District News
മൂലമറ്റം: സെന്റ് ജോസഫ്സ് അക്കാദമി ഓഫ് ഹയര് എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില് ബിരുദദാനച്ചടങ്ങ് നടത്തി. ആക്ട്വേറിയല് സയന്സ്, സോഷ്യല് വര്ക്ക്, കൊമേഴ്സ്, സൈക്കോളജി എന്നിവയില് പഠനം പൂര്ത്തിയാക്കിയ വിദ്യാര്ഥികളുടെ അക്കാദമിക നേട്ടങ്ങളെ ആദരിക്കുന്നതിനും അവരുടെ പുതിയ ജീവിതഘട്ടത്തിലേക്കുള്ള പ്രവേശനം ആഘോഷിക്കുന്നതിനുമാണ് ചടങ്ങ് സംഘടിപ്പിച്ചത്. മാന്നാനം കെഇ കോളേജ് പ്രിന്സിപ്പല് ഡോ. ഐസണ് വി. വഞ്ചിപ്പുരയ്ക്കല് ചടങ്ങില് മുഖ്യാതിഥിയായിരുന്നു.
മാനേജര് ഫാ. സ്റ്റാന്ലി ചെല്ലിയില് സിഎംഐ അധ്യക്ഷത വഹിച്ചു. സിഎഫ്ഒ ഫാ. ബാസ്റ്റിന് മംഗലത്ത് സിഎംഐ, ഡയറക്ടര് ഫാ. ബോബിന് കുമരെട്ട് സിഎംഐ, പ്രിന്സിപ്പല് ഡോ. തോംസണ് ജോസഫ്, സാമൂഹ്യ സേവന വകുപ്പ് മേധാവി ആല്വിന് കല്ലക്കാവുങ്കല് എന്നിവര് പ്രസംഗിച്ചു. ചടങ്ങില് അധ്യാപകരും വിദ്യാര്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
District News
മുണ്ടക്കയം: പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ സ്വാതന്ത്ര്യദിനാഘോഷവും ദേശീയപതാക ദിനവും ആചരിക്കുന്നു. 14ന് ഉച്ചയ്ക്ക് 1.30ന് പെരുവന്താനം ടൗണിൽനിന്ന് ആരംഭിക്കുന്ന വിളംബര റാലി പീരുമേട് ഡിവൈഎസ്പി പി.എസ്. ഷിജു ഫ്ലാഗ് ഓഫ് ചെയ്യും. കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി ഉൾപ്പടെയുള്ളവർ പങ്കെടുക്കും.
ഫാഷൻ ഡിസൈനിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഖാദിത്തുണിയിൽ നിർമിച്ച 500ലേറെ ദേശീയപതാകകളും എൻഎസ്എസ് വിദ്യാർഥികൾ തയാറാക്കിയ 50 അടി നീളമുള്ള കൂറ്റൻ ദേശീയപതാകയും റാലിയുടെ ഭാഗമാകും. ഭാരതം ഇന്നലെ ഇന്ന് നാളെ, സ്വാതന്ത്ര്യം അർധരാത്രിയിൽ എന്നീ ആശയങ്ങളെ ആസ്പദമാക്കി കമ്പ്യൂട്ടർ വിഭാഗം ഒരുക്കുന്ന ഡിജിറ്റൽ ദൃശ്യാവിഷ്കാരങ്ങളുമുണ്ട്.
കോളജ് ചെയർമാൻ ബെന്നി തോമസ് സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന യോഗത്തിൽ ഡിവൈഎസ്പി പി.എസ്.ഷിജു സ്വാതന്ത്ര്യദിന സന്ദേശം നൽകും. തുടർന്ന് ഫ്ലാഷ് മോബ്, ദേശഭക്തിഗാനങ്ങൾ, ഉപ്പുസത്യാഗ്രഹത്തിന്റെ ദേശീയവികാരം പകർന്നുനൽകുന്ന കലാവിഷ്കാരങ്ങൾ എന്നിവ അരങ്ങേറും.
വിവിധ പരിപാടികൾക്ക് ബോബി കെ. മാത്യു, പി.ആർ.രതീഷ്, സുപർണ രാജു, ടിജോമോൻ ജേക്കബ്, ജോസ് ആന്റണി, നാൻസി ഡി ക്രൂസ്, ഹേമന്ത് വിജയൻ, മോനിഷ എം. മോഹനൻ, നൈസ് ജോസ്, ജിന്റുമോൾ ജോൺ, ക്രിസ്റ്റി ജോസ്, പി.അനുരാഗ്, ടോമി ജോസഫ്, സജി സക്കറിയാസ്, ജിസ്മി ഷാജു, ജസ്റ്റിൻ ജോസ്, ബിബിൻ പയസ്, ടോബി സണ്ണി എന്നിവർ നേതൃത്വം നൽകും.
Kerala
ബംഗളൂരു: മംഗളൂരു ശ്രീനിവാസ കോളജിൽ റാഗിംഗിന്റെ പേരിൽ സീനിയർ വിദ്യാർഥികൾ രണ്ട് മലയാളി വിദ്യാർഥികളെ ആക്രമിച്ചതായി പരാതി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട് ഒന്നാം സെമസ്റ്റർ വിദ്യാർഥികളുടെ പരാതിയിൽ പോലീസ് കേസെടുത്തു. പ്രതികളായ ആറ് വിദ്യാർഥികളും മലയാളികളാണെന്ന് പോലീസ് അറിയിച്ചു.
ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികളായ ആദർശ്, ജസിൻ ഖാദർ എന്നീ വിദ്യാർഥികളെ ക്രൂരമായി മർദിച്ചു എന്ന പരാതിയിലാണ് സീനിയർ വിദ്യാർഥികളായ ആറുപേരെ പാണ്ഡേശ്വർ പോലീസ് അറസ്റ്റ് ചെയ്തത്.
കറുത്ത ഷൂസ് ധരിച്ചെത്തിയതിന്റെ പേരിലാണ് തങ്ങളെ മർദിച്ചതെന്ന് ആദർശും ജസിൻ ഖാദറും പോലീസിനോട് വെളിപ്പെടുത്തി. ബുധനാഴ്ച ചായ കുടിക്കാൻ കോളജിന് സമീപത്തെ കടയിലെത്തിയപ്പോൾ സീനിയർ വിദ്യാർഥികൾ ഇവരെ തടയുകയും കറുത്ത ഷൂസ് ധരിച്ചതിന് തട്ടിക്കേറുകയും ആയിരുന്നു.
തങ്ങളെയും മാതാപിതാക്കളെയും സീനിയർ വിദ്യാർഥികൾ അസഭ്യം പറഞ്ഞതായി ആദർശും ജസിനും പറഞ്ഞു. പിന്നാലെ ആദർശിന്റെ തല കൈ കൊണ്ട് പിടിച്ച് തിരിച്ചു.
ഇതോടെ ഭയന്ന ജസിൻ സമീപത്തെ കടയിലെത്തി പോലീസ് സ്റ്റേഷന്റെ നമ്പർ തരപ്പെടുത്തി വിളിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇവരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കേറ്റ ആദർശിന്റെ കഴുത്തിൽ കോളർ ഇട്ടിട്ടുണ്ട്. ജസിനും അടിയേറ്റ പരിക്കുകളുണ്ട്.
ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ പോലീസ് പരാതി എഴുതി വാങ്ങി. പ്രതികളായ ആറ് മലയാളികളെയും അറസ്റ്റ് ചെയ്തു. ലോജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികളാണ് ഇവർ. ആരോപണവിധേയരായ വിദ്യാർഥികൾക്കെതിരെ നടപടി എടുക്കുമെന്ന് കോളജ് മാനേജ്മെന്റ് വ്യക്തമാക്കി.
Kerala
കോട്ടയം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരമുള്ളതിനാൽ തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം. വിദ്യാർഥികളിൽ കായികവിനോദങ്ങളോടുള്ള താത്പര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് ദിയ നിവേദനം നൽകി.
