സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധീരസ്മരണയ്ക്കു മുന്നിൽ ഒരിക്കൽകൂടി നന്ദി പറയാനും പ്രാർഥിക്കാനുമാണ് ടീനയും നാൻസിയും റാണിയും കല്ലറയ്ക്കരികിൽ വന്നത്.
കാറ്റും കോളും നിറഞ്ഞ രാത്രിയായിരുന്നു അന്ന്. സമയം ഏതാണ്ട് ഒൻപതോടടുക്കുന്നു. പെട്ടെന്ന് അന്തരീക്ഷം ആകെ മാറി. ആകാശത്തു കാർമേഘങ്ങൾ നിറഞ്ഞു. ചന്നം പിന്നം മഴ തുടങ്ങി, ശക്തമായ മിന്നലും ഇടിയും അന്തരീക്ഷത്തെ വിറപ്പിച്ചുകൊണ്ടിരുന്നു. മഴയ്ക്കും മിന്നലിനുമൊപ്പം വീശിക്കൊണ്ടിരുന്ന കാറ്റിന് ഒാരോ നിമിഷം കഴിയുന്തോറും ശക്തി കൂടുന്നതായി തോന്നി. തുറന്നുകിടന്ന ജനാലകളെയും കുറ്റിയിടാതിരുന്ന വാതിലുകളെയുമൊക്കെ കാറ്റ് വലിച്ചടച്ചു.
ഒരു ഹൊറർ സിനിമ ചുറ്റും അരങ്ങേറുന്നതുപോലെയായിക്കഴിഞ്ഞിരുന്നു അന്തരീക്ഷം. ആലപ്പുഴ പഴവങ്ങാടി സെന്റ് റോസ് ഹോസ്റ്റലിലെ താമസക്കാരായ പെൺകുട്ടികൾ പലരും ജനാലകളും വാതിലുകളും അടച്ചുകുറ്റിയിടുന്ന തിരക്കിലായിരുന്നു. ഇത്രയും ശക്തമായ കാറ്റും മഴയും അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ഭക്ഷണം കഴിച്ചു വിശേഷങ്ങൾ പങ്കിട്ട ശേഷം മുറികളിലേക്കു തിരികെ എത്തിയതേയുണ്ടായിരുന്നുള്ളൂ അവരിൽ പലരും.
നൂറ്റന്പതോളം സ്ത്രീകൾ താമസിക്കുന്ന ഹോസ്റ്റൽ ആണ്. മഴയും കാറ്റും താണ്ഡവമാടുന്നതൊന്നും അറിയാതെ അന്തേവാസികളിൽ ചിലരൊക്കെ ഉറക്കം പിടിച്ചിരിക്കുന്നു. പാതിയുറക്കത്തിലായിരുന്ന ചിലർ ഇടിമിന്നലും കാറ്റും പേടിച്ചു കട്ടിലുകളിൽ എഴുന്നേറ്റിരിക്കുന്നു. മറ്റു ചിലർ അത്യാവശ്യം ചെയ്തു തീർക്കേണ്ട പഠനകാര്യങ്ങളുടെ തിരക്കിലും. എന്നാൽ, തങ്ങളെ മറ്റൊരു ദുരന്തം സമീപിച്ചുകൊണ്ടിരിക്കുകയാണെന്ന യാഥാർഥ്യം അവർ ആരും തിരിച്ചറിഞ്ഞിരുന്നില്ല- നാലു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ഇതു പറയുന്പോൾ ആ മൂവർ സംഘത്തിന്റെ മുഖത്ത് ഇപ്പോഴും ഭീതിയുടെ നിഴലാട്ടം.
