യഹൂദന്റെ മസ്തിഷ്കം
Sunday, October 22, 2023 12:40 AM IST
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്പോലെ ഇത്രയധികം ലോകമെങ്ങും ചിതറിക്കപ്പെടുകയും കൂട്ടക്കുരുതിക്കും വംശഹത്യയ്ക്കും ഇരയാവുകയും ചെയ്ത മറ്റൊരു ജനതയുണ്ടോയെന്നു സംശയം. പ്രതിരോധിച്ചില്ലെങ്കിൽ തങ്ങൾ ഇല്ലാതാവുമെന്നതാണ് അവരുടെ അനുഭവം. അതുകൊണ്ടുതന്നെ ഒട്ടും ദാക്ഷിണ്യമില്ലാത്തതാണ് അവരുടെ മറുപടി. അതിജീവന കരുത്ത്, ബൗദ്ധിക ശേഷി, പോരാട്ടവീര്യം, സാങ്കേതിക മുന്നേറ്റം, സാന്പത്തികഭദ്രത... ഇസ്രയേലിനെ അടുത്തറിയാം.
ഇസ്രയേൽ ഒരു അദ്ഭുതമാണ്. മരുഭൂമിയിലെ അദ്ഭുതം. വലുപ്പത്തിൽ കേരളത്തേക്കാൾ ചെറുത്. 420 കിലോമീറ്റർ നീളവും പരമാവധി 115 കിലോമീറ്റർ വീതിയുമുള്ള കൊച്ചുരാജ്യം. ജനസംഖ്യ കേരളത്തിന്റെ നാലിലൊന്ന്. എന്നാൽ, ചുരുങ്ങിയ കാലംകൊണ്ട് ലോകത്തിലെ സന്പദ്സമൃദ്ധ രാജ്യങ്ങളിലൊന്നായി ഇസ്രയേൽ മാറി. കേവലം 93.6 ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ കൊച്ചുരാജ്യം ഇന്ന് സർവരംഗത്തും പ്രതിഭ തെളിയിച്ചവരാണ്.
അദ്ഭുത നേട്ടങ്ങൾ
യൂറോപ്യൻ രാജ്യങ്ങളോടു കിടപിടിക്കുന്ന വികസനവും ജീവിതനിലവാരവും പശ്ചാത്തല സൗകര്യങ്ങളും ഇതിനകം ഇസ്രയേൽ നേടിക്കഴിഞ്ഞു. ലോകത്തിലെ 23-ാമത്തെ സാന്പത്തികശക്തി, ലോകത്തിലെ ആറാമത്തെ സൈനികശക്തി, ലോകത്തിലെ ഒന്പതാമത്തെ വലിയ ആയുധ കയറ്റുമതിക്കാർ, മിഡിൽ ഈസ്റ്റിൽ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യം.
ഇസ്രയേലിന്റെ മുന്നേറ്റം തീരുന്നില്ല. ഭക്ഷ്യോത്പന്നങ്ങളായാലും മരുന്നായാലും ശാസ്ത്ര-സാങ്കേതിക ഉപകരണങ്ങളായാലും കാർഷികരംഗമായാലും പ്രതിരോധ ഉപകരണങ്ങളായാലും ഇസ്രയേലി ബ്രാൻഡിനു ലോകമെങ്ങും തികഞ്ഞ സ്വീകാര്യത.
ആരും അസൂയപ്പെടും!
നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൊണ്ട് മരുഭൂമിയിൽ കനകം വിളയിച്ച കഥയാണ് ആധുനിക ഇസ്രയേലിനു പറയാനുള്ളത്. 1948ൽ സ്വതന്ത്ര രാജ്യമായ ശേഷം മികച്ച പരിശീലനവും പാശ്ചാത്യ വിദ്യാഭ്യാസവുമുള്ള യൂറോപ്യൻ, നോർത്ത് അമേരിക്കൻ യഹൂദ കുടിയേറ്റക്കാർ എത്തിയത് ഇസ്രയേലിന്റെ വളർച്ചയ്ക്കു വിത്തുപാകി.