സ്കൂൾ മാനേജ്മെന്റുകളും ഇതേ മാതൃകയിൽ വിദ്യാർഥികൾക്ക് അവധി അനുവദിക്കണമെന്ന് അവർ അഭ്യർഥിച്ചു. ഞായറാഴ്ച അർധരാത്രിയിൽ നടക്കുന്ന ലോകകപ്പ് ഫൈനൽ കാണുന്ന വിദ്യാർഥികൾ പിറ്റേദിവസം ഉറക്കക്കുറവും ക്ഷീണവും അനുഭവിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ അവധി സഹായിക്കുമെന്നാണ് ചെയർപേഴ്സൺ പറയുന്നത്.
ലഹരി, മയക്കുമരുന്ന്, സോഷ്യൽ മീഡിയ എന്നിവയുടെ അമിതോപയോഗത്തിൽ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കുന്നതിന് കായികപ്രവർത്തനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ദിയചൂണ്ടിക്കാട്ടി. ശാരീരികക്ഷമത വർധിപ്പിക്കുന്നതിനൊപ്പം കുട്ടികളിൽ അച്ചടക്കം, മാനസികാരോഗ്യം, കൂട്ടായ്മ, നേതൃത്വഗുണം, പ്രതിസന്ധികളെ നേരിടാനുള്ള കഴിവ് എന്നിവ വളർത്തിയെടുക്കാൻ കായികരംഗം സഹായിക്കുമെന്നും ദിയ വ്യക്തമാക്കി.
NRI
ഫ്ലോറിഡ: രേഖകളില്ലാത്ത വിദ്യാർഥികൾക്ക് സംസ്ഥാനത്തെ 28 പൊതുകോളജുകളിലും പ്രായപൂർത്തിയായവർക്കുള്ള വിദ്യാഭ്യാസ പരിപാടികളിലും പ്രവേശനം വിലക്കാൻ ഫ്ലോറിഡ ബോർഡ് ഓഫ് എഡ്യൂക്കേഷൻ തീരുമാനിച്ചു.
ബോർഡിന്റെ യോഗത്തിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് തീരുമാനം അംഗീകരിച്ചത്. ഫ്ലോറിഡയിലെ സ്ഥിരതാമസക്കാർക്കും യുഎസ് പൗരന്മാർക്കും മാത്രമായി പൊതുകോളജുകളിലെ സീറ്റുകൾ മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നയം നടപ്പാക്കുന്നതെന്ന് ഗവർണർ റോൺ ഡിസാന്റിസ് ഉൾപ്പെടെയുള്ള അനുകൂലികൾ വ്യക്തമാക്കി.
അതേസമയം, ഈ തീരുമാനം ഫ്ലോറിഡയിൽ വളർന്നുവന്ന രേഖകളില്ലാത്ത യുവാക്കളുടെ ഉന്നതവിദ്യാഭ്യാസ അവസരങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് മനുഷ്യാവകാശ സംഘടനകളും വിദ്യാഭ്യാസ പ്രവർത്തകരും വിമർശിച്ചു. പ്രവേശന നിയന്ത്രണം പൊതുകോളജ് സംവിധാനത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കാനും സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ഇതിനിടെ, നിയമസഭയുടെ പ്രത്യേക അനുമതിയില്ലാതെ ഇത്തരം നയമാറ്റങ്ങൾ നടപ്പാക്കാൻ ഫ്ലോറിഡ വിദ്യാഭ്യാസ വകുപ്പിന് നിയമപരമായ അധികാരമുണ്ടോ എന്ന കാര്യത്തിൽ നിയമനിർമാണ മേൽനോട്ട സമിതി വിശദീകരണം തേടിയിട്ടുണ്ട്. ഇതോടെ പുതിയ തീരുമാനം നിയമപരമായ പരിശോധനയ്ക്കും വിധേയമാകാനിടയുണ്ട്.
National
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള 58 എൻജിനിയറിംഗ്, സാങ്കേതിക കോളജുകൾ ഘട്ടംഘട്ടമായി പൂട്ടാൻ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) ഉത്തരവിട്ടു. വിദ്യാർഥികളുടെ കുറവ്, കൗൺസിൽ നിർദേശിച്ചിട്ടുള്ള അക്കാദമിക്-അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് നടപടി. പൂട്ടുന്ന കോളജുകളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ളവ ഇല്ല.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോളജുകൾ പൂട്ടിയത്. രണ്ടു സംസ്ഥാനങ്ങളിലും 12 കോളജുകൾ വീതം അടച്ചുപൂട്ടി. മധ്യപ്രദേശിൽ എട്ടും തെലുങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ നാലു വീതവും കോളജുകൾക്ക് പൂട്ടു വീണു.
ആന്ധ്രപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്നു വീതവും ഗുജറാത്ത്, കർണാടക, തമിഴ്നാട്, ഹരിയാന, ഒഡീഷ, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ രണ്ടു വീതവും പുതുച്ചേരിയിൽ ഒരു സ്ഥാപനവും പൂട്ടി. പൂട്ടിയ 58 കോളജുകളിൽ മൂന്നെണ്ണം സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളും ബാക്കിയുള്ളവ സ്വകാര്യ മാനേജ്മെന്റുകൾക്കു കീഴിലുള്ളവയുമാണ്.
കോളജുകൾ പൂട്ടിയതിനു പുറമെ രാജ്യത്തുടനീളമുള്ള വിവിധ എൻജിനിയറിംഗ്-സാങ്കേതിക കോളജുകളിലായി 950ലധികം കോഴ്സുകളും ഈ അധ്യയനവർഷത്തിൽ നിർത്തലാക്കിയിട്ടുണ്ട്. കോളജുകൾ പൂട്ടുന്നത് വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും നിലവിലുള്ള വിദ്യാർഥികളുടെ പഠനത്തെ ഇതു ബാധിക്കില്ലെന്ന് എഐസിടിഇ വ്യക്തമാക്കി.
സ്ഥാപനങ്ങൾക്ക് ‘പ്രോഗ്രസീവ് ക്ലോഷർ’(ഘട്ടംഘട്ടമായുള്ള പൂട്ടൽ) ആണ് അനുവദിച്ചിട്ടുള്ളതെന്ന് എഐസിടിഇ അറിയിച്ചു. ഇതിലൂടെ നിലവിലുള്ള വിദ്യാർഥികളുടെ ഭാവി സുരക്ഷിതമായിരിക്കും. എന്നാൽ, ഈ അധ്യയനവർഷം മുതൽ ഈ കോളജുകളിൽ ഒന്നാംവർഷ വിദ്യാർഥികൾക്കു പ്രവേശനം ഉണ്ടായിരിക്കില്ല. നിലവിൽ വിവിധ പഠിച്ചുകൊണ്ടിരിക്കുന്ന ബാച്ചുകളിലെ വിദ്യാർഥികൾക്ക് അവരുടെ കോഴ്സുകൾ പൂർത്തിയാകുന്നതുവരെ ഈ കോളജുകൾ തുടർന്നു പ്രവർത്തിക്കും.
Kerala
കൊച്ചി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കടമറ്റം പെരുവംമുഴിയില് നടന്ന വാഹനാപകടത്തില് കോളജ് വിദ്യാര്ഥിക്കു ദാരുണാന്ത്യം. തൊടുപുഴ മടക്കത്താനം ശിവനിവാസ് വീട്ടിൽ സുനീപ് ശിവന്റെ മകൻ എസ്. രാഹുല് (20) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്.
വരിക്കോലി മുത്തൂറ്റ് എന്ജിനിയറിംഗ് കോളജിലെ വിദ്യാര്ഥിയാണ് രാഹുല്. സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് ജൂലിയന് ജോസഫ് (21) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വിദ്യാര്ഥികള് സഞ്ചരിച്ചിരുന്ന സ്കൂട്ടര് മുന്നിലുണ്ടായിരുന്ന കാറിനെ ഓവര്ടേക്ക് ചെയ്തു കയറാന് ശ്രമിക്കുന്നതിനിടെ കാറില് തട്ടുകയും നിയന്ത്രണം വിട്ട സ്കൂട്ടറില്നിന്നു റോഡിലേക്കു തെറിച്ചുവീണ രാഹുലിന്റെ തലയിലൂടെ എതിരെ വന്ന ലോറിയുടെ ചക്രങ്ങള് കയറിയിറങ്ങുകയായിരുന്നു.
