പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്കാരും. എന്നാൽ, ഇവിടെ രണ്ടു വിദ്യാർഥിനികൾ നാട്ടുകാരെയും കൂട്ടുകാരെയുമൊക്കെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു. ഒന്നും രണ്ടുമല്ല, പന്ത്രണ്ട് പശുക്കളുടെ ഉടമസ്ഥരാണിവർ.. ഉടമസ്ഥർ മാത്രമല്ല, പശുക്കളെ കുളിപ്പിക്കുന്നതും തൊഴുത്തു വൃത്തിയാക്കുന്നതും പുല്ലരിയുന്നതും തീറ്റ കൊടുക്കുന്നതും കറവ നടത്തുന്നതുമെല്ലാം ഈ പെൺകുട്ടികൾതന്നെ!
‘അഗോ തു നിശെപില്ലിവേ..? തു തോണ് ഹൽവേ? തുക്ക ഇത്ത് ജായി? തോണ് പു റവെ?’ ഇതൊക്കെ വായിച്ചിട്ടു വല്ലതും മനസിലായോ? ബഹുഭൂരിപക്ഷത്തിനും ഒന്നും മനസിലായിക്കാണില്ല. എന്നാൽ, കൊങ്കണി ഭാഷ വശമുള്ളവർക്കു കാര്യം മനസിലാകും. കൊങ്കണി ഭാഷ വശമുള്ള മനുഷ്യർക്കു മാത്രമല്ല, ഇതു കേട്ടാൽ ആലപ്പുഴ പുറക്കാട് പഞ്ചായത്തിൽ ആറാം വാർഡിൽ കമ്മത്തിപ്പറന്പ് മഠം വീട്ടിലെ 12 പശുക്കൾക്കും കാര്യം പിടികിട്ടും. എടീ നീ കഞ്ഞിവെള്ളം കുടിച്ചോ? നീ പുല്ല് തിന്നോ? നിനക്ക് എന്തുവേണം? പുല്ല് മതിയോ? ഇതൊക്കെയാണ് മേൽപ്പറഞ്ഞ ചോദ്യങ്ങളുടെ അർഥം.
ഇതെങ്ങനെ ഈ വീട്ടിലെ പശുക്കൾക്കു മനസിലാകുമെന്നായിരിക്കും ഇപ്പോൾ നിങ്ങളുടെ സംശയം. അതിനു കാരണക്കാർ ഈ വീട്ടിലെ രണ്ടു മിടുക്കി പെൺകുട്ടികളാണ്. പത്താം ക്ലാസുകാരി അനുഗ്രഹയും എട്ടാം ക്ലാസുകാരി ആർദ്രയും. ഇവരാണ് ഈ പശുക്കളെ കൊങ്കണി പഠിപ്പിച്ചത്. ഇവർ തന്നെയാണ് ഈ പശുക്കളുടെ ഉടമസ്ഥരും. ഉടമസ്ഥർ മാത്രമല്ല, പശുവിനെ കുളിപ്പിക്കുന്നതും തൊഴുത്ത് കഴുകുന്നതും പുല്ലരിയുന്നതും തീറ്റ കൊടുക്കുന്നതും മുതൽ പശുക്കളെ കറക്കുന്നതുവരെ ഈ പെൺകുട്ടികളാണ്.
കേട്ടിട്ട് അവിശ്വസനീയം എന്നു തോന്നുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കു പുറക്കാട് കമ്മത്തിപ്പറന്പ് മഠം വീട്ടിലേക്കു ചെല്ലാം. ഞങ്ങൾ ഇവരെ തേടി ചെല്ലുന്പോഴും ഇവർ സ്കൂൾ സമയം കഴിഞ്ഞു തൊഴുത്തിലെ തിരക്കിലായിരുന്നു. ഒരാൾ പശുവിനെ കറക്കുന്നു, മറ്റേയാൾ തൊഴുത്തു വൃത്തിയാക്കുന്നു... ഇതിനു പിന്നാലെ തീറ്റയിട്ടുകൊടുക്കുന്നു... പശു പരിപാലനത്തിൽ തഴക്കവും പഴക്കവും വന്നവരെപ്പോലെ ചുറുചുറുക്കോടെയാണ് ഈ പെൺകുട്ടികൾ തൊഴുത്തിലെ കാര്യങ്ങൾ നോക്കുന്നത്.