ശാസ്ത്ര-സാങ്കേതിക രംഗത്തും കാർഷികരംഗത്തും വിദ്യാഭ്യാസരംഗത്തും പ്രതിരോധരംഗത്തുമെല്ലാം ഇസ്രയേൽ ഇന്നു ലോകത്തിനു മാതൃകയാണ്. എല്ലാ മേഖലയിലും ഏറ്റവും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന രാജ്യം എന്ന വിശേഷണം ഈ കൊച്ചുരാജ്യത്തിനു മാത്രം സ്വന്തം.
സ്റ്റാർട്ടപ്പ് പറുദീസ
അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകളുള്ള രാജ്യമെന്ന പെരുമയും ഇസ്രയേലിനു സ്വന്തം. 2021ലെ കണക്കുപ്രകാരം 6,000 സ്റ്റാർട്ടപ്പുകളാണ് രാജ്യത്തുള്ളത്. ലോകത്തിലെ ബഹുഭൂരിപക്ഷം ബഹുരാഷ്ട്രകന്പനികൾക്കും ഇസ്രയേലിൽ ശാഖകളുണ്ട്.
ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്തോളം ബഹുരാഷ്ട്ര കന്പനികളുമുണ്ട്. ഓരോ വർഷം ചെല്ലുംതോറും ഇസ്രയേലിന്റെ വിവിധ മേഖലകളിൽനിന്നുള്ള കയറ്റുമതി കുതിക്കുന്നു. രാജ്യത്തിന്റെ കയറ്റുമതിയുടെ 38 ശതമാനവും യൂറോപ്പിലേക്കാണ്. 35 ശതമാനം അമേരിക്കയിലേക്കും 24 ശതമാനം ഏഷ്യയിലേക്കും.
ഇന്ധനവും കണ്ടെത്തി
ഇന്ധനകാര്യത്തിൽ മാത്രമായിരുന്നു രാജ്യം പിന്നാക്കം നിന്നിരുന്നത്. 99 ശതമാനം ഇന്ധനവും ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാൽ, രാജ്യത്തിന്റെ തീരപ്രദേശങ്ങളിൽ എണ്ണ നിക്ഷേപം കണ്ടെത്തിയതിനാൽ ഇക്കാര്യത്തിലും വൈകാതെ സ്വയംപര്യാപ്തരാകുമെന്ന വിശ്വാസത്തിലാണു സർക്കാർ.
ജോർദാനിൽനിന്നാണ് ഇന്ധന ഇറക്കുമതി. പകരം അവർക്ക് ആവശ്യമായ വെള്ളം പൈപ്പ്ലൈൻ വഴി നൽകുന്നു. സംഘർഷം ഈ രാജ്യത്തിനു പുത്തരിയല്ല. ഒരു വശത്ത് അറബ് രാജ്യങ്ങളുമായി സംഘർഷം നടക്കുന്പോഴും മറുവശത്തു വിവിധ മേഖലകളിലെ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും തടസമില്ലാതെ മുന്നേറും.