ഉടന്തന്നെ ഇരുവരെയും കോലഞ്ചേരി മെഡിക്കല് കോളജ് ആശുപത്രിയില് എത്തിച്ചെങ്കിലും രാഹുലിന്റെ ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ ജൂലിയന് ജോസഫ് ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി തുടര്നടപടി സ്വീകരിച്ചു. രാഹുലിന്റെ അമ്മ സിനി.
District News
അരുവിത്തുറ: സെന്റ് ജോർജ് കോളജിലെ വിവിധ സംഘടനകളുടെയും ഡിപ്പാർട്ട്മെന്റുകളുടെയും ആഭിമുഖ്യത്തിൽ യോഗ വാരാചരണം സംഘടിപ്പിച്ചു. കോളജിലെ രസതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ യോഗദിന പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥികളിൽ ശാരീരിക-മാനസിക ആരോഗ്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.
കോളജ് കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി "ശാരീരികക്ഷമതയും ജീവിതശൈലീ രോഗങ്ങളും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്നു നടന്ന പ്രായോഗിക പരിശീലന സെഷന് ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസർ ഡോ. സിനി ജേക്കബ് നേതൃത്വം നൽകി. കോളജിലെ വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത യോഗാചാര്യയും ദേശീയ അവാർഡ് ജേതാവുമായ ബി. ഭാഗ്യലക്ഷ്മി നേതൃത്വം നൽകി. എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാമ്പസിൽ സമൂഹ യോഗാചരണം സംഘടിപ്പിച്ചിരുന്നു.
District News
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്സ്ഡ് സ്റ്റഡീസില് "ദീക്ഷാരംഭ് 2026' എന്ന പേരില് സ്റ്റുഡന്റ് ഇന്ഡക്ഷന് പ്രോഗ്രാം സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട രൂപത എഡ്യുക്കേഷന് ട്രസ്റ്റ് മാനേജര് മോണ്. വില്സണ് ഈരത്തറ ഉദ്ഘാടനം ചെയ്തു. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ.ഡോ. ജോജി കല്ലിങ്ങല്, പ്രിന്സിപ്പല് ഡോ. കെ.എല്. ജോയ്, വൈസ് പ്രിന്സിപ്പല് ഡോ.കെ. കരുണ, ഫിനാന്സ് ഓഫീസര് ഫാ. സിബിന് വാഴപ്പിള്ളി, വാര്ഡ് അംഗം സ്മിത മനോജ്, ഡീന് ഓഫ് അക്കാദമിക്സ് ഡോ.എം.ബി.ഷീബ, പിടിഎ പ്രസിഡന്റ് കെ. മനോഹരന് എന്നിവര് പ്രസംഗിച്ചു.
"സക്സസ് ഇന് എ റാപ്പിഡ്ലി ചേഞ്ചിംഗ് വേള്ഡ്' എന്ന വിഷയത്തില് ബിനു കാളിയാടനും "ജീവിതം തന്നെ ലഹരി' എന്ന വിഷയത്തില് എക്സൈസ് പ്രിവന്റീവ് ഓഫീസര് ടി.കെ. സന്തോഷും ക്ലാസെടുത്തു.
സപ്തസദസിന്റെ നേതൃത്വത്തില് സഹൃദയ വിദ്യാര്ഥികള് അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
Kerala
കൊച്ചി: കോതമംഗലത്ത് നെല്ലിമറ്റം എംബിറ്റ്സ് എന്ജിനിയറിംഗ് കോളജില് സിനിമാ സ്റ്റൈല് മോഷണം. അഡ്മിഷന് ഫീസ് ഇനത്തില് ലോക്കറില് സൂക്ഷിച്ചിരുന്ന ലക്ഷങ്ങള് കവരാനെത്തിയ സംഘം ലോക്കര് പുറത്തേക്ക് കൊണ്ടുപോയി പൊളിക്കാന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല് ഒരു ഡ്രോണും ലാപ്ടോപ്പും മോഷ്ടാക്കള് കവര്ന്നു.
ചൊവ്വാഴ്ച രാത്രിയാണ് മോഷണശ്രമം നടന്നത്. കോളജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലും പ്രിന്സിപ്പലിന്റെ മുറിയിലുമാണ് മോഷ്ടാക്കള് കയറിയത്. പുതിയ അഡ്മിഷന് നടപടികള് പുരോഗമിക്കുന്നതിനാല് കോളജില് പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം മുന്കൂട്ടി അറിഞ്ഞവരാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
അഡ്മിഷന് സെല്ലില് നിന്നാണ് ഒരു പുതിയ ഡ്രോണും ലാപ്ടോപ്പും മോഷണം പോയത് എന്നാണ് കോളജ് അധികൃതര് അറിയിച്ചത്. ഓഫീസില് ഉണ്ടായിരുന്ന ലോക്കറും മോഷ്ടാക്കള് പുറത്തേക്ക് കൊണ്ടുപോയി പൊളിക്കാന് ശ്രമിച്ചു. എന്നാല് ലോക്കര് തുറക്കുന്നതില് പരാജയപ്പെടുകയായിരുന്നു.
ലോക്കറില് ലക്ഷങ്ങള് സൂക്ഷിച്ചിട്ടുണ്ടായിരുന്നു എന്നാണ് സൂചന. ലോക്കര് പൊളിക്കാന് ശ്രമിച്ചതിന്റെ തെളിവുകളും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. പണം ലക്ഷ്യമിട്ടുള്ള ആസൂത്രിത മോഷണ ശ്രമമാണിത് എന്നാണ് വിലയിരുത്തല്. കോളജിന്റെ പ്രവേശന കവാടത്തിലും ഹോസ്റ്റലിലുമായി രണ്ട് സെക്യൂരിറ്റി ജീവനക്കാര് ഉണ്ടായിരുന്നെങ്കിലും മോഷണശ്രമം തടയാന് കഴിഞ്ഞില്ല.
പരീക്ഷയുമായി ബന്ധപ്പെട്ട് പുലര്ച്ചെ വീട്ടില് നിന്ന് ഹോസ്റ്റലിലെത്തിയ ഒരു വിദ്യാര്ഥിയെ കണ്ടതോടെ മോഷ്ടാക്കള് മതില് ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് കോളജ് സെക്രട്ടറി ബിനോയ് മണ്ണഞ്ചേരിയും ഡയറക്ടര് ഷാജന് കുര്യാക്കോസും അറിയിച്ചു.
കോളജിലെ സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചതില് മുഖംമൂടി ധരിച്ച നാലു പേരുടെ ദൃശ്യങ്ങള് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് ഊന്നുകല് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതികളെ ഉടന് തിരിച്ചറിഞ്ഞ് പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
Kerala
തിരുവനന്തപുരം: കോളജ് വിദ്യാർഥിനികൾക്കുള്ള ആയിരം രൂപ സ്കോളർഷിപ്പ് ഈ അധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം. ജോൺ . പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണ്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തിങ്കളാഴ്ച മുതൽ ആരംഭിക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രസ്താവന. എഐ ഐശ്ചിക വിഷയമായി പഠിക്കാൻ സാധിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മറ്റു വിഷയങ്ങളുടെ മാനദണ്ഡങ്ങൾ മാറ്റുന്നത് ആലോചനയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ബിരുദ തലം വരെ സൗജന്യ വിദ്യാഭ്യാസം നൽകും. സർവകലാശാലകളുടെ ദൈനംദിന പ്രവൃത്തികളിൽ ഗവർണർ ഇടപെട്ടു തുടങ്ങുന്നത് ഇടത് സർക്കാരിന്റെ കാലത്താണെന്ന് റോജി.എം. ജോൺ പറഞ്ഞു. കാവിവൽക്കരണം ഒരു മേഖലയിലും യുഡിഎഫ് സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ സുരേന്ദ്രനാഥ് കോളേജിലെ സ്റ്റുഡന്റ്സ് യൂണിയൻ ഓഫീസിൽ ഒരു ലക്ഷത്തിലേറെ രൂപയുടെ ചിതലരിച്ച നോട്ടുകൾ കണ്ടെടുത്തു. രണ്ട് പെട്ടികളിലായി സൂക്ഷിച്ചിരുന്ന കറൻസി നോട്ടുകളിൽ ഭൂരിഭാഗവും ചിതലരിച്ചും ദ്രവിച്ചും പൂർണമായും നശിച്ച നിലയിലായിരുന്നു. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി കോൽക്കത്ത കോർപ്പറേഷന്റെ നിർദേശപ്രകാരം കോളജിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്കിടയിലാണ് അലമാരയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ പെട്ടികൾ കണ്ടെത്തിയത്.
