കയാക്കിംഗ് പ്രീസ്റ്റ്
Saturday, January 6, 2024 7:19 PM IST
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പത്തുവർഷംകൊണ്ട് തുഴഞ്ഞെടുത്തതെല്ലാം വിസ്മയങ്ങൾ. കയാക്കിംഗിലും സ്കൂബാ ഡൈവിംഗിലുമെല്ലാം അന്താരാഷ്ട്ര ലൈസൻസ്, ഇന്ത്യയിലെതന്നെ അറിയപ്പെടുന്ന കോച്ച്, കേരള ടീം മാനേജർ, ഇപ്പോൾ കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷന്റെ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ആയി മാറിയിരിക്കുന്നു ഈ യുവവൈദികൻ.
മുപ്പതു വയസ് പിന്നിടുവോളം പുഴയിലിറങ്ങാന്‍ പോലും പേടി. കടലിലും പുഴയിലുമൊക്കെ കൂട്ടുകാർ നീന്തിത്തുടിക്കുന്പോഴും പേടിയോടെ കരയ്ക്കു നിൽക്കുകയേയുള്ളൂ. കാരണം നീന്തൽ അറിയില്ല. ഒടുവിൽ പലരുടെയും നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി സ്വിമ്മിംഗ് പൂളില്‍ ഇറങ്ങി. കൂട്ടുകാരൻ വലിച്ചിറക്കിയത് നീന്തല്‍ പഠിപ്പിക്കാൻ, അതും 32 -ാം വയസിൽ.
എന്നാൽ, അതോടെ കഥ മാറി. വെള്ളം പേടിച്ചു മാറിനിന്നിരുന്നയാൾ വെള്ളത്തിലെ സൂപ്പർ സ്റ്റാറായി മാറുന്ന കാഴ്ച. 30 വയസുവരെ വെള്ളത്തിലിറങ്ങാൻ പോലും പേടിയായിരുന്ന ആ യുവാവിനെ 10 വര്‍ഷങ്ങള്‍ക്കിപ്പുറം ജലകായികലോകം അഭിമാനത്തോടെ വിളിക്കുന്നൊരു പേരുണ്ട് - ദ കയാക്കിംഗ് പ്രീസ്റ്റ് ഓഫ് ഏഷ്യ.
ഇതു ഫാ. റെക്സ് ജോസഫ്. കയാക്കിംഗിലും സ്കൂബാ ഡൈവിംഗിലും കഠിനാധ്വാനംകൊണ്ട് മിന്നൽ വേഗത്തിൽ ഉന്നത നേട്ടങ്ങള്‍ സ്വന്തമാക്കിയ ഏഷ്യയിലെ ആദ്യ വൈദികന്. നൂറുകണക്കിനാളുകള്‍ക്കു കയാക്കിംഗില്‍ പരിശീലനം നല്കിയ ഇദ്ദേഹം, ഇന്ന് അഡ്വാന്‍സ്ഡ് ഓപ്പണ്‍ വാട്ടര്‍ സ്കൂബാ ഡൈവറാണ്.
മലയാളികള്‍ പൊതുവേയും വൈദികര്‍ വിശേഷിച്ചും മടിച്ചുനിന്ന കയാക്കിംഗ്, ഡൈവിംഗ് രംഗങ്ങളിലേക്കു നനഞ്ഞിറങ്ങാന്‍ തയാറായ ഫാ. റെക്സ്, നേട്ടങ്ങളുടെ നിറവില്‍ വിദേശത്തു ഫ്രീ ഡൈവിംഗില്‍ അന്താരാഷ്ട്ര പരിശീലനത്തിനുള്ള തയാറെടുപ്പിലാണ്.
