിമാരുടെയോ ഗവര്‍ണര്‍ ജനറലിന്റെയോ സ്ഥിര വസതിയായി മാറിയ ശേഷം കാബോ കൊട്ടാരം അധികാരകേന്ദ്രമായിരുന്നു. 1961ല്‍ ഗോവ വിമോചിതമായതിനു ശേഷവും അതു രാഷ്ട്രത്തലവന്റെ ഔദ്യോഗിക വസതിയായി തുടര്‍ന്നു.
ലോക്ഭവനാക്കി ശ്രീധരന്‍പിള്ള
രാജ്ഭവനെ ജനകീയമാക്കി മാറ്റിയെന്നതാണ് ശ്രീധരന്‍പിള്ളയുടെ മികവ്. ഗോവയുടെ വിമോചന ദിനാചരണത്തിന് നൂറുകണക്കിനു സാധാരണക്കാരാണ് രാജ്ഭവനിലെത്തുക. രാജ്ഭവന് ലോക്ഭവന് ആണെന്നാണ് ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഗോവയിലെത്തിയപ്പോള്‍ വിശേഷിപ്പിച്ചത്.
ഗോവയിലെ എല്ലാ ഗ്രാമങ്ങളിലും ചെന്നു ജനങ്ങളെ നേരിട്ടുകണ്ട് പ്രശ്നങ്ങള്‍ മനസിലാക്കാന്‍ പിള്ള ഗോവ സമ്പൂര്‍ണ യാത്ര എന്നൊരു പരിപാടിതന്നെ നടത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎല്‍എമാരുമെല്ലാം സഹകരിച്ചതോടെ ജനകീയ പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണാനായെന്നതാണ് ഗവര്‍ണറുടെ നേട്ടം. ചെയ്ത കാര്യങ്ങളുടെ ലിസ്റ്റ് പൂര്‍ണമായി പ്രസിദ്ധീകരിച്ചു.
എന്നാല്‍ 2,000 കാന്‍സര്‍ രോഗികള്‍ക്കും ഡയാലിസിസ് രോഗികള്‍ക്കും സാമ്പത്തിക സഹായം ചെയ്യാനായതാണ് ഏറ്റവും സംതൃപ്തി നല്‍കിയതെന്നു ഗവര്‍ണര്‍ ദീപികയോടു പറഞ്ഞു. അഗതി മന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, കുട്ടികളുടെ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിള്‍ ഗവര്‍ണര്‍ പലതവണ സന്ദര്‍ശനം നടത്തി.
മദര്‍ തെരേസയുടെ സമൂഹം അടക്കം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി സംഘടനകള്‍ക്കും ഗവര്‍ണറുടെ സഹായമെത്തി. അഞ്ചു കോടിയോളം രൂപയാണ് ഗവര്‍ണറുടെ ഫണ്ടില്‍നിന്നു പൊതു ആവശ്യങ്ങള്‍ക്കായി വിതരണം ചെയ്തത്. ആത്മീയരംഗത്ത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയുടെ സംസ്കാരമെന്ന് പിള്ള പറയുന്നു.
വാമനവൃക്ഷ കലയും ഗോശാലയും
രാജ്ഭവനോട് അനുബന്ധിച്ചുള്ള തോട്ടത്തില്‍ വാമനവൃക്ഷങ്ങളുടെ (ചൈനക്കാരുടെ ബൊണ്സായി മരങ്ങള്‍) വലിയൊരു ശേഖരം പിള്ള സ്ഥാപിച്ചു. ഗോവ രാ്ജഭവനിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണിത്. വാമന വൃക്ഷകല ഇന്ത്യയുടേതാണെന്നു സ്ഥാപിക്കുന്ന പുസ്തകവും ഇദ്ദേഹം രചിച്ചു. തദ്ദേശീയമായ 20 പശുക്കളുടെ (ശ്വേതകപില) ഗോശാലയാണ് പിള്ളയുടെ മറ്റൊരു സംരംഭം. രാജ്ഭവന് ആവശ്യമായ പാല് മുഴുവന്‍ ഇവിടെനിന്നാണ്. ബാക്കി വരുന്നവ നാട്ടുകാര്‍ക്കായി നല്‍കും.
എഴുത്തും വായനയുമായി പിള്ള
എഴുത്തും വായനയുമാണ് ശ്രീധരന്‍പിള്ളയെ വ്യത്യസ്തനാക്കുന്നത്. ഇതിനകം 120 പുസ്തകങ്ങളാണ് അദ്ദേഹം രചിച്ചത്. ഗ്രന്ഥകര്ത്താവായതിനാല് വായനയും എഴുത്തും സര്‍ഗവാസനയും പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതിയും നടപ്പാക്കി. പുതിയ എഴുത്തുകാരുടെ ആദ്യ പുസ്തകം രാജ്ഭവന് സ്വന്തം ചെലവില്‍ അച്ചടിച്ചു നല്‍കും. ആയിരം എഴുത്തുകാരാണ് രാജ്ഭവന്റെ ഈ പദ്ധതിയുടെ ഗുണം നേടിയത്. 22 ഭാഷകളിലായി പ്രസിദ്ധീകരിച്ച മുന്നൂറോളം ഗ്രന്ഥങ്ങളുടെ രചയിതാക്കള്‍ക്ക് 10,000 രൂപ വീതം പാരിതോഷികവും നല്‍കും.
മുതിര്‍ന്ന അഭിഭാഷകന് കൂടിയായ ശ്രീധരന് പിള്ളയുടെ അഭിഭാഷകയായ ഭാര്യ കെ. റീത്തയും മലയാളികളായ ജോമോന് ജോബ്, ടി.എച്ച്. വല്‍സരാജ്, കെ. വിജയന് തുടങ്ങിയ സ്റ്റാഫ് അംഗങ്ങളുമാണ് ഗോവയിലും ഗവര്‍ണറുടെ വിശ്വസ്ത സഹായികള്‍. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്കു ഗവര്‍ണര്‍ നല്കുന്ന പ്രത്യേക ആതിഥ്യസത്കാരങ്ങളെ ഇവരുടെ സഹായം ഊഷ്മളമാക്കുന്നു.
ജോര്‍ജ് കള്ളിവയലില്‍