കല്ലറയ്ക്കരികിൽ
ഇരുട്ടിന്റെ മറവിലെത്തിയ മരണത്തിന്റെ പിടിയിൽനിന്നു തലനാരിഴയ്ക്കു വഴുതിമാറി ജീവിതത്തിലേക്കു തിരികെ കയറുകയായിരുന്നു അന്നു തങ്ങളെന്ന് ടീന ടോമി, നാൻസി മാത്യു, റാണി ഫ്രാൻസിസ് എന്നിവർ പറയുന്നു. പക്ഷേ, തങ്ങളെയെല്ലാം ജീവിതത്തിന്റെ തീരത്തേക്കു കോരിയെടുത്തു നിർത്തിയ കരങ്ങൾ മരണത്തിലേക്ക് ആണ്ടുപോകുന്നത് നിസഹായതയോടെ നോക്കിനിൽക്കേണ്ടി വന്നതിന്റെ സങ്കടം ഇന്നും അവരുടെ ഉള്ളിലുണ്ട്.
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലെയോള സിഎംസി എന്ന ആ സ്നേഹത്തിനു മുന്നിൽ ഒരിക്കൽകൂടി നന്ദി പറയാനും പ്രാർഥിക്കാനുമാണ് ടീനയും നാൻസിയും റാണിയും കല്ലറയ്ക്കരികിൽ വന്നത്. പഴയ തലമുറയിൽ പലരും മറന്നുപോയതും പുതുതലമുറ ഒരുപക്ഷേ, കേട്ടിട്ടുപോലുമില്ലാത്തതുമായ ഒരു രക്തസാക്ഷിത്വത്തിന്റെ ധീരസ്മരണയ്ക്കു മുന്നിലാണ് ഈ സഹോദരിമാർ ഇപ്പോൾ നിറമിഴികളോടെ വന്നുനിൽക്കുന്നത്.
നടുക്കുന്ന ഒാർമകൾ
1981 ഏപ്രിൽ 23ന് രാത്രിയിൽ നടന്ന ആ സംഭവത്തിന്റെ നടുക്കുന്ന ഒാർമകളാണ് അവർ സൺഡേ ദീപികയുമായി പങ്കുവച്ചത്. സ്വന്തം ജീവൻ പണയപ്പെടുത്തി സിസ്റ്റർ ലയോള അന്ന് ഉണർന്നു പ്രവർത്തിച്ചില്ലായിരുന്നെങ്കിൽ കേരളമെന്നല്ല, രാജ്യം കണ്ട മറ്റൊരു വലിയ വാതകദുരന്തമായി ആ സംഭവം കലാശിക്കുമായിരുന്നു. സിസ്റ്റർ അടക്കം മൂന്നു പേരുടെ ജീവൻ കവരാനേ അന്നു മരണത്തിനു കഴിഞ്ഞുള്ളൂ. സ്വന്തം ജീവൻ പകരം നൽകി രണ്ടുപേരൊഴികെ എല്ലാവരെയും സിസ്റ്റർ ജീവിതത്തിലേക്കു തിരികെകൊണ്ടു വരികയായിരുന്നുവെന്നതാണ് യാഥാർഥ്യം.
മരണാനന്തര ബഹുമതിയായി രാഷ്ട്രപതിയുടെ സർവോത്തം ജീവൻ രക്ഷാപതക് നൽകിയാണ് ആ രക്തസാക്ഷിത്വത്തെ രാഷ്ട്രം പിന്നീട് ആദരിച്ചത്. അന്നു മാധ്യമങ്ങളൊക്കെ വാഴ്ത്തിപ്പാടിയ സിസ്റ്റർ ലയോളയെ കാലത്തിന്റെ പാച്ചിലിൽ പിന്നീടു പലരും മറന്നു... എന്നാൽ, അന്നു ഹോസ്റ്റലിലുണ്ടായിരുന്ന നൂറ്റന്പതോളം വനിതകൾക്കു തങ്ങളുടെ കാവൽ മാലാഖയെ എങ്ങനെ മറക്കാനാകും?