100, 500 രൂപ നോട്ടുകളാണ് പെട്ടികളിൽ ഉണ്ടായിരുന്നത്. ചിതലെടുത്ത് പരസ്പരം ഒട്ടിപ്പിടിച്ച നിലയിലായതിനാൽ കൃത്യം എത്ര തുകയുണ്ടെന്ന് വ്യക്തമല്ലെങ്കിലും ഒരു ലക്ഷത്തിലേറെ രൂപയുണ്ടെന്ന് പോലീസ് അറിയിച്ചു. സ്ഥലത്തെത്തി നോട്ടുകളും അനുബന്ധ രേഖകളും കസ്റ്റഡിയിലെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
പണം കണ്ടെടുത്തതിന് പിന്നാലെ കോളേജിൽ നടത്തിയ തുടർ പരിശോധനയിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെതെന്ന് ആരോപിക്കപ്പെടുന്ന ഒരു രഹസ്യ മുറിയും ഉദ്യോഗസ്ഥർ കണ്ടെത്തി. എയർ കണ്ടീഷണറും കട്ടിലുമൊക്കെ ഉണ്ടായിരുന്ന ഈ മുറിക്കുള്ളിൽ നിന്ന് ഒരു തോക്കും പോലീസ് കണ്ടെടുത്തു.
യൂണിയൻ ഓഫീസ് ദുരുപയോഗം ചെയ്ത ടിഎംസി നേതാക്കളെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ആരാണ് ഈ പണം യൂണയിൻ ഓഫീസിൽ സൂക്ഷിച്ചത്, തോക്ക് കോളജിനുള്ളിൽ എങ്ങനെ എത്തി എന്നതിനെക്കുറിച്ചെല്ലാം അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർക്ക് പാമ്പുകടിയേറ്റു. ഇന്ന് രാവിലെ 11 ഓടെയാണ് സംഭവം. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയക്കാണ് പാമ്പുകടിയേറ്റത്.
കാലിൽ പാമ്പുകടിക്കുകയായിരുന്നു. കാർ പാർക്കിംഗിൽ വച്ചാണ് പാമ്പുകടിയേറ്റത് എന്നാണ് സംശയം. കാർ പാർക്ക് ചെയ്തു ഇറങ്ങുമ്പോഴാണ് പാമ്പ് കടിച്ചത്. കാലിന്റെ പിറക് വശത്തായിരുന്നു കടിയേറ്റത്. മെഡിക്കൽ കോളജ് ആയതുകൊണ്ട് ഉടൻ ആശുപതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പാമ്പുകടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഇവരെ അടിയന്തിര ചികിത്സയ്ക്കായി മെഡിക്കൽ കോളജിലെ പ്രത്യേക ഒബ്സർവേഷൻ (നിരീക്ഷണ) വാർഡിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: കോളജ് ഡേ ആഘോഷത്തിനിടെ പുറത്തുനിന്നെത്തിയ മദ്യപസംഘത്തിന്റെ ആക്രമണത്തിൽ വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് എം.എ.എൻജിനീയറിംഗ് കോളജിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ചെങ്കോട്ടുകോണം സ്വദേശിയായ അൽ അമീന്റെ കാഴ്ചയാണ് നഷ്ടമായത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.
മദ്യപസംഘം വിദ്യാർഥികളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കേസെടുത്തെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും വെഞ്ഞാറമ്മൂട് പോലീസ് പറഞ്ഞു.
District News
കൽപ്പറ്റ: വയനാട് മെഡിക്കൽ കോളജ് വിഷയത്തിൽ യുഡിഎഫ് നേതൃത്വം എടുത്തതായി പറയുന്ന നിലപാട് ജനവഞ്ചനയും ജനങ്ങളിൽ തെറ്റിദ്ധാരണയും വിദ്വേഷവും ജനിപ്പിക്കുന്നതാണെന്ന് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി.
യുഡിഎഫ് നിലപാട് തിരുത്തി ജനപക്ഷത്തു നിൽക്കണമെന്നും കോണ്ഗ്രസ് ജില്ലാ സെക്രട്ടറി പി.വി. ജോർജിന്റേതായി വന്ന റിപ്പോർട്ട് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണോ അതോ കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടേതാണോ എന്നറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. വയനാട്ടിലെ എല്ലാ പ്രദേശത്തെയും ജനങ്ങൾക്കും ഒരുപോലെ ഒരു പ്രയോജനകരവും എത്തിപ്പെടാൻ സാധ്യവുമായ സ്ഥലമെന്ന നിലയിലാണ് ഉമ്മൻചാണ്ടി സർക്കാർ മടക്കി മലയിൽ മെഡിക്കൽ കോളജ് പ്രവൃത്തി ആരംഭിച്ചത്.
പിന്നീട് വന്ന ഇടതുപക്ഷ സർക്കാർ നിക്ഷിപ്ത താല്പര്യം മുൻനിർത്തി ഇല്ലാത്ത പാരിസ്ഥിതിക പ്രശ്നം ഉണ്ടെന്നു വരുത്തി തീർത്ത് മടക്കിമലയിലെ ഭൂമി ഉപേക്ഷിക്കുകയായിരുന്നു. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത മാനന്തവാടിയിലെ ജില്ലാ ആശുപത്രിയെ നാമമാറ്റത്തിലൂടെ മെഡിക്കൽ കോളജാക്കി മാറ്റുകയും താത്കാലികമായി ഒരു വർഷത്തേക്ക് ഇന്ത്യൻ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം വാങ്ങിയെടുക്കുകയും ചെയ്തു.
ഇപ്പോൾ പ്രവർത്തിച്ചു വരുന്ന മാനന്തവാടിയിലെ സ്ഥലത്ത് ഒരു നിലയ്ക്കും മെഡിക്കൽ കോളജ് തുടരാൻ സാധിക്കുകയില്ല. അതിനുള്ള സൗകര്യവും അവിടെ ഇല്ല. ഇതു സംബന്ധിച്ച് പഠനം നടത്തിയ മുൻ ജില്ലാ കളക്ടർ ഡോ. രേണു രാജ് സർക്കാരിലേക്ക് നൽകിയ റിപ്പോർട്ടിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
മാത്രമല്ല മെഡിക്കൽ കോളജ് പ്രവർത്തിപ്പിക്കുന്നതിന് ഏറ്റവും ചുരുങ്ങിയത് 20 ഏക്കർ സ്ഥലമെങ്കിലും വേണമെന്ന ഇന്ത്യൻ മെഡിക്കൽ കമ്മീഷന്റെ ഗൈഡ്ലൈൻ നിലനിൽക്കെ 8.74 ഏക്കർ മാത്രം ഭൂമി കൈവശമുള്ള നിലവിലെ മെഡിക്കൽ കോളജിന് എങ്ങനെ തുടരാനാകും എന്നത് പി.വി. ജോർജും മാനന്തവാടി എംഎൽഎ അടക്കമുള്ള യുഡിഎഫ് നേതാക്കളും ജനങ്ങളോട് വെളിപ്പെടുത്തണം.
അന്പുകുത്തിയിലെ 28 ഏക്കർ വനഭൂമി ലഭ്യമാക്കാനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി അപേക്ഷപോലും സർക്കാർ ഭാഗത്തു നിന്ന് ഇതുവരെ നൽകിയിട്ടില്ല. അപേക്ഷ നൽകിയാൽ പോലും ഇരട്ടി റവന്യു ഭൂമിയും സ്ഥലത്തുള്ള മരത്തിന്റെ മൂന്ന് ഇരട്ടി വിലയും സർക്കാർ വനം വകുപ്പിന് നൽകണം. ഇത്തരത്തിൽ സർക്കാർ കൈവശമുള്ള റവന്യു ഭൂമി നഷ്ടപ്പെടുത്തുകയും മരവില കെട്ടി വയ്ക്കുകയും ചെയ്യുന്നത് സർക്കാർ മുതൽ അന്യാധീനപ്പെടുത്തുന്നതിന് തുല്യമാണ്. ഏതു സാഹചര്യത്തിലും വനഭൂമി മെഡിക്കൽ കോളജിന് ലഭ്യമാകില്ലെന്നതാണ് യാഥാർഥ്യം.