അന്നത്തെ പേടിക്കാരൻ
വരാപ്പുഴ അതിരൂപതയ്ക്കായി 2013ല്‍ പൗരോഹിത്യം സ്വീകരിച്ചു സഹവികാരിയായി രണ്ടാമത്തെ പള്ളിയില്‍ എത്തുമ്പോഴും ഫാ. റെക്സ് വെള്ളത്തിലിറങ്ങാനുള്ള പേടി വിട്ടിരുന്നില്ല. മക്കള്‍ വെള്ളത്തിലിറങ്ങിയാല്‍ അപകടമുണ്ടാകുമെന്ന അപ്പന്റെ കരുതലായിരുന്നു ഫാ. റെക്സില്‍ പേടിയായി പടര്‍ന്നത്. കുഞ്ഞുനാള് മുതല്‍ അവനെ അപ്പന് പുഴയില്‍നിന്ന് അകറ്റിനിര്‍ത്തിയിരുന്നു.
വരാപ്പുഴ മുട്ടിനകം അറയ്ക്കപറന്പിൽ സെബാസ്റ്റ്യന്റെയും റോസിയുടെയും ഇളയ മകനാണ് ഫാ. റെക്സ്. ബിജു സേവ്യർ സഹോദരനാണ്. പുഴകളും തോടുകളുമുള്ള വരാപ്പുഴ മുട്ടിനകം സ്വദേശിക്കു നീന്തലറിയില്ലെന്നു പറയുന്നത് മോശമാണെന്നു പറഞ്ഞുപറഞ്ഞ് അച്ചനെ ആദ്യം വെള്ളത്തിലിറക്കിയത് സലേഷ്യന്‍ വൈദികനായ ഫാ. ലിജോ. വടുതല ഡോണ്‍ബോസ്കോ അക്വാട്ടിക് കോംപ്ലക്സിലെ നീന്തല്‍ക്കുളത്തിലേക്കു ഫാ. റെക്സിനെ അദ്ദേഹം ബലമായി പിടിച്ചിറക്കി. ചരിത്രനേട്ടങ്ങളിലേക്കുള്ള ആദ്യചുവടുവയ്പുകൂടിയായിരുന്നു അത്.
ആദ്യം മടിച്ചുനിന്ന ഫാ.റെക്സിനു നീന്തല്‍ പഠിക്കാന്‍ ഏറെ സമയം വേണ്ടിവന്നില്ല. നാവികരെ മുങ്ങാംകുഴിയിടാന്‍ പഠിപ്പിച്ച അപ്പൂപ്പന്റെ കൊച്ചുമകന്, അനായാസം പുഴ നീന്തിക്കടന്ന അപ്പന്റെ മകന്, വെള്ളത്തില്‍ കവിത വിരിയിക്കാനുള്ള വൈഭവം സ്വാഭാവികസിദ്ധിയല്ലാതെ മറ്റെന്ത്? ഇതുവരെ റെക്സച്ചന് നീന്തലിലും കയാക്കിംഗിലും ഡൈവിംഗിലും പരിശീലനം നല്‍കിയവരുടെ എണ്ണം അഞ്ഞൂറു കടന്നു.

കയാക്കിംഗ് താരം
2016ല്‍ ഓച്ചന്തുരുത്ത് കുരിശിങ്കല്‍ പള്ളിയില്‍ സഹവികാരിയായിരിക്കുമ്പോഴാണ്, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കയാക്കിംഗ് സംഘത്തെ പരിചയപ്പെട്ടത്. പ്രകൃതി സംരക്ഷണ, ബോധവത്കരണ, പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊല്ലം മുതല്‍ കണ്ണൂര്‍ വരെ കയാക്കിംഗ് പര്യടനം നടത്തുന്നതിന്റെ ഭാഗമായാണ് ഇവര്‍ പള്ളിയിലെത്തിയത്.
ഇവരുടെ പ്രചോദനത്തില്‍ കയാക്കിലേറാന് അച്ചനും തീരുമാനിച്ചു. അങ്ങനെ കൊച്ചിയിലെ പാഡില്‍ ക്ലബ്ബിൽ കയാക്കിംഗ് നടത്തുന്നവരെ പരിചയപ്പെട്ടു. കൊച്ചി കായലില്‍ മെല്ലെ മെല്ലെ തുഴയെറിഞ്ഞു. അങ്ങനെ റെക്സച്ചന് ആദ്യത്തെ കയാക്കിംഗ് പ്രീസ്റ്റായി.