ദുരന്ത രാത്രി
ആലപ്പുഴ പഴവങ്ങാടി പള്ളിക്കു സമീപം സിഎംസി സിസ്റ്റേഴ്സ് നടത്തിയിരുന്ന സെന്റ് റോസ് ഹോസ്റ്റലിൽ ടീനയും നാൻസിയും റാണിയും ഉൾപ്പെടെ 150ഓളം വനിതകളുണ്ടായിരുന്നു അന്ന്. സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ, വിദ്യാർഥിനികൾ, എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയത്തിനു വിവിധ സ്ഥലങ്ങളിൽനിന്ന് ആലപ്പുഴയിലെത്തിയ അധ്യാപികമാർ എന്നിവരായിരുന്നു അന്നത്തെ അന്തേവാസികൾ.
ക്ലോക്കിൽ സമയം രാത്രി ഒൻപതിലേക്ക് നീങ്ങുന്നു. പതിവ് പ്രാർഥനയും അത്താഴവും കഴിഞ്ഞു മുറികളിലെത്തിയതിനു പിന്നാലെയാണ് മഴയും മിന്നലും കാറ്റും രൂക്ഷമായത്. ശക്തമായൊരു കാറ്റ് വീശയടിച്ചതിനു പിന്നാലെ വലിയൊരു പൊട്ടിത്തെറി കേട്ടു. കാറ്റിൽ എന്തോ മറിഞ്ഞുവീണു പൊട്ടിത്തകർന്നതുപോലെയാണ് പലർക്കും തോന്നിയത്.
എന്താണ് സംഭവമെന്ന് ആർക്കും പിടികിട്ടിയില്ല. ചിലർ ശബ്ദം കേട്ട ഭാഗത്തെ ജനാല തുറന്നു. പുറത്തു കനത്ത ഇരുട്ടാണ്. ടോർച്ച് തെളിച്ചുനോക്കുന്നതിനിടയിൽ അപ്പോഴും വീശിയടിച്ചുകൊണ്ടിരുന്ന കാറ്റിൽ രൂക്ഷമായൊരു ഗന്ധം മുറിക്കുള്ളിലേക്ക് അടിച്ചുകയറി. അസഹനീയമായ ഗന്ധം ശ്വസിച്ചതും പലർക്കും അസ്വസ്ഥത.
രൂക്ഷഗന്ധം
ശബ്ദം കേട്ട ഭാഗത്തേക്കു ചിലർ ജനാലകൾ തുറന്നു ടോർച്ചടിച്ചു നോക്കി. പെട്ടെന്നാണ് വീശിയടിക്കുന്ന കാറ്റിൽ വല്ലാത്തൊരു രൂക്ഷഗന്ധം മുഖത്തേക്ക് അടിച്ചത്. വല്ലാത്ത അസ്വസ്ഥത. നിമിഷങ്ങൾക്കുള്ളിൽ ഈ രൂക്ഷഗന്ധം ഹോസ്റ്റലിലേക്കടിച്ചു കയറി. എന്താണ് സംഭവമെന്ന് ആർക്കും തന്നെ ഊഹമുണ്ടായിരുന്നില്ല. എന്നാൽ, രൂക്ഷഗന്ധം ശ്വസിച്ചവരിൽ ചിലർ കുഴഞ്ഞുവീണതോടെ പലരും അപകടം മണത്തു. ഹോസ്റ്റലിന്റെ സമീപമുള്ള വാട്ടർ അഥോറിറ്റി പന്പ് ഹൗസിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്ന് ഇതിനിടെ ആരോ പറഞ്ഞു.
പന്പ് ഹൗസിൽ വാട്ടർ ടാങ്കിലെ വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനത്തിന്റെ ഭാഗമായി വലിയൊരു ക്ലോറിൻ സിലിണ്ടർ സ്ഥാപിച്ചിരുന്നു. കനത്ത കാറ്റിൽ ഈ സിലിണ്ടർ മറിഞ്ഞുവീണാണ് പൊട്ടിത്തെറിച്ചത്. കാര്യമെന്താണെന്നു തിരിച്ചറിയുന്പോഴേക്കും പലരും കുഴഞ്ഞുവീണിരുന്നു. ഉറങ്ങിക്കിടന്നിരുന്നവർ കടുത്ത അസ്വസ്ഥതയോടെ ചാടിയെണീറ്റ് അലറിവിളിച്ചു.