പഠനവും പശുവും
ഗിരീഷ്- സംഗീത ദന്പതികളുടെ മക്കളായ അനുഗ്രഹ ജി. ഭട്ടും ആർദ്ര ജി. ഭട്ടും ആണ് സ്കൂൾ പഠനത്തിന്റെ തിരക്കിനിടയിലും വീട്ടിൽ പന്ത്രണ്ടു പശുക്കളെ പൊന്നുപോലെ പരിപാലിക്കുന്നത്. പശുവിനെ വളർത്തുന്നവരോടു ചോദിച്ചാൽ അറിയാം, ഒന്നോ രണ്ടോ പശുവിനെ വളർത്തുന്നതുപോലും ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. അപ്പോഴാണ് ഈ വിദ്യാർഥിനികൾ പന്ത്രണ്ടു പശുക്കളെ വളർത്തുന്നത്. മനസും സന്നദ്ധതയുമുണ്ടെങ്കിൽ എന്തും സാധ്യമാകുമെന്നു നമ്മെ പഠിപ്പിക്കുകയാണ് ഈ കുട്ടികൾ. പശുക്കളെ പരിപാലിക്കുന്നതിൽ ഇവരുടെ അച്ഛനും അമ്മയ്ക്കും തീരെ ചെറിയ റോൾ മാത്രമേയുള്ളൂ. കുട്ടികൾ വീട്ടിലില്ലാത്തപ്പോൾ മാത്രമാണ് അവരുടെ പശുപരിപാലനം.
കഴിഞ്ഞ കോവിഡ് കാലത്തു വീട്ടിലിരുന്നു മുഷിഞ്ഞപ്പോഴാണ് ഒരു പശുക്കിടാവിനെ വാങ്ങിയാലോ എന്ന ചോദ്യം നീര്ക്കുന്നം രക്തേശ്വരി ക്ഷേത്രത്തിലെ പൂജാരികൂടിയായ ഗിരീഷ് മുന്നോട്ടുവച്ചത്. വരുമാനം എന്നതിനേക്കാൾ സമയം പോക്ക് എന്നതായിരുന്നു പ്രധാന കാരണം. പശുവിനെ വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾത്തന്നെ വ്യത്യസ്ത അഭിപ്രായമായിരുന്നു പലർക്കും. കഷ്ടപ്പാടാകില്ലേ..? ആരു നോക്കും? എന്നിങ്ങനെ പല ചോദ്യങ്ങളും ഉയർന്നു. എന്തായാലും അവസാനം പശുക്കിടാവിനെ വാങ്ങാൻ തീരുമാനിച്ചു. അങ്ങനെ കോവിഡ് കാലത്ത് ആദ്യത്തെ പശുക്കുട്ടി വീട്ടുവളപ്പിലേക്ക് എത്തി.
മടിച്ചുമടിച്ചു തുടക്കം
മടിച്ചുമടിച്ചു പശുവിനെ തൊട്ടും തലോടിയും തുടക്കമിട്ടതാണ് അനുഗ്രഹയും ആർദ്രയും... പശുക്കിടാവുമായി വളരെ വേഗം കൂട്ടായ ഇരുവർക്കും പിന്നീട് ഇതൊരു ഹരമായി മാറി. പശുക്കിടാവ് ഒന്ന് എന്നുള്ളതു രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ വർധിച്ചു. ഒാരോ പുതിയ അതിഥി വരുന്പോഴും അനുഗ്രഹയ്ക്കും ആർദ്രയ്ക്കും അധ്വാനം കൂടുന്നു എന്ന ആശങ്കയേ ഉണ്ടായിരുന്നില്ല, മറിച്ച് ആവേശം കൂടുന്നതിന്റെ ആഹ്ലാദമായിരുന്നു. അങ്ങനെ വീട്ടുമുറ്റത്തുതന്നെ വിശാലമായൊരു ഗോശാല ഉയർന്നു. വരുമാനം കിട്ടുന്നതിനേക്കാൾ പശുക്കളെ പരിപാലിക്കുന്പോൾ കിട്ടുന്ന സന്തോഷവും സംതൃപ്തിയുമാണ് തങ്ങളുടെ പ്രചോദനമെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു.
പുലർച്ചെ അഞ്ച്
നമ്മളിൽ പലരും മൂടിപ്പുതച്ചുകിടക്കുന്ന പുലർച്ചെ അഞ്ചിന് ഇരുവരും എഴുന്നേൽക്കും. മുഖമൊക്കെ കഴുകി നേരേ എത്തുന്നതു തൊഴുത്തിലേക്ക്. ഇരുവരെയും കാണുന്നതോടെ നന്ദുവും മണിയും കറുന്പിയും ദേവും കുട്ടിമാളുവുമെല്ലാം ഉഷാറാകും. പിന്നെ കുറച്ചുനേരത്തേക്കു തകൃതിയായ പണിയാണ്. ഒരാൾ ചാണകം നീക്കി തൊഴുത്തു വൃത്തിയാക്കും. മറ്റേയാൾ പശുക്കളെ കുളിപ്പിക്കും. പിന്നെ തീറ്റയിട്ടു കൊടുത്ത ശേഷം കറവ. കറവയുടെ കാര്യത്തിലും ഗുരുക്കന്മാരായി ആരുമില്ലെന്ന് ഇവർ പറയുന്നു. ആദ്യമൊക്കെ അല്പം ബുദ്ധിമുട്ടായിരുന്നു. ഒരു പശുവിനെ കറക്കാൻ അരമണിക്കൂറോളം വേണ്ടിവന്നിരുന്നു. എന്നാൽ, കുറെ ആഴ്ചകൾക്കൊണ്ട് കറവ പഠിച്ചെടുത്തു. ഇപ്പോൾ അഞ്ചു മിനിറ്റു മതി ഒരു പശുവിനെ കറക്കാൻ.