നിലവിൽ സൗജന്യമായി ലഭിച്ച ഭൂമിയിൽ എന്തുകൊണ്ട് മെഡിക്കൽ കോളജ് സ്ഥാപിക്കാൻ സാധിക്കില്ലെന്നതും യുഡിഎഫ് വെളിപ്പെടുത്തണം.
ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പും വിദ്വേഷവും വളർത്തുന്ന തീരുമാനം യുഡിഎഫ് തിരുത്താൻ തയാറാകണം. യോഗത്തിൽ സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം (എസ്എച്ച്ആർപിസി ) ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രേമലത അധ്യക്ഷത വഹിച്ചു. വി.പി. എൽദോ, ഡോ.എം. ബാലകൃഷ്ണൻ ജില്ലാ സെക്രട്ടറി കെ.വി. ഗോകുൽദാസ്, വി.പി. വാസുദേവൻ മടക്കിമല, സി.എച്ച്. സജിത് കുമാർ എന്നിവർ പ്രസംഗിച്ചു.
District News
കൽപ്പറ്റ: വയനാട് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റിയുടെ വിപുലമായ യോഗം തെരഞ്ഞെടുപ്പിനു ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തി.
ആക്ഷൻ കമ്മിറ്റിയിൽ അംഗങ്ങളായ വിവിധ സംഘടന പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. പശ്ചിമഘട്ട സംരക്ഷണ സമിതി, സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം, പൂഴിത്തോട് ബദൽ റോഡ് ആക്ഷൻ കമ്മിറ്റി, വയനാട് ചേംബർ ഓഫ് കൊമേഴ്സ്, വടക്കനാട് ഗ്രാമസംരക്ഷണ സമിതി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്നീ സംഘടനകളുടെ പ്രതിനിധികളും കോട്ടത്തറ പഞ്ചായത്തിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നിവരുമാണ് യോഗത്തിൽ പങ്കെടുത്തത്.
മുൻ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വി.ഡി. സതീശൻ വയനാട്, കാസർഗോട് മെഡിക്കൽ കോളജുകൾക്ക് മുഖ്യ പരിഗണന നൽകുമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ മെഡിക്കൽ കോളജ് സംബന്ധിച്ച കാര്യങ്ങളിൽ പുനഃപരിശോധന ഉണ്ടാകുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികളോട് ഉറപ്പു പറഞ്ഞിരുന്നതാണ്. എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവരും വയനാട് മെഡിക്കൽ കോളജ് സർക്കാരിന് ചന്ദ്രപ്രഭ ട്രസ്റ്റിൽ നിന്നും ദാനമായി കിട്ടിയ ഭൂമിയിൽ കൊണ്ടുവരുന്നതിനോട് അനുകൂല നിലപാട് എടുത്തിരുന്നതാണ്.
ജില്ലയിൽ യുഡിഎഫിന് തിളക്കമാർന്ന വിജയം ലഭിച്ചതിന് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സഹായിച്ചതായി യോഗം വിലയിരുത്തി. ജനവികാരം ഉൾക്കൊണ്ട് പുതിയ സർക്കാർ മെഡിക്കൽ കോളജ് ജില്ലാ ആസ്ഥാനമായ മടക്കിമലയിൽ സ്ഥാപിക്കുന്നതിനുള്ള സത്വര നടപടികൾ കൈക്കൊള്ളുമെന്ന് ആക്ഷൻ കമ്മിറ്റി പ്രതീക്ഷ പ്രകടിപ്പിച്ചു.
താത്കാലികമായി മാനന്തവാടിയിൽ പ്രവർത്തനാനുമതി ലഭിച്ചെങ്കിലും മെഡിക്കൽ കോളജ് തുടർന്ന് പ്രവർത്തിപ്പിക്കുന്നതിനായിട്ടുള്ള യാതൊരു നടപടിയും മുൻ സർക്കാർ ചെയ്തിരുന്നില്ല. അന്പുകുത്തിയിലെ വനഭൂമി വിട്ടുകൊടുക്കുന്നതിനുള്ള ഉത്തരവ് മുൻപ് ഇറക്കിയെങ്കിലും ഇതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായുള്ള അപേക്ഷ പോലും നൽകിയിരുന്നില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ നിന്നും വ്യക്തമാകുന്നത്.
ഈ അവസ്ഥയിൽ വയനാട് മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ മെഡിക്കൽ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്തിലാകുകയും തുടർ ബാച്ചുകളിലേക്കുള്ള പ്രവേശനവും അസാധ്യമാകുകയും ചെയ്യും. അതിനാൽ പുതിയ സർക്കാരിന്റെ ഭാഗത്തുനിന്ന് ഈ കാര്യത്തിൽ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണം. കഴിഞ്ഞ സർക്കാരിന്റെ മുൻ ഉത്തരവ് പ്രകാരം മടക്കിമലയിലെ ഭൂമിയിൽ മെഡിക്കൽ കോളജ് തുടങ്ങുന്നതിന് നിയമപരമായോ പരിസ്ഥിതി സംബന്ധിച്ചോ യാതൊരു തടസങ്ങളും ഇല്ല.
ഈ സാഹചര്യത്തിൽ മുൻ സർക്കാരിന്റെ തെറ്റുകൾ തിരുത്തി വയനാട് മെഡിക്കൽ കോളജ് മടക്കിമല ഭൂമിയിൽ തുടങ്ങുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കൽപ്പറ്റ എംജിടി ഓഡിറ്റോറിയത്തിൽ ചേർന്ന് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റിയുടെ സന്പൂർണ യോഗം ആവശ്യപ്പെട്ടു. രക്ഷാധികാരി വി.പി. എൽദോ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രേമലത അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. ഗോകുൽദാസ്, ചെയർമാൻ ഡോ. എം. ബാലകൃഷ്ണൻ, വിവിധ ആക്ഷൻ കമ്മിറ്റികളെ പ്രതിനിധീകരിച്ച് നാസീർ പാലൂർ, പി.പി. റനീഷ്, ജോണി പാറ്റാനി, പി. ബെന്നി വർക്കി തുടങ്ങിയവർ പ്രസംഗിച്ചു .
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ അനാട്ടമി വിഭാഗം പ്രൊഫസർ എം.കെ. റാമിനെ കോളജിൽ നിന്നും പുറത്തക്കി.
റാമിനെ പുറത്താക്കുമെന്ന് മാനേജ്മെന്റ് വിദ്യാർഥികൾക്ക് ഉറപ്പ് നൽകി. റാമിനെതിരെ കൂടുതൽ വിദ്യാർഥികൾ ആരോപണവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി.
നിതിന്റെ മരണത്തിൽ റാമിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ ഒളിവിൽ കഴിയുകയാണ് ഇയാൾ. അധ്യാപകനെതിരെ വിദ്യാർഥികൾ ഇന്ന് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കോളേജിൽ നിന്നും റാമിനെ പുറത്താക്കണമെന്നും നീതി വേണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്. പിന്നാലെയാണ് നടപടി ഉണ്ടായത്.
Kerala
തിരുവനന്തപുരം: കെട്ടിടത്തിൽനിന്ന് വീണു മരിച്ച കണ്ണൂർ ഡെന്റൽ കോളജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം സ്വദേശി ആർ.എൽ. നിധിൻരാജിന്റെ മരണത്തിന് പിന്നിൽ അധ്യാപകരുടെ അധിക്ഷേപമാണെന്ന് ബന്ധുക്കൾ ആരോപണം ഉയർത്തിയതിന് പിന്നാലെ, നിധിന്റേതെന്ന് കരുതുന്ന ഓഡിയോ സന്ദേശം പുറത്തുവന്നു.