നിമിഷങ്ങൾക്കകം ഹോസ്റ്റലിൽ കൂട്ടനിലവിളിയായി. എല്ലാവരും എങ്ങനെയും ഇവിടെനിന്നു രക്ഷപ്പെടാനുള്ള പരക്കം പാച്ചിലിലായിരുന്നു. പഠിച്ചുകൊണ്ടിരുന്നവർ പുസ്തകങ്ങൾ വലിച്ചെറിഞ്ഞ് വരാന്തയിലേക്ക് ഒാടി. ചുമച്ചും നിലവിളിച്ചുമാണ് ഒാട്ടം. ചിലർ ഛർദിച്ചും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയും ചുമരുകളിൽ ചാരി തളർന്നിരുന്നു.
ഇതിനിടെ, ശക്തമായ ഒരു ഇടിമിന്നലിൽ വൈദ്യുതിബന്ധവും നിലച്ചതോടെ എങ്ങും കുറ്റാക്കൂരിരുട്ട്. ഇരുട്ടിൽ പലരും ഭിത്തിയിൽ ഇടിച്ചും കതകിൽ തട്ടിയും വീണു. പുറത്തേക്കുള്ള വഴിയറിയാതെ ഇരുട്ടിൽ തപ്പിത്തടഞ്ഞവർക്കു മുന്നിലേക്ക് അടുത്ത നിമിഷം ഒരു മെഴുകുതിരി നാളവുമായി വാർഡൻ സിസ്റ്റർ ലയോള എത്തി. സിസ്റ്റർ അവരെ താഴേക്കുള്ള കോണിപ്പടിയിലേക്കു വഴികാട്ടി.
മാലാഖയെപ്പോലെ
കൂടുതൽ പേരും രണ്ടാം നിലയിലായിരുന്നു താമസം. ഹോസ്റ്റൽ വാർഡനായിരുന്ന ലെയോളാമ്മ താഴത്തെ നിലയിലും. കൂട്ട നിലവിളിയും കരച്ചിലും കേട്ടാണ് ലെയോളാമ്മ വാതിൽ തുറന്നത്. അപ്പോഴേക്കും അതിരൂക്ഷഗന്ധം അവരുടെ മുറിക്കുള്ളിലേക്കും അടിച്ചുകയറി. അടുത്ത നിമിഷം തന്നെ ക്ലോറിൻ വാതകം ചോർന്നതാണെന്നു സിസ്റ്റർ തിരിച്ചറിഞ്ഞു. കൈയിൽ മെഴുകുതിരി വെട്ടവുമായി അവർ മുകളിലത്തെ നിലയിലുള്ള തന്റെ മക്കളുടെ അടുത്തേക്കു പടികൾ കയറി പാഞ്ഞെത്തി.
ക്ലോറിൻ ശ്വസിച്ചു ചുമച്ചും ഛർദിച്ചും ശ്വാസം മുട്ടിയും ഇരുട്ടിൽ അവശരായി ഇരുന്നവരെ താങ്ങി താഴെയെത്തിച്ചു. വീണ്ടും ഒാടി മുകളിലെത്തി. കുഴഞ്ഞു വീണവരെയും ബോധരഹിതരായവരെയും കോരിയെടുത്തും തോളോടു ചേർത്തുപിടിച്ചും പുറത്തെത്തിച്ചു. പല ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നെങ്കിലും അദൃശ്യമായൊരു ശക്തി കിട്ടിയതുപോലെയായിരുന്നു സിസ്റ്ററിന്റെ ആ നിമിഷത്തെ പ്രതികരണങ്ങൾ. തന്റെ അനാരോഗ്യത്തെ വകവയ്ക്കാതെ ലെയോളാമ്മ വീണ്ടും ഓരോ മുറിയിലും കയറിയിറങ്ങി. ഓടി രക്ഷപ്പെട്ടോളൂ മക്കളേ... ഓടി രക്ഷപ്പെട്ടോളൂ... എന്നു അലറിവിളിച്ചുകൊണ്ടായിരുന്നു ആ പാച്ചിൽ.
സ്വന്തം ജീവൻ രക്ഷിച്ചെടുക്കാൻ ആവശ്യത്തിനു സമയം കിട്ടിയിട്ടും അതിനു തുനിയാതെ എല്ലാ മക്കളെയും രക്ഷപ്പെടുത്തണമെന്ന നിശ്ചയദാർഢ്യത്തോടെയായിരുന്നു അവർ വീണ്ടും വീണ്ടും രണ്ടാം നിലയുടെ പടികൾ കയറിയതും മുറികളിൽ തെരച്ചിൽ നടത്തിയതും. ആരെങ്കിലും വീണു കിടപ്പുണ്ടോയെന്നറിയാൻ ഓരോ മുറിയും മുക്കും മൂലയും അവർ അരിച്ചുപെറുക്കി.
എല്ലാവരെയും രക്ഷപ്പെടുത്തി ആരും മുറികളിൽ ഇല്ലെന്നു ഉറപ്പുവരുത്തിയതു കൂടാതെ താമസക്കാരുടെ സാധനങ്ങൾ പോലും നഷ്ടപ്പെടരുതെന്ന കരുതലിൽ മുറികൾ പൂട്ടിയ ശേഷമാണ് സിസ്റ്റർ ലയോള താഴെയിറങ്ങിയത്. അപ്പോഴേക്കും ക്ലോറിൻ വാതകം ലെയോളാമ്മയെയും കീഴടക്കിത്തുടങ്ങിയിരുന്നു. ഇതിനകം ദുരന്തം കേട്ടെത്തിയവർ അവശരായി കിടന്നവരെയെല്ലാം അതുവഴി വന്ന വാഹനങ്ങളിൽ കയറ്റി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചുതുടങ്ങിയിരുന്നു.
തളർന്നു വീഴുന്പോഴും
അവശനിലയിലാണ് സിസ്റ്റർ താഴേക്ക് ഇറങ്ങിവന്നത്. എന്നിട്ടും അവർ വിശ്രമിക്കാനല്ല ശ്രമിച്ചത്. ഇറങ്ങിവന്നതേ സിസ്റ്ററിന്റെ നോട്ടം ഹോസ്റ്റലിനു തൊട്ടുചേർന്നുള്ള കർമലമഠത്തിലേക്കായിരുന്നു. അവിടെയുമുണ്ടല്ലോ ലയോളാമ്മയുടെ കൂടെപ്പിറപ്പുകൾ... മഠത്തിന്റെ ഭാഗത്തേക്കും ഇതിനകം ക്ലോറിൻ വ്യാപിച്ചിരുന്നു. സഹസന്യാസിനിമാർക്ക് എന്തെങ്കിലും സംഭവിച്ചുകാണുമോയെന്ന ആധിയായിരുന്നു സിസ്റ്റർക്ക്. കന്യാസ്ത്രീകളിൽ ചിലർക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായതായി കേട്ടതോടെ അവരെയും രക്ഷിക്കണമെന്ന തീരുമാനത്തോടെ അവർ മഠത്തിനു നേരേ ഒാടി.
സിസ്റ്ററുടെ അവശത കണ്ട് ആശുപത്രിയിലേക്കു പോകാമെന്നു പലരും നിർബന്ധിച്ചതു വകവയ്ക്കാതെയായിരുന്നു സിസ്റ്റർ ലെയോള രക്ഷാദൗത്യവുമായി മഠത്തിലേക്ക് ഒാടിയത്. എന്നാൽ, മഠത്തിന്റെ മുറ്റത്ത് എത്തിയപ്പോഴേക്കും ആ മാലാഖ തളർന്നുവീണു. സിസ്റ്റർ വീഴുന്നതു കണ്ട് പിടിക്കാനെത്തിയ ഗ്രേസി എന്ന സ്ത്രീയോട് സിസ്റ്റർ ഇങ്ങനെ പറഞ്ഞു: "മോളേ, ഞാൻ മരിച്ചുപോകും, നീ ഈശോ മറിയം ചൊല്ലിക്കോളൂ..'' സിസ്റ്റർ വീഴുന്നതു കണ്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കാറുമായി ചിലർ ഒാടിയെത്തി.
കാറിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുന്പോഴും ഹോസ്റ്റലിലെ പെൺകുട്ടികൾക്ക് ആർക്കും അപകടമൊന്നും വരുത്തരുതേയെന്നുള്ള പ്രാർഥനയിലായിരുന്നു സിസ്റ്റർ. ലെയോളാമ്മയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗ്രേസിയോടു പറഞ്ഞതുതന്നെ സംഭവിച്ചു. ക്ലോറിൻ ദുരന്തത്തിൽ ആ ജീവൻ പൊലിഞ്ഞു. ലെയോളാമ്മയെ കൂടാതെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന രണ്ടുപേർക്കുകൂടി ജീവൻ നഷ്ടമായി. ബാക്കിയെല്ലാവരും കൃത്യസമയത്തു വൈദ്യസഹായം കിട്ടിയതിനാൽ രക്ഷപ്പെട്ടു.
സെന്റ് റോസിലെ റോസാപ്പൂവ്
സെന്റ് റോസ് ഹോസ്റ്റലിലെ റോസാപ്പൂവായിരുന്നു സിസ്റ്റർ ലെയോളയെന്നു സഹോദരികളായ ടീനയും നാൻസിയും റാണിയും പറയുന്നു. ലെയോളാമ്മ ഞങ്ങൾക്കു പോറ്റമ്മയായിരുന്നു. നൈജീരിയയിലായിരുന്ന മാതാപിതാക്കൾ ഞങ്ങൾ മൂന്നു പേരുടെയും സംരക്ഷണം ലയോളാമ്മയെ ഏല്പിക്കുകയായിരുന്നു. പെൺകുട്ടികളെ ഏറ്റവും സുരക്ഷിതമായി നിർത്താൻ പറ്റുന്ന ഇടമായിരുന്നു സെന്റ് റോസ് ഹോസ്റ്റൽ എന്ന തിരിച്ചറിവിലാണ് ലയോളാമ്മയെ ഏല്പിച്ചത്. ടീനയും നാൻസിയും ഇരട്ടകളാണ്. ഞങ്ങൾ രണ്ടുപേരും പ്രീഡിഗ്രിക്കും ഇളയ സഹോദരി റാണി പത്താം ക്ലാസിലും പഠിക്കുന്പോഴാണ് ക്ലോറിൻ ദുരന്തം ഉണ്ടായത്.
രക്ഷപ്പെട്ടോളൂ മക്കളേ എന്ന ലയോളാമ്മയുടെ നിലവിളിയിൽ ഞാൻ ഇരുട്ടിൽ തപ്പിത്തടഞ്ഞ് എങ്ങനെയോ രണ്ടാം നിലയിൽനിന്നു താഴെയെത്തി. തിരിഞ്ഞുനോക്കുന്പോൾ ചേച്ചിമാർ കൂടെയില്ല. ശ്വാസം മുട്ടലും ചുമയും മൂലം ഞാൻ ആകെ തളർന്നു. എത്ര തവണ ഛർദിച്ചെന്ന് ഓർമയില്ല. കനത്ത ഇരുട്ടിൽ ചേച്ചിമാരെ തപ്പി വീണ്ടും രണ്ടാം നിലയിൽ പോവുക ഏറെ ദുഷ്കരമായിരുന്നു. എങ്കിലും അവരെ തപ്പി ഞാൻ മുകളിലേക്കുള്ള പടികൾ കയറാൻ തുടങ്ങി. എന്നാൽ, ഇറങ്ങിവരുന്നവരിൽ പലരും ഇരുട്ടിൽ പടികളിൽ തട്ടി വീണുകൊണ്ടേയിരുന്നു. മുകളിലേക്കുള്ള കയറ്റം അസാധ്യമായിരുന്നു. ആരോ പിടിച്ചുവലിച്ചു.
വീണ്ടും താഴേയ്ക്കു പോന്നു. കിട്ടിയ വാഹനത്തിൽ മെഡിക്കൽ കോളജിലേക്കും - റാണി പറഞ്ഞു നിർത്തി. ഈ സമയം ചേച്ചിമാർ അനിയത്തിയുടെ പേരു വിളിച്ച് ഇരുട്ടിലൂടെ കുറെ നടന്നു. കാണാതെ വന്നതോടെ അവൾ രക്ഷപ്പെട്ടു താഴേയ്ക്കു പോയിക്കാണും എന്ന വിശ്വാസത്തിൽ തങ്ങളും ആശുപത്രിയിലേക്ക് പോയെന്ന് ഇരട്ടകളാ ടീനയും നാൻസിയും പറയുന്നു.
സംഭവത്തിനു ശേഷം ഏതാനും നാൾ കഴിഞ്ഞു ഹോസ്റ്റൽ തുറന്നപ്പോൾ ഇവർ മൂവരും വീണ്ടും ഇവിടെനിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തിരികെ ഹോസ്റ്റലിലേക്കു വന്നപ്പോൾ ചെടികളും മറ്റും കരിഞ്ഞുണങ്ങിയ നിലയിലാണ് കാണപ്പെട്ടതെന്നു പട്ടണക്കാട് ഗവൺമെന്റ് സ്കൂളിൽ പ്രിൻസിപ്പലായി വിരമിച്ച റാണി ഫ്രാൻസിസ് പറയുന്നു.
ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിലെ അധ്യാപകനായ എം.ജെ. തോമസിന്റെയും മുഹമ്മദൻസ് ഹൈസ്കൂൾ അധ്യാപികയായിരുന്ന റോസ് തോമസിന്റെയും മക്കളാണ് ഈ മൂന്നു പേരും. എൻ.ടി. ജോസഫും പരേതനായ എൻ.ടി. ജയിംസും സഹോദരങ്ങളും കണ്ണൂർ കോളയാട് ആവിലാരാം കോൺവന്റ് മഠാംഗമായ സിസ്റ്റർ മരിയ ഒസിഡി ഏറ്റവും ഇളയ സഹോദരിയുമാണ്.
ആലപ്പുഴ പുലിക്കാട്ടിൽ ടോമിയാണ് ടീനയുടെ ഭർത്താവ്. അയർക്കുന്നം ഇടയാലിൽ എ.എം. മാത്യുവിന്റെ ഭാര്യയാണ് നാൻസി. ചേർത്തല ചെറുകാട്ട് സി.വി. ഫ്രാൻസിസിന്റെ ഭാര്യയാണ് റാണി.
തകഴിയുടെ മകളും
പ്രശസ്ത എഴുത്തുകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ മകളും കൊച്ചുമകളും അന്നത്തെ ക്ലോറിൻ ദുരന്തത്തിനിരയായിരുന്നു. സെന്റ് റോസ് ഹോസ്റ്റലിനോടു ചേർന്നാണ് തകഴിയുടെ മകൾ ജാനമ്മയും കുടുംബവും താമസിക്കുന്നത്. ജാനമ്മയുടെ മകൾ വാതകം ശ്വസിച്ച് ഏറെ ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് സുഖം പ്രാപിച്ചത്.
ദുരന്തത്തിൽ മരിച്ചവർ
എസ്എസ്എൽസി പരീക്ഷയുടെ പേപ്പർ മൂല്യനിർണയത്തിനായി വന്ന കെ.പി. അന്നമ്മയും കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിലെ ഉദ്യോഗസ്ഥയും തിരുവനന്തപുരം സ്വദേശിനിയുമായ ലില്ലിക്കുട്ടിയുമാണ് സിസ്റ്റർ ലെയോളയെക്കൂടാതെ ദുരന്തത്തിൽ മരിച്ചവർ.
രാഷ്ട്രപതിയുടെ ജീവൻ രക്ഷാപതക്
ചന്പക്കുളം കോയിപ്പള്ളി കുന്നത്ര ഫിലിപ്പോസ്-മറിയാമ്മ ദന്പതികളുടെ ആറു മക്കളിൽ ഇളയവളായാണ് 1915 ഫെബ്രുവരി 14ന് സിസ്റ്റർ ലയോള ജനിച്ചത്. 1949ൽ സിഎംസി സന്യാസസഭയിൽ നിത്യവ്രത വാഗ്ദാനം നടത്തി. ആലപ്പുഴ സെന്റ് ആന്റണീസ് സ്കൂളിൽ അധ്യാപികയായും പുളിങ്കുന്ന് മഠത്തിൽ സുപ്പീരിയറായും സേവനമനുഷ്ഠിച്ചു. 1975ലാണ് സെന്റ് റോസ് ഹോസ്റ്റലിൽ വാർഡനായി നിയമിതയായത്.
സിസ്റ്റർ ലയോളയുടെ മരണാനന്തര ചടങ്ങി ൽ ആലപ്പുഴ നഗരം അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ജനസമുദ്രമാണ് പങ്കെടുത്തത്. ജാതിമത ഭേദമെന്യേ ജനം ഒഴുകിയെത്തി. മരണാനന്തര ബഹുമതിയായി രാഷ്ട്രപതിയുടെ സർവോത്തം ജീവൻ രക്ഷാപതക് നൽകി രാഷ്ട്രം ആദരിച്ചു. ആലപ്പുഴ മാർ സ്ലീവാ പള്ളിയുടെ സെമിത്തേരിയിലെ കബറിടത്തിങ്കൽ നന്ദിയർപ്പിക്കാനും പ്രാർഥിക്കാനും ഇപ്പോഴും ആളുകൾ എത്താറുണ്ട്.
ക്ലോറിൻ
ഗാർഹിക ശുചീകരണത്തിലും കീടനാശിനി ഉത്പന്നങ്ങളിലും ക്ലോറിൻ ഒരു സാധാരണ ഘടകമാണ്. ബാക്ടീരിയകളിൽനിന്നും ആൽഗകളിൽനിന്നും മുക്തമായി സൂക്ഷിക്കാൻ കുളങ്ങളിൽ ഇത് ഉപയോഗിക്കും. പന്പ്ഹൗസുകളിൽ വെള്ളം ശുദ്ധീകരിക്കാനും ഉപയോഗിക്കും.
അതേസമയം, വാതക രൂപത്തിലുള്ള ക്ലോറിൻ ശ്വസിക്കുന്നത് അപകടകരമാണ്. ഒരു പച്ചകലർന്ന മഞ്ഞ നിറമാണ്. അതിരൂക്ഷമായ ഗന്ധമുണ്ട്. കുറഞ്ഞ അളവിൽ ക്ലോറിൻ വാതകം സ്പർശിച്ചാൽ പോലും മൂക്ക്, തൊണ്ട, കണ്ണ്, ശ്വാസകോശം എന്നിവയിൽ അസ്വസ്ഥതയുണ്ടാകും.
ശ്വസിക്കുന്നതിന്റെ അളവ് കൂടുന്നതിനുസരിച്ചു ശ്വാസം മുട്ടൽ, ചുമ, കാഴ്ചമങ്ങൽ, തളർച്ച, ഛർദി തുടങ്ങിയവ അനുഭവപ്പെടും. ശ്വാസകോശത്തിനു തകരാർ സംഭവിക്കും. കൂടിയ അളവിൽ ശ്വസിക്കാൻ ഇടയായാൽ മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കാം.
ജോബി കണ്ണാടി