കറവയുള്ള നാലു പശുക്കളാണ് തൊഴുത്തിലുള്ളത്. ബാക്കി കിടാങ്ങളും. രാവിലെ ഒരു മണിക്കൂറോളമാണ് ഇവർ തൊഴുത്തിൽ ചെലവഴിക്കുന്നത്. ഒരു മണിക്കൂർ പഠന കാര്യങ്ങൾക്കും നീക്കിവയ്ക്കും. കറന്നെടുത്ത പാൽ സൊസൈറ്റിയിൽ കൊണ്ടുകൊടുത്ത ശേഷം പശുക്കൾക്കു തീറ്റയും നൽകിയിട്ടാണ് ഇരുവരും സ്കൂളിലേക്കു പോകുന്നത്. വൈകുന്നേരം സ്കൂൾ വിട്ടുവന്നതിനു ശേഷമാണ് കറവ. വൈകുന്നേരം ആറു വരെ പശുക്കളുടെ കാര്യങ്ങൾ. തുടർന്ന് ഒാൺലൈൻ ട്യൂഷൻ അടക്കം പഠനം. രാത്രി ഒൻപതോടെ വീണ്ടും തൊഴുത്തിലെത്തും. പശുക്കളുമായി കിന്നാരം പറച്ചിൽ... തുടർന്നു കൊതുകിനെ അകറ്റാൻ പുകയിട്ട ശേഷം ഉറക്കത്തിനായി കിടക്കയിലേക്ക്.
സന്തോഷമാണ് ലാഭം
ചില അയൽവാസികളും ഇവിടെനിന്നു പാൽ വാങ്ങുന്നുണ്ട്. പാലിന്റെ കണക്കും കാര്യങ്ങളുമെല്ലാം അമ്മയാണ് കൈകാര്യം ചെയ്യുന്നത്. പുല്ല് അരിയാൻ അച്ഛൻ ഗിരീഷും ഇവരെ സഹായിക്കാറുണ്ട്. കുടുംബത്തിനു കുറച്ചു നെൽകൃഷിയുമുണ്ട്. അവിടേയ്ക്കുള്ള വളം വീട്ടിൽ ഉണക്കിയെടുത്ത ചാണകമാണ്. കുട്ടികൾക്ക് തീറ്റപ്പുൽ കൃഷിയുമുണ്ട്.
ഇവരുടെ പുരയിടത്തിൽ സ്ഥലം കുറവായതിനാൽ ഇളയച്ഛന്റെ പുരയിടത്തിലാണ് തീറ്റപ്പുൽ കൃഷി. കാര്യങ്ങൾ നടന്നു പോകുമെന്നല്ലാതെ വന്പൻ ലാഭമൊന്നും പശു വളർത്തൽ നല്കുന്നില്ലെന്ന് ഇവർ പറയുന്നു. പിന്നെ പാലുവിറ്റ കാശ് മിച്ചം പിടിച്ച് 35,000 രൂപയ്ക്കു കഴിഞ്ഞ വർഷം ഇവർ ഒരു പശുവിനെ വാങ്ങിയിരുന്നു. പഠനം മുന്നോട്ടുപോകുന്പോൾ പശുക്കളുമായി ബന്ധപ്പെട്ട മേഖലയിൽത്തന്നെ ഒരു കൈ നോക്കാനാണ് ഇവരുടെ പുറപ്പാട്. ഡയറി ഡിപ്ലോമ പഠിക്കണമെന്നാണ് ആഗ്രഹമെന്ന് അനുഗ്രഹ പറയുന്നു.
സഹോദരങ്ങളോടെന്ന പോലെ സ്നേഹത്തോടെയാണ് ഇരുവരും പശുക്കളോടു പെരുമാറുന്നത്. എല്ലാത്തിനും പേരിട്ടിട്ടുണ്ട്. പശുക്കളുമായുള്ള സല്ലാപം മിക്കവാറും ഇവരുടെ പാരന്പര്യ ഭാഷയായ കൊങ്കണിയിലുമാണ്. ചൂടകറ്റാൻ ഫാനുകളും തൊഴുത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഇടയ്ക്കു പാട്ടുകേൾക്കാൻ എഫ്എം റേഡിയോ സംവിധാനവും വച്ചിരുന്നു. എന്നാൽ, കാളക്കുറുന്പൻ ഇതു കുത്തിമറിച്ചതോടെ ഒഴിവാക്കി.