വന്പൻ കന്പനികൾ
യഹൂദരുടെ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര കന്പനികളേറെയാണ്. ഫേസ് ബുക്ക് സ്ഥാപകരായ മാർക്ക് സുക്കർബർഗ്, ഡസ്റ്റിൻ മൊസ്കോവിറ്റ്സ്, ഗൂഗിൾ സ്ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ, ഒറാക്കിൾ സ്ഥാപകൻ ലാറി എല്ലിസൺ, പ്രമുഖ കംപ്യൂട്ടർ-ലാപ്ടോപ് കന്പനിയായ ഡെൽ ഉടമ മൈക്കിൾ എസ്. ഡെൽ, ശീതള പാനീയ കന്പനിയായ സ്നാപ്പിൾ സ്ഥാപകൻ ലിയൊണാർഡ് മാർഷ്, ഹമാൻ ഗോൾഡൻ, ആർനോൾഡ് ഗ്രീൻബർദ്, രാജ്യാന്തര കോഫീഹൗസ് ശൃംഖല സ്റ്റാർബക്സ് സ്ഥാപകരായ ജെറി ബാൾഡ്വിൻ, സെവ് സിഗൽ, ഗോർഡൺ ബൗകർ, പ്രമുഖ ചലച്ചിത്ര കന്പനിയായ വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് ഉടമകളായ ഹാരി, ആൽബർട്ട്, സാം, ജാക് വാർണർ, പ്രമുഖ ഹോളിവുഡ് ചലച്ചിത്ര സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ്, രാജ്യാന്തര വസ്ത്ര-ചെരുപ്പ്-ബാഗ് ബ്രാൻഡായ കാൽവിൻ ക്ലെയിൻ ഉടമ കാൾ ആൻഡേഴ്സൻ ജൂണിയർ എന്നിവരെല്ലാം യഹൂദസമുദായത്തിൽപ്പെട്ടവരാണ്.
അമേരിക്കയുടെ ശക്തി
ഇസ്രയേൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ യഹൂദരുള്ളത് അമേരിക്കയിലാണ്. 7.6 ദശലക്ഷം വരുന്ന യഹൂദർ രാജ്യത്തെ മൊത്തം ജനസംഖ്യയിൽ രണ്ടു ശതമാനമാണ്. ചെറുന്യൂനപക്ഷമായ യഹൂദർ അമേരിക്കയ്ക്കു നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ നിസീമമാണ്.
ബഹിരാകാശം, ശാസ്ത്ര-സാങ്കേതികം, കലാകായികരംഗം എന്നിങ്ങനെ അവർ കൈവയ്ക്കാത്ത മേഖലകളില്ല. അമേരിക്കൻ പ്രതിരോധ ഗവേഷണ മേഖലയിലും ബഹിരാകാശമേഖലയിലും ഉന്നതസ്ഥാനം വഹിക്കുന്നവരിൽ നല്ലൊരു ശതമാനം യഹൂദവിഭാഗക്കാരാണ്. ഇതിനെല്ലാം പുറമേ രാജ്യത്തെ പത്ത് ധനാഢ്യരിൽ അഞ്ചും യഹൂദരാണ്.
കാർഷികരംഗത്തെ അദ്ഭുതം
മരുഭൂമിയിൽ അദ്ഭുതം സൃഷ്ടിച്ചു ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ഇസ്രയേൽ. ഇതര അറബ് രാജ്യങ്ങളിലെ ഭൂരിഭാഗം പ്രദേശവും ഇന്നും മരുഭൂമിയായി കിടക്കുന്പോൾ, ഒരു കാലത്ത് സമാന ഭൂപ്രദേശമായിരുന്ന ഇസ്രയേലിൽ ഇന്നു കാണാനാവുന്നത് ഹരിതാഭമായ തോട്ടങ്ങളും വൻകിട വ്യവസായ സ്ഥാപനങ്ങളുമാണ്.
വൈവിധ്യങ്ങളായ നിരവധി വിളകൾ ഇസ്രയേൽ കൃഷിചെയ്യുന്നു. ഡ്രിപ്പ് ആൻഡ് മൈക്രോ ഇറിഗേഷൻ വികസിപ്പിച്ചെടുത്തതോടെ രാജ്യം കാർഷികരംഗത്തു കുതിച്ചു. രാജ്യത്തെ 2,15,000 ഹെക്ടർ സ്ഥലത്ത് ഗോതന്പ്, ചോളം, ചെറുധാന്യമായ സോർഗം എന്നിവ കൃഷിചെയ്യുന്നു. 1,56,000 ഹെക്ടർ സ്ഥലത്ത് ശീതകാല വിളകളും കൃഷി ചെയ്യുന്നു.