കയാക്കിംഗ് പരിശീലകരായ കൗശിക് കൊടിത്തോടിക, ജര്‍മന്‍ വംശജന് കാള്‍ ഡാംഷ്യന് എന്നിവര്‍ക്കൊപ്പം പരിശീലനത്തിന് അവസരം ലഭിച്ചു. 2018ല്‍ മുസിരിസ് പാഡിലിന്റെ ഭാഗമായ ദീര്‍ഘദൂര കയാക്കിംഗില്‍ മത്സരാര്‍ഥിയായതോടെ തന്റെ കയാക്കിംഗ് മികവിന് ഫാ. റെക്സ് അടിവരയിട്ടു.
കടലിനടിയിലും
കടലിനടിയില്‍ ഏറെ നേരം ഒഴുകിനടക്കുകയെന്ന സ്വപ്നം നെഞ്ചേറ്റിയാണു ഫാ. റെക്സ് സ്കൂബാ ഡൈവിംഗില്‍ പരിശീലനം നേടിയത്. തീവ്രപരിശീലനത്തിലൂടെ കടലിനടിയില്‍ മുപ്പതു മീറ്ററോളം താഴ്ചയിലേക്കു സ്കൂബാ ഡൈവിംഗിലൂടെ ചാടുകയെന്ന മോഹം പൂവണിഞ്ഞു.
ഡിസ്കവര് സ്കൂബാ ഡൈവിംഗ് (ഡിഎസ്ഡി) പരിശീലനത്തിനു ശേഷമാണ് ഓപ്പണ്‍ വാട്ടര്‍ സ്കൂബാ ഡൈവര്‍ ലൈസന്‍സും കടലിനടിയില്‍ 30 മീറ്ററോളം പോകാനുള്ള, അമേരിക്കയില്‍നിന്നുള്ള അഡ്വാന്‍സ്ഡ് ഓപ്പണ്‍ വാട്ടര്‍ സ്കൂബാ ഡൈവിംഗ് ലൈസന്‍സും നേടിയത്.
പ്രമുഖ ഡൈവിംഗ് സെന്ററായ സ്കൂബാ കൊച്ചിനിലായിരുന്നു പരിശീലനം. പ്രഫഷണല്‍ അസോസിയേഷന് ഫോര്‍ ഡൈവിംഗ് ഇന്‍സ്ട്രക്ടേഴ്സിന്റെ (പിഎഡിഐ) സര്‍ട്ടിഫിക്കേഷനും ഈ വൈദികന് സ്വന്തമാക്കിയിട്ടുണ്ട്. ഓക്സിജന്‍ സപ്പോര്‍ട്ട് ഇല്ലാതെ കടലിനടിയിലേക്കു ഫ്രീ ഡൈവിംഗ് നടത്താനുള്ള പരിശീലനത്തിനു മാലിദ്വീപിലേക്കു പോകാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.
വെള്ളത്തിൽ വെറുതെയല്ല !
കയാക്കിംഗ് ഫാ. റെക്സിന് കടലിലും കായലിലുമുള്ള ഒരു കായികവിനോദം മാത്രമല്ല. ഒരു സാമൂഹ്യപ്രവര്‍ത്തനം കൂടിയാണ്. കായലില്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള ദൗത്യം കൂടിയാണ് അദ്ദേഹത്തിന്റെ കയാക്കിംഗ് യാത്രകള്‍.
കൊടുങ്ങല്ലൂര്‍ മുസിരിസ് മുതല്‍ എറണാകുളം മറൈന്‍ ഡ്രൈവ് വരെ 40 കിലോമീറ്റര്‍ നീളുന്ന ആദ്യത്തെ ദീര്‍ഘദൂര കയാക്കിംഗില്‍ വലിയ തോതിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശേഖരിച്ചു ശാസ്ത്രീയമായി സംസ്കരിക്കാന്‍ നല്‍കിയത്.