പാട്ടിലും മുന്നിൽ
പശുവളർത്തലിൽ മാത്രമല്ല ശാസ്ത്രീയ സംഗീതത്തിലും ഇരുവരും താരങ്ങളാണ്. കഴിഞ്ഞ അന്പലപ്പുഴ റവന്യൂ കലോത്സവത്തിൽ ആർദ്രയ്ക്കായിരുന്നു ഒന്നാം സ്ഥാനം. ഇരുവരും മത്സരത്തിന്റെ പിന്നാലെ പോയാൽ പശുക്കളുടെ കാര്യം കഷ്ടത്തിലാകുമെന്നു പറഞ്ഞ് അനുഗ്രഹ മത്സരിക്കാൻ പോയില്ല.
പുറക്കാട് എസ്എന്എം എച്ച്എസ്എസിലെ വിദ്യാര്ഥികളായ ഇരുവരും പഠന കാര്യത്തിലും പൊതുവിജ്ഞാനത്തിലും ഒട്ടും പിന്നിലല്ല.
2021ല് കൊല്ലം ആലപ്പുഴ ജില്ലകളുടെ ഡയറി ക്വിസ് മത്സരത്തിലും 2022ല് നടന്ന അമ്പലപ്പുഴ ബ്ലോക്ക് തല മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. സ്കൂളില് കൂട്ടുകാര് ടൂറിന്റെയും മറ്റും വിശേഷങ്ങൾ പറയുന്പോൾ ഇവരുടെ വിശേഷങ്ങളേറെയും തൊഴുത്തിൽനിന്നാണ്. പശുവളർത്തൽ പഠനത്തെ ബാധിക്കുമെന്നൊക്കെ ചില കൂട്ടുകാർ മുന്നറിയിപ്പ് തന്നിരുന്നു. എന്നാൽ, അങ്ങനെ പറഞ്ഞവരേക്കാൾ കൂടുതൽ മാർക്ക് ഒാണപ്പരീക്ഷയിൽ തങ്ങൾ നേടിയെന്ന് ഇവർ പറയുന്നു. വീട്ടിൽ പശുവളർത്തൽ ഉണ്ടെന്ന് അധ്യാപകർക്ക് അറിയാമെങ്കിലും ഇവരാണ് വളർത്തുന്നതെന്ന് അറിയില്ല.
മനസുണ്ടെങ്കിൽ
പഠിക്കാൻതന്നെ സമയം തികയുന്നില്ല അപ്പോഴാണ് മറ്റു കാര്യങ്ങൾ എന്നു പറഞ്ഞു പല കുട്ടികളും ഇത്തരം കാര്യങ്ങളോടു മുഖം തിരിക്കുന്നിടത്താണ് അനുഗ്രഹയും ആർദ്രയും വേറിട്ട കാഴ്ചയാവുന്നത്. മൊബൈൽ ഫോണിൽ കുത്തി സമയം വെറുതെ കളയാൻ ഇവർക്കില്ല, മണിക്കൂറുകൾ ടിവിക്കു മുന്നിൽ ചടഞ്ഞുകൂടിയിരിക്കാനും ഇവരെ കിട്ടില്ല. അത്യാവശ്യത്തിനു ടിവി കാണും, ചിലപ്പോൾ മൊബൈൽ ഫോണും നോക്കും. എല്ലാത്തിനും അവർതന്നെ നിയന്ത്രണം വച്ചിട്ടുണ്ട്. ഡിജിറ്റൽ യുഗത്തിലും വേറിട്ടൊരു സന്തോഷവും ഹോബിയും കണ്ടെത്തിയിരിക്കുകയാണ് ഈ പെൺകുട്ടികൾ.
പശു വളർത്തൽ, ആടു വളർത്തൽ, മുയൽ വളർത്തൽ, കോഴി വളർത്തൽ, പച്ചക്കറി കൃഷി ഇതൊക്കെ മനസുവച്ചാൽ പഠനത്തിനൊപ്പം ചെയ്യാവുന്ന കാര്യങ്ങളാണെന്നാണ് ഇവരുടെ പക്ഷം. ഇവരുടെ കഥ കേട്ടാൽ സമപ്രായക്കാർ പലരും അന്പരക്കും അല്ലെങ്കിൽ മുഖം ചുളിക്കും അതുമല്ലെങ്കിൽ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന മട്ടിൽ മിഴിച്ചുനോക്കും... അവരെ നോക്കി അനുഗ്രയും ആർദ്രയും പുഞ്ചിരിക്കും, മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും!
ഹരിദാസ് അന്പലപ്പുഴ