നൂറുമേനി
അതിനൂതന സാങ്കേതിക വിദ്യയിലാണു കൃഷിയെന്നതിനാൽ വിളവ് എപ്പോഴും നൂറുമേനിതന്നെ. ആപ്പിൾ, ഓറഞ്ച്, ഏത്തപ്പഴം, സ്ട്രോബറി, മുന്തിരി, മാതളനാരങ്ങ തുടങ്ങി അന്പതിനം പഴവർഗങ്ങളാണ് ഇവിടെ ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും ഗുണനിലവാരമുള്ളതും രുചിയുള്ളതുമായ ഈന്തപ്പഴം വിളയിക്കുന്നതും ഈ കൊച്ചുരാജ്യംതന്നെ. ഡ്രോണുകളുടെ സഹായത്തോടെ വിളപരിപാലനവും വളപ്രയോഗവും നടത്തുന്പോൾ വിളവെടുപ്പു നടത്തുന്നത് കൂറ്റൻ യന്ത്രങ്ങളാണ്.
കാലാവസ്ഥയ്ക്കനുസരിച്ചും വിളകളുടെ ആവശ്യകതയറിഞ്ഞുമുള്ള വളപ്രയോഗമാണ് ഇവരുടെ കൃഷിയിലെ പ്രധാന സവിശേഷതകളിലൊന്ന്. സർക്കാർ 50 ശതമാനം സബ്സിഡി നൽകുന്നതിനാൽ കാർഷികരംഗം തഴച്ചുവളരുന്നു.
ലോകത്തിന്റെ മതിൽ
ഇസ്രേലി പ്രതിരോധ ഉപകരണങ്ങൾക്കു ലോകമെങ്ങും ആവശ്യക്കാരേറെ. പ്രത്യേകിച്ച് ഇസ്രേലി ഡ്രോണുകളും ആളില്ലാ വിമാനങ്ങളും ലോകപ്രശസ്തം. ഇന്ത്യയും അമേരിക്കയുമടക്കം ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും ഇസ്രയേലിൽനിന്നു പ്രതിരോധ ഉപകരണങ്ങൾ വാങ്ങിക്കൂട്ടുന്നു.
ഇതുവഴി രാജ്യത്തിനു ലഭിക്കുന്ന വരുമാനം ഭീമമാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ലോകത്തിലെ ഒന്പതാമത്തെ വലിയ ആയുധ കയറ്റുമതി രാജ്യമായി ഇസ്രയേൽ വളർന്നു. ഡ്രോണുകൾ, മിസൈലുകൾ, റോക്കറ്റുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
റഫാൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ്, ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസ് എന്നീ കന്പനികളാണ് രാജ്യത്തിനുവേണ്ടിയും കയറ്റുമതി ചെയ്യാനുമായി ആയുധങ്ങൾ നിർമിക്കുന്നത്. ഇസ്രയേലിനു മാത്രമായി അതിനൂതന ആയുധങ്ങളും ഈ കന്പനികൾ നിർമിക്കുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആയുധക്കയറ്റുമതി 50 ശതമാനം വർധിച്ചതായാണ് ഇസ്രേലി പ്രതിരോധവകുപ്പ് പറയുന്നത്.
മൊസാദും കമാൻഡോകളും
ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ മികവ് പറയേണ്ടതില്ലല്ലോ. 1976 ജൂലൈ മൂന്നിന് ഉഗാണ്ടയിലെ എന്റബെ വിമാനത്താവളത്തിലാണ് ഇസ്രയേൽ ചാരസംവിധാനത്തിന്റെയും കമാൻഡോകളുടെയും യഥാർഥ മികവ് ലോകം കണ്ടത്.