'ഞാൻ സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങിയല്ലോ, അതിനുശേഷം എന്റെ അടുത്ത് യു ആർ ഇഡിയറ്റ് എന്ന് പറഞ്ഞു, അപ്പോൾ ഞാൻ സെയിം ടു യൂ എന്ന് മുഖത്ത് നോക്കി തന്നെ പറഞ്ഞു. പിന്നെ മറ്റേ കൂട്ടത്തോട് ആക്രമിക്കുന്ന സ്ഥലം ഉണ്ടല്ലോ നമ്മുടെ സ്റ്റാഫ് റൂം, എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. എന്തെല്ലമാണ് അവിടെനിന്ന് എന്നോട് പറഞ്ഞതെന്ന് അറിയാമോ.. നീ ഗെയ്റ്റിന് പുറത്തിറങ്ങിയാൽ കൈയും കാലും വെട്ടും. കൈയില്ലാതെ ജീവിക്കേണ്ടി വരുമെന്നൊക്കെ പറഞ്ഞു.
എന്നാൽ സാറെ, അതൊന്ന് കാണണെന്ന് ഞാൻ പറഞ്ഞു. അപ്പോൾ സംഗീത മാം അടക്കമുള്ളവരെ എന്നെ തന്നെ നോക്കിനിൽക്കുകയാണ്. അജീഷ മാം പറഞ്ഞു, നിതിൻ കൂൾ എന്ന്, ഇന്നലെത്തോടെ അയാളുടെ വിലയെല്ലാം പോയിട്ടുണ്ട്. എന്നെ കുറേ പേർ വിളിച്ച് അഭിനന്ദിച്ചു. കുറേ പേരെ പച്ചയ്ക്ക് അപമാനിച്ചിട്ടുണ്ട്.
സത്യത്തിൽ ഞാൻ പേരെടുക്കാൻ പോയതല്ല. ശരിക്കും നിങ്ങൾ തന്നെ കണ്ടില്ലേ, ഞാൻ അയാളുടെ ക്ലാസ് ശ്രദ്ധിച്ച് അയാൾ പറയുന്ന കാര്യങ്ങൾ നോക്കിക്കൊണ്ടിരിക്കുയായിരുന്നു. എന്നെ വെറുതെ എണീപ്പിച്ച് നിർത്തിയിട്ട് അമ്മയേയും കളിയാക്കി അമ്മയുടെ സർജറിയെയും കളിയാക്കി. അതിനുശേഷം പറയുകയാണ്, എന്റെ മൂന്ന് മാർക്ക് കുറച്ചെന്ന്, പേരന്റ്സിന് പോയി സർപ്രൈസ് കൊടുക്കാനും പറഞ്ഞു. അതുപോലെ ഇൻസൾട്ട്, ഒരുപരിധി വരെ ഞാൻ ക്ഷമിച്ചു, അങ്ങയേറ്റം ക്ഷമിച്ചു' - ഓഡിയോ സന്ദേശത്തിൽ പറയുന്നു.
നിധിൻരാജിന്റെ മരണത്തിൽ അധ്യാപകർക്കും സീനിയർ വിദ്യാർഥികൾക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. നിധിൻ ജീവനൊടുക്കില്ലെന്നും കാമ്പസിൽ നിന്ന് ക്രൂരമായ പീഡനം നേരിട്ടിരുന്നതായും കുടുംബം ആരോപിക്കുന്നുണ്ട്. കോളജിലെ അധ്യാപകർക്കെതിരെയാണ് കുടുംബത്തിന്റെ ഗുരുതര ആരോപണങ്ങൾ.
ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും നിധിനെ ക്രൂരമായി ഉപദ്രവിച്ചെന്ന് കുടുംബം പറയുന്നു. നിധിനെ മാനസികമായി തളർത്തി. ജാതി പറഞ്ഞും സാമ്പത്തികം പറഞ്ഞും അധിക്ഷേപിച്ചു. എച്ച്ഒഡിക്ക് എതിരെ നിധിൻ പരാതി നൽകിയതിൽ വൈരാഗ്യം ഉണ്ടായിരുന്നതായും കുടുംബം ആരോപിക്കുന്നു.
സീനിയർ വിദ്യാർഥികൾ നിധിനെ റാഗ് ചെയ്തിരുന്നതായും കുടുംബം പറയുന്നു. തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിധിൻ മെറിറ്റ് സീറ്റിൽ ആണ് ഈ വർഷം അഡ്മിഷൻ എടുത്തത്. തിരുവനന്തപുരം ചാലക്കടവ് സ്വദേശി വൈ.എൽ. രാജൻ-സി.ആർ. ലത ദന്പതികളുടെ മകനാണ്.
കഴിഞ്ഞ ദിവസം കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിധിനെ കണ്ടെത്തിയത്. നിധിൻരാജ് ലിഫ്റ്റിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പോലീസ് മൊബൈൽ ഫോൺ ഉൾപ്പടെയുള്ളവയിലെ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിൽ വാർഷിക ആഘോഷങ്ങൾക്കിടെ കോളജിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. വ്യാഴാഴ്ച നടന്ന പരിപാടിക്കിടെയാണ് സംഘർഷം ഉണ്ടായത്.
കോളജിലെ പ്രവേശന കവാടത്തിന് സമീപം വിദ്യാർഥികൾ പരസ്പരം മേശയും ഇഷ്ടികയും എറിഞ്ഞു. ഇതോടെ പരിപാടികൾ നർത്തിവച്ചു. വാർഷികത്തിന് കുറച്ച് ദിവസങ്ങൾക്ക് മുന്പ് കേളജിൽ പ്രതിഷേധം നിലനിന്നിരുന്നു. പരിപാടിക്കായി കോളജ് മൈതാനം ഉപയോഗിക്കാൻ അധികൃതർ അനുമതി നിഷേധിച്ചതായി വിദ്യാർഥി യൂണിയൻ ആരോപിച്ചു.
സംഘർഷം നടക്കുന്പോൾ സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. തർക്കം രൂക്ഷമായതോടെ പോലീസ് ഇടപ്പെട്ടിരുന്നു.
പരിപാടികൾ വൈകുന്നേരം അഞ്ച് മണിയോടെ അവസാനിച്ചുവെന്നും സംഘർഷത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കോളജ് അധികൃതർ പറഞ്ഞു.
Kerala
കാഞ്ഞിരപ്പള്ളി: കേരളത്തിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾക്കായി നടപ്പിലാക്കിയ 2025ലെ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (കെഐആർഎഫ്) നാലാം റാങ്ക് കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജ് (ഓട്ടോണമസ്).
രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിൽ നടന്ന ചടങ്ങിലാണ് റാങ്കിംഗ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. മാനേജ്മെന്റ് പ്രതിനിധി റവ.ഡോ. സിജു ജോൺ, ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ. നിമി ആൻ വിൻസെന്റ് എന്നിവർ ചേർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
മികച്ച അധ്യാപക - വിദ്യാർഥി അനുപാതം, അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണങ്ങൾ, നവീന ആശയങ്ങൾക്കും സംരംഭകത്വത്തിനും നൽകുന്ന മുൻഗണന, മികച്ച പ്ലേസ്മെന്റ് - ഉപരിപഠന സാധ്യതകൾ, കാമ്പസിലെ വിദ്യാർഥി വൈവിധ്യം എന്നീ വിഭാഗങ്ങളിൽ ഉയർന്ന സ്കോറുകൾ നേടിയാണ് കോളജ് ഈ നേട്ടം കൈവരിച്ചത്.
കൂടാതെ, പേറ്റന്റ് സംബന്ധമായ സംഭാവനകൾക്കുള്ള വിഭാഗത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനവും കോളജ് കരസ്ഥമാക്കി. നാക് എ പ്ലസ് ഗ്രേഡ് അംഗീകാരമുള്ള അമൽജ്യോതിയിൽ ഏഴ് എൻബിഎ അക്രഡിറ്റഡ് പ്രോഗ്രാമുകളുണ്ട്.
District News
മാള: മെറ്റ്സ് കോളജിൽ കലാമേള രുദ്ര 2026 തുടങ്ങി. സിനിമാതാരം രാജീവ് രാജൻ ഉദ്ഘാടനംചെയ്തു.
മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗ്, മെറ്റ്സ് പോളിടെക്നിക്, കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ച് സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ പരിപാടികൾ നടന്നു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ അഡ്വ.ഡോ. ജോർജ് കോലഞ്ചേരി അധ്യക്ഷതവഹിച്ചു. അസി. പ്രഫ. അനീറ്റ അലോഷ്യസ്, അക്കാദമിക് ഡയറക്ടർ ഡോ.എ. സുരേന്ദ്രൻ, എക്സി. ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗ് പ്രിൻസിപ്പൽ ഡോ.ടി. അംബികാദേവി അമ്മ, മെറ്റ്സ് കോളജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ. ഫോൺസി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
Kerala
കോഴിക്കോട്: കൊയിലാണ്ടി പൊയില്കാവില് കോളജ് വിദ്യാര്ഥിനി വീടിനുള്ളില് തൂങ്ങിമരിച്ച നിലയില്. പൊയില്കാവ് എടക്കുളം ചാലില് പറമ്പില് അനില് കുമാര്, ലിസി ദമ്പതികളുടെ മകള് ശ്രീനന്ദയാണ് (21) മരിച്ചത്.
കൊയിലാണ്ടി ശ്രീ നാരായണ ഗുരുദേവ കോളജിലെ അവസാന വര്ഷ സൈക്കോളജി ബിരുദ വിദ്യാര്ഥിനിയാണ്. ശ്രീനന്ദയുടെ നെറ്റിയിലും താടിയിലും മുറിവുണ്ട്. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വൈകിട്ട് അഞ്ചരയോടെ കോളജില്നിന്ന് വീട്ടിലെത്തിയ ശ്രീനന്ദയെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്ത് കാണാന് മാതാപിതാക്കള് വിളിച്ചെങ്കിലും പോയില്ല. പിന്നീട് വീട്ടിലെത്തിയ പിതാവാണ് വീട് അകത്തുനിന്നു പൂട്ടിയ നിലയില് കണ്ടത്.
ജനലിലൂടെ നോക്കിയപ്പോള് മകള് തൂങ്ങിനില്ക്കുന്ന നിലയില് കണ്ട പിതാവ് സമീപവാസിക്കൊപ്പം വാതില് തകര്ത്ത് വീട്ടിനുള്ളില് കയറി. മെഡിക്കല് കോളജ് ആശുപത്രിയില് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കല് കോളജ് ആശുപത്രി മോര്ച്ചറിയില്.
District News
കോതമംഗലം: സർഗാത്മകതയുടെ സമസ്ത മേഖലയിലും വെന്നിക്കൊടി പാറിച്ച ഉന്നത പ്രതിഭകളെ സംഭാവന ചെയ്ത കലാലയമാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളജെന്ന് പ്രശസ്ത എഴുത്തുകാരനും, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുഭാഷ് ചന്ദ്രൻ.
ഇവിടെ പഠിച്ച് കലാ, സാഹിത്യ, സാംസ്കാരിക, ചലച്ചിത്ര മേഖലയിൽ തിളങ്ങുന്ന പ്രതിഭകളെ മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ ആദരിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താൻ അഭിമാനത്തോടെയും, സ്നേഹത്തോടെയും, ആദരവോടെയും കാണുകയും, കേൾക്കുകയും ചെയ്യുന്ന സംവിധായകർ, എഴുത്തുകാർ, ഗായകർ എന്നിവരെല്ലാം ഒരേ വേദിയിൽ സംഗമിക്കുന്ന മനോഹര കാഴ്ചയ്ക്കാണ് ഇൻഡോർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചതെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.
എംഎ കോളജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ആദരിക്കൽ ചടങ്ങ്. എംഎ കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽമാരായ ഡോ. മഞ്ജു കുര്യൻ, ഡോ. ബോസ് മാത്യു ജോസ്, മുൻ പ്രിൻസിപ്പൽമാരായ പ്രഫ. എം.കെ. ബാബു, ഡോ. സോളി ജോർജ്, എഴുത്തുകാരായ ഡോ. ടി.എ.സ് ജോയ്, വി.ജെ. ജെയിംസ്, ചലച്ചിത്ര സംവിധായകരായ രഞ്ജിത് ശങ്കർ, കോളജ് ഫിലിം ക്ലബ് ഇൻചാർജ് ഡോ. അശ്വതി ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു .
ചലച്ചിത്ര പ്രതിഭകളായ ബി. അജിത് കുമാർ, രഞ്ജിത്ത് ശങ്കർ, ദേവദത്ത് ഷാജി, ആദർശ് സുകുമാരൻ, സതീഷ് പോൾ, ഏബിൾ ബേബി, പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ, അരുൺ ആലപ്പാട്ട്, രഞ്ജിത്ത് കൃഷ്ണമോഹൻ, അനുഷ അരവിന്ദാക്ഷൻ, അരുണിമ, സാഹിത്യ പ്രതിഭകളായ ഡോ. ടി.എസ്. ജോയ്, വി.ജെ. ജെയിംസ്, കെ.വി. സജയ് ., സുദീപ് ഇളയിടം, ജെയിൻ ജോസഫ്, അക്ബർ, തുടങ്ങി പൂർവ വിദ്യാർഥികൾ ആദരവ് ഏറ്റുവാങ്ങി.
National
അഹമ്മദാബാദ്: ഗുജറാത്തിൽ കോളജ് വിദ്യാർഥിനി ക്ലാസ് മുറിയിൽ ജീവനൊടുക്കി. ഗാന്ധിനഗറിലെ സെക്ടർ -7 ലെ ജെഎം ചൗധരി കോളജിലെ ഒന്നാം വർഷ ബിഎ വിദ്യാർഥിനി ശിവാനി അഹിർ(19) ആണ് തൂങ്ങി മരിച്ചത്.
പത്താൻ ജില്ലക്കാരിയാണ് ശിവാനി അഹിർ. ബുധനാഴ്ച വൈകുന്നേരം കോളജ് കാമ്പസിലെ ഹോസ്റ്റലിൽ നിന്ന് ശിവാനിയെ കാണാതായിരുന്നു. തുടർന്ന് കോളജ് അധികൃതരും പോലീസും തിരച്ചിൽ നടത്തുകയും വിവരം ശിവാനിയുടെ കുടുംബത്തെ അറിയിക്കുകയും ചെയ്തു.
തുടരന്വേഷണത്തിൽ ഒഴിഞ്ഞ ക്ലാസ് മുറിയിൽ ശിവാനിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിലെ സീലിംഗ് ഫാനിൽ കെട്ടിത്തൂങ്ങിയാണ് ശിവാനി മരിച്ചത്.
സംഭവത്തിൽ ഗാന്ധിനഗർ സെക്ടർ 7 പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചുവെന്നും ഗാന്ധിനഗർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദിവ്യ പ്രകാശ് ഗോഹിൽ പറഞ്ഞു.
National
ബംഗളൂരു: കർണാടകയിൽ മെഡിക്കൽ വിദ്യർഥിനി ജീവനൊടുക്കി. യശ്വസിനി എന്ന പെൺകുട്ടിയെയാണ് ബംഗളൂരുവിലെ ചന്ദപുരയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ അധ്യാപകർക്കെതിരെ ആരോപണവുമായി യശസ്വിനിയുടെ മാതാപിതാക്കൾ രംഗത്തെത്തി. യശസ്വിനിയെ സഹപാഠികളുടെ മുന്നിൽ വച്ച് അധ്യാപകർ അപമാനിച്ചുവെന്നും അവളുടെ നിറത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും മോശം പരാമർശം നടത്തിയെന്നും ബന്ധുക്കൾ ആരോപിച്ചു.
ഒരിക്കൽ കണ്ണിന് വേദനയുണ്ടെന്ന് പരാതിപ്പെട്ടപ്പോൾ അധ്യാപകൻ അശ്ലീല ഭാഷ ഉപയോഗിച്ചതായും ആരോപണമുണ്ട്. യശസ്വിനിക്ക് സെമിനാറുകളിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു.
യുവതിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോളജ് പ്രിൻസിപ്പൽ ഉൾപ്പെടെ അഞ്ച് അധ്യാപകർക്കെതിരെ സൂര്യനഗർ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
Kerala
കോഴിക്കോട്: മിനിവാൻ സ്കൂട്ടറിലിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു. ബാലുശേരി ഏകരൂർ സ്വദേശി വഫ ഫാത്തിമയാണ് മരിച്ചത്.