മാലിന്യവിമുക്ത ചാലിയാര്‍ പുഴ എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ കയാക്കിംഗ് യത്നമായ 2019ലെ ചാലിയാര്‍ റിവര്‍ പാഡില്‍ കയാക്കിംഗിലും അച്ചന് ഉണ്ടായിരുന്നു. നിലമ്പൂര്‍ മുതല്‍ ബേപ്പൂരിടുത്ത് ചെറുവണ്ണൂര്‍ വരെ അദ്ദേഹം തന്റെ കയാക്കില്‍ തുഴഞ്ഞത് 68 കിലോമീറ്റര്‍.
കേരള ടൂറിസം വകുപ്പും കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റിയും ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ആന്‍ഡ് ഔട്ട്ഡോര്‍ അഡ്വെഞ്ചര്‍ ക്ലബ്ബും ചേര്‍ന്നാണു പരിപാടി ഒരുക്കിയത്. അനേകര്‍ അശ്രദ്ധമായി പുഴയിലേക്കു വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അന്നും അദ്ദേഹം ശേഖരിച്ചു.
കൊച്ചി പനങ്ങാട് ചാത്തമ്മയിലെ ഗ്ലോബല്‍ സെയ്ലിംഗ് ക്ലബ്ബിന്റെ ഗ്രീന്‍ പാഡ്ലേഴ്സ് എന്ന കായല്‍ മാലിന്യ വിമുക്ത യത്നത്തില്‍ കൈകോര്‍ക്കാന്‍ റെക്സച്ചനുമുണ്ട്. സ്കൂള്‍ വിദ്യര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും പ്രകൃതി സംരക്ഷണ, ആരോഗ്യ ബോധവത്കരണ ക്ലാസുകളും അച്ചന്റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്.
കോച്ചാണ് കൊച്ചച്ചന്
ഇന്ത്യന്‍ കയാക്കിംഗ് ആന്‍ഡ് കനോയിംഗ് അസോസിയേഷന്റെ (ഐകെസിഎ) കയാക്കിംഗ് ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത കേരള ടീമിന്റെ മാനേജരായിരുന്നു ഫാ. റെക്സ്. ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരങ്ങളും പരിശീലകരുമൊത്തുള്ള ചാംപ്യന്‍ഷിപ് അവിസ്മരണീയ അനുഭവമായിരുന്നുവെന്നു ഫാ. റെക്സ്. കയാക്കിംഗിനു പുറമേ വെല്‍നെസ്, ഓഡിയോ സയന്‍സ് എന്നിവയിലും ഫാ. റെക്സ് പരിശീലനം നല്‍കുന്നുണ്ട്.
ഇലക്ട്രോണിക്സ് മെക്കാനിക്കില്‍ ലെവല്‍ ഫൈവും തൃശൂര്‍ ചേതന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗണ്ട് എന്‍ജിനിയറിംഗും വിജയകരമായി പൂര്‍ത്തിയാക്കിയ ഫാ. റെക്സ് ഇപ്പോള്‍ കളമശേരി ലിറ്റില്‍ ഫ്ലവര്‍ എന്‍ജിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസോസിയേറ്റ് ഡയറക്ടറാണ്. കേരള കയാക്കിംഗ് ആന്‍ഡ് കനോയിംഗ് അസോസിയേഷന്റെ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വൈദികന് കൂടിയാണ് ഫാ. റെക്സ് ജോസഫ്.
വൈദികര്‍ മാറിനിന്ന കയാക്കിംഗില്‍ എന്താണിത്ര താത്പര്യം എന്നു ചോദിച്ചാല്‍ അദ്ദേഹത്തിനു കൃത്യമായ ഉത്തരമുണ്ട്- "ഞാന്‍ ഓളപ്പരപ്പില്‍ തുഴയെറിയുമ്പോള്‍, അതുവഴി പൗരോഹിത്യത്തിന്റെ മഹിതസന്ദേശം കൂടിയാണ് അനേക ഹൃദയങ്ങളിലേക്ക് അലയടിച്ചെത്തുന്നത്. അപരനെ ശരിയായി സ്വന്തമാക്കാനാവുന്ന എല്ലാ മേഖലയിലുമെത്തട്ടെ പൗരോഹിത്യത്തിന്റെ നന്മ.'
സിജോ പൈനാടത്ത്<യb>