ജൂൺ 27ന് പലസ്തീൻ അനുകൂല ഭീകരർ എയർഫ്രാൻസ് വിമാനം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ നൂറിലധികം ബന്ദികളെ മോചിപ്പിക്കാൻ ഇസ്രയേൽ നടത്തിയ മിന്നലാക്രമണം ലോകത്തിലെതന്നെ ഏറ്റവും മികച്ച കമാൻഡോ ഒാപ്പറേഷനായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
പല രീതിയിൽ ബന്ദികളെ മോചിപ്പിക്കാൻ ശ്രമം നടന്നു. ക്രൂരതകൾക്കു പേരുകേട്ട ഏകാധിപതി ഇദി അമീൻ ആയിരുന്നു ഉഗാണ്ടയിലെ ഭരണാധികാരി. ഒരു തരത്തിലും വഴങ്ങുന്നില്ല എന്നു കണ്ടതോടെ 1976 ജൂലൈ മൂന്നിന് ആരും പ്രതീക്ഷിക്കാതെ ഇസ്രയേലിന്റെ കമാൻഡോകൾ എന്റബെ വിമാനത്താവളത്തിൽ പറന്നിറങ്ങി.
ഏഴു വിമാനറാഞ്ചികളെയും അവർക്കു കാവൽനിന്ന 45 ഉഗാണ്ടൻ സൈനികരെയും ഏറ്റുമുട്ടലിൽ വധിച്ചു. മിനിറ്റുകൾക്കുള്ളിൽ ബന്ദികളെ മോചിപ്പിച്ചു തിരികെ പറന്നു. 106 ബന്ദികളിൽ 102 പേരെയും രക്ഷപ്പെടുത്തി. എന്താണ് സംഭവിക്കുന്നതെന്ന് ഉഗാണ്ട മനസിലാക്കുന്നതിനു മുന്പ് ബന്ദികളുമായി കമാൻഡോകൾ രാജ്യംവിട്ടു.
നൂറിലേറെ കമാൻഡോകളാണ് എന്റബെ ഒാപ്പറേഷനിൽ പങ്കെടുത്തത്. ഇതിനെക്കുറിച്ചു പിന്നീട് സിനിമകളും പുറത്തിറങ്ങി. ഇസ്രയേലിൽ സൈനിക സേവനം നിർബന്ധിതമായതിനാൽ സൈന്യത്തിനു കിട്ടുന്ന സ്വീകാര്യതയും പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള ജനങ്ങളുടെ ശേഷിയും എടുത്തുപറയേണ്ടതാണ്.
കുതിക്കുന്ന സന്പദ്വ്യവസ്ഥ
കയറ്റുമതിയിലൂടെയും ടൂറിസത്തിലൂടെയും ഇസ്രയേൽ സന്പദ്വ്യവസ്ഥ അതിവേഗമാണു വളരുന്നത്. വിശുദ്ധ നാട് എന്ന നിലയിൽ ലോകജനതയുടെ ഏറ്റവും വലിയ തീർഥാടനകേന്ദ്രമാണിവിടം. തത്ഫലമായി ടൂറിസത്തിലൂടെ രാജ്യം നേടുന്നതും കോടികളുടെ വരുമാനം. 93.6 ലക്ഷം മാത്രമാണു ജനസംഖ്യയെന്നിരിക്കെ, നിലവിൽ ലോകത്തിലെ 23-ാമത്തെ സാന്പത്തികശക്തിയാണ് ഇസ്രയേൽ.
2025 ഓടെ രാജ്യം ലോകത്തെ 15-ാമത്തെ സാന്പത്തികശക്തിയായി ഉയരുമെന്നാണ് സർക്കാർ പറയുന്നത്. രാഷ്ട്രീയ അസ്ഥിരതയ്ക്കിടയിലും 2022ൽ ലോകത്തെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന നാലാമത്തെ സന്പദ്വ്യവസ്ഥ എന്ന റാങ്കിംഗ് ഇസ്രയേലിന് ലഭിച്ചിരുന്നു.
സ്വതന്ത്ര വിപണിയായി രാജ്യം തുറന്നിട്ടിരിക്കുന്നതിനാൽ ഇവിടെ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കന്പനികളേറെ. വികസനത്തിനൊപ്പം അണ്വായുധങ്ങളടക്കമുള്ള അതിശക്തമായ പ്രതിരോധനിര കെട്ടിപ്പടുക്കാനും ഭരണാധികാരികൾ ശ്രദ്ധിച്ചു.
ലോകത്തിലെ 35 രാജ്യങ്ങളിൽനിന്നുള്ള 530 ഓളം ബഹുരാഷ്ട്ര കന്പനികളാണ് ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നത്. പ്രമുഖ അമേരിക്കൻ ടെക്നോളജി കന്പനിയായ ഇന്റലിന്റെ പ്രധാന ഗവേഷണകേന്ദ്രം ഇസ്രയേലിലാണ്.
വിദ്യാഭ്യാസരംഗത്തും ഇസ്രയേൽ ലോകോത്തരമാണ്. രാജ്യത്തുള്ള പത്ത് യൂണിവേഴ്സിറ്റികളും 53 കോളജുകളും ലോകനിലവാരമുള്ളതാണ്. ലോകമെങ്ങുമുള്ള വിദ്യാർഥികൾ ഇവിടങ്ങളിൽ പഠിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ദൈവത്തിന്റെ സ്വന്തം ജനത എന്ന വിശേഷണം അക്ഷരാർഥത്തിൽ ശരിവയ്ക്കുംവിധമാണ് ഇസ്രയേലിന്റെ കുതിപ്പ്.
ടി.എ. ജോർജ്
ബഹുമുഖ പ്രതിഭകളേറെ
ഇസ്രയേലും യഹൂദസമുദായവും വിവിധ മേഖലകളിൽ ലോകത്തിനു നൽകിയ സംഭാവനകൾ എണ്ണിയാലൊടുങ്ങില്ല. ജനസംഖ്യാനുപാതം നോക്കിയാൽ ലോകത്ത് ഏറ്റവും കൂടുതൽ നൊബേൽ പുരസ്കാര ജേതാക്കളുള്ളത് യഹൂദസമുദായത്തിൽനിന്നാണ്.
ഇതുവരെ നൊബേൽ പുരസ്കാരം നേടിയവരിൽ 22 ശതമാനവും യഹൂദരാണ്. 1966നു ശേഷം 13 ഇസ്രേലി ശാസ്ത്രജ്ഞർക്കാണു നൊബേൽ പുരസ്കാരം ലഭിച്ചത്. ആൽബർട്ട് ഐൻസ്റ്റീൻ മുതൽ നൂറുകണക്കിനു ശാസ്ത്രപ്രതിഭകളെ ലോകത്തിനു നൽകി. കലാ-സാംസ്കാരിക-രാഷ്ട്രീയ മേഖലയിലും യഹൂദർ ശ്രദ്ധേയ സാന്നിധ്യം.
വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ്, വിഖ്യാത നടി എലിസബത്ത് ടെയ്ലർ, മാർക്സിയൻ തത്വശാസ്ത്രത്തിന്റെ ശില്പിയും 19-ാം നൂറ്റാണ്ടിലെ ചിന്തകരിൽ പ്രമുഖനുമായിരുന്ന കാൾ മാർക്സ്, ഗ്രീക്ക് തത്വചിന്തകൻ ഫിലോ ജുദേയോസ്... യഹൂദപ്രതിഭകളുടെ നിര നീളുന്നു.
ലോകത്തിന്റെ തലച്ചോർ
ഒരുതരത്തിൽ പറഞ്ഞാൽ ആധുനിക ലോകത്തെ വരുതിയിലാക്കാൻ കെല്പുള്ളവരാണ് യഹൂദർ. കാരണം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ നിരവധി കാര്യങ്ങളിൽ യഹൂദർ ഉടമകളായ കന്പനികളുടെ സാന്നിധ്യമുണ്ട്.
പ്രമുഖ സെർച്ച് എൻജിനായ ഗൂഗിളിന്റെയും ലോകജനത വ്യാപകമായി ഉപയോഗിക്കുന്ന സമൂഹമാധ്യമമായ ഫേസ്ബുക്കിന്റെയും സ്ഥാപകർ യഹൂദരാണെന്നു പറയുന്പോൾ ഇക്കാര്യം ഊഹിക്കാവുന്നതേയുള്ളൂ. ലോക കാർഷികരംഗത്തു വിപ്ലവമുണ്ടാക്കിയ ഡ്രിപ്പ് ഇറിഗേഷൻ പദ്ധതി ഇസ്രയേലിന്റെ സംഭാവനയാണ്.
ലേസർ, പേസ്മേക്കർ, ജനറ്റിക് എൻജിനിയറിംഗ്, സ്റ്റെയിൻലസ് സ്റ്റീൽ, കോളറ, പ്ലേഗ് എന്നിവയ്ക്കെതിരായ മരുന്നുകൾ, പോളിയോ വാക്സിൻ, ആണ്വായുധം എന്നിവയും യഹൂദരുടെ സംഭാവന. ആൽസ്ഹൈമേഴ്സിനും പാർക്കിൻസൺസിനുമുള്ള മരുന്ന്, നിരവധി ജനറിക് മരുന്നുകൾ, കംപ്യൂട്ടർ സെക്യൂരിറ്റി സിസ്റ്റമായ ഫയർവാൾ, വ്യോമപ്രതിരോധ സംവിധാനമായ അയൺ ഡോം, അന്തർവാഹിനി ഗൺ തുടങ്ങിയ നിരവധി കണ്ടുപിടിത്തങ്ങൾ ഇസ്രയേലിന്റേതാണ്.
അയൺ ബീം വരുന്നു
ശത്രുരാജ്യങ്ങളിൽനിന്നുള്ള വ്യോമാക്രമണങ്ങളെ ചെറുക്കാൻ ഇസ്രേലി ഗവേഷകർ കണ്ടുപിടിച്ച അയൺ ഡോം വ്യോമപ്രതിരോധ സംവിധാനവും അടുത്തിടെ ഹമാസ് ഭീകരർ തൊടുത്തുവിട്ട റോക്കറ്റുകളെ തടയുന്നതിൽ അവയ്ക്കുണ്ടായ പിഴവും വലിയ ചർച്ചയായിരുന്നു.
എന്നാൽ, അയൺ ഡോമിനു പകരം വികസിപ്പിച്ചെടുത്ത അയൺ ബീം വ്യോമപ്രതിരോധ സംവിധാനം പ്രവർത്തന സജ്ജമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് രാജ്യം. ആകാശത്തിലൂടെ അതിവേഗത്തിൽ കടന്നുവരുന്ന വസ്തുക്കളെ അയൺ ബീം പ്രതിരോധ സംവിധാനത്തിൽനിന്ന് ഉയർന്നുവരുന്ന പ്രകാശരശ്മികൾ കത്തിച്ചുകളയുന്നതാണ് പദ്ധതി.
2014ലാണ് ഈ പദ്ധതി ഇസ്രേലി പ്രതിരോധശാസ്ത്രജ്ഞരുടെ ഭാവനയിൽ വിരിഞ്ഞത്. പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാർ അംഗീകാരം നൽകുകയും ചെയ്തു. സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ ഗവേഷണ സ്ഥാപനമായ റഫാൽ, അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് നിർമിക്കുകയും ചെയ്തു.
2025ൽ അയൺ ബീം വ്യോമപ്രതിരോധ സംവിധാനം സ്ഥാപിക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാൽ, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഇവ ഉടൻ സ്ഥാപിക്കാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ്. ഇതിനു മുന്നോടിയായി രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇതിന്റെ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ശത്രുവിന്റെ പ്രതിരോധരഹസ്യങ്ങൾ ചോർത്തിയെടുക്കാനുള്ള ഇസ്രേലി ചാര സോഫ്റ്റ്വേറായ പെഗാസസും അടുത്തിടെ വാർത്തകളിൽ ഇടംനേടിയിരുന്നു.