ഇന്ന് രാവിലെ 9.30ന് കുന്ദമംഗലം പതിമംഗലത്താണ് അപകടം. കോഴിക്കോട് പ്രൊവിഡൻസ് കോളജ് ട്രാവൽ ആൻഡ് ടൂറിസം വിദ്യാർഥിനിയായ വഫ ഫാത്തിമ പരീക്ഷക്കായി കോളജിലേക്ക് സ്കൂട്ടറിൽ പോകവേയാണ് അപകടം.
കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന വഫയുടെ സ്കൂട്ടറിലേക്ക് എതിർ ദിശയിൽ വന്ന മിനിവാൻ ഇടിച്ച് കയറുകയായിരുന്നു.
തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിനിവാൻ അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
Kerala
ഇടുക്കി: കുട്ടിക്കാനം മരിയൻ കോളജിലെ വിദ്യാർഥി കയത്തിൽ മുങ്ങി മരിച്ചു. കോളജിലെ രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർഥി കരിമ്പൻ സ്വദേശി അരവിന്ദ് കെ. സുരേഷ് (19) ആണ് മരിച്ചത്.
തട്ടാത്തിക്കാനത്ത് ആണ് സംഭവം. വ്യാഴാഴ്ച്ച മൂന്നരയോടെ സുഹൃത്തുക്കളോടൊപ്പം എത്തിയ അരവിന്ദ് കാൽവഴുതി കയത്തിൽ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ അരവിന്ദിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പ്രദേശവാസികളും വിദ്യാർഥികളും ചേർന്നാണ് അരവിന്ദിനെ കയത്തിൽനിന്ന് പുറത്തെടുത്തത്.
ഇതിനിടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ അരവിന്ദിന് സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച്ച ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കഴിഞ്ഞ മാസം രണ്ടാംതീയതി ഹരിപ്പാട് സ്വദേശിയായ യുവാവ് ഇവിടെ മുങ്ങി മരിച്ചിരുന്നു.
National
ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം. ലക്ഷ്മി ഭായ് കോളജിലെ രണ്ടാം വർഷം ബിരുദ വിദ്യാർഥിനിക്ക് നേരെയാണ് ബൈക്കിലെത്തിയ മൂവർ സംഘം ആസിഡ് ഒഴിച്ചത്.
പ്രതികൾ പെൺകുട്ടിയുടെ മുഖത്തേക്കാണ് ആസിഡ് ഒഴിച്ചത്. പെൺകുട്ടി കൈകൊണ്ട് തടഞ്ഞതിനാൽ കൈക്കു മാത്രമാണ് പൊള്ളലേറ്റത്. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
അർമാൻ, ഇഷാൻ, ജിതേന്ദർ എന്നിവരാണ് ആക്രമണം നടത്തിയത്. ഇതിൽ ജിതേന്ദർ തന്നെ പലതവണ ശല്യം ചെയ്തിരുന്നുവെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി.
ഇതേ ചൊല്ലി ഇവർ തമ്മിൽ വാക്കു തർക്കവും ഉണ്ടായിരുന്നു. ഇതിന്റെ പകപോക്കലാണ് ആസിഡ് ആക്രമണം എന്നാണ് പോലീസിന്റെ നിഗമനം. ആക്രമണത്തിനുശേഷം സ്ഥലത്തുനിന്നും കടന്നു കളഞ്ഞ മൂവരെയും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്പരം പോരടിച്ച് കെഎസ്യുവും എംഎസ്എഫും. മുട്ടിൽ ഡബ്ലൂഎംഒ കോളജ് തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം എംഎസ്എഫ് മുട്ടിലിൽ നടത്തിയ പ്രകടനത്തിലാണ് കോൺഗ്രസ് നേതാക്കളെ അതിരൂക്ഷമായി വിമർശിച്ച് മുദ്രാവാക്യം മുഴക്കിയത്.
കോൺഗ്രസ് നേതാക്കളായ ഐ.സി.ബാലകൃഷ്ണനും, ടി.സിദ്ധിഖും നിയമസഭ കാണില്ലെന്ന് ഭീഷണിയും എംഎസ്എഫ് മുഴക്കി. ഇരു നേതാക്കളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി ബാനർ പിടിച്ചായിരുന്നു പ്രകടനം. തർക്കത്തെ തുടർന്ന് പല കോളജുകളിലും എംഎസ്എഫും കെഎസ്യുവും സഖ്യം ഉണ്ടായിരുന്നില്ല.
അതേസമയം കോഴിക്കോട് കൊടുവള്ളി ഓർഫനേജ് കോളജിൽ വിജയിച്ച കെഎസ്യു എംഎസ്എഫിന് എതിരെ ബാനർ ഉയർത്തി പ്രകടനം നടത്തി. എംഎസ്എഫ് തോറ്റു മതേതരം ജയിച്ചു എന്നായിരുന്നു കെഎസ്യു ഉയർത്തിയ ബാനർ.
Kerala
മലപ്പുറം: യൂണിയൻ തെരഞ്ഞെടുപ്പിൽ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളജിൽ ചരിത്രം കുറിച്ച് എസ്യുസിഐയുടെ വിദ്യാർഥി സംഘടന എഐഡിഎസ്ഒ. ചെയർമാൻ സീറ്റിൽ എഐഡിഎസ്ഒ സ്ഥാനാർഥിയായി മത്സരിച്ച എം.എസ്.അലൻ തകർപ്പൻ വിജയം നേടി.
229 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അലന്റെ ജയം. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ സമര നേതാവ് എസ്.മിനിയുടെ മകനാണ് അലൻ. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയാണ് തങ്ങൾ ജയിച്ചതെന്ന് എഐഡിഎസ്ഒ നേതാക്കൾ പറഞ്ഞു.
അറബിക്ക് അസോസിയേഷനിൽ യുഡിഎസ്എഫ് വിജയം നേടിയപ്പോൾ ബാക്കി എല്ലാ സീറ്റും എസ്എഫ്ഐ വിജയിച്ചു.
Kerala
തിരുവനന്തപുരം: ക്രിമിനല് കേസില് പ്രതികളായാല് അഡ്മിഷന് ഇല്ലെന്ന തീരുമാനവുമായി കേരള വിസി മുന്നോട്ട്.
വിഷയത്തില് കോളജുകള്ക്ക് വിസി മോഹന് കുന്നുമ്മല് സര്ക്കുലര് അയച്ചു. പ്രവേശനം നേടുന്നവര് ക്രിമിനല് കേസുകളില് ഉള്പ്പെട്ടിട്ടില്ല എന്ന് സത്യവാംഗ്മൂലം നല്കണമെന്നും സര്ക്കുലറിലുണ്ട്.
സത്യവാംഗ്മൂലം ലംഘിച്ച് കേസില് പ്രതികളായാല് നടപടി എടുക്കാം. സസത്യവാംഗ്മൂലത്തിൽ നാല് ചോദ്യങ്ങളാണ് ഉള്പ്പെടുത്തിയിരിക്കുന്നത്.
കോളേജുകളില് നിന്ന് ഡീബാര് ചെയ്യപ്പെട്ടിട്ടുണ്ടോ?, ക്രിമിനല് കേസുകളില് പ്രതികളാണോ?, സ്ത്രീകള്ക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനല് കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ?, പരീക്ഷ ക്രമക്കേടില് പെട്ടിട്ടുണ്ടോ? എന്നിവയാണവ.
ഈ ചോദ്യങ്ങള്ക്ക് പ്രവേശനം നേടുന്ന വിദ്യാർഥികള് മറുപടി നല്കണം. സര്ക്കുലര് ലംഘിച്ചാല് നടപടി കോളജ് കൗണ്സിലിന് തീരുമാനിക്കാമെന്നും സര്ക്കുലറില് വ്യക്തമാക്കുന്നു.
അതേസമയം, നടപടിയില് പ്രതിഷേധമറിയിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തി. ചരിത്ര നിഷേധ ഉത്തരവുകള് പൊതുജനങ്ങള് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് എസ്എഫ്ഐ ഫേസ്ബുക്ക് കുറിപ്പില് വ്യക്തമാക്കി. വൈസ് ചാന്സലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു.