DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
"ലോകത്തിലെ ഏറ്റവും ശക്തമായ ശക്തി സ്നേഹമാണ്. എവിടെ സ്നേഹമുണ്ടോ, അവിടെ ജീവിതമുണ്ട്'' എന്ന് ലോകത്തോടു വിളിച്ചുപറഞ്ഞ മനുഷ്യത്വത്തിന്റെ പ്രവാചകനായ നമ്മുടെ രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ജന്മദിനമാണ് നാളെ, ഒക്ടോബർ രണ്ട്! "ഗാന്ധിജയന്തി' എന്നു ലോകം ആദരവോടെ വിളിക്കുന്ന സുദിനം! മനുഷ്യജീവന്റെ കാവലാളായി അഹിംസാ സിദ്ധാന്തത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ഗാന്ധിജിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാദിനമായി ഐക്യരാഷ്ട്രസഭ ആഘോഷിക്കുകയാണ്!
ജീവിതം അമൂല്യമായ ദൈവദാനമാണ് ഗാന്ധിജിക്ക്. ഓരോ നിമിഷവും അമൂല്യമാണ് എന്ന് അറിഞ്ഞുകൊണ്ട്, ജീവിക്കണം എന്നാണ് അദ്ദേഹം പഠിപ്പിക്കുന്നത്. ""നാളെ മരിക്കുമെന്ന രീതിയിൽ ഇന്നു ജീവിക്കുക. ജീവിതാവസാനം വരെ ജീവിക്കുമെന്ന രീതിയിൽ ഇന്നു പഠിക്കുക!'' വിദ്യാർഥികൾ പഠനത്തിനു കൊടുക്കേണ്ട പ്രാധാന്യമാണ് അദ്ദേഹം ഊന്നിപ്പറയുന്നത്. പഠനം, പരീക്ഷയ്ക്കുവേണ്ടി മാത്രമല്ല, ജീവിതാവസാനംവരെ ജീവിക്കാൻ വേണ്ടിയാണ് എന്ന് നാം മനസിലാക്കുന്പോൾ എന്തൊരാവേശമുണ്ടാകും നമ്മുടെ പഠനത്തിന്!
"ലോകത്തുള്ള എല്ലാ മനുഷ്യരുടെയും ആവശ്യത്തിനുള്ളത് നമ്മുടെ ഭൂമിയിലുണ്ട്. എന്നാൽ, ആരുടെയും അത്യാഗ്രഹത്തിനുള്ളത് ഭൂമിയിലില്ല'' എന്ന വിഖ്യാത ദർശനം രാഷ്ട്രപിതാവ് നൽകുന്പോൾ, കൂട്ടുകാരേ, നമ്മുടെ രാജ്യത്തുള്ള ദാരിദ്ര്യത്തിന്റെ അടിസ്ഥാന കാരണത്തിലേക്ക് അദ്ദേഹം വിരൽ ചൂണ്ടുകയാണ്. ഇവിടെ, പത്തു ശതമാനം പേരുടെ ആർത്തിയും അത്യാഗ്രഹവും 90 ശതമാനം പേരെയും ദരിദ്രരാക്കുകയാണ് എന്ന സത്യം നമ്മൾ തിരിച്ചറിയണം. സ്വാതന്ത്ര്യത്തിന്റെ 80 വർഷങ്ങൾ പിന്നിടുന്പോഴും ഇന്ത്യയിൽ എട്ടുകോടിയിലേറെ ഇന്ത്യക്കാർ ഒരു ദിവസം 60 രൂപ പോലും വരുമാനമില്ലാത്തവരാണ്! 40 കോടിയോളം ഇന്ത്യക്കാർ ഒരു ദിവസം 84 രൂപ പോലും വരുമാനമില്ലാതെയാണ് ജീവിക്കുന്നത്!
കൂട്ടുകാരേ, ഇന്നത്തെ കൊച്ചേട്ടന്റെ കത്തിന് അന്തിയാകാത്ത ജയന്തികൾ എന്ന് ശീർഷകം നൽകുന്പോൾ, ഇന്ത്യയിലും ലോകത്തിലും ഗാന്ധിജിയുടെ ദർശനങ്ങൾക്ക് അന്തിയാകരുത് എന്ന്, അന്ത്യമുണ്ടാകരുത് എന്ന് ആഗ്രഹിക്കുകയാണ്. ഗാന്ധിദർശനങ്ങൾക്ക് എന്നും ജയമുണ്ടാകണം. ""വിദ്യാഭ്യാസം എന്നത് എഴുത്തും വായനയും പഠിക്കുക മാത്രമല്ല, അത് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്താർജിക്കലാണ്'' എന്ന ഗാന്ധിസൂക്തത്തിന് കൂട്ടുകാരുടെ ജീവിതത്തിൽ എന്നും ജയന്തിയുണ്ടാകണം!
ഇന്ത്യയുടെ കാന്തിയാണ് ഗാന്ധി! ഭാരതത്തിന്റെ നാനാത്വത്തിലെ ഏകത്വം എന്ന ആദർശത്തിന് പ്രായോഗികമായ തുടർച്ച സാധ്യമാണ് എന്ന് അദ്ദേഹം വിശ്വസിച്ചു! ""രണ്ട് ഇലകൾ ഒരുപോലെയായിരുന്നില്ല. എന്നിട്ടും അവയ്ക്കിടയിലോ, അവ വളരുന്ന കൊന്പുകൾക്കിടയിലോ യാതൊരു വൈരാഗ്യവുമില്ല'' എന്ന് ഗാന്ധിജി പറയുന്പോൾ, നമുക്കിടയിലെ ജാതി, മത, രാഷ്ട്രീയ ദേശ ഭാഷാ ഭിന്നതകൾക്ക് യാതൊരു അടിസ്ഥാനവുമില്ല എന്ന് അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തുകയാണ്!
"നിങ്ങൾക്ക് എന്നെ ചങ്ങലയ്ക്കിടാം. നിങ്ങൾക്ക് എന്നെ ഉപദ്രവിക്കാം. എന്റെ ശരീരത്തെ നശിപ്പിക്കാം. എന്നാൽ, എന്റെ മനസിനെ ജയിലിലടയ്ക്കാൻ നിങ്ങൾക്കു കഴിയില്ല.'' എന്ന ഗാന്ധിവചനങ്ങൾ തന്നെയാണ്, ഒരിക്കലും ഗാന്ധിജയന്തിക്ക് അന്തിയാവില്ല എന്നു വിശ്വസിക്കാൻ കാരണം. ഇന്ന് ആർക്കും അസത്യത്തെ സത്യത്തേക്കാൾ ആകർഷകമായി അവതരിപ്പിക്കാം. സത്യത്തെ കൂടുതൽ വിരൂപമാക്കാം. എന്നാൽ, യഥാർത്ഥ സത്യത്തെ ഇല്ലാതാക്കാൻ ആർക്കുമാവില്ല. ഗാന്ധി, സത്യത്തിന്റെ പ്രഘോഷകനാണ്. സത്യമാണ് ഗാന്ധിജിയുടെ ദൈവം! ആ ദൈവം നിത്യസത്യമായ സ്നേഹമാണുതാനും. നമുക്കും ഗാന്ധിസം ജീവിതശൈലിയാക്കാം. ഇന്ത്യയുടെ കാന്തിയാകാം!
ആശംസകളോടെ
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
കാഞ്ഞിരപ്പള്ളി: ദീപിക ബാലസഖ്യം മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖല ടാലന്റ് ഫെസ്റ്റുകൾ ഒക്ടോബർ പത്തിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് എച്ച്എസ്എസിൽ നടക്കും. രണ്ടു മേഖലകൾക്കും പ്രത്യേകം മത്സര മുണ്ടായി രിക്കും.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം. ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. രചനാമത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.
ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം.
പ്രസംഗമത്സരത്തിനുള്ള വിഷയങ്ങൾ:ഹൈസ്കൂൾ വിഭാഗം - 1) 1.യുദ്ധങ്ങളും അശാന്തിയും നിറഞ്ഞ ലോകത്ത് സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പ്രസക്തി. 2)ആധുനിക ജീവിതവും ആധുനിക മനുഷ്യന്റെ ആരോഗ്യവും.
യു.പി വിഭാഗം - 1) ഡിജിറ്റൽ യുഗത്തിലെ അച്ചടക്കവും കൃത്യനിഷ്ഠയും - ഇന്നത്തെ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ 2.സാഹോദര്യത്തിന്റെ കേരള മാതൃക- ദുരന്തങ്ങളിൽ കൈകോർത്ത നമ്മൾ
എൽപി വിഭാഗം 1) ലോകകപ്പ് ഫുട്ബോൾ- മൈതാനങ്ങൾ പഠിപ്പിക്കുന്ന 'നാം ഒരു കുടുംബം' എന്ന പാഠം. 2.നാം ഒരു കുടുംബം: എന്റെ കൊച്ചു ലോകത്തെ സ്നേഹക്കാഴ്ചകൾ.
എൽപി വിഭാഗത്തിന് മേഖല, പ്രവിശ്യാ തലങ്ങളിൽ ആദ്യത്തെ ഒരു വിഷയം മാത്രമായിരിക്കും ഉണ്ടായിരിക്കുക. സംസ്ഥാനതലമത്സരത്തിൽമാത്രം രണ്ടു വിഷയങ്ങളും പഠിച്ചാൽ മതിയാകും.
യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിൽ മേഖല, പ്രവിശ്യ, സംസ്ഥാനതലത്തിലും, എൽപി വിഭാഗത്തിൽ സംസ്ഥാനതലത്തിലും നല്കിയിട്ടുള്ള രണ്ടു വിഷയങ്ങളിൽ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന ഒരു വിഷയമാണ് പ്രസംഗിക്കേണ്ടത്.
മേഖല മത്സരത്തിന് ഒരു ശാഖയിൽനിന്നും ഒരു വ്യക്തിഗത ഇനത്തിൽ ഒരു കുട്ടിയേയും ഗ്രൂപ്പ് ഇനത്തിൽ ഒരു ടീമിനെയും പങ്കെടുപ്പിക്കാം. പങ്കെടുക്കുന്ന കുട്ടികളുടെ പേരുകൾ ഒക്ടോബർ അഞ്ചിനകം ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിന് 6238219465 എന്ന വാട്സാപ്പ് നന്പരിൽ അയച്ചുകൊടുക്കേണ്ടതാണ്.
DCL (Deepika Children’s League)
കാലടി മേഖലയിലെ വിദ്യാർത്ഥി നേതാക്കൾക്ക് വേണ്ടി ഏകദിന നേതൃത്വ പരിശീലന ശില്പശാല സംഘടിപ്പിക്കുന്നു നാളെ രാവിലെ ഒൻപതു മുതൽ വൈകുന്നേരം 3.30 വരെ കാഞ്ഞൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ ആയിരിക്കും ശില്പശാല നടക്കുന്നത്.
മേഖലയിലെ ഒൻപതു സ്കൂളുകളിൽ നിന്ന് എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളായിരിക്കും ശില്പശാലയിൽ പങ്കെടുക്കുന്നത്.പി.ജെ തോമസ്, ജയ്നി സാം രാജ്, പി.എ. ദേവസി, ജി.യു. വർഗീസ് എന്നിവർ ക്ലാസുകൾ നയിക്കും.
കാലടി മേഖല പ്രസിഡന്റ് പൗളി വർഗീസ്, വൈസ് പ്രസിഡന്റ് പോളി കാടപ്പറമ്പിൽ, മേഖല ഓർഗനൈസർ മാരായ ബേബി പള്ളിപ്പാട്ട്, സില്വി വർഗീസ്, ലാലു ഉറുമീസ്, ശാഖാ ഡയറക്ടർമാരായ ഡോ. ലക്ഷ്മി എസ്. മേനോൻ, സ്മിതാ വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യംസംഘടിപ്പിക്കുന്ന ഡിസിൽ ഐക്യു ഒളിന്പ്യാഡ് ഒക്ടോബർ 17-ന് കേരളത്തിലെ ആയിരത്തോളം പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും.
എൽകെജി മുതൽ പത്താംക്ലാസ് വരെയുള്ള കുട്ടികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്. രാവിലെ 10 മുതൽ11 വരെയാണ് പരീക്ഷ. 9.30-ന് കുട്ടികൾ പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം.
DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
ആ വാർത്ത കേട്ടപ്പോൾത്തന്നെ ജോളി തീരുമാനിച്ചതാണ്.എന്തു വിലകൊടുത്തും കാനഡയിൽനിന്ന് കേരളത്തിലെത്തണം. എങ്ങനെയും തന്റെ ജ്യേഷ്ഠസഹോദരനെ കാണണം. സ്നേഹം പങ്കുവയ്ക്കണം. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനകാലത്ത്, അരികിലിരുന്ന് ആവശ്യമായ ശുശ്രൂഷകൾ നല്കണം. കാരണം, ഏറ്റവും മൂത്ത ആങ്ങള അവർക്ക് അപ്പനു തുല്യമായിരുന്നു! സഹോദരങ്ങളിൽ ഏറ്റവും ഇളയവളായ തന്നെ, സ്വന്തം മകളെപ്പോലെ സ്നേഹിച്ച്, വളർച്ചയുടെ വഴികളിൽ പ്രചോദിപ്പിച്ച്, വാക്കിലും ശീലങ്ങളിലും പെരുമാറ്റത്തിലും മാതൃക നൽകി, തളർന്ന കാലങ്ങളിൽ താങ്ങായി നിന്ന്, ഇന്നായിരിക്കുന്ന അവസ്ഥയിലേക്ക് വളരാൻ കൂടെനിന്ന് കരുത്തേകി, മറ്റാരേയുംകാൾ തന്റെ നൊന്പരങ്ങൾ കേട്ട് അപ്പനെപ്പോലെ ആയിരിക്കുന്ന ജ്യേഷ്ഠന്റെ അരികിലെത്താൻ ജോളിക്ക് വെറും യാത്രാദൂരംമാത്രമേ ആവശ്യമായി വന്നുള്ളൂ.
വീട്ടുകാർ അതിശയിച്ചുപോയി. രണ്ടു തവണയായി അവർ ആറേഴുമാസക്കാലം സഹോദരന്റെ കൂടെ വസിച്ചു. ബാല്യകാല കഥകൾ പറഞ്ഞു. ഒരുമിച്ചു വളർന്നതും വളർത്തിയതുമെല്ലാം സ്നേഹസ്മരണകളായി ഇന്നും കൂടെയുണ്ട് എന്ന കുഞ്ഞനുജത്തിയുടെ വെളിപ്പെടുത്തൽ, ആ മൂത്ത ആങ്ങളയ്ക്ക് വലിയ സ്നേഹാനുഭവം നല്കി.
കാനഡയിലിരുന്ന് പ്രാർത്ഥിച്ചാൽ പോരായിരുന്നോ? എന്നും തന്നെ വീഡിയോകോൾ വിളിക്കുന്നതല്ലായിരുന്നോ, പിന്നെന്തിന് ഇത്രയും കഷ്ടപ്പെട്ട്...? എന്നെല്ലാമുള്ള കുടുംബാംഗങ്ങളുടെയും സ്നേഹിതരുടെയുമെല്ലാം ചോദ്യങ്ങൾക്ക് ഹൃദയം നിറയെ ജോളിയായി ജോളി നൽകിയ മറുപടി ഒരു പുഞ്ചിരി മാത്രമായിരുന്നു!
കൂട്ടുകാരേ, ഇത് എനിക്ക് അടുത്തറിയാവുന്ന ഒരു കാര്യമാണ്. ഇക്കാര്യം ഞാൻ വീണ്ടും ഓർക്കാൻ കാരണമുണ്ട്. ഈയടുത്തകാലത്ത് തുടരെ തുടരെ കേൾക്കുന്നത് നമ്മുടെ നാട്ടിൽ ബന്ധങ്ങളിലെ അകൽച്ചകൊണ്ട്, പൊട്ടിത്തകരുന്ന കുടുംബജീവിത കഥകളാണ്. ശത്രുതയും പകയും വളർന്ന് രക്തബന്ധങ്ങൾക്കു വില നഷ്ടപ്പെടുന്ന സംഭവങ്ങളാണ്. മാതാപിതാക്കൾ മക്കളെ ഉപദ്രവിക്കുന്നു; ജീവഹാനി വരുത്തുന്നു! മക്കൾ മാതാപിതാക്കളോട് ക്രൂരമായി പെരുമാറുന്നു! സഹോദരങ്ങൾ തമ്മിൽ ശത്രുക്കളേക്കാൾ മോശമായി പകയുടെ തീയിൽ പരസ്പരം വെന്തുനീറുന്നു!
"അകലെയാണെങ്കിലും നമ്മൾ എപ്പോഴും അടുത്താണ്'' എന്നും ""അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരൂ മാത്ര വെറുതെ നിനച്ചുപോയി'' എന്നുമെല്ലാം പറയുന്നതും പാടുന്നതും ചില ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ മാത്രമല്ല, മക്കളെയൊക്കെ പഠിപ്പിച്ചുവിട്ട് ഒറ്റയ്ക്കായി വീട്ടിൽ മൗനത്തോടുമാത്രം കുശുന്പുകുത്തിയിരിക്കുന്ന പെറ്റമ്മമാരുടെ നൊന്പരക്കാറ്റിലും നെറ്റിയിലെ വേർപ്പിനെപ്പോലും ഒറ്റിക്കൊടുക്കുന്ന ജെൻസി തലമുറ അനാഥമാക്കുന്ന അച്ഛന്മാരുടെ നെടുവീർപ്പുകളിലും നമുക്ക് കേൾക്കാൻ കഴിയും; ചെവിയോർത്താൽ മാത്രം!
പ്രിയ കൂട്ടുകാരേ, കാനഡയിൽനിന്നു കേരളത്തിൽവന്ന് സഹോദരനോട് നേരിട്ടു സംസാരിച്ച് സ്നേഹം പ്രകടിപ്പിക്കുന്ന പെങ്ങളെ നമ്മൾ കണ്ടു. എന്നാൽ, ഈ കത്ത് വായിക്കുന്ന കൂട്ടുകാർ, സ്വന്തം വീട്ടിലുള്ള ഓരോരുത്തരോടും എത്രമാത്രം സംസാരിക്കുന്നുണ്ട്! സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്. കൂടുതൽ മിണ്ടാനാണോ, പരമാവധി സംസാരം ഒഴിവാക്കി, സോഷ്യൽ മീഡിയ അടിമത്തത്തിന് വിട്ടുകൊടുക്കാനാണോ, കൂട്ടുകാർക്കിഷ്ടം?
സ്നേഹം നമുക്കു സ്നേഹത്തോടെതന്നെ പ്രകടിപ്പിക്കാം. സ്നേഹിക്കുന്നവർ എത്ര അകലെയാണെങ്കിലും അവരുടെ ഹൃദയങ്ങൾ തമ്മിൽ ദൂരമില്ല! അങ്ങനെ അകലമില്ലാത്ത, അകലമറിയാത്ത ദൂരങ്ങൾ നമുക്ക് എത്ര ഹൃദയങ്ങളോടുണ്ട് എന്നതാണ് ചിന്തനീയം!
ചിലപ്പോൾ ഒരേ വീട്ടിലാണ്, തൊട്ടടുത്താണ്, എങ്കിലും, സ്നേഹമില്ലെങ്കിൽ ഹൃദയങ്ങൾ തമ്മിൽ വലിയ ദൂരമുണ്ടെന്നു തോന്നും! അതിനാൽ, നമുക്ക് നമ്മുടെ സ്നേഹവും കരുണയും, കടപ്പാടും കടമയുമാണെങ്കിൽ അതു പ്രകടിപ്പിക്കുകതന്നെ വേണം! നമുക്ക് അല്പംകൂടി പരസ്പരം അടുപ്പമുള്ളവരാകാം. അകലമില്ലെന്ന് അറിയിക്കാം. അത് സ്വന്തം കൂടുംബബന്ധങ്ങളിൽനിന്ന് ആരംഭിക്കാം. അടുത്താണെങ്കിലും അകലെയാണെങ്കിലും തമ്മിൽ തമ്മിൽ ദൂരമില്ലാത്തവരാകാം...
സ്നേഹാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
ദീപിക ബാലസഖ്യം കാഞ്ഞിരപ്പള്ളി മേഖല ഭാരവാഹികളുടെയും ഡിസിഎൽ ആന്റിഡ്രഗ്സ് വോളണ്ടിയേഴ്സിന്റെയും തെരഞ്ഞെടുപ്പ് കാഞ്ഞിരപ്പള്ളി ഇന്ഫന്റ് ജഡീസസ് പബ്ലിക് സ്കൂളിൽ നടന്നു.
ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഫിൽസി സിഎംസി ഉദ്ഘാടനം ചെയ്തു. മേഖല രക്ഷാധികാരി സിസ്റ്റർ ലൂസി എസ്എബിഎസ്, ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ അധ്യാപകൻ അലൻ കുര്യൻ എന്നിവർ പ്രസംഗിച്ചു.
തുടന്നു നടന്ന മേഖല തെരഞ്ഞെടുപ്പിൽ ലീഡറായി കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. എച്ച്.എസ്.എസിലെ ജിബാനന്ദ് കെ. മാത്യു തെരഞ്ഞെടുക്കപ്പെട്ടു. അനറ്റ് മരിയ ബെന്നി (സെന്റ് മേരീസ് ജി.എച്ച്.എസ്. കാഞ്ഞിരപ്പള്ളി) - ഡെപ്യൂട്ടി ലീഡർ, മാത്യു ബിജോ (സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, ആനക്കല്ല്), മരിയ റീത്ത (സെന്റ് ജോസഫ്സ് പബ്ലിക് സ്കൂൾ, കുന്നുംഭാഗം) - കൗൺസിലർമാർ, അദ്വൈദ് അനുരാഗ് (അസംപ്ഷൻ എച്ച്.എസ്. പാലന്പ്ര, അന്ന ജോജൻ (ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ, കാഞ്ഞിരപ്പള്ളി), ട്രീസ മേരി ജോജി (സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, ആനക്കല്ല്),- ട്രഷറർ, മാർഷൽ മനോജ് (സെന്റ് ജോസഫ്സ് സ്കൂൾ, കുന്നുംഭാഗം) - പ്രോജക്ട് സെക്രട്ടറി എന്നിവരാണു മറ്റു ഭാരവാഹികൾ.
ആന്റി ഡ്രഗ് സ്ക്വാഡ് ലീഡേഴ്സായി ആൽവിഷ് ജിബിനോ (മേരിമാതാ പബ്ലിക് സ്കൂൾ, ഇടക്കുന്നം), റോണാ അഗസ്റ്റിൻ (സെന്റ് മേരീസ് ജിഎച്ച്എസ് കാഞ്ഞിരപ്പള്ളി), ലിവിയ റോസ് തോമസ് (സെന്റ് മേരീസ് എച്ച്എസ് ഇലങ്ങുളം, ആഷർ ആൻഡ്രൂസ് ആന്റണി (ഇന്ഫന്റ് ജീസസ് പബ്ലിക് സ്കൂൾ, കാഞ്ഞിരപ്പള്ളി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹികൾക്ക് മേഖല രക്ഷാധികാരി സിസ്റ്റർ ലൂസി എസ്എബിഎസ് സത്യവാചകം ചൊല്ലിക്കൊടുത്തു.
DCL (Deepika Children’s League)
മണിമല: ദീപിക ബാലസഖ്യം മണിമല-നെടുങ്കുന്നം മേഖല ടാലന്റ് ഫെസ്റ്റ് ഒക്ടോബർ രണ്ടിന് മണിമല സെന്റ് ജോർജ് ഹൈസ്കൂളിൽ നടക്കും. എൽപി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരി വിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരി വിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും.
രചനാമത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഗ്രൂപ്പ് മ്ത്സരങ്ങളിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.
ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു. പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം.
പ്രസംഗവിഷയങ്ങൾ:
ഹൈസ്കൂൾ വിഭാഗം
യുദ്ധങ്ങളും അശാന്തിയും നിറഞ്ഞ ലോകത്ത് സാഹോര്യത്തിന്റെയും സമാധാനത്തിന്റെയും പ്രസക്തി. 2)ആധുനിക ജീവിതവും ആധുനിക മനുഷ്യന്റെ ആരോഗ്യവും.
യു.പി വിഭാഗം
1) ഡിജിറ്റൽ യുഗത്തിലെ അച്ചടക്കവും കൃത്യനിഷ്ഠയും - ഇന്നത്തെ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ. 2.സാഹോദര്യത്തിന്റെ കേരള മാതൃക- ദുരന്തങ്ങളിൽ കൈകോർത്ത നമ്മൾ
എൽപി വിഭാഗം
1) ലോകകപ്പ് ഫുട്ബോൾ- മൈതാനങ്ങൾ പഠിപ്പിക്കുന്ന 'നാം ഒരു കുടുംബം' എന്ന പാഠം.
എൽപി വിഭാഗത്തിന് മേഖല, പ്രവിശ്യാ തലങ്ങളിൽ ഒരു വിഷയം മാത്രമാ യിരിക്കും ഉണ്ടായിരിക്കുക. സംസ്ഥാനതലമത്സരത്തിൽ രണ്ടു വിഷയങ്ങൾ ഉണ്ടാവും.
യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിൽ മേഖല, പ്രവിശ്യ, സംസ്ഥാനതലത്തിലും, എൽപി വിഭാഗത്തിൽ സംസ്ഥാനതലത്തിലും നല്കിയിട്ടുള്ള രണ്ടു വിഷയങ്ങളിൽ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന ഒരു വിഷയമാണ് പ്രസംഗിക്കേണ്ടത്.
മത്സരത്തിന് ഒരു ശാഖയിൽനിന്നും വ്യക്തിഗത ഇനത്തിൽ ഒരു കുട്ടിയേയും ഗ്രൂപ്പ് ഇനത്തിൽ ഒരു ടീമിനെയും പങ്കെടുപ്പി ക്കാം. കുട്ടികളുടെ പേരുകൾ സെപ്റ്റംബർ 28-ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യണം.
പങ്കെടുക്കുന്ന കുട്ടികളുടെ പേരും ക്ലാസും ഐറ്റവും മേഖല ഓർഗനൈസർ ജോസഫ് ആന്റണിയുടെ 9447772022 എന്ന ന മ്പരിൽ അയച്ചുകൊടുക്കണം.
DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
"ജാക്വിലിൻ നെയ്തിപെയ് കിപ്ലിമോ'' പറയാൻ പ്രയാസമുള്ള പേരാണെങ്കിലും, ഇന്ന് ഈ പേരു പറയുന്പോൾ ലോക കായിക ചരിത്രത്തിന് രോമാഞ്ചം വരും! ആഫ്രിക്കൻ രാജ്യമായ കെനിയയിൽനിന്നുവന്ന് ഇന്ന് ലോക കായികപ്രേമികളുടെയും മനുഷ്യത്വമുള്ള സകല മനുഷ്യരുടെയും ഹൃദയം കീഴടക്കിയ, വ്യക്തിത്വസൗന്ദര്യംകൊണ്ട്, ലോകത്തെ വിസ്മയിപ്പിച്ച ജാക്വിലിൻ മനുഷ്യത്വത്തിന്റെയും മര്യാദയുടെയും പര്യായമാണ്!
2010ൽ ചൈനയിൽ നടന്ന പ്രശസ്തമായ സെങ്ക് - കായ് ഇന്റർനാഷണൽ മാരത്തൺ ഓട്ടമത്സരത്തിൽ വനിതകളുടെ വിഭാഗത്തിലെ മത്സരാർഥിയായിരുന്നു ജാക്വിലിൻ.
ലക്ഷക്കണക്കിനു രൂപ സമ്മാനത്തുകയുള്ള ഈ മത്സരത്തിൽ വനിതകളും പുരുഷന്മാരും ഒരേസമയം ഒരേ ട്രാക്കിലൂടെത്തന്നെയാണ് ഓടിക്കൊണ്ടിരുന്നത്. തുടക്കംമുതൽ ജാക്വിലിൻ ഒന്നാമതായാണ് ഓടുന്നത്. പത്താം കിലോമീറ്റർ പിന്നിടുന്പോൾ ജാക്വിലിൻ ആ കാഴ്ച കണ്ടു! കനത്ത ചൂടിൽ സൂര്യതാപത്താൽ വലഞ്ഞ്, നിർജലീകരണംകൊണ്ട് ക്ഷീണിച്ചു വീഴാറായ റെൻ യാവോ എന്ന അത്ലറ്റ്! അയാൾ ഇരു കൈകളുമില്ലാത്ത ഒരു ഭിന്നശേഷിക്കാരൻ!
ഓട്ടക്കാർക്ക് എടുത്തുകുടിക്കാൻ വെള്ളം വച്ചിരിക്കുന്ന വാട്ടർസ്റ്റേഷനുകളിൽനിന്ന് അയാൾക്ക് വെള്ളമെടുത്തു കുടിക്കാനാകുന്നില്ല! ആരും ഒരിറ്റുവെള്ളം അയാൾക്ക് എടുത്തു കൊടുക്കുന്നുമില്ല! എങ്കിലും തന്റെ ലക്ഷ്യത്തിലെത്താനായി എല്ലാംമറന്ന് അയാൾ കഷ്ടപ്പെട്ട് ഓടുകയായിരുന്നു!
10 ലക്ഷം തുകയുള്ള ഒന്നാംസ്ഥാനത്തേക്കു കുതിക്കുകയായിരുന്ന ജാക്വിലിൻ, ഓടിത്തളർന്ന് വീഴാൻ തുടങ്ങിയ ആ ഭിന്നശേഷിക്കാരനെ കണ്ടപ്പോൾ ഓട്ടം നിർത്തി. അയാൾക്ക് വെള്ളം എടുത്തു വായിൽ ഒഴിച്ചുകൊടുത്ത് സാവകാശം അയാളോടൊപ്പം ഓടി! അയാൾ ഊർജം വീണ്ടെടുത്തതിനുശേഷംമാത്രം ജാക്വിലിൻ ഓടി! ഒന്നാംസ്ഥാനത്തിനുപകരം രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു!
അവൾക്കുവേണമെങ്കിൽ മറ്റുള്ള ഓട്ടക്കാരെപ്പോലെ, അയാളെ അവഗണിച്ച് ഓടാമായിരുന്നു! ലക്ഷങ്ങൾ നേടാമായിരുന്നു! എന്നാൽ ജാക്വിലിൻ ഓടിയില്ല. പത്താം കിലോമീറ്റർമുതൽ മുപ്പത്തെട്ടാംകിലോമീറ്റർവരെ 28 കിലോമീറ്റർ ജാക്വിലിൻ അയാളോടൊപ്പം അയാൾക്കുവേണ്ടി പതിയെ ഓടി! അവളുടെ പിന്നിലുണ്ടായിരുന്ന എല്ലാവരും അവളെ പിൻതള്ളി കുതിച്ചുപാഞ്ഞപ്പോഴും അവൾ ആ മനുഷ്യനോടൊപ്പം വെള്ളം കൊടുത്തുകൊണ്ട് ഓടി!
ഒന്നാംസ്ഥാനം കിട്ടിയില്ലെങ്കിലും ലോകം മുഴുവനും ജാക്വിലിനെ വാഴ്ത്തി! ബിബിസി, ചൈന ഡെയ്ലി, വേൾഡ് അത്ലറ്റിക്സ് എന്നീ മാധ്യമങ്ങളെല്ലാം ചരിത്രത്തിലെ ഏറ്റവും മഹത്തായ സ്പോർട്സ്മാൻ സ്പിരിറ്റായി ഈ സംഭവത്തെ വാഴ്ത്തി! വേൾഡ് ഫെയർപ്ലേ അവാർഡ് നല്കി ലോകം ജാക്വിലിനെ ആദരിച്ചു!
എട്ടാംവയസിൽ ഒരു ഇലക്ട്രിക് അപകടത്തിൽ രണ്ടു കൈകളുമറ്റുപോയ "റെൻയാവോ' തന്റെ ഇല്ലായ്മകളെ അതിജീവിച്ച് ലോക നേട്ടങ്ങൾ സ്വന്തമാക്കിയ അദ്ഭുതമനുഷ്യനായി പിന്നീടു മാറി!
പ്രിയ കൂട്ടുകാരേ, ഇതു നിങ്ങളുടെയും മത്സരകാലമാണ്. കലോത്സവങ്ങൾ, സ്കൂൾ, ഉപജില്ല, ജില്ലാതലങ്ങളിൽ നടക്കുകയാണ്. മത്സരങ്ങൾക്ക് തീർച്ചയായും വീറും വാശിയും വേണം. ദൈവം നൽകിയിട്ടുള്ള കലാ-കായിക കഴിവുകളെല്ലാം നമ്മൾ പ്രകടിപ്പിക്കണം. എന്നാൽ, നമ്മോടൊപ്പം മത്സരിക്കുന്നവരോടുള്ള നമ്മുടെ മനോഭാവം എന്താണ്? എന്തായിരിക്കണം?
നമ്മുടെ കേരളത്തിൽ കലാകായിക മത്സരങ്ങളിലെല്ലാം പലപ്പോഴും കലഹങ്ങളും അടിപിടിയും ഉണ്ടാകാറുണ്ട്. അപ്പീലുകളുടെ പ്രളയമാണ് സ്കൂൾതലം മുതൽ! എനിക്ക് ഒന്നാംസമ്മാനം മാത്രം മതി. മറ്റെല്ലാ മത്സരാർഥികളും എന്നേക്കാൾ മോശമാണ് എന്ന ചിന്ത നന്നല്ല! ഞാൻ എന്റെ കഴിവ് പരമാവധി നന്നായി പ്രകടിപ്പിക്കും. എന്റെ സഹമത്സരാർഥികളും സമ്മാനം ആഗ്രഹിക്കുന്നുണ്ട്. അവർക്കും അർഹിക്കുന്നതു കിട്ടട്ടെ! ജാക്വിലിൻ കിപ്ലിമോ പറഞ്ഞത് പണത്തേക്കാൾ വിലപിടിപ്പുള്ള കാര്യങ്ങളാണ്. "മത്സരിക്കുന്പോഴും നാം മറ്റുള്ളവരെ സഹായിക്കേണ്ടതുണ്ട്! പണം എല്ലാം അല്ല! ഒന്നാംസ്ഥാനവും നമുക്ക് എപ്പോഴും സംതൃപ്തി നൽകില്ല! എനിക്ക് കിട്ടിയ രണ്ടാംസമ്മാനമാണ് ലോക ചാന്പ്യൻപട്ടത്തേക്കാൾ എനിക്കു പ്രിയപ്പെട്ടത്. കാരണം, അവന്റെ മാനമായിരുന്നു, എന്റെ യഥാർത്ഥ സമ്മാനം!''
കൂട്ടുകാരേ, പരസ്പരം ആദരിച്ചുകൊണ്ടും വിലമതിച്ചുകൊണ്ടും മത്സരങ്ങളിൽ പങ്കെടുക്കാം. സമ്മാനം കിട്ടിക്കോട്ടെ. എന്നാൽ, സമ്മാനത്തേക്കാൾ, അപരന് അഭിമാനം നേടിക്കൊടുക്കാനുള്ള ആ മനസുണ്ടല്ലോ. അത് ഉജ്വലമാണ്. നമുക്കും അനുകരണീയമാണ്.
സ്നേഹാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
ഇനി ഒരു വീട്ടിലും ഇങ്ങനെ സംഭവിക്കരുതേയെന്നും, ഇത്തരം കാര്യങ്ങൾ കുട്ടികൾക്ക് എഴുതാൻ എന്റെ പേനയ്ക്ക് ഇടവരരുതേ എന്നും, അപ്രതീക്ഷിത ദുരിതത്തിൽ അഗാധവ്യസനമനുഭവിക്കുന്ന ആ പാവം മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും കാരുണ്യവാനായ ദൈവം ആശ്വാസം പകരട്ടെ എന്നും നീറുന്ന ഹൃദയത്തോടെ പ്രാർഥിച്ചുകൊണ്ടാണ് കൂട്ടുകാർക്കായി ഞാൻ ഈ കത്ത് എഴുതുന്നത്.
‘മയക്കുമരുന്ന് എന്നത് നിത്യനാശത്തിന്റെ ആനവാതിലാണ്’ എന്ന് ഇനി എങ്ങനെയാണ് പാവം മാതാപിതാക്കൾ മക്കളെ ബോധ്യപ്പെടുത്തുന്നത്? വിദ്യാലയങ്ങളിൽ ബോധവത്കരണ യത്നങ്ങൾ നിരന്തരം തുടരുകയാണ്.
ദേവാലയങ്ങളിലും മതപഠനകേന്ദ്രങ്ങളിലും ദിനംപ്രതി ലഹരിവിരുദ്ധ പ്രസംഗങ്ങൾ... ദീപികയും മറ്റു പത്രമാധ്യമങ്ങളും ടെലിവിഷൻ ചാനലുകളും സോഷ്യൽ മീഡിയയും മയക്കുമരുന്നിന്റെയും മറ്റു രാസലഹരിയുടെയും മാരക വിപത്തുകൾ തുറന്നുകാട്ടുന്നു! എല്ലാ പ്രയത്നങ്ങൾക്കും നേതൃത്വവുമായി നമ്മുടെ കേരളസർക്കാരിന്റെ "തൂഫാൻ വാരിയേഴ്സ്' അരയും തലയുംമുറുക്കി രാപകൽ നാലുദിക്കിലും പാഞ്ഞുനടക്കുന്നു!
എന്നിട്ടും മക്കളെ വളർത്താൻവേണ്ടി മാത്രം ജീവിതം മുഴുവൻ പടപൊരുതിയ ഒരു സാധുവായ അച്ഛന്, താൻ താലോലിച്ചു വളർത്തിയ മകനെ തലയ്ക്കിട്ട് മരത്തടികൊണ്ടടിച്ച് കൊല്ലേണ്ടിവരുന്ന ഗതികേടിന് കേരളം കഴിഞ്ഞദിവസം (9-9-26) കണ്ണീർ സാക്ഷിയായി!
ഇടുക്കിജില്ലയിലെ അടിമാലിക്കടുത്തുള്ള ഒരു ഗ്രാമമാണ് ഇപ്പോഴും നടുക്കം വിട്ടുമാറാതെ വിറങ്ങലിച്ചുനിൽക്കുന്നത്. 29 വയസുള്ള, മദ്യത്തിനും മയക്കുമരുന്നിനും അടിമയായിപ്പോയ മകൻ നിരന്തരം വീട്ടിലെത്തി മാതാപിതാക്കളെ ക്രൂരമായി ഉപദ്രവിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നത്രേ.
മകനെപ്പേടിച്ച് മാതാപിതാക്കൾ വീട്ടിൽനിന്നു മാറി ബന്ധുവീടുകളിൽ ഒളിച്ചുതാമസിക്കേണ്ട ഗതികേടിലായിരുന്നത്രേ! കഴിഞ്ഞദിവസം വീട്ടിൽവന്ന മാതാപിതാക്കളെ തേടിയെത്തിയ മകൻ ലഹരിക്കടിമയായി ലക്കുകെട്ട് അതിക്രൂരമായി അവരെ ആക്രമിക്കുകയായിരുന്നു. ഗതികെട്ട് അച്ഛൻ കൈയിൽകിട്ടിയ മരത്തടികൊണ്ട് മകന്റെ തലയ്ക്കടിച്ചു. മകൻ മരിച്ചു!
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച്, കഴിഞ്ഞ 100 ദിവസംകൊണ്ട് കേരളത്തിൽ 10,301 മയക്കുമരുന്നുകേസുകളിൽ 11,146 പേരാണ് അറസ്റ്റിലായത്. 23.5 കിലോ എംഡിഎംഎ, 1228.5 കിലോ കഞ്ചാവ്, 4.5 കിലോ ഹാഷിഷ് ഓയിൽ എന്നിങ്ങനെ 170 കോടിയുടെ വിനാശകരമായ ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ 7772 ബോധവത്കരണ ക്ലാസുകൾ, 422 കൗൺസിലിംഗ് സെഷൻസ്, 5817 അവബോധന പരിപാടികൾ എന്നിങ്ങനെ തലങ്ങും വിലങ്ങും സമൂഹത്തിനും വിദ്യാർഥി ലോകത്തിനും സുബോധനപരിശീലനം നല്കുകയാണ് സർക്കാരും സാമൂഹിക പ്രതിബദ്ധതയുള്ള എല്ലാവരും.
പൊലിസ് പിടിച്ചില്ലായിരുന്നെങ്കിൽ ആ 1259 കിലോ മയക്കുമരുന്ന് കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ അസ്ഥിവാരം തോണ്ടിയേനെ. ഈ മഹാദുരന്തത്തിന്റെ വിത്തുകൾ പുതുതലമുറയുടെ ജീവിതത്തിൽ വിതച്ച്, നാശം വരുത്താൻ ഒരു മനഃസാക്ഷിയുമില്ലാത്ത സാത്താന്റെ സന്താനങ്ങൾ, എന്നിട്ടും, പിടിക്കപ്പെടുന്നതിന്റെ പതിന്മടങ്ങ് ഇവിടെ കച്ചവടം നടത്തുന്നുണ്ടാകില്ലേ?
അവസാനമായി, ആ മകന്റെ തലയിൽ പതിച്ച മരത്തടിയോട് ഒരു ചോദ്യം. ഒരിക്കൽ ഒരു മുള്ളുപോലും കൊള്ളാതെ, ഉള്ളംകൈയിൽ ഊഞ്ഞാലാട്ടി വളർത്തിയ പൊന്നുമകനെ, മറ്റൊരു ഗതിയും കാണാതെ, തല്ലിക്കൊല്ലേണ്ടിവരുന്ന ആ അച്ഛന്റെ ഹൃദയം പിളരുന്ന ശബ്ദം നീ കേട്ടോ?
പ്രിയ കൂട്ടുകാരേ, വിശുദ്ധ ബൈബിളിലെ ഈ വചനം മറക്കാതിരിക്കാം. ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ.(മത്തായി 24:4).
പ്രാർഥനാശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
ദീപിക ദിനപത്രവും ദീപിക ബാലസഖ്യവും ചേർന്ന് ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സംസ്ഥാനതലത്തിൽ വിദ്യാർഥികൾക്കായി നടത്തിയ ലഹരി വിരുദ്ധഗാനം വീഡിയോ ചലഞ്ച് ഓണ്ലൈൻ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.
കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറയുടെ സാന്നിധ്യത്തിൽ കോട്ടയംജില്ലാ പൊലിസ് സൂപ്രണ്ട് സാബു മാത്യുവാണ് മത്സരഫലം പ്രഖ്യാപിച്ചത്.
കോട്ടയം കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളാണ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയത്.
രണ്ടാംസ്ഥാനം രണ്ടു സ്കൂളുകൾക്കു ലഭിച്ചു. നിർമ്മലഭവൻ എച്ച്എസ്എസ്, കവടിയാർ, തിരുവനന്തപുരം, സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, പേരാന്പ്ര, കോഴിക്കോട്.
മൂന്നാംസ്ഥാനം സെന്റ് തോമസ് എൽപി സ്കൂൾ, തോമാപുരം, കാസർഗോഡ്, ജ്യോതി കിന്റർഗാർഡൻ, മുരിക്കാശേരി, ഇടുക്കി എന്നിവർ കരസ്ഥമാക്കി.
സ്പെഷൽ സമ്മാനം നേടിയവർ: ജ്യോതി പബ്ലിക് സ്കൂൾ പൈക, കോട്ടയം, സ്വരാജ് യുപി സ്കൂൾ കൊഴുക്കുള്ളി, തൃശൂർ, ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ,സുൽത്താൻ ബത്തേരി, വയനാട്, സെന്റ് മേരീസ് സ്കൂൾ പാപ്പനംകോട് തിരുവനന്തപുരം, ഹോളിക്രോസ് എച്ച്എസ്എസ് ചേർപ്പുങ്കൽ, കോട്ടയം, മേരി മാതാ പബ്ലിക് സ്കൂൾ പാലാ, കോട്ടയം, ലിറ്റിൽ ഫ്ളവർ വിദ്യാനികേതൻ ആൻഡ് ജൂനിയർ കോളേജ് മുണ്ടത്താനം, കങ്ങഴ, കോട്ടയം, സെന്റ് എലിസബത്ത് കോണ്വെന്റ്് സ്കൂൾ, വെള്ളരിക്കുണ്ട്, കാസർഗോഡ്, ജ്യോതി നികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ അന്പലപ്പുഴ, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കോടഞ്ചേരി, കോഴിക്കോട്, ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂൾ പയ്യാന്പലം, കണ്ണൂർ, എൻഎംസി എൽ പി സ്കൂൾ വട്ടക്കാട്, എറണാകുളം, ഹോളി ഏഞ്ചൽസ് ഇഎം കെജി സ്കൂൾ കരുവന്നൂർ തൃശ്ശൂർ, സെന്റ് ആൻസ് പബ്ലിക് സ്കൂൾ വാതക്കാട് എറണാകുളം, മൗണ്ട്കാർമൽ കോണ്വന്റ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ, തങ്കശേരി, കൊല്ലം, സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജ്, ഇലഞ്ഞി, എറണാകുളം, സ്നേഹസദൻ സ്പെഷൽ സ്കൂൾ, വള്ളക്കട്, കട്ടപ്പന, ഇടുക്കി, നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ, മുണ്ടൂർ, തൃശൂർ, സെന്റ് ജോസഫ്സ് സ്കൂൾ, പേരട്ട, കണ്ണൂർ, നിർമല സ്കൂൾ, കാളകെട്ടി, കാഞ്ഞിരപ്പള്ളി
പ്രോത്സാഹന സമ്മാനം നേടിയവർ: ചെറുപുഷ്പം യുപി സ്കൂൾ തേർത്തല്ലി കണ്ണൂർ, ഹോളിക്രോസ് സിഎൽപി സ്കൂൾ കൽപ്പറന്പ്, സെന്റ് മേരീസ് എൽപിഎസ് കുഴിക്കാട്ടുശേരി, സെന്റ് മേരീസ് ബഥനി ഇ എം സ്കൂൾ മഞ്ഞക്കാല, കൊട്ടാരക്കര, ചെറുപുഷ്പം ഇഎം യുപിഎസ് വടക്കഞ്ചേരി, സെന്റ് ഡോമിനിക് എച്ച്എസ്എസ് കാഞ്ഞിരപ്പള്ളി, സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂൾ വള്ളിക്കടവ്, വെള്ളരിക്കുണ്ട്, സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ നടുക്കുന്ന് മായന്നൂർ, സെന്റ് ആന്റണീസ് എൽപിഎസ് മറ്റൂർ എറണാകുളം, നസ്രത്ത് ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പൂളക്കടവ് റോഡ് മേരിക്കുന്ന്, കോഴിക്കോട്, ഹോളി ഫാമിലി യുപിഎസ് ചങ്ങരോത്ത് സുൽത്താൻബത്തേരി വയനാട്, സെന്റ് മേരീസ് യുപിഎസ് കൊരട്ടി, സെന്റ് പോൾസ് പ്രീ പ്രൈമറി സ്കൂൾ കുരിയച്ചിറ തൃശൂർ, സെന്റ് മർത്താസ് നഴ്സറി സ്കൂൾ കട്ടപ്പന, മദർ അലക്സിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചായോത്ത്, കാസർഗോഡ്, വിമല യുപി സ്കൂൾ മഞ്ഞുവയൽ കോഴിക്കോട്, സെന്റ് ജോസഫ് പബ്ലിക് സ്കൂൾ തോട്ടുവ, എറണാകുളം, സെന്റ് ജോസഫ് സിജിഎച്ച് എസ് കരുവന്നൂർ, സെന്റ് ആന്റണീസ് എൽ പി എസ് തരകനാട്ടുകുന്ന്, കോട്ടയം, എൽഎഫ്സി യുപിഎസ് മമ്മിയൂർ തൃശൂർ, സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പയ്യാവൂർ, എസ് എച്ച് സി ജി എച്ച് എസ് എസ് ചാലക്കുടി തൃശ്ശൂർ, വിമല സെൻട്രൽ സ്കൂൾ പെരുന്പാവൂർ, സെന്റ് മാത്യൂസ് യുപിഎസ് എലിക്കുളം, കോട്ടയം, സേക്രഡ് ഹാർട്ട് സി എൽ പി എസ് തൃശൂർ, കൃപാ ഭവൻ പ്രീ പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്കൂൾ മണ്ണംപേട്ട, ഹോളി ചൈൽഡ് കോണ്വെന്റ് നേഴ്സറി സ്കൂൾ ചെർളയം തൃശ്ശൂർ, ഉർസുലൈൻ പബ്ലിക് സ്കൂൾ കാഞ്ഞിരടുക്കം, കാസർഗോഡ്, സെന്റ് ഇഫ്രേംസ് യുപിഎസ് ചിറക്കടവ്, സെന്റ് തെരേസാസ് യുപി സ്കൂൾ മണലൂർ തൃശൂർ, ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂൾ ബെല്ലാ, കാഞ്ഞങ്ങാട്, സെന്റ്പോൾസ ്ഇ എം എച്ച് എസ് പട്ടാന്പി, ശാലിനി ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വാമനപുരം തിരുവനന്തപുരം, നിർമലഗിരി എൽപിഎസ് വെള്ളരിക്കുണ്ട് കാസർഗോഡ്, സെന്റ് ജോർജ് സി എൽ പി എസ് മുക്കാട്ടുകര തൃശൂർ, സെന്റ് പോൾസ് എച്ച്എസ്എസ് വലിയ കുമാരമംഗലം, മൂന്നിലവ്, സെന്റ തോമസ് ടിടിഐ പാലാ, കോട്ടയം, എസ്എച്ച്സിഎൽ പിഎസ് വൈലത്തൂർ, തൃശൂർ, മേരി മാതാ പബ്ലിക് സ്കൂൾ ഇടക്കുന്നം പാറത്തോട് കോട്ടയം, എസ് എച്ച് സിജിഎൽ പി എസ് ചാലക്കുടി, മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ ശ്രീകണ്ഠപുരം, ഹോളി ഫാമിലി പബ്ലിക് സ്കൂൾ കല്ലൂർക്കാട്, സെന്റ് തെരേസാസ് ഗേൾസ് സ്കൂൾ നെടുംകുന്നം, കോട്ടയം, സെന്റ് മേരീസ് ഇഎംഎച്ച്എസ്എസ് ചിറ്റാരിക്കൽ, കാസർകോട്, മരിയൻ പബ്ലിക് സ്കൂൾ മേരികുളം, സെന്റ് മേരീസ് ജിഎച്ച്എസ് ചൊവ്വന്നൂർ, കുന്നംകുളം, എച്ച്ആർസി നഴ്സറി സ്കൂൾ, നടത്തറ, സെന്റ് ജോണ്സ് എൽ പി സ്കൂൾ പാലാവയൽ, കാസർഗോഡ്, ഹോളി ഏഞ്ചൽസ് ഇഎം എൽപി സ്കൂൾ ആറ്റൂർ, മണലാടി, നിർമല ജൂനിയർ സ്കൂൾ മൂവാറ്റുപുഴ, എറണാകുളം, നസ്രത്ത് പബ്ലിക് സ്കൂൾ നെയ്യാട്ടുശേരി, ഇളന്പള്ളി, സെന്റ് ജോസഫ് എച്ച്.എസ്.എസ്പുളിങ്കുന്ന്, കുട്ടനാട് ആലപ്പുഴ, സെന്റ് ജോസഫ് സ് എൽ പി.ജി.എസ് ആലപ്പുഴ, സെന്റ് റാഫേൽസ് സി.എൽ.പി.എസ് ഒല്ലൂർ.
വിജയികൾക്കുള്ള സമ്മാനങ്ങൾ അതതു ഡിസിഎൽ മേഖല, പ്രവിശ്യാ കലോത്സവവേദികളിൽവച്ചു നല്കുന്നതാണ്.
DCL (Deepika Children’s League)
ഡിസിഎൽ ചങ്ങനാശേരി മേഖല ടാലന്റ് ഫെസ്റ്റ് സെപ്റ്റംബർ 15-ഉം 26-ഉം തീയതികളിൽ നടക്കും.
രചനാമത്സരങ്ങൾ 15-നു രാവിലെ 10.30 ന് എസ് ബി ഹൈസ്കൂളിലും മറ്റു മത്സരങ്ങൾ സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷൻസ് മീഡിയ വില്ലേജിൽ വച്ച് 26-ാം തീയതി 9.30 നും നടത്തുന്നു.
രചനാ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് ഈ മാസം 12 ന് മുമ്പും മറ്റു മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് സെപ്റ്റംബർ 16-ാം തീയതിക്ക് മുമ്പും നൽകണം. രചന മത്സരത്തിനുള്ള വിഷയങ്ങളും പേപ്പറും തൽസമയം നൽകുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് മേഖല ഓർഗനൈസർ ജോഷി കൊല്ലാപുര(ഫോൺ - 9388851627)ത്തെ സമീപിക്കുക.
DCL (Deepika Children’s League)
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
"ആപ്കി ഭീ ബേട്ടി ഹെ് ന?
ഹം ഭീ ആപ് കേ ബച്ചോൻ ജൈസി ഹൈ!''
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിൽ ഒന്നായ ഭാരതത്തിന്റെ മഹത്തായ സ്വാതന്ത്ര്യദിനത്തിന്റെ 80-ാം വാർഷികത്തിന്റെ പുലരിയിലൊന്നിൽ ഡൽഹിയിലെ ജന്തർമന്തറിൽ ഒരു പെൺകുട്ടിയുടെ ദീനവിലാപം മുഴങ്ങുകയാണ്. ""നിങ്ങൾക്കും പെൺമക്കൾ ഉള്ളതല്ലേ? എന്നിട്ടെന്തേ, എന്നോട് ഇങ്ങനെ പെരുമാറുന്നു? ഞങ്ങളും നിങ്ങളുടെ മക്കളെപ്പോലെതന്നെയല്ലേ?'' ഞങ്ങൾ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതിയ നീറ്റ് പരീക്ഷയുടെ റിസൾട്ട് എവിടെ എന്നു ചോദിക്കുന്ന വിദ്യാർഥികളെ ക്രൂരമായി ലാത്തിവീശി പൊതിരെ തല്ലിച്ചതയ്ക്കുന്ന ഒരു വനിതാ പോലീസിനോട് ഇരുകൈകളും കൂപ്പിനിന്ന് ഒരു പെൺകുട്ടി ചോദിക്കുന്ന നിലവിളിയാണിത്!
എട്ടുപതിറ്റാണ്ടിന്റെ സ്വാതന്ത്ര്യാഘോഷത്തിൽ സ്വതന്ത്ര ഇന്ത്യയിലെ പുതുതലമുറയ്ക്ക് എട്ടിന്റെ പണികൊടുത്ത കേന്ദ്രസർക്കാരിന്റെ കൊലച്ചതിക്കെതിരേ കോക്രോച്ച് ജനതാപാർട്ടി എന്ന സിജെപി പാറ്റകൾ തലസ്ഥാനനഗരിയെയും കേന്ദ്രസർക്കാരിനെയും നക്കിത്തിന്നുന്ന കാഴ്ചകണ്ട് ലോകം തരിച്ചുനിൽക്കുകയാണ്.
79 വർഷങ്ങൾക്കു മുന്പ് ബ്രിട്ടീഷ് ആധിപത്യത്തെ തകർത്തെറിഞ്ഞ പൂർവരക്തസാക്ഷികളുടെ രക്തത്തുള്ളികൾ ഞരന്പിലോടുന്ന നവീന ഇന്ത്യയുടെ പുതുതലമുറ, പുതിയ സ്വാതന്ത്ര്യസമരം ആരംഭിച്ചതിന്റെ ശംഖൊലി മുഴങ്ങുന്പോഴാണ്, നാളെ ഡൽഹിയിലെ റെഡ്ഫോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിജി സ്വാതന്ത്ര്യദിന പതാക ഉയർത്തുന്നത്!
ലോകത്തിലെ ആദ്യ അഞ്ച് സാന്പത്തിക ശക്തികളിലൊന്നായി വളർന്ന ഇന്ത്യ ജനസംഖ്യയിൽ ലോകത്ത് ഒന്നാമതെത്തി, ഏറ്റവുമധികം മാനവ വിഭവശേഷിയുള്ള രാജ്യമായി. അന്യഗ്രഹങ്ങളിൽ കാലുകുത്തിയും ഉപഗ്രഹങ്ങൾ വിക്ഷേപിച്ചും ശാസ്ത്രസാങ്കേതിക മേഖലകളിൽ ലോകോത്തര നേട്ടങ്ങൾ നാം കൈവരിച്ചു. കാർഷിക വ്യവസായ മേഖലകളിലും ഇന്ത്യ ഒന്നാം നിരയിലെത്തി. എൺപതാംവർഷത്തിലും ഭരണഘടനയ്ക്കനുസൃതമായി രാജ്യംഭരിക്കുന്ന ഒരു ജനാധിപത്യസർക്കാർ നമുക്കുണ്ട് എന്നതും നമ്മുടെ ബഹുമതിയാണ്.
വൈവിധ്യങ്ങളുടെ കലവറയായ ഭാരതം നാനാത്വത്തിൽ ഏകത്വം എന്ന തത്വമാണ് പ്രായോഗികമാക്കുന്നത്. 1369 മാതൃഭാഷകളുള്ള ഈ മഹാരാജ്യത്ത് 450ലേറെ സംസാരഭാഷകളുമുണ്ട്. ഇന്ത്യയെപ്പോലെ വിഭിന്ന മതവിശ്വാസികൾ ലോകത്തൊരിടത്തുമുണ്ടാവില്ല. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, ജൈന, പാഴ്സി, യഹൂദ, ബഹായി മതസമൂഹങ്ങൾ ഇന്ത്യയിലുണ്ട്.
ചാതുർവർണ്യത്തിന്റെ പുരാവൃത്തം ഇപ്പോഴും നിലനിൽക്കുന്ന ഉത്തരേന്ത്യൻ ഉൾനാടുകളിലും മറ്റു സംസ്ഥാനങ്ങളിലുമായി 3500-ഓളം ജാതികളും ഉപജാതികളുമുണ്ട്. പട്ടികവിഭാഗത്തിൽത്തന്നെ 1100-ലേറെ ജാതികൾ നിലവിലുള്ളപ്പോൾ ഒ.ബി.സി. വിഭാഗത്തിൽ 2400-ലേറെ വിഭാഗങ്ങളാണുള്ളത്. കൂടാതെ 705 ഗോത്രവിഭാഗങ്ങളുടെ കൂട്ടായ്മയും ഇന്ത്യൻ മതസംസ്കാരത്തെ സന്പന്നമാക്കുന്നുണ്ട്. ഇതുപോലെതന്നെ വിവിധ രാഷ്ട്രീയ പാർട്ടികൾ ദേശീയതലത്തിലും വിവിധ സംസ്ഥാനങ്ങളിലും ജനാധിപത്യ ഇന്ത്യയുടെ അടിത്തറ പണിയുന്നുണ്ട്.
വാർത്താമാധ്യമങ്ങളുടെ കാര്യത്തിലും ഇന്ത്യ സന്പന്നമാണ്. 1,55,000 പ്രസിദ്ധീകരണങ്ങൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 20 ഭാഷകളിൽ ദിനപത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന രാജ്യമാണ് ഇന്ത്യ. 918 സ്വകാര്യചാനലുകൾ വാർത്താവിതരണ മന്ത്രാലയത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ രാജ്യത്ത് ദൂരദർശൻ ചാനലിനോടൊപ്പം അൻപതിലേറെ ദേശീയ, പ്രാദേശിക ടി.വി. ചാനലുകളും ഇന്ത്യയിലുണ്ട്.
ഇതെല്ലാം നമ്മുടെ നേട്ടങ്ങളാണ്. ഈ നേട്ടങ്ങൾക്കിടയിലും അടിസ്ഥാന മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി, പുതുതലമുറപോലും സമരം ചെയ്യേണ്ട ഗതികേട് ഇന്ത്യയിലുണ്ട്. വർഗീയലഹളകളും രാഷ്ട്രീയ കലാപങ്ങളും ജനജീവിതത്തിന്റെ സ്വാസ്ഥ്യം കെടുത്തുന്നുണ്ട്. എങ്കിലും സ്വതന്ത്ര ഇന്ത്യ നമ്മുടെ അഭിമാനമാണ്. എല്ലാ ഭാരതീയരും നമ്മുടെ സഹോദരങ്ങളാണ്. പരസ്പരം കൈകോർത്ത്, ഭിന്നതകൾ മറന്ന്, നവഭാരതനിർമ്മിതിയിൽ നമുക്കും പങ്കുചേരാം, ജാഗ്രതയോടെതന്നെ!
ഏവർക്കും സ്വാതന്ത്ര്യദിനാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷം, ഇന്ത്യയിലെ ആദ്യത്തെ മലയാള ദിനപത്രമായ ദീപികയുടെ 140-ാം വാർഷികം, ഡി.സി.എല്ലിന്റെ 75-ാം വാർഷികം എന്നിവയോടനുബന്ധിച്ച് ദീപിക ദിനപത്രവും ഡിസിഎല്ലും കുട്ടികളുടെ ദീപികയും സംയുക്തമായി സംഘടിപ്പിക്കുന്ന കളർ ഇന്ത്യ വീഡിയോ ചലഞ്ചിനുള്ള എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 30.
മത്സര വിഭാഗങ്ങൾ :1) കെ.ജി , 2) എൽ.പി , 3) യു.പി, 4) ഹൈസ്കൂൾ &
ഹയർസെക്കൻഡറി
വീഡിയോ തയാറാക്കേണ്ട രീതി: ഗാനം: DCL DEEPIKA യൂട്യൂബ് ചാനലിലുള്ള 'ഒരേയൊരിന്ത്യ' എന്ന ഗാനം മുഴുവൻ പശ്ചാത്തലമായി ഉപയോഗിക്കുക.
ദൈർഘ്യം: ഗാനത്തിന്റെ സമയപരിധിക്കുള്ളിൽ മാത്രം. ഉള്ളടക്കം: സ്കൂളിൽ നടത്തിയ ദീപിക കളർ ഇന്ത്യ മത്സരം, സ്വാതന്ത്ര്യദിനാഘോഷങ്ങൾ, ഗ്രൂപ്പ് ഡാൻസ് (സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്താം) തുടങ്ങിയവ ചേർത്ത് .
ഫോർമാറ്റ്: ലാൻഡ്സ്കേപ്പ് മോഡിൽ റെക്കോർഡ് ചെയ്ത വീഡിയോ ആകാൻ ശ്രദ്ധിക്കുക.
സമ്മാനങ്ങൾ ഓരോ വിഭാഗത്തിലും സംസ്ഥാന തലം: ഒന്നാം സമ്മാനം: 5,000 രൂപ, രണ്ടാം സമ്മാനം: 3,000 രൂപ, മൂന്നാം സമ്മാനം: 2,000 രൂപ.
ജില്ലാ തലം: ആദ്യ 3 സ്ഥാനക്കാർക്ക് ആകർഷകമായ ട്രോഫികൾ! കോട്ടയം മാന്നാനം കെഇ ഐസിഎസ് ഇ സ്കൂളാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത് .
മൂല്യനിർണ്ണയം: 20% മാർക്ക് യൂട്യൂബ് വ്യൂസ്, കമന്റുകൾ, സബ്സ്ക്രിപ്ഷൻ അടിസ്ഥാനമാക്കി. അയയ്ക്കുന്ന വീഡിയോയോടൊപ്പം സ്കൂളിന്റെ പൂർണ്ണ വിലാസം, ജില്ല, പിൻകോഡ്, ഫോൺ നമ്പർ എന്നിവ ടൈപ്പ് ചെയ്ത് അയക്കുക: വാട്ട്സ്ആപ്പ്: 9349599181 ഇ-മെയിൽ: [email protected].
Kerala
കോട്ടയം: രാജ്യത്തെ ഏറ്റവും വലിയ കളറിംഗ് മത്സരങ്ങളിലൊന്നായ ‘ദീപിക - ഡിസിഎൽ കളർ ഇന്ത്യ സീസൺ 5’ മത്സരത്തിന് തുടക്കമായി. അതേസമയം, ഇന്ന് അവധിയുള്ള സ്കൂളുകളിൽ അടുത്തുവരുന്ന പ്രവൃത്തിദിനത്തിലായിരിക്കും മത്സരം.
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും ദീപികയുടെ 140-ാം വാർഷികവും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ച് ‘ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത’ എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് മത്സരം നടക്കുന്നത്.
പ്രശസ്ത സിനിമാതാരം മമിത ബൈജുവിന്റെ കൈയൊപ്പോടുകൂടിയ സർട്ടിഫിക്കറ്റുകളാണ് ഇത്തവണ കളർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ലഭിക്കുക.
DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
ആലുവായിൽ, അയൽപക്കത്തുള്ള തന്റെ കൂട്ടുകാരിയുടെ വീട്ടിൽനിന്ന് പുസ്തകം വാങ്ങാനാണ് 12 വയസുകാരിയായ ആ മകൾ അമ്മയോട് ഫോണുംവാങ്ങി രാത്രി 8.30 കഴിഞ്ഞപ്പോൾ ഒറ്റയ്ക്കു വീടിനു പുറത്തിറങ്ങിയത്. എന്നാൽ അവൾ കൂട്ടുകാരിയുടെ വീട്ടിലും എത്തിയില്ല, അമ്മയുടെ അരികിലും എത്തിയില്ല. ആധികയറിയ അമ്മ, വിവരം പോലീസിൽ അറിയിക്കുന്നു. സമർത്ഥരായ ആലുവ പോലീസ് കേസ് അന്വേഷിക്കുന്നു. കുട്ടിയുടെ കൈയിലുള്ള അമ്മയുടെ ഫോൺ ലൊക്കേഷൻ നോക്കിയപ്പോൾ സ്ഥലം കാസർഗോഡ്!
ഒറ്റയ്ക്ക് കുട്ടി ആ സമയംകൊണ്ട് കാസർഗോഡ് എത്തില്ല എന്നറിയാവുന്ന പോലീസിനോട് അമ്മ പറഞ്ഞു: കൊച്ചിന് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ട്! പന്ത്രണ്ടു വയസുകാരിയുടെ ഇൻസ്റ്റഗ്രാം പരിശോധിച്ച പോലീസ് ഞെട്ടി! ചെറായി ബീച്ചിൽ ഐസ്ക്രീം കച്ചവടം നടത്തുന്ന 26 വയസുള്ള കൊല്ലംകാരനുമായി പന്ത്രണ്ടുകാരിയുടെ ചാറ്റിംഗ് കണ്ട പോലീസുപോലും അന്തംവിട്ടു!
ജാഗ്രതയോടെ കുട്ടിയെ കണ്ടെത്താൻ ആലുവപോലീസ് സ്വന്തം വാഹനത്തിൽ യാത്രയാരംഭിച്ചു!
ആലുവ, കാസർഗോഡ്, മംഗലാപുരം, ഗോവ വഴി മുംബൈയിലെ ധാരാവിയിൽ! അവിടെനിന്നും ഡൽഹിക്കുപോകുംവഴി പൂനെ റെയിൽവേസ്റ്റേഷനിൽവച്ച്, കൊച്ചിനേയും ബെസ്റ്റിയേയും പോലീസ് പൊക്കി! കൊച്ചിന്റെ ഇൻസ്റ്റയിലെ ബെസ്റ്റിക്ക് പോക്സോകേസിൽ അറസ്റ്റും റിമാൻഡും!
ബാലതലമുറയുടെ സുരക്ഷിതത്വത്തെപ്പറ്റി സുബോധത്തോടെ ചിന്തിക്കുന്ന പല വിദേശരാജ്യങ്ങളും 16 വയസിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽമീഡിയ നിരോധിച്ചുകഴിഞ്ഞു. ഓസ്ട്രേലിയ, ബ്രസീൽ, യു.കെ., ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ 2025 മുതൽ കുട്ടികളുടെ ഓൺലൈൻ ഉപയോഗം, സ്ക്രീൻ ടൈം, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ പരിശോധിക്കുകയും നിരോധിക്കുകയും ചെയ്തുകഴിഞ്ഞു!
ആ രാജ്യങ്ങളെല്ലാം ബുദ്ധിവികാസം പ്രാപിക്കാത്തവരാണോ? ശാസ്ത്രീയ പുരോഗതിയെ അംഗീകരിക്കാത്തവരാണോ? അല്ല! പുരോഗതിയുടെയും വികസനത്തിന്റെയും ഒന്നാംനിരയിലുള്ള രാജ്യങ്ങളാണ് കുട്ടികൾക്ക് സോഷ്യൽമീഡിയ നിരോധിച്ചത്.
പ്രിയ കൂട്ടുകാരേ, ഈയടുത്ത കാലത്തെ ചില കൂട്ടുകാരുടെ സ്വഭാവവും പെരുമാറ്റവും മാതാപിതാക്കളെയും മുതിർന്നവരെയും ഏറെ ആകുലചിത്തരാക്കുന്നുണ്ട്. ആരാണ് എന്റെ യഥാർത്ഥ കൂട്ടുകാർ എന്ന സത്യം വീട്ടിൽ പറയാത്ത കുട്ടികളുടെ എണ്ണം കൂടുകയാണ്. പല കുട്ടികൾക്കും അവരുടെ പെരുമാറ്റത്തെയും ശീലങ്ങളേയും തീരുമാനങ്ങളെയും സ്വാധീനിക്കുന്നത് അവരുടെ മാതാപിതാക്കളല്ല, മതബോധം പകരുന്ന ധാർമ്മികതയല്ല, പകരം, അവരുടെ പിയർഗ്രൂപ്പാണ്. സമപ്രായക്കാരായ കൂട്ടുകാരാണ് പല കുട്ടികളുടെയും ദൈവങ്ങൾ!
മുന്പ് മാതാപിതാക്കൾ പറയുന്നത്, ദൈവം പറയുന്നപോലെ മക്കൾ കേട്ടിരുന്നു. ഇന്നു പിയർഗ്രൂപ്പാണ് പലരുടെയും ദൈവം! സോഷ്യൽമീഡിയയാണ് ദൈവം! ഇതുവരെ കാണാത്ത, വെറും മോഹവാക്കുകൾ മാത്രം ഇൻസ്റ്റയിൽ കുറിക്കുന്ന അജ്ഞാതനായ സുഹൃത്താണ് ദൈവം! മക്കളേ, കൺമുന്നിൽ കാണുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും ഗുരുഭൂതരെയും അവഗണിച്ചിട്ട്, മറഞ്ഞിരിക്കുന്ന വ്യാജസ്നേഹിതരെ വിശ്വസിച്ചാൽ മക്കൾക്കു വഴിതെറ്റും എന്നു തീർച്ച.
ചെറുപ്പം ചെറുപ്പംതന്നെയാണ് മക്കളേ. ചെറുപ്പം ഒരിക്കലും വലുപ്പമാകില്ല. മാതാപിതാക്കൾ നിങ്ങളെ നിങ്ങളാഗ്രഹിക്കുന്നപോലെ, വളർത്തണോ? അതോ, നിങ്ങളുടെ നന്മയ്ക്കായി വളർത്തണോ? അവരുടെ ജീവിതപാഠങ്ങൾക്ക് ഒരു വിലയുമില്ലേ? തഴച്ചു വളരുന്ന പല ചില്ലകളും പിഴച്ചു വളരുന്നതാണെന്ന് നല്ല കർഷകന് അറിയാം.
നല്ല കർഷകൻ ചില്ലകളുടെ ചൊല്ലുകൾക്കനുസരിച്ചല്ല പ്രവർത്തിക്കേണ്ടത്. ഫലം കായ്ക്കാത്ത ചില്ലകൾ വെട്ടിദൂരെയെറിയണം. അതുപോലെ, മക്കളുടെ പല ചീത്ത ശീലങ്ങളും ഉപേക്ഷിക്കാൻ മാതാപിതാക്കൾ പറയുന്പോൾ, മക്കൾ അവ ഉപേക്ഷിക്കണം. അല്ലാതെ, പലപ്പോഴും പിയർഗ്രൂപ്പിന്റെ കൈയടിനോക്കി, കുടുംബത്തെ മറക്കുന്നവർ, വ്യാജന്മാരുടെ പിന്നാലെ പോയി നിത്യമായ ചതിക്കുഴിയിൽ നിപതിക്കും! കൂട്ടുകാർക്ക് ശരിയായ വഴിയിൽ വളരാനും കുടുംബത്തിന്റെ ഐശ്വര്യമാകാനും ഇടവരട്ടെ.
സ്നേഹാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
കോട്ടയം: രാജ്യത്തെ ഏറ്റവും വലിയ കളറിംഗ് മത്സരങ്ങളിലൊന്നായ ‘ദീപിക - ഡിസിഎൽ കളർ ഇന്ത്യ സീസൺ 5’ മത്സരം ഇന്നു നടക്കും. ഇന്ന് അവധിയുള്ള സ്കൂളുകളിൽ അടുത്തുവരുന്ന പ്രവൃത്തിദിനത്തിലായിരിക്കും മത്സരം.
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും ദീപികയുടെ 140-ാം വാർഷികവും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ച് ‘ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത’ എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് മത്സരം നടക്കുന്നത്.
ഈ സ്വപ്നപദ്ധതിയോടു സഹകരിക്കുന്ന എല്ലാ വിദ്യാലയങ്ങളും കളർ ഇന്ത്യയിലൂടെ ദീപിക ബാലസഖ്യത്തിന്റെ വിശ്വമാനവിക ദർശനമായ "നാം ഒരു കുടുംബം' എന്ന സന്ദേശം വിദ്യാർഥികളുടെ മനസിൽ ശിലാലിഖിതമാക്കുകയാണ്. പങ്കാളിത്തത്തിന്റെ ധാരാളിത്തം ഇത്തവണത്തെ കളർ ഇന്ത്യ ചിത്രരചനാമത്സരത്തെ ഇന്നോളം നടന്നതിലെ ഏറ്റവും വലിയ മത്സരമാക്കി മാറ്റും.
പതിന്നാലു ലക്ഷത്തോളം വിദ്യാർഥികളിലും അവരുടെ കുടുംബങ്ങളിലും ഇന്ത്യയുടെ നിറം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹാർദത്തിന്റെയും നിറക്കൂട്ടാണ് എന്ന സന്ദേശം കളർ ഇന്ത്യയിലൂടെ ഡിസിഎൽ നല്കുകയാണ്.
പ്രശസ്ത സിനിമാതാരം മമിത ബൈജുവിന്റെ കൈയൊപ്പോടുകൂടിയ സർട്ടിഫിക്കറ്റുകളാണ് ഇത്തവണ കളർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ലഭിക്കുക.
ഭിന്നശേഷി വിഭാഗത്തിലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന സ്പെഷൽ സ്കൂൾ കുട്ടികൾക്കായി ‘കളർ ഇന്ത്യ’ പ്രത്യേക മത്സരം സംഘടിപ്പിക്കുന്നുണ്ട്.
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം സംഘടിപ്പിക്കുന്ന ഐക്യു ഒളിന്പ്യാഡിനുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് 12 വരെ നീട്ടി. മഴക്കെടുതിയും വെള്ളപ്പൊക്കവുമൂലം പല ജില്ലകളിലും ക്ലാസ് ഇല്ലാതിരുന്നതിനാലാണ് രജിസ്ട്രേഷൻ 12 വരെ നീട്ടിയത്. ഒക്ടോബർ 17-നാണ് പരീക്ഷ
എൽകെജി മുതൽ പത്താക്ലാസ് വരെയുള്ളകുട്ടികൾക്കായാണ് മത്സരപരീക്ഷ സംഘടിപ്പിക്കുന്നത്. ഡിസിഎൽ ഐക്യു വിൻമാസ്റ്റർ എന്ന പുസ്തകം വാങ്ങുന്ന കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളത്.
ഓരോ ക്ലാസിലും ഒന്നാംറാങ്ക് നേടുന്ന കുട്ടികൾക്ക് ഒരു ഗ്രാമിന്റെ സ്വർണമോതിരം സമ്മാനമായി നല്കും. 4000, 3000, 2000, 1000, എന്നിങ്ങനെ യഥാക്രമം രണ്ടു മുതൽ അഞ്ചു വരെ റാങ്ക് ജേതാക്കൾക്ക് കാഷ് അവാർഡ് നല്കും.
കൂടാതെ ഓരോ ക്ലാസിലും ഏറ്റുവും കൂടുതൽ മാർക്കു നേടുന്ന 500 കുട്ടികൾക്ക് 300 രൂപ വീതം കാഷ് അവാർഡും മെഡലും സർട്ടിഫിക്കറ്റും ലഭിക്കും. 80 ശതമാനത്തിലധികം മാർക്കുവാങ്ങുന്ന കുട്ടികൾക്ക് മെഡലും സർട്ടിഫിക്കറ്റും, 60 ശതമാനത്തിലധികം മാർക്കു നേടുന്നവർക്ക് ഗ്രേഡ് സർട്ടിഫിക്കറ്റും പങ്കെടുക്കുന്ന എല്ലാവർക്കും പാർട്ടിസിപ്പന്റ് സർട്ടിഫിക്കറ്റും നല്കും.
DCL (Deepika Children’s League)
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
ഏറെ വർഷങ്ങൾക്കുശേഷമാണ്, കോട്ടയം മുണ്ടത്താനം ലിറ്റിൽ ഫ്ളവർ വിദ്യാനികേതനിൽ എത്തിയത്. ഡിസിഎൽ ജൂൺ മാസത്തിൽ നടത്തിയ പ്രവേശനോത്സവഗാന വീഡിയോ ചലഞ്ചിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ആ സ്കൂളിന് അവാർഡ് നല്കാനും അനുമോദനം അറിയിക്കാനുമാണ് ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽസാറിനൊപ്പം ഞാൻ ആ സ്കൂളിലെത്തിയത്.
കൃത്യസമയത്തുതന്നെ അനുമോദന സമ്മേളനം ആരംഭിച്ചു. സമ്മേളനം തുടങ്ങുന്പോൾ, പ്രിൻസിപ്പൽ സിസ്റ്റർ ആൻസി മാത്യു എംഎൽഎഫ് രണ്ടു പേരേ കൈപിടിച്ചു മുൻനിരയിലിരുത്തുന്നതു കണ്ടു. വളരെ ആദരവോടെ, കൂടെയിരുത്തിയത് വൃദ്ധരായ മാതാപിതാക്കളെയായിരുന്നു. ഞാൻ ചോദിച്ചു "ഇവർ ആരാണ്?'' "ഞങ്ങളുടെ ഒരു സ്റ്റാഫിന്റെ മാതാപിതാക്കളാണ്.'' സിസ്റ്ററിന്റെ മറുപടി കേട്ടപ്പോൾ എന്തിനാണ് സ്കൂളിലെ സ്റ്റാഫിന്റെ മാതാപിതാക്കളെ, സംസ്ഥാനത്ത് ഒന്നാമതായി വിജയിച്ചതിന്റെ സമ്മാനദാന സമ്മേളനത്തിന്റെ മുൻനിരയിലിരുത്തുന്നത് എന്നെനിക്കു മനസിലായില്ല. അപ്പോൾ സിസ്റ്റർ ആൻസി മാത്യു പറഞ്ഞു. "കൊച്ചേട്ടന് ഒരു സസ്പെൻസ് ഇരിക്കട്ടെ. ഇവരെ വിളിച്ചത് എന്തിനാണെന്ന് പിന്നെ പറയാം.'' അനുമോദനത്തോടൊപ്പം സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം കൂടിയുണ്ടായിരുന്നു.
സമ്മേളനത്തിനിടയിൽ ഒന്നാംസമ്മാനത്തിന്റെ ട്രോഫി ഞങ്ങൾ നല്കിക്കഴിഞ്ഞപ്പോൾ പ്രിൻസിപ്പൽ പറഞ്ഞു. ""ഒരു ട്രോഫി കൂടിയുണ്ട്, അതു ഞങ്ങളുടെ അമൽകുമാറിനാണ്.'' കാര്യം മനസിലാകാതെ നിൽക്കുന്പോൾ അനൗൺസ്മെന്റ് കേട്ടു,
"നമുക്കു സംസ്ഥാനത്ത് ഒന്നാംസ്ഥാനം കിട്ടിയ വീഡിയോ മനോഹരമായി ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്തത്, നമ്മുടെ സ്കൂളിലെ നോൺടീച്ചിംഗ് സ്റ്റാഫായ ശ്രീ. അമൽകുമാറാണ്. അത്ര മനോഹരമായ വീഡിയോ ആയതുകൊണ്ടാണ് നമുക്ക് ഒന്നാംസമ്മാനം കിട്ടിയത്. അതിനു മുഖ്യകാരണക്കാരനായ അമൽകുമാറിനെയും ഒപ്പം അദ്ദേഹത്തിന്റെ പ്രിയ മാതാപിതാക്കളേയും സ്റ്റേജിലേക്കു ക്ഷണിക്കുന്നു!''
സുന്ദരമായ നിമിഷങ്ങളാണ് തുടർന്ന് വിടർന്നത്. അപ്പോൾ, ആ പരിപാടിയുടെ ഫോട്ടോഗ്രാഫറായി വന്ന അമൽകുമാർ മാതാപിതാക്കളോടൊപ്പം വന്ന് പ്രത്യേക ട്രോഫി സ്വീകരിച്ചു. മൂന്നു പേരുടെയും കണ്ണുകളിൽ അവാച്യമായ ആത്മഹർഷത്തിന്റെ തിരയിളക്കം ഞാൻ കണ്ടു, ഒപ്പം പ്രിൻസിപ്പലിന്റെ മിഴികളിലും!
പ്രിയ കൂട്ടുകാരേ, നമ്മുടെ ജീവിതം നമ്മൾ ഒറ്റയ്ക്കു വിജയിക്കുന്ന ഒരു ഗെയിമല്ല. ഒരുപാടുപേരുടെ സഹായസഹകരണങ്ങൾ കൊണ്ടാണ് നാം എല്ലാറ്റിലും വിജയിക്കുന്നത്. ഏറ്റവും പ്രധാനമായി സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹമാണ് എല്ലാ നന്മകളുടെയും അടിസ്ഥാനം. നമ്മുടെ ചുറ്റുമുള്ള ദൈവമനസുള്ളവരിലൂടെ ആ അനുഗ്രഹങ്ങൾ നമ്മിലേക്ക് വർഷിക്കപ്പെടുകയും നിറവേറുകയും ചെയ്യുന്നു. നിങ്ങളുടെ ഒരു പരീക്ഷാവിജയത്തിൽ ഒത്തിരി പങ്കാളികളുണ്ട്. കലോത്സവവിജയത്തിലും കായിക വിജയത്തിലുമെല്ലാം മാതാപിതാക്കളും ഗുരുജനങ്ങളും സഹോദരങ്ങളും സതീർത്ഥ്യരുമുൾപ്പെടെ നിരവധിപേർ പങ്കാളികളാണ്.
എന്നാൽ, വിജയിച്ചുകഴിഞ്ഞാൽ അതിന്റെ മുഴുവൻ ക്രെഡിറ്റും സ്വന്തം പോക്കറ്റിൽ ഇടാനാണ് പലർക്കും ഇഷ്ടം! എന്റെ വിജയം എന്റെ മാത്രം കഠിനാധ്വാനംകൊണ്ട്, ഞാൻ നേടിയതാണ് എന്നു പറയാനും സഹായിച്ച ആരേയും വിജയ ലഹരിയിൽ പങ്കുചേർക്കാതിരിക്കാനും പലരും ശ്രമിക്കാറുണ്ട്. അതു നീതിയാണോ?
ഈ ചോദ്യത്തിനുള്ള ഉത്തരമാണ് മുണ്ടത്താനം ലിറ്റിൽ ഫ്ളവറിലെ നോൺടീച്ചിംഗ് സ്റ്റാഫായ ശ്രീ അമൽകുമാർ. സ്കൂളിൽ ജോലിക്ക് അപേക്ഷിച്ച അമൽകുമാറിന്റെ ബയോഡേറ്റ കണ്ടപ്പോൾത്തന്നെ സിസ്റ്റർ ആൻസി അദ്ദേഹത്തിന്റെ ഉന്നത വിദ്യാഭ്യാസവും വിവിധ കഴിവുകളും മനസിലാക്കിയിരുന്നു. പിന്നീട് ആ കഴിവുകൾ സ്കൂളിന്റെ വിവിധ കാര്യങ്ങളിൽ സിസ്റ്റർ ഉപയോഗിക്കുകയും ചെയ്തിരുന്നു. നല്ല വീഡിയോഗ്രാഫറും വീഡിയോ എഡിറ്ററുമായ അമൽകുമാർ അങ്ങനെയാണ് സമ്മാനാർഹമായ വീഡിയോ എഡിറ്റു ചെയ്തത്.
നമ്മുടെ കൂടെയുള്ളവരുടെ സഹായംകൊണ്ടുകൂടിയാണ് നമ്മൾ വിജയിച്ചത് എന്ന് അംഗീകരിക്കുന്പോഴാണ് നമ്മൾ കൂടുതൽ നല്ല മനുഷ്യരാകുന്നത്. നമുക്ക് നല്ല മനുഷ്യരാകാം. നന്മയുടെ വിതരണക്കാരാകാം.സ്നേഹാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം സംഘടിപ്പിക്കുന്ന ഐക്യു ഒളിന്പ്യാഡിനുള്ള രജിസ്ട്രേഷൻ ഇന്നു സമാപിക്കും.
എൽകെജി മുതൽ പത്താക്ലാസ് വരെയുള്ളകുട്ടികൾക്കായാണ് മത്സരപരീക്ഷ സംഘടിപ്പിക്കുന്നത്. ഡിസിഎൽ ഐക്യു വിൻമാസ്റ്റർ എന്ന പുസ്തകം വാങ്ങുന്ന കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളത്.
ഓരോ ക്ലാസിലും ഒന്നാംറാങ്ക് നേടുന്ന കുട്ടികൾക്ക് ഒരു ഗ്രാമിന്റെ സ്വർണമോതിരം സമ്മാനമായി നല്കും. 4000, 3000, 2000, 1000, എന്നിങ്ങനെ യഥാക്രമം രണ്ടു മുതൽ അഞ്ചു വരെ റാങ്ക് ജേതാക്കൾക്ക് കാഷ് അവാർഡ് നല്കും.
കൂടാതെ ഓരോ ക്ലാസിലും ഏറ്റുവും കൂടുതൽ മാർക്കു നേടുന്ന 500 കുട്ടികൾക്ക് 300 രൂപ വീതം കാഷ് അവാർഡും മെഡലും സർട്ടിഫിക്കറ്റും ലഭിക്കും. 80 ശതമാനത്തിലധികം മാർക്കുവാങ്ങുന്ന കുട്ടികൾക്ക് മെഡലും സർട്ടിഫിക്കറ്റും, 60 ശതമാനത്തിലധികം മാർക്കു നേടുന്നവർക്ക് ഗ്രേഡ് സർട്ടിഫിക്കറ്റും പങ്കെടുക്കുന്ന എല്ലാവർക്കും പാർട്ടിസിപ്പന്റ് സർട്ടിഫിക്കറ്റും നല്കും.
രജിസ്റ്റർ ചെയ്ത കുട്ടികൾക്കുള്ള പുസ്തകങ്ങൾ ഓഗസ്റ്റ് 10 മുതൽ വിതരണം ചെയ്യും. മത്സരപരീക്ഷ ഒക്ടബോർ 17-നാണ് നടക്കുക.
DCL (Deepika Children’s League)
തൊടുപുഴ: ഡിസിഎൽ തൊടുപുഴ പ്രവിശ്യയിലെ കലയന്താനി മേഖലാ നേതൃസംഗമവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ആഗസ്റ്റ് ഒന്നാംതീയതി ശനിയാഴ്ച രാവിലെ 10 മുതൽ ഇളംദേശം സെന്റ് ജോസഫ്സ് എൽ പി സ്കൂളിൽ നടക്കും. ഹെഡ്മിസ്ട്രസ് ബിസ്മി ജോർജ് ഉദ്ഘാടനം ചെയ്യും.
കരിമണ്ണൂർ മേഖലാ നേതൃസംഗമവും തെരഞ്ഞെടുപ്പും അന്ന് ഉച്ചകഴിഞ്ഞ് 1.45 മുതൽ കരിമണ്ണൂർ ഹോളി ഫാമിലി എൽ പി എസിലും ഉണ്ടായിരിക്കുമെന്ന് പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് , മേഖലാ ഓർഗനൈസർമാരായ റോയി വി ജോർജ് , ബിനോജ് ആൻറണി എന്നിവർ അറിയിച്ചു.
DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
2026 ജൂലൈ 19. ന്യൂയോർക്ക് സിറ്റിയിലെ ന്യൂജേഴ്സി സ്റ്റേഡിയം ഇളകിമറിയുകയാണ്. അർജന്റീനയെ ഒരു ഗോളിന് തോല്പിച്ച്, സ്പെയിൻ ഫിഫ ലോകകപ്പ് വിജയം നേടിയ നിമിഷം! സ്പെയിൻ ടീമിന്റെയും ആരാധകരുടെയും വിജയാരവങ്ങൾക്കും അർജന്റീനയുടെയും മെസി ഫാൻസിന്റെയും ആർത്തനാദങ്ങൾക്കുമിടയിലൂടെ തനിക്കു കിട്ടിയ സ്വർണമെഡലും കൈയിലുയർത്തി, ഗാലറിയിലേക്കു നോക്കിക്കൊണ്ട് ഗ്രൗണ്ടിന്റെ അരികിലൂടെ ഒരാൾ ഓടുകയാണ്.
അയാളുടെ പേരാണ് നിക്കോ വില്യംസ്! ആഫ്രിക്കൻ വംശജനായ സ്പാനിഷ് ഫുട്ബോൾ ടീം അംഗം. ഇക്കഴിഞ്ഞ ജൂലൈ 12-ന് 24-ാം പിറന്നാൾ ആഘോഷിച്ചവൻ. "മകനേ...' എന്ന വിളിയുമായി ഗാലറിയിൽനിന്നും ഇരുകൈകളും നീട്ടിനിന്ന മരിയ ആർഥർ എന്ന അവന്റെ അമ്മയെ കണ്ടതും ഈറണനിഞ്ഞ മിഴികളോടെ നിക്കോ, തന്റെ മെഡൽ അമ്മയുടെ കഴുത്തിൽ ചാർത്തി! ചുറ്റും പൊതിഞ്ഞ ചാനലുകളോടവൻ പറഞ്ഞു:
"കളിക്കളത്തിൽ എനിക്ക് വളരെവേഗം ഓടാൻ കഴിയും. എന്നാൽ, എനിക്ക് എന്റെ അമ്മയോളം വേഗത്തിൽ ഓടാനാവില്ല. കാരണം ജന്മനാടായ ആഫ്രിക്കയിലെ ഘാനയിൽനിന്ന്, രക്ഷപ്പെട്ട്, സഹാറമരുഭൂമി താണ്ടിയാണ് അമ്മയുമച്ഛനും സ്പെയിനിലെത്തിയത്! അതിനാൽ, എന്റെ അമ്മയ്ക്കാണ് ഈ മെഡലിന് എന്നേക്കാളും അർഹത!''
പ്രിയ കൂട്ടുകാരേ, ലോകം കോരിത്തിരിച്ചുനിന്ന അനുപമ നിമിഷമാണിത്! നിക്കോ പറഞ്ഞത് സത്യമാണ്. വെറും മൂന്നു പതിറ്റാണ്ടുകൾക്കു മുന്പ്, ആഫ്രിക്കയിലെ ഘാനയിൽനിന്നും അഭയാർത്ഥികളായി സഹാറ മരുഭൂമി കാൽനടയായി നടന്ന് സ്പെയിനിലെത്തിയ ഫെലിക്സ് വില്യംസിന്റെയും മരിയ ആർഥറിന്റെയും മക്കളാണ് സ്പെയിൻ നാഷണൽ ഫുട്ബോൾ ടീം അംഗങ്ങളായ ഇനാക്കി വില്യംസും നിക്കോ വില്യംസും!
നിക്കോയുടെ കഥ കേട്ടപ്പോൾ ഘാനയിൽനിന്ന് സഹാറമരുഭൂമിവഴി സ്പെയിനിലെത്താനുള്ള ദൂരം ഗൂഗിൾമാപ്പിലൂടെ കണ്ടെത്താൻ ശ്രമിച്ചുനോക്കി! 5700 മുതൽ 6000 കിലോമീറ്റർ ദൂരമാണ് ആ മാതാപിതാക്കൾ നടന്നത്. കാൽനടയായി നടന്നാൽ, ഏകദേശം 130 മുതൽ 150 ദിവസങ്ങൾ നിർത്താതെ നടക്കണം, ഈ ദൂരം പൂർത്തിയാവാൻ!
ഒരുപക്ഷേ, അവർ ഘാനയിൽനിന്നും അൾജീരിയായിലൂടെ സഹാറാ കടന്ന് ഒറാനിൽനിന്ന് കപ്പൽകയറി അലിക്കാന്റ തീരത്തിറങ്ങി ആഗോസ്റ്റിലൂടെ സ്പെയിനിലെത്തിയിട്ടുണ്ടാകും! അല്ലെങ്കിൽ വെസ്റ്റ് സഹാറവഴി നടന്ന് മൊറോക്കോ കടന്ന് ജിബ്രാൾട്ടർ കടലിടുക്കിലൂടെ സ്പെയിനിലെത്തിയിട്ടുണ്ടാകും!
കൂട്ടുകാരേ, നിങ്ങളുടെ ഇന്നിലേക്ക്, നിങ്ങളുടെ മാതാപിതാക്കൾ നടന്നുതീർത്ത ഇന്നലെകൾ എത്രയെന്ന് എത്രപേർക്കറിയാം! എന്റെ മാതാപിതാക്കളും നിങ്ങളുടെ മാതാപിതാക്കളും ജീവിതത്തിൽ നിരവധി സഹാറമരുഭൂമിയാത്രകൾ നടത്തിയിട്ടുള്ളവരാണ്, തീർച്ച! ആഫ്രിക്കയിലെ സഹാറമരുഭൂമിയിൽ പകൽ പലപ്പോഴും 60 ഡിഗ്രിയാണ് ചൂട്! ചുട്ടുപൊള്ളുന്ന മണൽപ്പരപ്പിലൂടെ കൊടിയ വിശപ്പും ദാഹവും സഹിച്ച്, എത്തിച്ചേരുന്ന കാനാൻനാട്ടിൽ തേനും പാലും ഒഴുകണേയെന്ന് ഓരോ കിതപ്പിലും പാർത്ഥിച്ച്, വിയർത്തൊലിച്ചു നടന്നത്, നിക്കോയുടെ മാതാപിതാക്കൾ മാത്രമല്ല, നമ്മുടേയും മാതാപിതാക്കളാണ്!
കടബാധ്യതകളുടേയും രോഗങ്ങളുടേയും പരാജയഭീതിയുടെയും ജീവിത ഭാണ്ഡങ്ങളുമായി ജീവിതത്തിന്റെ സഹാറതാണ്ടുന്ന നമ്മുടെ മാതാപിതാക്കളുടെ ഈ ജീവിതയാത്രയിൽ, സ്നേഹത്തിന്റെ തേനരുവികളും സത്യസന്ധതയുടെ വെൺമേഘത്തണലും വിശ്വസ്തതയുടെ ദീപസ്തംഭങ്ങളുമാകാൻ മക്കളായ നമുക്ക് കഴിയണം! അവരുടെ അധ്വാനത്തിന്റെ അളവറിയണം. അവർ നമുക്കായി താണ്ടിയ സഹാറകളുടെ ദൂരമറിയണം.
അപ്പോൾ, തന്റെ പൊന്നായ അമ്മയോളം വരില്ല ഈ പൊന്നിന്റെ മെഡൽ എന്നു തിരിച്ചറിഞ്ഞ നിക്കോയേപ്പോലെ നമ്മുടെയും കഠിനാധ്വാനത്തിന്റെയും സ്ഥിരപരിശ്രമത്തിന്റെയും വേർപ്പുതുള്ളികൾ പതിച്ച ജീവിതമാകുന്ന മെഡലുയർത്തി നമുക്കും പറയാൻ കഴിയും, അമ്മ പൊന്നമ്മയല്ലമ്മേ, തങ്കമ്മയാണ്. തനിത്തങ്കംകൊണ്ടെന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച എന്റെ തങ്കമ്മ!
സ്നേഹാശംസകളോടെ,സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യത്തിന്റെ മേഖലാതല ടാലന്റ് ഫെസ്റ്റുകൾ ഓഗസ്റ്റ് മുതൽ ആരംഭിക്കും. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. രചനാമത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.
ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
ഗ്രൂപ്പ് ഐറ്റം ഉൾപ്പെടെ ഒരാൾക്ക് രണ്ടു വിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ പാടുള്ളൂ.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം.
പ്രസംഗമത്സരത്തിനുള്ള വിഷയങ്ങൾ:
ഹൈസ്കൂൾ വിഭാഗം - 1) 1.യുദ്ധങ്ങളും അശാന്തിയും നിറഞ്ഞ ലോകത്ത് സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പ്രസക്തി. 2)ആധുനിക ജീവിതവും ആധുനിക മനുഷ്യന്റെ ആരോഗ്യവും.
യു.പി വിഭാഗം - 1) ഡിജിറ്റൽ യുഗത്തിലെ അച്ചടക്കവും കൃത്യനിഷ്ഠയും - ഇന്നത്തെ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ 2.സാഹോദര്യത്തിന്റെ കേരള മാതൃക- ദുരന്തങ്ങളിൽ കൈകോർത്ത നമ്മൾ
എൽപി വിഭാഗം 1) ലോകകപ്പ് ഫുട്ബോൾ- മൈതാനങ്ങൾ പഠിപ്പിക്കുന്ന 'നാം ഒരു കുടുംബം' എന്ന പാഠം. 2.നാം ഒരു കുടുംബം: എന്റെ കൊച്ചു ലോകത്തെ സ്നേഹക്കാഴ്ചകൾ.
എൽപി വിഭാഗത്തിന് മേഖല, പ്രവിശ്യാ തലങ്ങളിൽ ആദ്യത്തെ ഒരു വിഷയം മാത്രമായിരിക്കും ഉണ്ടായിരിക്കുക. സംസ്ഥാനതലമത്സരത്തിൽമാത്രം രണ്ടു വിഷയങ്ങളും പഠിച്ചാൽ മതിയാകും. യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിൽ മേഖല, പ്രവിശ്യ, സംസ്ഥാനതലത്തിലും, എൽപി വിഭാഗത്തിൽ സംസ്ഥാനതലത്തിലും നല്കിയിട്ടുള്ള രണ്ടു വിഷയങ്ങളിൽ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന ഒരു വിഷയമാണ് പ്രസംഗിക്കേണ്ടത്.
DCL (Deepika Children’s League)
ചങ്ങനാശ്ശേരി: ദീപിക ബാലസഖ്യം ചങ്ങനാശ്ശേരി മേഖല തെരഞ്ഞെടുപ്പും പ്രവർത്തന വർഷ ഉദ്ഘാടനവും ചങ്ങനാശ്ശേരി സെന്റ് ജോസഫ് ഹൈസ്കൂളിൽ ഇന്നു നടക്കും.
ഉച്ചയ്ക്ക് ഒരു മണിക്ക് ശാഖകളിൽനിന്നും തെരഞ്ഞെടുത്ത കൗൺസിലർമാരിൽനിന്നും മേഖല ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടക്കും. തുടർന്ന് 2.30-ന് നടക്കുന്ന സമ്മേളനത്തിൽ മേഖലയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജോർജ് മാന്തുരുത്തിൽ നിർവഹിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് സീന ജോസഫ് അധ്യക്ഷത വഹിക്കും. ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയായ കിക്ക് ഔട്ടിന്റെ ഉദ്ഘാടനം എക്സൈസ് പ്രിവന്റീവ് ഓഫീസർ രാജേഷ് ആർ. നിർവ്വഹിക്കും.
ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗ്ഗീസ് കൊച്ചുകുന്നേൽ, കേന്ദ്രകമ്മറ്റി അംഗം ആൻസി മേരി ജോൺ , ചങ്ങനാശ്ശേരി മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം,ഓർഗനൈസിംഗ് സെക്രട്ടറി റോയി തോമസ് എന്നിവർ പ്രസംഗിക്കും. ലഹരി വിരുദ്ധ പ്രതിജ്ഞ മേഖല കൗൺസിലർമാർ ചൊല്ലിക്കൊടുക്കും.
DCL (Deepika Children’s League)
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
അർജന്റീനയും കേപ് വെർദെയും തമ്മിലുള്ള ആവേശപ്പോരാട്ടം അന്ത്യത്തോടടുക്കുകയാണ്! അമേരിക്കയിലെ മിയാമി സ്റ്റേഡിയം 2026 ഫിഫ വേൾഡ് കപ്പിലെ ഏറ്റവും വികാരഭരിതമായ രംഗങ്ങൾക്ക് സാക്ഷ്യംവഹിക്കുകയാണ്.
ജനകോടികളുടെ രോമാഞ്ചമായ കാൽപ്പന്തുകളിയുടെ മഹാരാജാവ് ലയണൽ മെസിയുടെ അഞ്ചിലധികം ഷോട്ടുകളാണ് കരിങ്കൽഭിത്തിയിലിടിച്ച് തെറിക്കുന്നതുപോലെ ഗോൾമുഖത്തിന്റെ നാനാവശങ്ങളിലേക്കും ചിതറി വീഴുന്നത്! അവസാനം അർജന്റീന കഷ്ടിച്ചു കടന്നുകൂടുന്പോൾ, തന്റെ ഏറ്റവും കൂടുതൽ ബോളുകൾ തടഞ്ഞുതെറിപ്പിച്ച, ആ ഗോൾകീപ്പറിന് സ്വന്തം ജേഴ്സി ഊരി നൽകി ലയണൽ മെസി ആദരിക്കുകയാണ്!
കുറ്റിത്താടിയും ചുളുങ്ങിയ മുഖവുമായി ഒരു മനുഷ്യൻ നിന്നു കരയുകയാണ്. അഞ്ചുലക്ഷത്തിലധികം മാത്രം ജനങ്ങളുള്ള തന്റെ കൊച്ചു രാജ്യത്തിന്റെ വിലാസം ആകാശത്തോളമുയർത്തിയ കളിക്കളത്തിലെ ആ കാരണവരുടെ പേര്, ജോസിമർ ജോസേ എവോറ ഡയസ് എന്നാണ്. എന്നാൽ അയാൾ ഇന്നു ലോകമെന്പാടും അറിയപ്പെടുന്നത് "കുഞ്ഞുമുത്തശ്ശി' എന്ന് അർത്ഥം വരുന്ന "വൊസീഞ്ഞോ' എന്ന ഓമനപ്പേരിലാണ്.
1986-ജൂൺ മൂന്നിന്, കേപ് വെർദെ രാജ്യത്തിലെ സാവോ വിസെന്റ് ദ്വീപിൽ അതി ദരിദ്രനായി ജനിച്ച വൊസീഞ്ഞോയാണിത്! പിതാവ് പട്ടാളത്തിലും അമ്മ കൂലിവേലയ്ക്കും പോയതിനാൽ മുത്തശ്ശനും മുത്തശ്ശിയും വളർത്തിയതിന്റെ പേരിൽ "കുഞ്ഞുമുത്തശ്ശി' എന്ന കളിപ്പേര് സ്വന്തം ഔദ്യോഗിക പേരാക്കി മാറ്റിയ വൊസീഞ്ഞോയാണിത്!
ഫുട്ബോൾകളിയോടുള്ള അടങ്ങാത്ത അഭിനിവേശംമൂലം കളിക്കളം കിടപ്പാടമാക്കിയെങ്കിലും, ഉയരക്കുറവുമൂലം പരിശീലകർ പരിഹസിച്ചിറക്കിവിട്ട വൊസീഞ്ഞോയാണിത്!
കാൽപന്തുകളിയുടെ വൈഭവം പാദങ്ങളിൽ തുടുതുടുത്തപ്പോഴും ഉപജീവനത്തിനായി ബസ് ഡ്രൈവറായും ഇലക്ട്രീഷ്യനായും കൂലിപ്പണിയെടുത്ത വൊസീഞ്ഞോയാണിത്!
എന്നാൽ, 20-ാം വയസിനു മുന്നേതന്നെ 6.3 അടി ഉയരം നേടി, അംഗോള, മൽഡോവ,. സൈപ്രസ്, സ്ലോവാക്യ, പോർച്ചുഗൽ തുടങ്ങിയ നിരവധി രാജ്യങ്ങളുടെ ടീമുകളിൽ കളിച്ചുജയിച്ച്, 2026 ഫിഫ ലോകകപ്പിന്റെ രോമാഞ്ചമായ സൂപ്പർ ഗോൾകീപ്പർ വൊസീഞ്ഞോയാണിത്!
പ്രിയ കൂട്ടുകാരേ, വൊസീഞ്ഞോ എന്ന കാൽപ്പന്തുകളിക്കാരന് തന്റെ കൈകൾകൊണ്ട് തട്ടിയെറിഞ്ഞത്, മെസിയുൾപ്പെടെയുള്ള ലോകതാരങ്ങളുടെ ചാട്ടുളിപ്പന്തുകളായിരുന്നോ? അല്ലേയല്ല!
കളിക്കളത്തിൽ അയാൾ സാകൂതം സശ്രദ്ധം ഗോൾമുഖത്ത് മിഴിപൂട്ടാതെനിന്ന് നാനാവശങ്ങളിൽനിന്നും, പലരും വീശിയടിച്ച പന്തുകൾ കൃത്യമായി തട്ടിമാറ്റിയിട്ടുണ്ട്. എന്നാൽ, അതിനു മുന്നേതന്നെ അയാൾ, തന്റെ നേരേ പലരും വലിച്ചെറിഞ്ഞ പരിഹാസത്തിന്റെയും ആക്ഷേപത്തിന്റെയും ആരോപണങ്ങളെ തട്ടിമാറ്റിയിട്ടുണ്ട്.
കൗമാരത്തിൽ കളിക്കളത്തിലെ കുള്ളൻവിളികളെ അയാൾ തെട്ടിത്തെറിപ്പിച്ചു!
പൊക്കക്കുറവിന്റെ കളിപ്പേരുകൾക്കൊപ്പം, മുത്തശ്ശനെയും മുത്തശ്ശിയെയും ദൈവത്തെപ്പോലെ അനുസരിച്ചപ്പോൾ കൂട്ടുകാർ വിളിച്ച കുഞ്ഞുമുത്തശ്ശി എന്ന പരിഹാസപ്പേരുകൊണ്ടയാൾ തന്റെ ജീവിത മധുരത്തിന്റെ പായസമുണ്ടാക്കി. തന്നെ തളർത്താനും പരാജയപ്പെടുത്താനുമായി അരികിലുള്ളവർ വലിച്ചെറിഞ്ഞ ആക്ഷേപങ്ങൾ അയാൾ തന്റെ പ്രതിരോധശേഷിയുടെ ആഹാരമാക്കി!
കൂട്ടുകാരേ, ജീവിക്കാനും അതിജീവിക്കാനും നിങ്ങൾ പരിശ്രമിക്കുന്പോൾ നിങ്ങളുടെ പരിസരത്തുനിന്നും ഉയരുന്ന പരിഹാസങ്ങളെ പായസംപോലെ രുചിച്ചിറക്കാൻ നിങ്ങൾക്കു കഴിയും. ഗാലറികളിൽ ഇരുന്നു കമന്റടിക്കുന്നവർ മെയ്യനങ്ങി കളിക്കുന്നവരല്ല, വെറും കാണികൾ മാത്രമാണെന്നോർക്കുക! നിങ്ങളുടെ വിജയത്തിനായി കളിക്കാൻ നിങ്ങൾ മാത്രമേയുള്ളൂ എന്നറിയുക. വിജയാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
ഡിസിഎൽ ടാലന്റ് ഫെസ്റ്റിലെ പ്രസംഗമത്സരത്തിനുള്ള വിഷയങ്ങൾ:
എൽപി വിഭാഗം 1) ലോകകപ്പ് ഫുട്ബോൾ- മൈതാനങ്ങൾ പഠിപ്പിക്കുന്ന 'നാം ഒരു കുടുംബം' എന്ന പാഠം. 2.നാം ഒരു കുടുംബം: എന്റെ കൊച്ചു ലോകത്തെ സ്നേഹക്കാഴ്ചകൾ.
യു.പി വിഭാഗം - 1) ഡിജിറ്റൽ യുഗത്തിലെ അച്ചടക്കവും കൃത്യനിഷ്ഠയും - ഇന്നത്തെ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ 2.സാഹോദര്യത്തിന്റെ കേരള മാതൃക- ദുരന്തങ്ങളിൽ കൈകോർത്ത നമ്മൾ
ഹൈസ്കൂൾ വിഭാഗം - 1) 1.യുദ്ധങ്ങളും അശാന്തിയും നിറഞ്ഞ ലോകത്ത് സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പ്രസക്തി. 2)ആധുനിക ജീവിതവും ആധുനിക മനുഷ്യന്റെ ആരോഗ്യവും. മൂന്നു വിഭാഗത്തിലും നല്കിയിട്ടുള്ള രണ്ടു വിഷയങ്ങളിൽ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന ഒരു വിഷയമാണ് പ്രസംഗിക്കേണ്ടത്. ടാലന്റ് ഫെസ്റ്റ് മേഖല മത്സരങ്ങൾ ഓഗസ്റ്റിൽ ആരംഭിക്കും.
DCL (Deepika Children’s League)
തൊടുപുഴ: ഡി സി എൽ തൊടുപുഴ പ്രവിശ്യയിലെ മൂലമറ്റം മേഖലാ നേതൃസംഗമവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജൂലൈ 11 ശനിയാഴ്ച രാവിലെ 9.45 മുതൽ അറക്കുളം സെന്റ് തോമസ് യു .പി സ്കൂളിൽ നടക്കും .
കരിങ്കുന്നം മേഖലാ നേതൃസംഗമവും തെരഞ്ഞെടുപ്പും അന്ന് ഉച്ചകഴിഞ്ഞ് 1.45 മുതൽ ചുങ്കം സെന്റ് ജോസഫ്സ് യു.പി സ്കൂളിലും ഉണ്ടായിരിക്കും .
ഡയറക്ടേഴ്സ് മീറ്റ്
പാലാ : കോട്ടയം പ്രവിശ്യയിലെ പാലാ, അരുവിത്തുറ, ചേർപ്പുങ്കൽ,രാമപുരം, കുറവിലങ്ങാട് മേഖലകളിലെ ഡയറക്ടർമാരുടെ നേതൃസംഗമം പാലാ മേരി മാതാ പബ്ലിക് സ്കൂളിൽ നടത്തി. പ്രവിശ്യ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സി എഫ്സിസി ഉദ്ഘാടനം ചെയ്തു. കൊച്ചേട്ടൻ ഫാ. റോയ് കണ്ണൻചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ മെൽബിൻ, മേഖല ഓർഗനൈസർമാരായവി. ടി ജോസഫ്, ജയ്സൺ ജോസഫ്, പാലാ മേഖല പ്രസിഡണ്ട് മാനുവൽ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
DCL (Deepika Children’s League)
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
മനസു നിറയെ, മറ്റുള്ളവർക്കായി പകർന്നു നല്കാൻ സ്നേഹംമാത്രം നിറച്ച്, യാത്ര തുടങ്ങിയതായിരുന്നു, സിസ്റ്റർ ഹെയ്സ് ലെറ്റ് എസ്ഡി എന്ന അധ്യാപികയായി വിരമിച്ച സന്യാസിനി. എന്നാൽ, ഡ്രൈവർ സ്വിച്ചിട്ട് അടയ്ക്കേണ്ട ബസിന്റെ ഓട്ടോമാറ്റിക് വാതിൽ അടയ്ക്കാതെ വേഗത്തിൽ മുന്നോട്ടുപോയ ബസിൽനിന്നു സിസ്റ്റർ റോഡിലേക്കു തെറിച്ചുവീണ്, ഗുരുതര പരിക്കുകളെ അതിജീവിക്കാനാകാതെ നമ്മോടു വിടപറഞ്ഞു.
കോതമംഗലം കോഴിപ്പിള്ളിയിൽ വച്ചുണ്ടായ അപകടത്തിലാണ്, ഇക്കഴിഞ്ഞ വർഷം ഊന്നുകൽ ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽനിന്ന് വിരമിച്ച്, നിരവധി മേഖലകളിൽ സജീവ ശുശ്രൂഷ ചെയ്തുവന്ന നല്ല അധ്യാപികയായ സിസ്റ്ററിന് ഇന്നലെ (1-7-26) ജീവൻ നഷ്ടമായത്.
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ അധ്യാപക സമൂഹത്തിന്റെ പ്രസരിപ്പായിരുന്നു, ഏവർക്കും പ്രിയങ്കരിയായിരുന്ന സ്വപ്ന രാജേഷ് ടീച്ചർ. പത്ത് സിയുടെ ക്ലാസ് ടീച്ചറും, സ്റ്റാഫ് സെക്രട്ടറിയും സഹഅധ്യാപകരുടെയും വിദ്യാർഥികളുടെയും മാനേജ്മെന്റിന്റെയും അഭിമാനവും ആഹ്ലാദവുമായിരുന്ന സ്വപ്നടീച്ചർ, ഇന്നലെ (1-7-26) നന്നായി പഠിപ്പിച്ച്, എല്ലാവരേയും സന്തോഷിപ്പിച്ച് വീട്ടിലേക്കു പോയതാണ്. പതിവുപോലെ ഇന്നു രാവിലെ സ്കൂളിലെത്താമെന്ന പ്രതീക്ഷയിലാണ് പ്രിയ ടീച്ചർ പോയത്. എന്നാൽ വീട്ടിൽവച്ച് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയും ജീവൻ നഷ്ടമാവുകയുമാണുണ്ടായത്.പ്രിയ കൂട്ടുകാരേ, രണ്ടു ഗുരുശ്രേഷ്ഠർ അപ്രതീക്ഷിതമായി വിദ്യാർഥിലോകത്തോടു യാത്രപറഞ്ഞു.
ഹെയ്സ്ലെറ്റ് സിസ്റ്ററിന്റെയും സ്വപ്ന ടീച്ചറിന്റെയും വിദ്യാർഥികൾ മൃതദേഹപേടകങ്ങൾക്കരികിലൂടെ വിങ്ങിക്കരഞ്ഞു നീങ്ങുന്നതു കണ്ടു. വിദ്യാഭ്യാസകാലത്തിന്റെ ഏറ്റവും വലിയ സൗഭാഗ്യം എന്താണ്? ഫുൾ എപ്ലസ് വാങ്ങുന്നതോ, കലാതിലകമോ പ്രതിഭയോ ആകുന്നതോ ആണോ? സമ്മാനങ്ങൾ ഒന്നും കിട്ടുന്നില്ലെങ്കിലും താൻ ബഹുമാനിക്കുന്ന അധ്യാപകരുടെ പ്രീതിയും വാത്സല്യവും തന്നോടൊപ്പമുണ്ട് എന്ന ഓരോ വിദ്യാർഥിയുടെയുംആത്മവിശ്വാസവും ഉള്ളിലെ അഭിമാനവുമല്ലേ, ഏറ്റവും വലിയ സൗഭാഗ്യം! തീർച്ചയായും അതെ. അതിന്, ആത്മാർത്ഥതയും സത്യസന്ധതയും ഉണ്ടായാൽ മതി.
അധ്യാപകരോട് എത്രമാത്രം അടുപ്പമാകാം? അമ്മയോളം, അച്ഛനോളം എന്നേ ഉത്തരമുള്ളൂ. നമ്മുടെ ഭാരതീയ ദർശനത്തിൽ, മാതാവും പിതാവും ഗുരുവും ദൈവതുല്യരാണ്. ഗുരു ദേവോ ഭവഃ എന്നുതന്നെയാണ് നമ്മുടെ പ്രമാണം. ദൈവതുല്യമാണ് ഗുരുസ്ഥാനം! ഗുരുത്വം എന്ന മഹാകൃപ വിദ്യാർഥിയിലേക്ക് വർഷിക്കാൻ ഉള്ളിൽ വെളിച്ചമുള്ള ഗുരുവിനുമാത്രമേ കഴിയൂ! അതിനാൽ, നമ്മുടെ എല്ലാ അധ്യാപകരേയും നമുക്ക്, അങ്ങേയറ്റം ആദരിക്കാം.
ആദരിക്കാൻ ഒട്ടും ബാക്കിവയ്ക്കരുത്. അവരെ അമ്മയെപ്പോലെ സ്നേഹിക്കുക. സ്നേഹം ഒട്ടും കുറച്ചുകളയരുത്. അവരോട് ഹൃദയം തുറന്ന് സംസാരിക്കാം; മറ്റൊരവസരത്തിലേക്ക് മാറ്റിവയ്ക്കരുത്. പിന്നീട്, അവസരം കിട്ടിയെന്നു വരില്ല. സ്വപ്ന ടീച്ചറിനോടും ഹെയ്സ്ലെറ്റ് സിസ്റ്ററിനോടും പിന്നീടു പറയാനായി അവരുടെ പല വിദ്യാർഥികളും മാറ്റിവച്ചത്, അവരുടെയുള്ളിൽ ബാക്കിയാവുകയാണ്.
നമുക്ക് ഇന്നുതന്നെ, സ്നേഹാദരവുകളോടെ, പുഞ്ചിരി മഞ്ജരികളുമായി നമ്മുടെ അധ്യാപകരുടെ മനസിൽ ശിഷ്യവസന്തം തീർക്കാം. അമ്മയോളം അടുക്കാം. അനുഗ്രഹീതരാകാം. ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
ഡിസിഎൽ ഇരട്ടയാർ മേഖലാ ഉദ്ഘാടനം വാഴവര സെന്റ് മേരീസ് ഹൈസ്കൂളിൽ കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ നിർവ്വഹിച്ചു.
ഇടുക്കി പ്രവിശ്യാ കോഓർഡിനേറ്റർ എം.വി ജോർജുകുട്ടി, സ്കൂൾ ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോസഫ്, ശാഖാ ഡയറക്ടർമാരായ സിജോമോൻ ജോസഫ്, സോയിമോൾ മാത്യൂ, തുടങ്ങിയവർ പ്രസംഗിച്ചു.
ജോസ് കെ. സെബാസ്റ്റ്യൻ, രാജി തോമസ്, റോബി പി. മാത്യൂ, ലീഡർമാരായ മെറോൺ എബ്രാഹം തോമസ്, ജിയന്നാ മനേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Kerala
തിരുവനന്തപുരം: സമൂഹത്തിനു ദിശാബോധം നല്കുന്ന പ്രസ്ഥാനമാണ് ദീപികയെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ദീപിക ബാലസഖ്യത്തിന്റെ (ഡിസിഎല്) സംസ്ഥാന പ്രവര്ത്തന വര്ഷത്തിന്റെയും ഡിസിഎല്ലിന്റെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയായ കിക്ക്ഔട്ടിന്റെയും ഉദ്ഘാടനം കവടിയാര് നിര്മലഭവന് ഹയര് സെക്കന്ഡറി സ്കൂളില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മഹിമയ്ക്കു വേണ്ടി പ്രവര്ത്തിക്കുന്നതിനുള്ള പ്രോത്സാഹനമാണ് ദീപിക നല്കുന്നത്.
നൈസര്ഗികമായ കഴിവുകളെ വളര്ത്തിയെടുക്കാന് സഹായിക്കുന്ന പത്രമുത്തശി ലഹരി വിമുക്ത പരിപാടി കൂടി ഏറ്റെടുക്കുന്നതില് സന്തോഷമുണ്ട്.
ലഹരി ഉപയോഗിക്കില്ലെന്ന് ഓരോ കുട്ടിയും ജീവിതത്തില് ദൃഢനിശ്ചയം ചെയ്യണമൈന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ജീവിതം നശിപ്പിക്കുന്നത് ലഹരിയാണ്. ലഹരി മാഫിയയുടെ വേരറുക്കും വരെ പോരാട്ടം നടത്തും. ജീവിതമാണ് ലഹരിയെന്ന ചിന്തയില് മെച്ചപ്പെട്ട നിലയില് ജീവിക്കാന് ഓരോ വിദ്യാര്ഥിക്കും സാധിക്കണം.
ലഹരി തുടച്ചുനീക്കാന് ലക്ഷ്യമിട്ട് സര്ക്കാര് ആരംഭിച്ച ഓപ്പറേഷന് തൂഫാനിലൂടെ 65 കോടിയില്പ്പരം രൂപയുടെ രാസലഹരിയാണ് പിടിച്ചെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില് രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്സിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. ഒരു ദേശത്തിന്റെ എല്ലാ നന്മകളെയും ഉയര്ത്തിപ്പിടിക്കുന്ന പത്രമാണ് ദീപികയെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യപ്രഭാഷണം നടത്തിയ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര് ഫാ. മൈക്കിള് വെട്ടിക്കാട്ടിന് ആഭ്യന്തരമന്ത്രി തൂഫാന് വാറിയര് ബാഡ്ജ് സമ്മാനിച്ചു.
ഡിസിഎല് വഴി സമൂഹത്തില് മുന്നിരയില് എത്തുകയും സമൂഹത്തെ നയിക്കുകയും ചെയ്യുന്ന നിരവധി വ്യക്തികളാണ് ഉള്ളതെന്ന് ഫാ. മൈക്കിള് വെട്ടിക്കാട്ട് പറഞ്ഞു. 24 ലക്ഷം വിദ്യാര്ഥികളും 20,000 അധ്യാപകരും ഒരുമിക്കുന്ന ദീപിക ബാലസഖ്യത്തില് നിന്ന് ഇനിയും ഒട്ടേറെ പ്രതിഭകള് ഉയര്ന്നുവരുമെന്നു ദീപിക ചീഫ് കോ -ഓര്ഡിനേറ്റിംഗ് ഓഫീസര് ഫാ. ജിനോ പുന്നമറ്റത്തില് ആശംസാ പ്രസംഗത്തില് പറഞ്ഞു.
തിരുവനന്തപുരം മേജര് അതിരൂപത വികാരി ജനറാളും ദീപിക തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് മാനേജരുമായ മോണ്. ഡോ. വര്ക്കി ആറ്റുപുറത്ത് കോര്എപ്പിസ്കോപ്പ, ഡിസിഎല് കൊച്ചേട്ടന് ഫാ. റോയി കണ്ണന്ചിറ സിഎംഐ, സര്ക്കുലേഷന് ജനറല് മാനേജര് ഫാ. ജോര്ജ് മാന്തുരുത്തില്, ഡിസിഎല് നാഷണൽ കോഓര്ഡിനേറ്റര് വർഗീസ് കൊച്ചു കുന്നേൽ, സ്കൂള് പ്രിന്സിപ്പല് സിസ്റ്റര് ലിന്സ് ആലയ്ക്കല് എസ്എബിഎസ് തുടങ്ങിയവര് പങ്കെടുത്തു.
Kerala
കോട്ടയം: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് സ്പെഷൽ ഒളിമ്പിക്സ് ഭാരത് കേരളയും (എസ്ഒബി) ദീപിക ബാലസഖ്യവും സംയുക്തമായി നടത്തുന്ന യൂണിഫൈഡ് യോഗ പരിപാടികൾ ഇന്ന് പാലായിലും ചങ്ങനാശേരിയിലും നടക്കും.
രാവിലെ പത്തിന് പാലാ ചാവറ പബ്ലിക് സ്കൂളിൽ നടക്കുന്ന യോഗ പരിപാടി ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.
പ്രിൻസിപ്പൽ ഫാ. സാബു കൂടെപ്പാട്ട് സിഎംഐ അധ്യക്ഷത വഹിക്കും. ഡിസിഎൽ കൊച്ചേട്ടനും എസ്ഒബി കേരളയുടെ ഏരിയ ഡയറക്ടറുമായ ഫാ. റോയി കണ്ണൻചിറ, എസ്ഒബി കേരള സ്റ്റേറ്റ് ഡിസെബിലിറ്റി എക്സ്പെർട്ട് ഫാ. ക്ലീറ്റസ് ഇടശേരി സിഎംഐ എന്നിവർ പ്രസംഗിക്കും.
കോട്ടയം ജില്ലയിലെ വിവിധ സ്പെഷൽ സ്കൂളുകളിൽ നിന്നുള്ള മുന്നൂറോളം വിദ്യാർഥികളും ചാവറ പബ്ലിക് സ്കൂളിലെ മുന്നൂറോളം വിദ്യാർഥികളും യൂണിഫൈഡ് യോഗയിൽ പങ്കെടുക്കും.
ഉച്ചയ്ക്ക് ഒന്നിന് ചങ്ങനാശേരി ളായിക്കാട് മേരി റാണി പബ്ലിക് സ്കൂളിൽ നടക്കുന്ന യൂണിഫൈഡ് യോഗ പരിപാടി മുനിസിപ്പൽ ചെയർമാൻ ജോണി ജോസഫ് ഉദ്ഘാടനംചെയ്യും. ഫാ. റോയി കണ്ണൻചിറ അധ്യക്ഷനാകും.
പ്രിൻസിപ്പൽ സിസ്റ്റർ ലിനെറ്റ് എസ്എബിഎസ്, ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ എന്നിവർ പ്രസംഗിക്കും. മേരി റാണി സ്കൂളിലെ 300 വിദ്യാർഥികളോടൊപ്പം ചങ്ങനാശേരി മേഖലയിലെ വിവിധ സ്പെഷൽ സ്കൂളുകളിൽ നിന്നുള്ള 300 വിദ്യാർഥികളും ചേർന്ന് യൂണിഫൈഡ് യോഗ അവതരിപ്പിക്കും.
ഭിന്നശേഷിയുള്ള വിദ്യാർഥികളെ മുഖ്യധാരയിലേക്ക് ആനയിക്കുന്ന സംയോജിത സമൂഹ നിർമിതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എസ്ഒബി കേരള പ്രസിഡന്റ് ഡോ. എം.കെ. ജയരാജും സംസ്ഥാന പ്രോഗ്രാം മാനേജർ സിസ്റ്റർ റാണി ജോയും പറഞ്ഞു.
DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കുടുംബാംഗങ്ങളേ,
പ്രിയ ഡിസിഎൽ കുടുംബാംഗങ്ങളേ,അർത്ഥമില്ലാത്ത ചിത്താന്തങ്ങൾക്കായി വീട്ടിലും നാട്ടിലും സമരപരന്പരകൾ നടത്തുന്ന നിരവധി വിദ്യാർഥികൾക്കു മുന്നിൽ, വിദ്യാർഥി സംഘടനകൾക്കു മുന്നിൽ, ഇതാ അർഥമുള്ള സിദ്ധാന്തങ്ങളിലൂടെ പുതു വിപ്ലവത്തിന്റെ വിസിൽ മുഴക്കുന്ന ഒരു വിദ്യാർഥി പ്രതിഭ! സാർത്ഥക് സിദ്ധാന്ത്!ഝാർഖണ്ഡ് സംസ്ഥാനത്തെ റാഞ്ചി നഗരത്തിൽ നിന്നും, സ്വന്തം ബ്ലോഗിലൂടെ ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ മുഴുവൻ ഇളക്കി മറിക്കുന്ന ഈ 17കാരൻ പ്ലസ്ടു വിദ്യാർത്ഥിയെക്കുറിച്ചാകട്ടെ, ഇന്നത്തെ കൊച്ചേട്ടന്റെ കത്ത്!
“അസതോ മാ സത്ഗമയ” എന്ന ആദർശവുമായി 1962 ജൂലൈ ഒന്നിന് ഒൗദ്യോഗികമായി ആരംഭിച്ച സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (CBSE) ഇന്ന് ഇന്ത്യയിലെ ഏറ്റവും മികവുറ്റ വിദ്യാദാന സംവിധാനങ്ങളിൽ ഒന്നാണ്.
30000 -ൽ അധികം അഫിലിയേറ്റഡ് വിദ്യാലയങ്ങളിലായി 3 കോടിയിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന സിബിഎസ്ഇ സിലിബസിൽ ഇക്കഴിഞ്ഞ ബോർഡ് എക്സാമിന് പത്തിലും പന്ത്രണ്ടിലും മാത്രം പരീക്ഷ എഴുതിയത് 42 ലക്ഷം വിദ്യാർത്ഥികളാണ്. ഇതിൽ പ്ലസ്ടു പരീക്ഷ എഴുതിയ 17.8 ലക്ഷം വിദ്യാർത്ഥികളിൽ ഒരാളാണ് നമ്മുടെ കഥാനായകനായ സാർത്ഥക് സിദ്ധാന്ത്.
സാർത്ഥക് എങ്ങനെയാണ് താരമായത് എന്ന് കൂട്ടുകാർക്ക് അറിയാമോ?ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയുടെ ഉത്തരക്കടലാസുകൾ ഡിജിറ്റലായി പരിശോധിക്കുവാൻ, സിബിഎസ്ഇ, ഓണ് സ്ക്രീൻ മാർക്കിംഗ് (OSM) എന്ന സംവിധാനമാണ് സ്വീകരിച്ചത്! ഇതനുസരിച്ച് മൂല്യനിർണയം നടത്തി പ്രഖ്യാപിച്ച 2025-26 ലെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലത്തിനെതിരെ വിദ്യാർത്ഥികളിൽ നിന്ന് വ്യാപകമായ ആക്ഷേപവും പ്രതിഷേധവുമാണ് രാജ്യമെങ്ങും അലയടിച്ചത്.
നിരവധി വിദ്യാർത്ഥികൾ മാർക്ക് സംബന്ധമായ പരാതികളുമായി മുന്നോട്ടു വന്നു.പതിനായിരക്കണക്കിനു വിദ്യാർത്ഥികൾ വിലാപവും പരിഭവുമായി വിഷമിച്ചപ്പോൾ, ഇത്ര അശ്രദ്ധമായും തെറ്റായും വിലയിരുത്തൽ നടത്തിയ കന്പനിയേത് എന്നാണ് സാർത്ഥക് അന്വേഷിച്ചത്. വിവരാവകാശത്തിലൂടെ ലഭിച്ച തന്റെ പരീക്ഷാപേപ്പറുകൾ പരിശോധിച്ച സാർത്ഥക് ഞെട്ടിപ്പോയി!
ഡിജിറ്റൽ മൂല്യനിർണയത്തിനായി സ്കാൻ ചെയ്ത തന്റെ പല പേജുകളും അവ്യക്തമാണ്! എന്നിട്ടും തന്റെ പേപ്പറുകൾക്ക് ആരോ തോന്നിയപോലെ മാർക്കിട്ടിരിക്കുന്നു!ഈ തിരിച്ചടിയിൽ തന്റെ സ്വപ്നങ്ങൾ തകർന്നടിയാൻ സാർത്ഥക് അനുവദിച്ചില്ല. പകരം, ഒറ്റയ്ക്ക് പോരാടാൻ അവൻ തീരുമാനിച്ചു. മൂല്യനിർണയിത്തിലെ പിഴവ്, അത് ചെയ്ത കന്പനിയുടെ തെറ്റാണ് എന്ന് തുടർച്ചയായ അന്വേഷണത്തിലൂടെ സാർത്ഥക് തിരിച്ചറിഞ്ഞു.
മൂല്യനിർണയത്തിനായി ടെൻഡർ വ്യവസ്ഥകൾ അപ്പാടെ തെറ്റിച്ച് സിബിഎസ്ഇ തെരഞ്ഞെടുത്തത് മുന്പുണ്ടായിരുന്ന ഗ്ലോബറീനാ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേര് മാറ്റി കോയെംപ്റ്റ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ വന്ന കന്പനിയെയാണ് എന്ന് സാർത്ഥക് മനസിലാക്കി.
2019-ൽ തെലുങ്കാന ഇന്റർമീഡിയറ്റ് പരീക്ഷാഫല വിവാദത്തിന്റെ കാരണമായ കന്പനിയാണ് ഗ്ലോബറീനാ! അന്ന് മൂല്യനിർണയ പിഴവുമൂലം ഇരുപത്തിമൂന്നോളം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യാനിടയാക്കിയ, കരിന്പട്ടികയിലുള്ള കന്പനിക്ക് ടെൻഡർ വ്യവസ്ഥകൾ മാറ്റിയെഴുതി 17.8 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി പന്താടാൻ എറിഞ്ഞുകൊടുത്ത ഉത്തരവാദിത്തപ്പെട്ടവർക്കെതിരേ തന്റെ ബ്ലോഗിലൂടെ സാർത്ഥക് അക്രമണം അഴിച്ചുവിട്ടു! സാർത്ഥക് സ്വയം പഴിച്ചില്ല, പരാതി പറഞ്ഞ് നിരാശനായില്ല. സ്വന്തം കഴിവിലും അധ്വാന ഫലത്തിലും ഉറച്ച വിശ്വാസമുണ്ടായിരുന്ന അവൻ തന്റെ കണ്ടെത്തലുകൾ ഇന്ത്യൻ പാർലമെന്റിന്റെ സ്ഥിരം സമിതിക്കു മുന്നിൽ അവതരിപ്പിച്ചു.
ഇന്ന് സിബിഎസ്ഇ ഓഫീസ് ഈ കമ്മിറ്റിയുടെ അന്വേഷണവലയത്തിലാണ്. പ്രിയ കൂട്ടുകാരെ, ഇതൊരു വിദ്യാർഥി സമരത്തിന്റെ ചരിത്രമാണ്. സ്വന്തമായി സിദ്ധാന്തമുള്ള, ബോധ്യങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു വിദ്യാർത്ഥി ഒറ്റയ്ക്ക് നടത്തുന്ന സമരം. നമ്മുടെ കേരളത്തിലെ വിദ്യാർത്ഥിസമരങ്ങളുടെ ചരിത്രമെടുക്കൂ.
ഓരോ രാഷ്ട്രീയ പാർട്ടിയുടെയും കുടിപ്പകയുടെയും ഗൂഢലക്ഷ്യങ്ങളുടെയും ഇരകളായി വിദ്യാലയങ്ങളും കോളേജുകളും നിശ്ചലമാക്കി, പഠിപ്പുമുടക്കി, തമ്മിൽ തല്ലി കൊലവിളി നടത്തി പൊതുമുതൽ നശിപ്പിച്ച് ഗുരുനിന്ദയുടെ നികൃഷ്ടകർമങ്ങളിലൂടെ ഗുരുത്വം നഷ്ടമാക്കി ഭാവി ആവിയാക്കുന്ന നിഷേധാത്മക വിദ്യാർത്ഥിസമര ചരിത്രങ്ങളെ അവസാനിപ്പിക്കാൻ സമയമായില്ലേ?വികാരങ്ങൾക്കുപകരം വിചാരവും വിവേകവും ഉപയോഗിച്ച് അനുഭവങ്ങളെ നേരിടാനും അർത്ഥപൂർണമായി രാജ്യനന്മയ്ക്കായി നേരോടെ പോരാടുവാനും സാർത്ഥക് സിദ്ധാന്ത് എന്ന പ്രതിഭയെ നമുക്ക് മാതൃകയാക്കാം.
ആശംസകളോടെ സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
തൊടുപുഴ: ഡിസിഎൽ തൊടുപുഴ പ്രവിശ്യയുടെ നേതൃത്വത്തിൽ വായനവാര ക്വിസ് മൽസരം ജൂൺ 25 വ്യാഴാഴ്ച രാവിലെ 9.45 മുതൽ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കും.
എൽ.പി. യുപി. ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചായിരിക്കും മത്സരം. വ്യക്തിഗത മത്സരമായിരിക്കും നടക്കുക. തൊടുപുഴ പ്രവിശ്യയിലെ ഒരു സ്കൂളിൽ നിന്നും ഒരു വിഭാഗത്തിൽ രണ്ടു പേർക്കു പങ്കെടുക്കാം .
സിലബസ്: സാഹിത്യം 50%, പൊതുവിജ്ഞാനം & സമകാലീനം 50% എന്നിങ്ങനെയാണ്. ഓരോ വിഭാഗത്തിലെയും 1, 2, 3 സ്ഥാനക്കാർക്ക് മെമൻറ്റോകൾ, ബഹുമതി പത്രങ്ങൾ. 4, 5 സ്ഥാനക്കാർക്ക് പ്രത്യേക ഉപഹാരങ്ങൾ എന്നിവയുണ്ടായിരിക്കും.
പങ്കെടുക്കുന്നവർ പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം ജൂൺ 21ന് മുമ്പായി പ്രവിശ്യാ കോ- ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ടിന്റെ 9497 279347 എന്ന വാട്സാപ്പ് നമ്പരിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
DCL (Deepika Children’s League)
പായിപ്പാട്: പായിപ്പാട് ഗവൺമെന്റ് യുപി സ്കൂളിൽ ലോക പരിസ്ഥിതി ദിനഘോഷം നടത്തി. പായിപ്പാട് കൃഷി ഓഫീസർ ആൽബി ജോൺ ഹെഡ്മാസ്റ്റർ മനോജ് പി.ജിക്ക് വൃക്ഷ തൈ നൽകി ഉദ്ഘാടനം ചെയ്തു.
പിറ്റിഎ പ്രസിഡന്റ് ധന്യ ബിജുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.ഡിസിഎൽ ചങ്ങനാശ്ശേരി മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം മുഖ്യസന്ദേശം നൽകി.
സ്റ്റാഫ് സെക്രട്ടറി ശ്രീരാഗ് ആർ.എസ്. പ്രതിജ്ഞ ചൊല്ലി കൊടുത്തു. കൃഷി അസിസ്റ്റന്റ് ശ്രീദേവി പി. എസ്., ആർ.വി. കൺവീനർ ജൂലി ജോൺ എന്നിവർ പ്രസംഗിച്ചു.ഹെഡ്മാസ്റ്റർ മനോജ് പി.ജി. സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടു.
DCL (Deepika Children’s League)
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
ഒരിക്കൽ ഒരു വൃദ്ധനായ മനുഷ്യൻ ഒരു നഗരകവാടത്തിൽ ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു കുതിരപ്പുറത്ത് പാഞ്ഞുവന്ന ഒരാൾ വേഗത കുറച്ച് വൃദ്ധനോടു ചോദിച്ചു, ""ഈ നഗരത്തിലെ ആളുകൾ എങ്ങനെയുള്ളവരാണ്? വൃദ്ധൻ ചോദിച്ചു: ""എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ ചോദിക്കുന്നത്?''
കുതിരസവാരിക്കാരൻ പറഞ്ഞു:""ഞാനിതുവരെ താമസിച്ചിരുന്ന നഗരത്തിലെ ജനങ്ങൾ ഒട്ടും മര്യാദയില്ലാത്തവരും സ്നേഹമില്ലാത്തവരുമായിരുന്നു. എനിക്കാ സ്ഥലമൊന്നു മാറണം. കുറേക്കൂടി നല്ല മനുഷ്യരോടൊത്ത് ജീവിക്കണം.''
വൃദ്ധൻ പറഞ്ഞു: ""സഹോദരാ, നീ ഇവിടെനിന്നും പോകുന്നതാണു നല്ലത്. കാരണം, ഇവിടുത്തെ ജനങ്ങൾ അതിനേക്കാൾ മോശവും മര്യാദയില്ലാത്തവരുമാണ്.” കുതിര സവാരിക്കാരൻ മുന്നോട്ടു പോയി.
അല്പം കഴിഞ്ഞ് ഒരു കാളവണ്ടിയിൽ ഒരു മനുഷ്യൻ പതിയെ അവിടെത്തി, ചോദിച്ചു: ""മുത്തശ്ശാ, ഇവിടുത്തെ ജനങ്ങൾ എങ്ങനെയുണ്ട്, എനിക്ക് താമസിക്കാൻ ഒരിടണം വേണം.'' ""നീ വന്ന സ്ഥലം എങ്ങനെയുണ്ടായിരുന്നു?'' വൃദ്ധന്റെ ചോദ്യത്തിന് കണ്ണീരിൽ കുതിർന്നതായിരുന്നു അയാളുടെ മറുപടി. ""അവർ വളരെ സ്നേഹമുള്ളവരായിരുന്നു. എനിക്കവിടം വിടാൻ ഒട്ടും ഇഷ്ടമില്ലായിരുന്നു. പെട്ടെന്നുണ്ടായ ചില സാന്പത്തിക പ്രതിസന്ധിമൂലം ഞാൻ പോന്നതാണ്.''
വൃദ്ധൻ പറഞ്ഞു, “നിങ്ങൾക്ക് ഈ നഗരത്തിലേക്കു സ്വാഗതം. ഇവിടുത്തെ ജനങ്ങൾ അവരേക്കാൾ വളരെ നല്ലവരാണ്.''
ഇതെല്ലാം കേട്ടുകൊണ്ട്, വൃദ്ധനരികിൽ നിന്ന മറ്റൊരാൾ ചോദിച്ചു: എന്താണ് നിങ്ങൾ രണ്ടു മറുപടികൾ കൊടുത്തത്? വൃദ്ധൻ പറഞ്ഞു: ""നിങ്ങൾ എങ്ങനെയാണ്, അതുപോലെയായിരിക്കും മറ്റുള്ളവർ നിങ്ങൾക്കും! നിങ്ങൾ മറ്റുള്ളവരേപ്പറ്റി എപ്പോഴും പരാതിയും കുറ്റവും പറഞ്ഞുനടന്നാൽ എല്ലാവരും നിങ്ങളെ അകറ്റിനിർത്തും. നല്ല സ്വഭാവമുള്ളവരെ എല്ലാവരും ചേർത്തുനിർത്തും! മറ്റുള്ളവരുടെ പ്രതികരണങ്ങളിൽ നമ്മുടെതന്നെ പ്രതിഫലനങ്ങളുണ്ട് എന്നറിയണം.
പ്രിയ കൂട്ടുകാരേ, നിങ്ങൾ പുതിയ പ്രതീക്ഷകളോടെ, പുതിയ ക്ലാസിലേക്ക് പ്രവേശിക്കുകയാണ്. പഴയ ക്ലാസിലെ കൂട്ടുകാരും പുതിയവരും നിങ്ങളുടെ ക്ലാസിലുണ്ടാവാം. ഇപ്പോൾത്തന്നെ നിങ്ങൾ എല്ലാവരോടും സംസാരിച്ചിട്ടുണ്ടാകും. ഒട്ടേറെപ്പേറെ കൂട്ടുകാരാക്കിയിട്ടുമുണ്ടാകും. എന്നാൽ, ചിലർ ഇപ്പോഴും ആരോടും മിണ്ടാതെ, ഇങ്ങോട്ടാരെങ്കിലും സംസാരിക്കാൻ വരുമോ എന്നു ചിന്തിച്ച് കാത്തിരിക്കുന്നുമുണ്ടാവാം.
പുതിയ അധ്യയനവർഷത്തിൽ, നിങ്ങളുടെ പഠനവും വിജയവും ഉറപ്പാക്കാൻ നല്ല സ്വഭാവവും ആവശ്യമാണ്. നല്ല പെരുമാറ്റം ശീലിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നതു നല്ലതാണ്:
1. ശ്രദ്ധിച്ചു കേൾക്കാനുള്ള മനസ്: മറ്റുള്ളവർ പറയുന്നത് പൂർണമായും ശ്രദ്ധിച്ചു കേൾക്കുക. നേരേ നോക്കുക. അവർക്ക് നിങ്ങളോടു ബഹുമാനം തോന്നും.
2. ആത്മവിശ്വാസത്തോടെയുള്ള സംസാരം: ലളിതമായി, മാന്യമായ വാക്കുകൾ ഉപയോഗിച്ച് വ്യക്തതയോടെ സംസാരിക്കുക. നിങ്ങൾക്ക് നിങ്ങളെപ്പറ്റി മതിപ്പുണ്ടെങ്കിൽ, മറ്റുള്ളവരും നിങ്ങളെ വിലമതിക്കും.
3. ശരീരഭാഷ പ്രധാനം : പറയുന്നവരുടെ കണ്ണിൽ നോക്കി സംസാരിക്കുക. നല്ല പ്രസന്നമായ മുഖം, ചിരി, എല്ലാം നല്ലതാണ്.
4. ഹൃദ്യമായ ഭാവപ്രകടനം നല്ലത്: മറ്റുള്ളവരുടെ മനസറിഞ്ഞ് സംസാരിക്കാൻ പഠിക്കുക. അവരുടെ സന്തോഷവും സങ്കടവും പങ്കിടുക!
5. "മര്യാദവാക്കുകൾ' ഉണ്ടാവട്ടെ: " ക്ഷമിക്കണേ', " നന്ദി കേട്ടോ', " ദയവായി' തുടങ്ങിയ മര്യാദ വാക്കുകൾ ഉചിതമായി ഉപയോഗിക്കുക.
കൂട്ടുകാരേ, നിങ്ങളുടെ വാക്കും പെരുമാറ്റവും മറ്റുള്ളവർക്ക് നിങ്ങളിലേക്ക് വരാനുള്ള വഴിയും വാതിലുമാണ്. അധ്യാപകരോടും കൂട്ടുകാരോടും ഹൃദ്യമായി പെരുമാറിയാൽ നിങ്ങൾക്ക് നല്ല നേതാവാകാം. പഠനം വിജയകരമാക്കുന്ന സാഹചര്യം സൃഷ്ടിക്കാം. എവിടെയും നിങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കാം. പുതിയ അധ്യയനവർഷം ഏവർക്കും ആഹ്ലാദകരമാകട്ടെ.
സ്നേഹാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
പുതിയ അധ്യയനവർഷത്തിലെ ഡിസിഎൽ സ്കൂൾതല ശാഖാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജൂൺ 26-നു മുന്പായി പൂർത്തിയാക്കേണ്ടതാണ്.
ശാഖാ ലീഡർ, ഡെപ്യൂട്ടി ലീഡർ, ജനറൽ സെക്രട്ടറിമാർ (ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും), പ്രോജക്ട് സെക്രട്ടറി, ട്രഷറർ, രണ്ടു കൗൺസിലർമാർ (ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും) എന്നിവരെയാണ് തെരഞ്ഞെടുക്കേണ്ടത്.
ശാഖാ ഡയറക്ടറുടെ നേതൃത്വത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടത്. ശാഖകളിൽനിന്നുള്ള കൗൺസിലർമാർക്കാണ് മേഖല ഭാരവാഹികളായി മത്സരിക്കാൻ അർഹതയുള്ളത്.
ശാഖാ ഭാരവാഹികളുടെ ലിസ്റ്റ് മേഖല ഓർഗനൈസർമാരെ ഏല്പിക്കേണ്ടതാണ്
Kerala
കണ്ണൂർ: നവമാധ്യമങ്ങൾ വിദ്യാർഥിലോകത്തെ കീഴടക്കുന്ന ഈ ജെൻ സി കാലത്ത് സമൂഹമാധ്യമങ്ങൾക്ക് അടിമകളായി ജീവിതം നഷ്ടപ്പെടാതിരിക്കാനും മൂല്യബോധത്തിൽ അടിയുറച്ച് വളരാനും വഴികാട്ടിയായി ഡിസിഎൽ ഉണ്ട് എന്നത് എല്ലാ വിദ്യാലയങ്ങൾക്കും പ്രതീക്ഷയാണെന്ന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ. കണ്ണൂർ ശ്രീപുരം ഓഡിറ്റോറിയത്തിൽ നടന്ന ദീപിക ബാലസഖ്യം സംസ്ഥാന ഓർഗനൈസേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എന്തെല്ലാം മാറ്റങ്ങൾ ആധുനിക കാലത്ത് ഉണ്ടായാലും അടിസ്ഥാന മാനവിക ദൈവിക മൂല്യങ്ങളിൽ ഒരിക്കലും മാറ്റം വരാതെ വിദ്യാർഥികളെ വളർത്താനുള്ള ശ്രമങ്ങളാണ് ചെയ്യേണ്ടത്. 75-ാം ജൂബിലി ആഘോഷിക്കുന്ന ദീപിക ബാലസഖ്യം കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും സജീവമായി പ്രവർത്തിക്കേണ്ടതാണെന്നും മാർ പണ്ടാരശേരിൽ പറഞ്ഞു.
നാം ഒരു കുടുംബം മാനവിക സന്ദേശം പങ്കുവച്ചുകൊണ്ട് ജാതിമത വ്യത്യാസമില്ലാതെ എല്ലാ വിദ്യാർഥികളിലും രാഷ്ട്രമോഹത്തിന്റെയും രാഷ്ട്രനിർമിതിയുടെയും ബോധം ഉണർത്തി നല്ല പൗരന്മാരാക്കി വളർത്താൻ ദീപിക ബാലസഖ്യത്തിന്റെ സംഘാടകർ നടത്തുന്ന ആത്മാർഥമായ പരിശ്രമങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചേട്ടൻ ഫാ. റോയ് കണ്ണൻചിറ സിഎംഐ അധ്യക്ഷത വഹിച്ചു. ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. വിപിൻ വെമ്മേനിക്കട്ടയിൽ, ശ്രീപുരം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ജോയ് കട്ടിയാങ്കൽ, ഡിസിഎൽ ട്രസ്റ്റ് അംഗം ഫാ. പോൾ മണവാളൻ, ദേശീയ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, റീജണൽ കോ-ഓർഡിനേറ്റർ ജോർജ് തയ്യിൽ, ജി.യു. വർഗീസ്, സിസ്റ്റർ സൗമ്യ, ഇ.വി. വർക്കി, സിജു ജോർജ്, ബിജി എ. തോമസ്, വിൽസൺ ചാക്കോ, ഡാജി ഓടക്കൽ, പി.എം. ബിജു എന്നിവർ പ്രസംഗിച്ചു.
DCL (Deepika Children’s League)
ഹൈദരാബാദ്: അറിവിന്റെ വഴികളിൽ ബാലതലമുറയെ കൈപിടിച്ചു നയിച്ചുകൊണ്ട് ഏഴരപതിറ്റാണ്ടു പിന്നിടുകയാണ് ദീപിക ബാലസഖ്യം. ഡിസിഎൽ ദേശീയതലത്തിൽ നടത്തിയ ഐക്യു ഒളിന്പ്യാഡ് പരീക്ഷയിൽ മികവു പുലർത്തിയ തെലുങ്കാന സംസ്ഥാനത്തെ പ്രതിഭകളെ ആദരിച്ച അവാർഡ് വിതരണ പരിപാടി ശ്രദ്ധേയമായി.
ഹൈദരാബാദ് രവീന്ദ്രഭാരതി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് തെലുങ്കാന മലയാളി സമാജത്തിന്റെയും തെലുങ്കാന എഡ്യുക്കേഷൻ ഡെവലപ്മെന്റ് സൊസേറ്റിയുടെയും പ്രസിഡന്റായ ലിബി ബെഞ്ചമിനാണ്.
കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ തെലുങ്കാന സ്റ്റേറ്റ് ക്രിസ്ത്യൻ മൈനോരിറ്റി ഫിനാൻസ് കോർപറേഷൻ ചെയർമാൻ ദീപക് ജോൺ മുഖ്യപ്രഭാഷണം നടത്തി.ഡിസിൽ തെലുങ്കാന സംസ്ഥാന കോ-ഓർഡിനേറ്റർ ഫാ. ജോസഫ് ജോർജ് നെടുമനാൽ, ഡിസിഎൽ ഓർഗനൈസർ അഡ്വ. ലൈജു തോമസ്, വിദ്യാർഥി പ്രതിനിധി രാഘവ് എന്നിവർ പ്രസംഗിച്ചു.
ആയിരക്കണക്കിനു വിദ്യാർഥികൾ പങ്കെടുത്ത ഐക്യു ഒളിന്പ്യാഡിൽ സ്കൂൾതലത്തിൽ ഏർപ്പെടുത്തിയ ഗോൾഡൻ സ്റ്റാർ അവാർഡിന് മദർതെരേസ ഹൈസ്കൂൾ ബോംഗിർ, മോണ്ടിസോറി ഹൈസ്കൂൾ ഷാഡ്നഗർ എന്നിവർ അർഹരായി.
ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ പാലമാകുള, സെന്റ് സാവ്യോ ഹൈസ്കൂൾ ഷംഷാബാദ്, ഫാത്തിമ കോൺവന്റ് ഹൈസ്കൂൾ കാഗസ്നഗർ, ട്രിനിറ്റി ഹൈസ്കൂൾ മഞ്ചേരിയാൽ, സെന്റ് മേരീസ് ഹൈസ്കൂൾ ബെല്ലംപള്ളി, എന്നിവർ സിൽവർ സ്റ്റാർ അവാർഡ് നേടി.
DCL (Deepika Children’s League)
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
അതുൽ, ഒരു ഐടി കന്പനി ഉദ്യോഗസ്ഥനായിരുന്നു. സോഷ്യൽ മീഡിയയിലൂടെ വരുന്ന മോട്ടിവേഷൻ ക്ലാസുകൾ കേൾക്കുകയാണ് അയാളുടെ ഇഷ്ടഹോബി. പ്രചോദനാത്മകമായ പ്രസംഗങ്ങൾ കേൾക്കുന്പോൾ അയാൾ പ്രചോദിതനാകും.
എല്ലാ കാര്യങ്ങളും ആവേശത്തോടെ ചെയ്യും. സ്വന്തം കഴിവുകളിൽ വിശ്വസിക്കാൻ പ്രസംഗകർ പറയുന്പോൾ സ്വന്തം കഴിവുകളിൽ വിശ്വസിക്കാൻ അയാൾക്കു തോന്നും! സ്വന്തം കുറവുകൾ അംഗീകരിക്കാൻ മോട്ടിവേഷൻ സ്പീക്കർ ആവശ്യപ്പെടുന്പോൾ അയാൾക്ക് സ്വന്തം കുറവുകൾ വലിയ പ്രശ്നമായി തോന്നില്ല. കുറേ നേരത്തേക്ക് അയാൾ സന്തോഷവാനായിരിക്കും.
മനുഷ്യൻ എന്ന മഹാത്ഭുതത്തെ ദൈവം എത്ര വിസ്മയകരമായാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, തന്നിൽ ഇത്രയേറെ കഴിവുകൾ തന്ന ദൈവം എത്ര നല്ലവനാണെന്നും അയാൾ നിർത്താതെ കൂട്ടുകാരോടു പ്രസംഗിക്കും! എന്നാൽ, ഏതാനും മണിക്കൂറുകൾ കഴിയുന്പോൾ അയാളുടെ ചാർജ് തീരും! അയാൾക്കു മടുപ്പാകും. പ്രചോദനം കുറയും. അയാൾ മനസു തളർന്ന്, ഉന്മേഷം നഷ്ടപ്പെട്ടവനാകും!
ഒരുദിവസം അയാൾ, തന്റെ നാലഞ്ച് കൂട്ടുകാരെ വിളിച്ചുകൂട്ടി. അവരോട് തന്റെ മാനസിക സംഘർഷങ്ങൾ പങ്കുവച്ചു! താൻ വല്ലാതെ മടുത്തു എന്നും ഈ ജോലി മാത്രമല്ല, ഈ മൊരഞ്ഞ ജീവിതംപോലും തുടരാൻ താത്പര്യമില്ലെന്നും അയാൾ പറഞ്ഞു. തന്റെ കൂട്ടുകാരോട്, തന്നെ ഒന്നു പ്രചോദിപ്പിക്കാൻ അയാൾ അപേക്ഷിച്ചു! എന്നെ വീണ്ടും വീണ്ടും പ്രചോദിപ്പിക്കൂ... എന്നയാൾ കെഞ്ചിക്കൊണ്ടേയിരുന്നു!
ഉടനെതന്നെ അയാളുടെ കൂട്ടുകാർ എല്ലാവരുംകൂടി അതുൽ മാന്യനാണ്, മിടുക്കനാണ്, മഹാനാണ് തുടങ്ങി അയാളുടെ നിരവധി നന്മകൾ പറയാൻ തുടങ്ങി! അയാൾക്കു സന്തോഷമായി.
അപ്പോൾ കൂട്ടത്തിൽ ഒരാൾ എണീറ്റു പറഞ്ഞു. അതുൽ, ഈ മനോഭാവം മാറ്റണം. നിങ്ങൾ എന്തിനാണ് എപ്പോഴും ഇങ്ങനെ മറ്റുള്ളവരുടെ പ്രശംസകളെയും പ്രചോദനവാക്കുകളെയും കൊതിക്കുന്നത്്? ഇതു നല്ല സ്വഭാവമല്ല. കാരണം എപ്പോഴും നമ്മുടെ ചുറ്റും നമ്മെ പ്രചോദിപ്പിക്കാൻ ആരും ഉണ്ടാവണമെന്നില്ല!
പരിഹാരം ഒന്നേയുള്ളൂ. സ്വയം പ്രചോദിപ്പിക്കുക! ആരും പ്രചോദിപ്പിക്കാത്തതുകൊണ്ട്, ഞാൻ ഒന്നും ചെയ്യുന്നില്ല, എന്നു പറയുന്നവൻ വിഡ്ഢിയാണ്. കാരണം നമ്മൾ നന്നാകണമെന്നതും, നമ്മൾ വിജയിക്കണമെന്നതും മറ്റാരുടെയും അത്യാവശ്യമല്ല. നമ്മുടെ മാത്രം ലക്ഷ്യമാണ്.
കൂട്ടുകാരേ, നമ്മിൽ പലരും ഇങ്ങനെയല്ലേ? അമ്മയും അച്ഛനുമൊക്കെ നിരന്തരം, പഠിക്കൂ, പഠിക്കൂ എന്നും വായിക്കൂ, വായിക്കൂ എന്നും കൈയും കാലും പിടിച്ചു പറയുന്പോഴാണ്, നമ്മിൽ പലരും, ""ശരി, ഇത്രയും നിങ്ങൾ പറഞ്ഞ സ്ഥിതിക്ക് ഞാൻ അല്പം പഠിച്ചേക്കാം'' എന്ന മനോഭാവത്തോടെ പ്രവർത്തിക്കുന്നത്.
നമുക്കു വേണ്ടത്, സ്വയം പ്രചോദിപ്പിക്കാനുള്ള കഴിവാണ്. അതിന്, സ്വയം അറിയുകയാണ് ആദ്യപടി. സ്വന്തം കഴിവുകളും കുറവുകളും കൃത്യമായി മനസിലാക്കുക. തിരുത്താനുള്ളത്, തിരുത്തുക. മെച്ചപ്പെടുത്താമെങ്കിൽ, പരിശ്രമത്തിലൂടെ കൂടുതൽ മികവിലേക്കുയരുക! എത്ര പരിശ്രമിച്ചാലും മാറ്റാൻ കഴിയാത്ത കാര്യങ്ങൾ നമ്മുടെ വ്യക്തിത്വത്തിന്റെ തനിമയായി അംഗീകരിക്കുക. നമ്മുടെ ജീവിതവിജയം നമ്മുടെ മാത്രം ആവശ്യമാണ്. മറ്റുള്ളവരുടെ പ്രചോദനം കൊണ്ടുമാത്രം, നമുക്കു വിജയിക്കാനാവില്ല!
മറ്റുള്ളവർ എപ്പോഴും പ്രചോദിപ്പിക്കാൻവേണ്ടി, ഇനി കാത്തിരിക്കേണ്ട. സ്വയം പ്രചോദിപ്പിച്ച്, ഓരോ സാഹചര്യത്തേയും അതിജീവിച്ചിട്ടുള്ളവരാണ് ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്തിട്ടുള്ളത്. അതിനാൽ, ആവേശത്തോടെ നമുക്കു ജീവിതത്തെ ആശ്ലേഷിക്കാം. ആഹ്ലാദത്തോടെ അത്യധ്വാനം ചെയ്യാം. ആസ്വദിച്ച്, വിജയിക്കാം. പരാജയത്തെയും വിജയകരമായി അംഗീകരിക്കാം.
സസ്നേഹം, സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം മധ്യവേനൽ അവധിക്കാലത്തു സംഘടിപ്പിക്കുന്ന ജീവിതദർശന - വ്യക്തിത്വ വികസന ക്യാന്പുകളിൽ ഇടുക്കി പ്രവിശ്യാ ക്യാന്പ് ഏപ്രിൽ 28, 29, 30 തീയതികളിൽ കട്ടപ്പന മേരികുളം മരിയൻ പബ്ലിക് സ്കൂളിൽ നടക്കും. 28-നു രാവിലെ ആരംഭിക്കുന്ന ക്യാന്പ് 30-ന് ഉച്ചയ്ക്കു സമാപിക്കും.
തൊടുപുഴ പ്രവിശ്യാ ക്യാന്പ് ഏപ്രിൽ 27, 28, 29 തീയതികളിൽ മൂലമറ്റം അറക്കുളം സെന്റ് മേരീസ് എച്ച്,.എസ്.എസിലും കോട്ടയം പ്രവിശ്യാ ക്യാന്പ് 29, 30 തീയതികളിൽ കാഞ്ഞിരപ്പള്ളി പൊടിമറ്റം നിർമ്മല റിന്യുവൽ സെന്ററിലും നടക്കും.
തിരുവനന്തപുരം പ്രവിശ്യാക്യാന്പ് വിഴിഞ്ഞം സ്പാർക്ക് പാസ്റ്ററൽ സെന്ററിൽ മേയ് 8, 9 തീയതികളിൽ നടക്കും.
പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, ഗോൾ സെറ്റിങ്ങ്, കമ്മ്യൂണിക്കേഷൻ സ്കിൽസ്, ലീഡർഷിപ്പ്, ടീം ബിൽഡിംഗ് , ടൈം മാനേജ്മെന്റ്, സ്ട്രെസ്സ് മാനേജ്മെന്റ്, ഹെൽത്തി റിലേഷൻഷിപ്പ്, പബ്ലിക് സ്പീക്കിംഗ് തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിക്കും. ഗെയിംസ്, ആക്ടിവിറ്റീസ്, ചർച്ച, ഉല്ലാസയാത്ര, കാൻഡിൽ ഡിന്നർ, ക്യാമ്പ് ഫയർ എന്നിവ ക്യാമ്പിന് മാറ്റുകൂട്ടും. ആറു മുതൽ ഒൻപതു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കു ക്യാന്പിൽ പങ്കെടുക്കുന്നതിനു പേര് രജിസ്റ്റർ ചെയ്യാം. ഓരോ ക്യാന്പിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്കായിരിക്കും പ്രവേശനം നൽകുക. പങ്കെടുക്കുന്ന കുട്ടികൾ മാർച്ച് 31-നുമുന്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഇടുക്കി പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ എം.വി. ജോർജുകുട്ടി (ഫോൺ: 94472 05828), ക്യാന്പ് ചീഫ് ടോം കണയങ്കവയൽ (ഫോൺ, 94006 71874) എന്നിവരുടെ പക്കലും
കോട്ടയം പ്രവിശ്യാ ക്യാന്പിൽപങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിന്റെ (ഫോൺ: 6238219465) പക്കലും
തൊടുപുഴ പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കുന്നവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ടിന്റെ (ഫോണ്: 94972 79347)പക്കലും
തിരുവനന്തപുരം പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ ഇ.വി. വർക്കി ( 9349599028), ക്യാന്പ് ചീഫ് സിസ്റ്റർ ടെസിൻ (9946936966) എന്നിവരുടെ പക്കലും പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് .
DCL (Deepika Children’s League)
തൊടുപുഴ : ഡി സി എൽ തൊടുപുഴ പ്രവിശ്യയുടെ നേതൃത്വത്തിൽ ദീപികയുടെ വിദ്യാഭ്യാസ സപ്ലിമെന്റായ ചോക്ലേറ്റിനെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തി.
ഹൈസ്കൂൾ വിഭാഗത്തിൽ ആദീഷ് .എ . നായർ & ഗ്ലാഡ് വിൻ ലിജോ (ഡി പോൾ തൊടുപുഴ) ഒന്നാംസ്ഥാനവും അൽന മരിയ സെർജോ & അനിക റ്റെസ അമേൽ (വിമല പബ്ലിക് സ്കൂൾ വെട്ടിമറ്റം) രണ്ടാംസ്ഥാനവും സേറ മോനിക്ക മാത്യു & നിയ ഷിൻറ്റ (ഡി പോൾ തൊടുപുഴ) മൂന്നാംസ്ഥാനവും നേടി.
യു.പി വിഭാഗം - 1 . അയിഷ സി. കെ & അർനോർഡ് ജെയിംസ് (സെന്റ് ജോർജ് യു.പി എസ് മൂലമറ്റം) 2 . നന്ദന. എ നായർ & മിയ റോജേർഷ് , 3 . ജോഷ്വ വർഗീസ് ബിജോ & ജോ പോൾ ജിന്റോ (ഡി പോൾ തൊടുപുഴ ). എൽ.പി വിഭാഗം: 1 . വിവാൻ . എസ് (സെൻറ് ജോർജ് മൂലമറ്റം ) 2 . സേറ സന മെഹ്റിൻ & അഫിയ ജലീൻ , 3 . ഐശ്വര്യ ലക്ഷ്മി സുജീഷ് & അസ് ലഹ കബീർ (ഡി പോൾ തൊടുപുഴ )എന്നിവരും വിജയികളായി. നോയൽ ഷിബു , ജസീൽ നാസർ എന്നിവർ പ്രോൽസാഹന സമ്മാനങ്ങൾ നേടി .
ഡി പോൾ പബ്ലിക് സ്കൂളിൽ നടന്ന ദീപിക ചോക്ലേറ്റ് ക്വിസ് മൽസരം ഡിസിഎൽ സ്പോർട്സ് സംസ്ഥാന കൺവീനർ ജെയ്സൺ പി. ജോസഫ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു .
സമാപന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. സിബി കെ. ജോൺ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മേഖലാ ഓർഗനൈസർ എബി ജോർജ് , ഡയറക്ടർമാരായ ബിന്ദു ജോസഫ് , ശ്രീവിദ്യ ആർ. , സുനിത സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു .
DCL (Deepika Children’s League)
പാട്ടുകാരായി അവർ കൂട്ടുകൂടി. കൂട്ടുകാരായവർ പാട്ടുപാടി! നാട്ടുകാരല്ലെങ്കിലും വീട്ടുകാരെപ്പോലെ കൈകോർത്തു നടന്നു. വൈകല്യങ്ങളുടെയും ദൗർബല്യങ്ങളുടെയും തീരാഭാരങ്ങൾ എന്റെ തോളിൽ താങ്ങാം എന്ന സഹഭാവ സൗഹൃദക്കൂട്ടങ്ങളായി അവർ മാറി.
കോട്ടയം തിരുഹൃദയ നേഴ്സിംഗ് കോളജിലേയും കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളജിലെയും പാന്പാടി സെന്റ് ജോൺ ഓഫ് ഗോഡ് ബി.എഡ് കോളജിലേയും വിദ്യാർഥികളും അധ്യാപകരും "നിങ്ങൾ തനിച്ചല്ല, ഞങ്ങൾ കൂടെയുണ്ട്'' എന്ന് അവരുടെ കൈപിടിച്ചു മന്ത്രിച്ചപ്പോൾ, ഞങ്ങൾ തനിച്ചല്ല, നിങ്ങൾ കൂടെയുണ്ടല്ലോ എന്ന് ആ മാലാഖാ മനസുകളും മന്ത്രിച്ചു!
പങ്കെടുത്തവർക്കും സഹകരിച്ചവർക്കും അവിസ്മരണീയമായ സുദിനമായിരുന്നു, മനുഷ്യനന്മയുടെ മഹോത്സവമായി മാറിയ ഡിസിഎൽ എസ്ഒബി യൂണിഫൈഡ് കലോത്സവം!
അരികുവല്ക്കരിക്കപ്പെട്ട ഭിന്നശേഷിയുള്ള സഹോദരങ്ങളെ സ്വന്തം ഹൃദയത്തിനരികിലേക്ക് അടുപ്പിച്ചുനിർത്തി, വാത്സല്യംകൊണ്ട് വാരിപ്പുണർന്ന് നന്മ മലയാളം!
കോഴിക്കോട് പ്രൊവിഡൻസ് വനിതാ കോളജിലും കോട്ടയം പാന്പാടി സെന്റ് ജോൺ ഓഫ് ഗോഡ് സെന്ററിലുമായി നടന്ന "സ്നേഹോത്സവ്' എന്ന ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ അണിനിരത്തിയ യൂണിഫൈഡ് കലോത്സവം അക്ഷരാർത്ഥത്തിൽ ജനഹൃദയങ്ങളിൽ സ്നേഹത്തിരമാലകൾ ഉയർത്തി.
നന്ദിയോടെ....
കോഴിക്കോട് കലോത്സവത്തിന്റെ വിജയത്തിന് ചുക്കാൻപിടിച്ച ദീപികകുടുംബം, പ്രൊവിഡൻസ് കോളജ്, ഡിസിഎൽ കോഴിക്കോട് പ്രവിശ്യാ ടീം, സ്പെഷൽ ഒളിന്പിക്സ് കുടുംബാംഗങ്ങൾ..... ഏവർക്കും നന്ദി.
കോട്ടയം കലോത്സവ വിജയത്തിൽ പങ്കാളികളായ തിരുഹൃദയ നേഴ്സിംഗ് കോളജ് , അമൽജ്യോതി എൻജിനീയറിംഗ് കോളജ്, പാന്പാടി സെന്റ് ജോൺ ഓഫ് ഗോഡ് സെന്റർ ടീം, സ്പെഷൽ ഒളിന്പിക്സ് സ്റ്റേറ്റ് ടീം, ഡിസിഎൽ ടീം ഏവർക്കും നന്ദി....
Kerala
കോട്ടയം: പരിമിതികളെ മാറ്റിനിര്ത്തി ഉള്ളിലെ കഴിവുകളെ പൂക്കളാക്കി മാറ്റി അവര് ഒത്തുകൂടിയപ്പോള് മനം നിറഞ്ഞ് സ്നേഹോത്സവം. ഒടുവില് പങ്കെടുത്തവര്ക്കും മത്സരത്തില് വിജയിച്ചവര്ക്കും സ്നേഹസമ്മാനവും.
ദീപിക ബലസഖ്യവും സ്പെഷല് ഒളിമ്പിക്സ് ഭാരത് കേരളയും കോട്ടയം തിരുഹൃദയ നഴ്സിംഗ് കോളജും സംയുക്തമായി പാമ്പാടി സെന്റ് ജോണ് ഓഫ് ഗോഡ് സ്പെഷല് സ്കൂളില് സംഘടിപ്പിച്ച യൂണിഫൈഡ് സ്പെഷല് സ്കൂള് ഫെസ്റ്റ് വിദ്യാര്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്താല് ശ്രദ്ധേയമായി.
തിരുവനന്തപുരം മുതല് എറണാകുളം വരെയുള്ള ജില്ലകളിലെ നാല്പതോളം സ്പെഷല് സ്കൂളുകളില്നിന്നായി ആയിരത്തിലധികം കുരുന്നുകള് ഫെസ്റ്റില് പങ്കാളികളായി. ഭിന്നശേഷി കുട്ടികളുടെ പങ്കാളിയായി മറ്റു വിദ്യാര്ഥികള് കൂടി കൈകോര്ത്ത വീല് ചെയര് ഡാന്സ്, നാടന് പാട്ട്, കരകൗശല വസ്തു നിര്മാണം, നാടോടിനൃത്തം, സംഘനൃത്തം, ഫാഷന് ഷോ, ചെണ്ടമേളം, ടാബ്ലോ, പ്രസംഗം, സിനിമാറ്റിക് ഡാന്സ് എന്നിങ്ങനെയായിരുന്നു മത്സരങ്ങള്.
ഫെസ്റ്റില് 172 പോയിന്റ് നേടി ഏറ്റുമാനൂര് സാന്ജോസ് വിദ്യാലയ ഒന്നാം സ്ഥാനവും 92 പോയിന്റ് നേടി പത്തനംതിട്ട എംജിഎം ബഥനി ശാന്തി ഭവന് സ്പെഷല് സ്കൂള് രണ്ടാം സ്ഥാനവും 82 പോയിന്റ് നേടി പാലാ സ്നേഹാരാം സ്പെഷല് സ്കൂള് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില് ഡിസിഎല് കൊച്ചേട്ടനും സ്പെഷല് ഒളിമ്പിക്സ് ഭാരത് കേരളയുടെ ഡയറക്ടറുമായ ഫാ. റോയി കണ്ണന്ചിറ സിഎംഐ ആമുഖപ്രസംഗം നടത്തി. ദീപിക അഡ്മിനിസ്ട്രേഷന് ജനറല് മാനേജര് ഫാ. രഞ്ജിത്ത് ആലുങ്കല് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി സംഘടന ചെയര്മാന് ഫാ. റോയി വടക്കേല് മുഖ്യപ്രഭാഷണം നടത്തി.
സ്പെഷല് ഒളിംപിക്സ് ഭാരത് നേതാക്കളായ ജയ് കപൂര്, ശിവം നൗട്ടിയാല്, പ്രഭാകര്, ഡോ. അമീന്, സെന്റ് ജോണ് ഓഫ് ഗോഡ് സെന്റര് ഡയറക്ടര് ഫാ. ഫ്രാന്സിസ് മന്നംപറമ്പില്, എസ്ഒബി കേരള പ്രോഗ്രാം മാനേജര് സിസ്റ്റര് റാണി ജോ എന്നിവര് പ്രസംഗിച്ചു. ഡിസില് നാഷണല് കോ- ഒാര്ഡിനേറ്റര് വര്ഗീസ് കൊച്ചുകുന്നേല് സ്വാഗതവും ഓഫീസ് അഡ്മിനിസ്ട്രേറ്റര് പി.എം. ബിജു നന്ദിയും പറഞ്ഞു.
പരിപാടികള്ക്ക് കാഞ്ഞിരപ്പള്ളി അമല് ജ്യോതി കോളജ് ഓഫ് എന്ജിനിയറിഗിലെ അസിസ്റ്റന്റ് പ്രഫസര് ബിനുമോന്, സിനോ ആന്റണി, അമ്മു, സെന്റ് ജോൺ ഓഫ് ഗോഡ് പ്രിന്സിപ്പല് ദീപു ജോണ്, തിരുഹൃദയ നഴ്സിംഗ് സ്കൂള് വൈസ് പ്രിന്സിപ്പല് സിസ്റ്റര് ജെസിലിന്, ജേക്കബ് സോജന് എന്നിവര് നേതൃത്വം നല്കി.
Kerala
കോഴിക്കോട്: വ്യത്യസ്ത കഴിവുകളുമായി അവര് ഒത്തുകൂടിയപ്പോള് മനം നിറഞ്ഞ് സ്നേഹോത്സവം. പരിമിതികളെ പിറകില് നിര്ത്തി വിദ്യാർഥികൾ വേദികളില് നിറഞ്ഞാടി, ഒപ്പം കൈയടിച്ച് ആസ്വാദകരും. കോഴിക്കോട് പ്രോവിഡൻസ് വുമൺസ് കോളജിൽ സ്പെഷൽ സ്കൂൾ ഫെസ്റ്റ് സംഘാടനമികവുകൊണ്ടും വിദ്യാര്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തംകൊണ്ടും നവ്യാനുഭവമായി.
ദീപിക ബാലസഖ്യവും സ്പെഷൽ ഒളിമ്പിക്സ് ഭാരത് കേരളയും സംയുക്തമായാണ് യൂണിഫൈഡ് സ്പെഷൽ സ്കൂൾ കലോത്സവം നടത്തിയത്. ഭിന്നശേഷി കുട്ടികളുടെ പങ്കാളികളായി മറ്റ് സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാര്ഥികള് കൂടി കൈകോർത്ത വീൽചെയർ ഡാൻസ്, നാടൻപാട്ട്, സംഘനൃത്തം, കരകൗശല വസ്തുനിർമാണം, നാടോടി നൃത്തം, സംഘനൃത്തം, ഫാഷൻ ഷോ, ചെണ്ടമേളം, ടാബ്ലോ, പ്രസംഗം , അധ്യാപകർക്കായി സിനിമാറ്റിക് ഡാൻസ് മത്സരം എന്നിവയും നടന്നു.
കാസർഗോഡ്, വയനാട്, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ ആയിരത്തോളം കുട്ടികളാണ് പങ്കെടുത്തത്. പ്രോവിഡൻസ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ അഷ്മിത എസി അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം കോഴിക്കോട് നഗരസഭാ ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത അരുൺ ഉദ്ഘാടനം ചെയ്തു. ദീപിക കോഴിക്കോട് യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. ഷെറിൻ പുത്തന്പുരയ്ക്കല്, ഡിസിഎല് കോ-ഓർഡിനേറ്റര് ഫാ. സായി പാറന്കുളങ്ങര, എസ്ഒബി കേരള പ്രസിഡന്റ് ഡോ. എം.കെ. ജയരാജ്, പോഗ്രാം മാനേജര് സിസ്റ്റര് റാണി ജോ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സമ്മാനദാനവും നടന്നു. പങ്കെടുത്തവർക്കും മത്സരത്തിൽ വിജയിച്ചവർക്കും സമ്മാനം നൽകുന്നു എന്നതാണ് സ്നേഹോത്സവത്തിന്റെ പ്രത്യേകതയെന്ന് ദീപിക ബാലസഖ്യത്തിന്റെയും സ്പെഷൽ ഒളിമ്പിക്സ് കേരളയുടെയും സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ പറഞ്ഞു.
പ്രോവിഡന്സ് കോളജ് വൈസ് പ്രിന്സിപ്പല് സിസ്റ്റര് ജൂബി എസി, പോഗ്രാം കോ-ഓർഡിനേറ്റര് സിസ്റ്റര് തെരേസ എസി, എന്എസ്എസ് കോ-ഓർഡിനേറ്റര് സംഗീത, എസ്ഒബി വൈസ് പ്രസിഡന്റ് അജിനാസ്, യുഎല്സിസി മാനേജര് അഭിലാഷ്, ഡിസിഎല് ഓര്ഗനൈസര്മാരായ സന്ദീപ് കല്ലാനോട്, മാത്യു, പി.എം.ബിജു, ജേക്കബ് സോജന് എന്നിവര് നേതൃത്വം നല്കി.
DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
പ്രിയ കൂട്ടുകാരേ,
ഒരു ഒഴിഞ്ഞ തെരുവോരം. യൂണിഫോമിട്ട, അഞ്ചോ ആറോ ആൺകുട്ടികളും പെൺകുട്ടികളും. ആൺകുട്ടികളോടൊപ്പം പെൺകുട്ടികളും സിഗരറ്റു വലിക്കുന്നു. ചിലർ മദ്യം കഴിക്കുന്നു... മയക്കുമരുന്നിന്റെ പൈശാചിക ലഹരിയിൽ ചിലർ കുഴഞ്ഞ് നിലത്തുവീഴുന്നു. ചിലർ ആൺകുട്ടികളുടെ തോളിൽ ചാരിവീണു നിൽക്കുന്നു... ചിലർ മണ്ണിലൂടെ ഇഴയുന്നു. ചിലർ സമീപത്തുള്ള പാടത്തിലേക്കിറങ്ങി അവിടെയുമിവിടെയും വീണുകിടക്കുന്നു! അവരുടെ കഴുത്തിലെ ഐഡന്റിറ്റി കാർഡ് ആടിയുലയുന്നു! ഐഡന്റിറ്റി കാർഡിൽ അവരുടെ പേരിനൊപ്പം, അവരുടെ അച്ഛന്റെ പേരും നിലത്തുവീണ് വിരൂപമാകുന്നു!
സമീപകാലത്ത് സോഷ്യൽ മീഡിയായിൽ വ്യാപകമായി പ്രചരിച്ച പല വീഡിയോകളിലെ ദൃശ്യങ്ങളാണ്, ഞാൻ മുകളിൽ വിവരിച്ചത്!
കൂട്ടുകാരേ, മാർച്ച് എട്ട്, ലോക വനിതാദിനമാണ്. വനിതാദിനത്തിൽ സ്ത്രീത്വത്തിന്റെ മഹിമയും !ഔന്നത്യവും ലോകം വാഴ്ത്തിപ്പാടും. സ്ത്രീ പുരുഷ സമത്വം എന്ന സംസ്കൃത സമൂഹത്തിന്റെ നിത്യലക്ഷ്യത്തിലേക്കുള്ള ദൂരമളക്കാൻ, ഫെമിനിസക്കാരുൾപ്പെടെ, നിരവധി സംവിധാനങ്ങൾ തിരക്കുകൂട്ടും! ആദർശവതികളായി, ത്യാഗോജ്വല ജീവിതം നയിച്ച ധീരവനിതകളെ, നല്ല അമ്മമാരെ, മക്കൾ സ്നേഹംകൊണ്ട് പുതപ്പിക്കും.
ജനകോടികൾക്ക് അക്ഷരവും അറിവും പകർന്ന്, ജീവിതത്തിന്റെ ജ്ഞാനവിളക്കുകളായി തെളിഞ്ഞുവിളങ്ങുന്ന ആയിരക്കണക്കിനു ടീച്ചർമാരെ, എണ്ണമറ്റ ശിഷ്യസമൂഹം ഗുരുത്വത്തിന്റെ മാതൃഭാവം നുണഞ്ഞുകൊണ്ട് അനുസ്മരിക്കും. വിവിധ രാജ്യങ്ങളിലും മതങ്ങളിലും രാഷ്ട്രീയത്തിലുമെല്ലാം ധീരമായ നേതൃത്വം നൽകി, കുടുംബത്തെയും സംഘടനയേയും, സ്ഥാപനങ്ങളേയും, എന്തിന് രാജ്യങ്ങളെത്തന്നെയും വിജയകരമായി നയിച്ച് ലോകത്തെ ഇന്നും അതിശയിപ്പിക്കുന്ന ധീരവനിതാ രത്നങ്ങളെ ആദരവോടെ നാം പ്രശംസിക്കും! സ്ത്രീ - അമ്മയാണ്, ദേവിയാണ്, പത്നിയാണ്, പെങ്ങളാണ്, മകളാണ് എന്നെല്ലാം. സ്നേഹമാണ്, ത്യാഗമാണ്, സേവനമാണ്, സഹനമാണ് എന്നെല്ലാം, നാടുമുഴുവൻ നാൽക്കവലകളിൽ നിരവധിപേർ പ്രസംഗിക്കും.
ഇതെല്ലാം ചെയ്യേണ്ടതാണ്. നമ്മുടെ അമ്മയും സഹോദരങ്ങളുമുൾപ്പെടെയുള്ള എല്ലാ സ്ത്രീകളും ആദരിക്കപ്പെടണം. പുരുഷനും സ്ത്രീയും ദൈവത്തിന്റെ മഹനീയ സൃഷ്ടികളെന്ന നിലയിൽ സമത്വവും തുല്യനീതിയും പങ്കിടണം. ഈ ലക്ഷ്യങ്ങളും ആദർശങ്ങളും ആദരിക്കപ്പെടുന്പോഴും ഈ കത്തിന്റെ തുടക്കത്തിൽ കണ്ട ജെൻ സി തലമുറയിൽനിന്നു മുഴങ്ങുന്ന അപായമണി മുഴക്കങ്ങൾ ആർക്കുവേണ്ടിയാണ് എന്ന് നാം ഉള്ളുണർന്നു വിചിന്തനം ചെയ്യണം!
പുതിയ തലമുറയിൽ വലിയൊരളവ് പെൺകുട്ടികൾ, പെണ്മയുടെ കുലീനതയും മഹത്വും അറിഞ്ഞ് അതിനനുസരിച്ച് ജീവിത മൂല്യങ്ങൾ സ്വായത്തമാക്കുന്നവരാണ്. മാതാപിതാക്കളെയും ഗുരുജനങ്ങളെയും ദേവസമം ആദരിക്കുന്ന പെൺമക്കൾ ഏറെയുണ്ട്.
എന്നാൽ, മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകാൻ ക്യൂനിൽക്കുന്ന പെൺകുട്ടികളുടെ എണ്ണം ഭീതിപരത്തുന്നുണ്ട്. അവർക്ക് എന്താണ് പറ്റുന്നത്്? പുരുഷന്മാരുടെ വസ്ത്രം ധരിച്ചാലോ, പുകവലിയും മദ്യപാനവും തുടങ്ങിയാലോ, പുരുഷന്മാരാകാനോ, സ്ത്രീ - പുരുഷസമത്വം നേടാനോ കഴിയില്ല എന്നാർക്കാണ് അറിയാത്തത്?
കൂട്ടുകാരേ, ദൈവം ഭൂവിനു നൽകിയ ഏറ്റവും വലിയ സമ്മാനമാണ് സ്തീത്വം. സ്ത്രീത്വത്തിൽ മാതൃത്വം ഉണ്ട്. അതിന്റെ വാത്സല്യവും ലാളനയും, കരുതലും കാരുണ്യവും ഉണ്ട്. സ്ത്രീ തന്റെ നിലയും വിലയും മറന്ന്, പുരുഷന്മാരുടെ ദുഃശ്ശീലങ്ങളിൽ അടിമകളായാൽ, പെൺകുട്ടി പുകവലിയും മദ്യപാനവും തുടങ്ങിയാൽ അപരിചിതരുടെ പീഢിത ശൃംഖലകളിൽ കുരുങ്ങിവീണാൽ, സമത്വമോ,സ്വാതന്ത്ര്യമോ ലഭിക്കില്ല എന്നു മാത്രമല്ല, എന്നെന്നും അപമാനത്തിന് കാരണമാവുകയും ചെയ്യും!
അതിനാൽ, പ്രിയ പൂങ്കുയിലുകളേ, സ്രഷ്ടാവായ ദൈവപിതാവ് നിങ്ങൾക്കു നൽകിയ സ്ത്രൈണതയുടെ മാതൃത്വത്തിന്റെ മാനവികതയുടെ എല്ലാ നന്മകൾക്കും ഈണമിടുക! ജീവിതംകൊണ്ട്, ആലപിക്കുക. അങ്ങനെ സ്രഷ്ടാവിന്റെ നിയോഗം നിറവേറ്റുക. കാരണം, സ്ത്രീ പുരുഷ സമത്വത്തിലാണ് പ്രപഞ്ചത്തിന്റെ നിലനിൽപ്പ് ദൈവം ക്രമപ്പെടുത്തിയിരിക്കുന്നത്. ആ വാഴ്വ് വാഴ്ത്തപ്പെടട്ടെ!
സസ്നേഹം, സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
തൊടുപുഴ: ഡിസിഎൽ കോട്ടയം പ്രവിശ്യാ കോ-ഓർഡിനേറ്ററാ യിരുന്ന പി.റ്റി.തോമസ് പൈനാലിന്റെ സ്മരണാർത്ഥം തൊടുപുഴ പ്രവിശ്യയുടെ ആഭിമുഖ്യത്തിൽ നാലാമത് പി.റ്റി തോമസ് പൈനാൽ സ്മാരക പ്രഭാഷണം നടത്തി .
കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് ഇ.എം.എച്ച് എസിൽ ചേർന്ന യോഗം പാലക്കുഴ ഗ്രാമപഞ്ചായത്തംഗം കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്തു .
സമൂഹമാധ്യമങ്ങളുടെ ഉപയോഗവും വിദ്യാർഥികളുടെ കുടുംബ ബന്ധങ്ങളും എന്ന വിഷയത്തിൽ ഡി സി. എൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ പ്രഭാഷണം നടത്തി .
സ്കൂൾ ലോക്കൽ മാനേജർ മദർ സുപ്പീരിയർ സിസ്റ്റർ റ്റീന ഏറൻകേരിൽ അധ്യക്ഷത വഹിച്ചു.
പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്. ജെ. കല്ലറങ്ങാട്ട് , പിറ്റിഎ പ്രസിഡന്റ് ബൈജു ജെയിംസ്, വിൻസൺ മാത്യു, ഡിസിഎൽ മേഖലാ ജനറൽ സെക്രട്ടറി ശാന്തിനി. ആർ., ശാഖാ ഡയറക്ടർ റിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.
DCL (Deepika Children’s League)
വ്യത്യസ്ത കഴിവുകളുള്ള കുട്ടികൾക്കായി സ്പെഷൽ ഒളിന്പിക്സ് ഭാരത് കേരള, തിരുഹൃദയനഴ്സിംഗ് കോളജ്, കോട്ടയം എന്നിവരുമായി ചേർന്ന് ദീപിക ബാലസഖ്യം സംഘടിപ്പിക്കുന്ന സ്പെഷൽ സ്കൂൾ ഫെസ്റ്റ് മാർച്ച് 10-ന് പാന്പാടി സെന്റ് ജോൺ ഓഫ് ഗോഡ് സ്പെഷ ൽ സ്കൂളിൽ നടക്കും.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി നടത്തുന്ന ഈ കലോത്സവ ത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ അഞ്ഞൂറോളം കുട്ടികൾ പങ്കെടുക്കും.
രജിസ്ട്രേഷൻ രാവിലെ 8.30-ന് ആരംഭിക്കും. 9.30-ന് തുടങ്ങുന്ന മത്സരങ്ങൾ ഉച്ചകഴിഞ്ഞ് 3.30-ന് സമാപിക്കും. തുടർന്നു നടക്കുന്ന സമാപനസമ്മേളനം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനംചെയ്യും. ദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അധ്യക്ഷത വഹിക്കും.
സെന്റ് ജോൺ ഗോഡ് സ്പെ,ഷൽ സ്കൂൾ ഡയറക്ടർ ഫാ. ഫ്രാൻസിസ്, എയ്ഡ് ചെയർമാൻ ഫാ. റോയി വടക്കേൽ, കൊച്ചേട്ടനും എസ്ഒബി ഏരിയാ ഡയറക്ടറുമായ ഫാ. റോയി കണ്ണൻചിറ സിഎംഐ, തിരുഹൃദയനേഴ്സിംഗ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ആലീസ് മണിയങ്ങാട്ട് എസ്എച്ച്, എസ്ഒബി കേരള റീജിയൺ പ്രോഗ്രാം മാനേജർ സിസ്റ്റർ റാണി ജോ, ട്രഷറർ ദീപു ജോൺ, തിരുഹൃദയ നേഴ്സിംഗ് കോളജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജെസ്ലിൻ എസ്എച്ച് തുടങ്ങിയവർ പ്രസംഗിക്കും. സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും സമ്മേളനത്തിൽവിതരണം ചെയ്യും.
മത്സരയിനങ്ങൾ
ജൂനിയർ വിഭാഗം 1. നാടോടി നൃത്തം (സിംഗിൾ - ആണ് പെണ് തിരിച്ച്) 2. ഫാഷൻ ഷോ (സിംഗിൾ) 3. മിമിക്രി (സിംഗിൾ - ആണ് പെണ് വിത്യാസമില്ല.) 4. ചെണ്ട (സിംഗിൾ 5 മിനിറ്റ് )
സീനിയർ വിഭാഗം (16 വയസിന് മുകളിൽ
1. നാടോടി നൃത്തം (സിംഗിൾ) 2. മിമിക്രി (സിംഗിൾ - ആണ് പെണ് വിത്യാസമില്ല). 3. ചെണ്ട (സിംഗിൾ 5 മിനിറ്റ് ) 4. പ്രസംഗം (വിഷയം - പ്രകൃതി സംരക്ഷണം, സമയം 3 മിനിറ്റിൽ കവിയരുത്.)
പൊതു മത്സരങ്ങൾ (പ്രായ പരിധി ഇല്ല)
1. ടാബ്ലോ - ഒരു സ്കൂളിൽ നിന്നും 5 പേര് അടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം 2. യൂണിഫൈഡ് വീൽചെയർ ഡാൻസ് - (ഒരു സ്കൂളിൽ നിന്നും മാക്സിമം 3 കുട്ടികളും 3 യൂണിഫൈഡ് കുട്ടികളും ചേർന്നുള്ളത്.) 3. യൂണിഫൈഡ് ക്രാഫ്റ്റ് മേക്കിങ് - (1 കുട്ടിയും 1 യൂണിഫൈഡും ചേരുന്നുള്ളത്.) 4. നാടൻ പാട്ട് - (യൂണിഫൈഡ് ഗ്രൂപ്പ് - 2 യൂണിഫൈഡും , 5 സ്പെഷ്യൽ കുട്ടികളും) 5. ഗ്രൂപ്പ് ഡാൻസ് - 6. ഓണ്ലൈൻ സെൽഫി മത്സരം - 7. സിനിമാറ്റിക് ഡാൻസ്.
DCL (Deepika Children’s League)
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
ഞങ്ങളുടെ കാർ ചങ്ങനാശേരി പെരുന്ന കവലയിൽനിന്നും ആലപ്പുഴ റോഡിലേക്ക് കയറി. കുറച്ചുനാൾ മുന്പുവരെ ആലപ്പുഴ - ചങ്ങനാശേരി റോഡ് എന്ന എസി റോഡ് യാത്രാക്ലേശത്തിന്റെ പര്യായപദമായിരുന്നു! ഏസി റോഡിലൂടെയുള്ള യാത്ര ഒട്ടും ഈസിയല്ലായിരുന്നു! കുണ്ടും കുഴിയും നിറഞ്ഞ് ദുരിതപൂർണമായിരുന്ന എസി റോഡ്, ഇന്ന് പഴയകാല കഥകൾ മാറ്റിയെഴുതി, ഏറ്റവും യാത്രാസുഖമുള്ള രാജപാതകളിലൊന്നായി മാറി! ആലപ്പുഴയ്ക്കു പോകുന്പോൾ, ഏറ്റവും ആകർഷകമായ കാഴ്ച ഇടതുവശം ചേർന്ന് നിറഞ്ഞുതുളുന്പി നിൽക്കുന്ന മനോഹരമായ എസി കായലായിരുന്നു! അതു കായലല്ല എന്നും എസി റോഡ് നിർമ്മാണത്തിനായി മണ്ണുമാന്തിയെടുത്തപ്പോൾ ഉണ്ടായ കനാൽ ആണെന്നും അറിയാമെങ്കിലും, ഈ കനാലിന്റെ ഇന്നത്തെ അവസ്ഥകണ്ടപ്പോൾ, ഇതിനെ കായൽ എന്നു വിളിക്കാമെന്നു കരുതി. കാരണം, കനാലിലെ നിറഞ്ഞ വെള്ളത്തിനു മുകളിൽ പായലും പോളയും നിറഞ്ഞുകവിഞ്ഞുകിടക്കുകയാണ്.
"ഈ പോളയും പായലും കയറി, ഈ കനാൽ ഒരു പായൽപാടം പോലെയായല്ലോ' എന്നു സഹയാത്രികനായ വൈദികസുഹൃത്ത് പറഞ്ഞു. പായൽ കയറി, കനാലിന്, കനാലിന്റെ വ്യക്തിത്വംതന്നെ നശിച്ചുപോകുന്നതു കണ്ടപ്പോൾ, ഡിസിഎൽ കൂട്ടുകാരോട്, പറയാൻ കുറേ ചിന്തകൾ എന്റെ മനസിലുദിച്ചു! അതു കൂട്ടുകാർക്കെഴുതുന്പോൾ, ശീർഷകത്തിന് ഒരു പ്രാസഭംഗി ഉണ്ടാകട്ടെ എന്നു കരുതിയാണ് "എസി റോഡിലെ കായലും പായലും' എന്ന് ശീർഷകം നൽകിയത്.
എസി റോഡിലെ കനാൽ നിറയെ പോയലും പോളയും പായലും നിറയുന്നത് നീക്കം ചെയ്യണമെന്നും, അത് പള്ളാത്തുരുത്തിയിൽനിന്ന്, രണ്ടു വഴികളിലൂടെ തുറന്നുവിടണമെന്നും ആവശ്യപ്പെട്ട് എസി കനാൽ സംരക്ഷണസമിതി നിരന്തരം സമരത്തിലാണ്. പള്ളാത്തുരുത്തിയിൽനിന്ന്, പൂക്കൈത ആറ്റിലൂടെ തോട്ടപ്പള്ളി സ്പിൽവേയിലേക്കും പുന്നമടക്കായലിലൂടെ വേന്പനാട്ട് കായലിലേക്കും ഈ പോളയും പായലും ഒഴുക്കിവിടാമെന്നും, അങ്ങനെ കനാൽതീര നിവാസികളുടെ ജീവിതം സുരക്ഷിതവും ആശ്വാസകരവും ആക്കാമെന്നും, നാടിന്റെ നന്മയ്ക്കായി യത്നിക്കുന്ന കനാൽ സംരക്ഷണസമിതി നിർദേശിക്കുന്നുണ്ട്. ഇതോടൊപ്പം വേന്പനാട്ടു കായലിലെ പായൽ തിന്നുതീർക്കാൻ സർക്കാർ ലാറ്റിനമേരിക്കയിൽനിന്നും ഇറക്കുമതി ചെയ്ത "നയോ കെറ്റിന' എന്ന വണ്ടുകളെ എസി കനാലിലെ പോളകളിലേക്കും കയറ്റിവിടാനുള്ള പദ്ധതിയും ചർച്ചകളിലുണ്ട്.
കൂട്ടുകാരേ, നമ്മുടെ ചിന്താവിഷയം ഇതിനോടു ചേർത്തുവായിക്കണം. റോഡുപണിയാൻ മണ്ണെടുത്തപ്പോൾ രൂപപ്പെട്ട കനാലാണെങ്കിലും, വെള്ളംനിറഞ്ഞ എസി കനാൽ തീരത്തുകൂടെയുള്ള യാത്ര പകലും രാത്രിയിലും സുന്ദരമായ ദൃശ്യവിരുന്നാണ്. പോള പൂക്കുന്നകാലത്തു പകൽ യാത്രക്കാർക്ക് ഈ സുന്ദരകാഴ്ച അവർണനീയംതന്നെ!
എന്നാൽ, പോളപ്പൂക്കൾ ചീയുന്പോൾ ഉണ്ടാകുന്ന ദുർഗന്ധം, ചീറിപ്പായുന്ന യാത്രക്കാർ അറിയുന്നില്ല. ഇരു കരയിലെയും സാധുക്കളായ നിവാസികളാണ് അനുഭവിക്കുന്നത്.
ഇനി എസി കനാൽ നമ്മുടെ വ്യക്തിത്വംതന്നെയാണെന്നു ചിന്തിക്കുക. നല്ല തെളിനീര് നിറയുന്പോൾ, കനാൽ ഏറ്റവും പരിസ്ഥിതിസുരക്ഷിതമാകുന്നതുപോലെ, മാലിന്യം കലരാത്ത വ്യക്തിത്വങ്ങൾ സമൂഹത്തിന് ശ്രേഷ്ഠ സന്പത്താണ്. എന്നാൽ, പല കുട്ടികളുടെയും വ്യക്തിത്വത്തിലേക്ക്, പായലും പോളയുംപോലെ, ചില സൗഹൃദങ്ങളും അതുവഴി ചില പുതിയ സ്വഭാവങ്ങളും കടന്നുകയറുന്നുണ്ട്. ആദ്യമൊക്കെ പോളപ്പൂക്കൾപോലെ അതിൽ പലതും ആകർഷകമായി തോന്നുമെങ്കിലും പോളപ്പൂക്കൾ ചീഞ്ഞ് ദുർഗന്ധം പടർന്ന് സമീപവാസികൾക്ക് ജീവിതം അസഹ്യമാകുന്നതുപോലെ, നമ്മിൽ പലരുടെയും സ്വഭാവവും മോശമായി മാറുന്നുണ്ട്.
എസി കനാലിന്റെ ചില ഭാഗങ്ങളിൽ വെള്ളം കാണാനേയില്ല. പോളപടർന്ന് കനാൽ പോളപ്പാടം പോലെ തോന്നിപ്പിക്കുന്നുണ്ട്. ആരെങ്കിലും അടിയിൽ വെള്ളമില്ലെന്നുകരുതി റോഡിൽനിന്നു പോളയ്ക്കുമുകളിലൂടെ നടക്കാൻ തുടങ്ങിയാലോ?
കൂട്ടുകാരേ, നമ്മുടെ വ്യക്തിത്വത്തെ കാർന്നുതിന്നുന്ന, നമ്മുടെ അസ്തിത്വത്തെതന്നെ വിഴുങ്ങിക്കളയുന്ന സൗഹൃദങ്ങളും ശീലങ്ങളും നമ്മൾ നീക്കംചെയ്യണം. കനാൽസംരക്ഷണ സമിതിപോലെ, നമ്മുടെ ചുറ്റും മാതാപിതാക്കളും ഗുരുജനങ്ങളും നിർദേശങ്ങളുമായി വരുന്പോൾ ഹൃദയംതുറന്നു സ്വീകരിക്കാം.
ദുഃശീലങ്ങളെ പാടേ നശിപ്പിക്കാൻ ശേഷിയുള്ള നല്ല മൂല്യങ്ങളുടെയും ഉറച്ച ബോധ്യങ്ങളുടെയും "നെയോ കെറ്റിന' വണ്ടുകളെ നമ്മുടെ ഉള്ളിലേക്കു തുറന്നുവിടാം... അപ്പോൾ നാം വീടിനും നാടിനും നന്മ ചെയ്യുന്ന നല്ല തെളിനീരുപോലുള്ള വ്യക്തിത്വങ്ങളാകും.
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
തൊടുപുഴ : ഡിസിഎൽ തൊടുപുഴ പ്രവിശ്യയുടെ ആഭിമുഖ്യത്തിൽ, ഡിസിഎൽ കോട്ടയം പ്രവിശ്യയുടെ പ്രഥമ കോ - ഓർഡിനേറ്റർ ആയിരുന്ന പി.റ്റി തോമസ് പൈനാലിന്റെ അനുസ്മരണാർഥം സംഘടിപ്പിക്കുന്ന നാലാമത് പി.റ്റി തോമസ് സ്മാരക പ്രഭാഷണം ഇന്ന് ഉച്ചയ്ക്ക് 1. 30-ന് കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നടക്കും.
സ്കൂൾ മാനേജർ സിസ്റ്റർ ടീന ഏറങ്കേരിൽ എസ്എബിഎസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം പാലക്കുഴ ഗ്രാമപഞ്ചായത്ത് മെംബർ കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്യും. കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ, പി.റ്റി. തോമസ് അനുസ്മരണ പ്രഭാഷണം നടത്തും. പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട്, വിൻസൺ മാത്യു, ശാന്തിനി ആർ. എന്നിവർ പ്രസംഗിക്കും.
DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
"നീ വേദനിക്കുന്നതിൽ എനിക്കു വേദനയില്ല'' എന്ന് ഒരാൾ ചിന്തിക്കണമെങ്കിൽ അയാളിൽ മൃഗീയത ഭരണം തുടങ്ങിയിരിക്കണം.'' ഈ അടുത്ത കാലത്താണ്, ഇത്തരമൊരു ചിന്ത എന്റെ മനസിനെ മഥിക്കാൻ തുടങ്ങിയത്. സമൂഹമാധ്യമങ്ങളിൽ വൈറലായി ഓടിയ നിരവധി വീഡിയോകളാണ് ഈ ചിന്ത ഉറപ്പിച്ചത്. സ്കൂൾ വിദ്യാർഥികളുടെ കലഹങ്ങളും വഴക്കുകളും വഴിവിട്ടു വളർന്ന്, തനി ക്വട്ടേഷൻ ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിന്റെ പകർത്തുബുക്കുകളായി മാറുന്ന ക്രൂരമായ കാഴ്ചകൾ!
സ്വന്തം ക്ലാസിൽ പഠിക്കുന്ന സഹപാഠിയെ കൂട്ടംകൂടി ക്രൂരമായി തല്ലിച്ചതയ്ക്കുന്ന വീഡിയോകൾ! രക്ഷിക്കണേ എന്ന് അതിദയനീയമായി കൈകൂപ്പി കേഴുന്ന സഹപാഠിയെ പേപ്പട്ടികളെപ്പോലെ കടിച്ചുകീറുന്ന ക്രിമിനലുകൾ! എങ്ങനെ സാധിക്കുന്നു ഇതുപോലെ പെരുമാറാൻ! എന്തിനുവേണ്ടിയാണ്, കൂട്ടുകാരേ, ഇതുപോലെ തല്ലിക്കൊല്ലുന്നത്്? മുന്പെങ്ങുമില്ലാതിരുന്ന ഇത്തരം ക്രൂരതകൾക്കുള്ള കാരണങ്ങൾ മനഃശാസ്ത്രജ്ഞന്മാർ ഗൗരവമായി അന്വേഷിക്കുന്നുണ്ട്.
സാമൂഹിക- മാനസിക ഘടകങ്ങൾ: കൗമാരക്കാർക്ക് സ്വന്തം ഐഡന്റിറ്റി കണ്ടെത്താനുള്ള വ്യഗ്രതയുണ്ട്. സുഹൃത്തുക്കളുടെയിടയിൽ സ്റ്റാറ്റസ്, പോപ്പുലാരിറ്റി, പ്രണയം, പഠനം എന്നിവയിൽ മത്സരമുണ്ടാകുന്പോൾ, ചെറിയ കാര്യങ്ങൾപോലും വലിയ ശത്രുതയ്ക്കു കാരണമാകും.
വീട്ടിലെ പ്രശ്നങ്ങൾ, വഴക്ക്, ആരും സ്നേഹിക്കാനില്ല എന്ന തെറ്റുധാരണ, അമിത സമ്മർദം തുടങ്ങിയവ പലരും സ്കൂളിലേക്കു കൊണ്ടുവരുന്നുണ്ട്. ചിലർക്ക് വൈകാരിക, നിയന്ത്രണത്തിനുള്ള ഒരു പരിശീലനവും വീട്ടിൽ കിട്ടുന്നില്ല. ഈശ്വരവിശ്വാസമില്ലാതെ, പ്രാർത്ഥിക്കാനറിയാതെ, മാനുഷിക- ആത്മീയ മൂല്യങ്ങളറിയാതെ, വഴിയിറന്പു സംസ്കാരത്തിൽത്തന്നെ വളരുന്ന കുട്ടികളുണ്ട്. അവർക്ക് കോപം നിയന്ത്രിക്കാനുള്ള കഴിവില്ല.
സമപ്രായ സമ്മർദവും പ്രധാന ഘടകമാണ്. കൂട്ടുകാരുടെ ഗ്രൂപ്പിൽ ഒരാൾ അക്രമാസക്തനാണെങ്കിൽ സ്വന്തം വ്യക്തിത്വമില്ലാത്ത മറ്റുള്ളവരും അത് അനുകരിക്കും!
സോഷ്യൽമീഡിയയുടെ സ്വാധീനം :കേരളത്തിൽ സോഷ്യൽ മീഡിയ അഡിക്ഷൻ പ്രായഭേദമില്ലാതെ ഒരു പകർച്ചവ്യാധിപോലെ ആയിക്കഴിഞ്ഞു. വിദ്യാർഥികളിലാണ് ഈ സമൂഹമാധ്യമ അടിമത്തം ഏറ്റവും കൂടുതലുള്ളത്!
സൈബർ ബുള്ളിംഗ് ആണ് ഏറ്റവുമധികം വ്യാപിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഭീഷണിയാണിത്. ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, സ്നാപ്ചാറ്റ് എന്നിവയിലെ അപകീർത്തിപ്പെടുത്തൽ, ഗ്രൂപ്പ് ഔട്ട് ചെയ്യൽ, മീംസ് വീഡിയോകൾ എന്നിവ വഴി ശത്രുത പെരുകുകയാണ്.
ഫൈറ്റ് വീഡിയോകൾ, - കർശനമായി നിരോധിക്കണം. സ്കൂൾ ഫൈറ്റ് വീഡിയോകൾ റെക്കോഡ് ചെയ്ത്, ഫൈറ്റ് പേജുകളിൽ പോസ്റ്റുചെയ്യുന്നതു വ്യാപകമായിരിക്കുകയാണ്! ലൈക്കിനും വ്യൂസിനും ഷെയറിനുംവേണ്ടി ഫൈറ്റുകൾ അതി ക്രൂരമാക്കുന്നതും വർധിക്കുകയാണ്.
അൽഗോരിതം ഇഫക്ടാണ് ഏറെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വയലന്റ് കണ്ടന്റ് തുടരെ കാണുന്നയാൾക്ക് കൂടുതൽ വയലന്റായ വീഡിയോകൾ തന്നെ ലഭിക്കുന്നു. അതു കുട്ടികളുടെ മനസിൽ "ഡിസെൻസിറ്റൈസേഷൻ' - വൈകാരിക മരവിപ്പ് - എന്നൊരവസ്ഥ സൃഷ്ടിക്കുന്നു. എത്ര ക്രൂരതകൾ കണ്ടാലും ഒരു വികാരവുമില്ലാതാകുന്നു! മാതാപിതാക്കൾ ഇതിന് അതീവ ശ്രദ്ധ നൽകിയില്ലെങ്കിൽ അവരുടെ ജീവിതവും അപകടത്തിലാകും!
പ്രിയ കൂട്ടുകാരേ, ഇതുമാത്രമല്ല, വീഡിയോ ഗെയിമുകളും അന്ത്യന്തം അപകടകരമാണ്. പബ്ജി, ഫ്രീ ഫയർ, ജി.റ്റി.എ. തുടങ്ങിയ ചതിയൻ ഗെയിമുകളിൽ കൂട്ടുകാർ ഒരിക്കലും കുടുങ്ങരുത്. അവ മാരകമായ കുരുക്കുകൾ തന്നെയാണ്! ഈ ഓൺലൈൻ ഗെയ്മുകളിലെ ട്രാഷ് - ടോക്കും ടീം റൈവൽറിയും നമ്മുടെ യഥാർത്ഥ ജീവിതത്തിലേക്കും വരാം. സ്വതവേ അഗ്രസീവ് സ്വഭാവമുള്ള കുട്ടികളിൽ ഇതു കാട്ടുതീപോലെ പടരും. അവരുടെ ഭാവിജീവിതം കത്തിച്ചാന്പലാക്കും!
അതിനാൽ ഡിജിറ്റൽ നേറ്റീവ്സ് എന്ന നിലയിൽ ജെൻ, ഇസഡ് (Gen -Z) ആൽഫാ (Alpha) കുട്ടികൾക്ക് ഓൺലൈൻ - ഓഫ് ലൈൻ ബോർഡർ നഷ്ടപ്പെടുന്ന അപകടക്കാലമാണിത്. ഇത്തരത്തിലുള്ള സമൂഹമാധ്യമ അടിമകൾക്ക് സഹാനുഭൂതി, സ്നേഹം, ക്ഷമ, സേവനം, കരുണ തുടങ്ങിയ മാനവിക മൂല്യങ്ങളെ ഉൾക്കൊള്ളാൻ കഴിവില്ലാത്തവരാകുന്നു! എന്റെ "സ്ക്രീൻ ടൈം' ഓരോ ദിവസവും കൂടുന്നുണ്ടോ എന്ന് സ്വയം നിരീക്ഷിക്കണം. നമുക്കു മനുഷ്യനന്മയിലേക്കു മടങ്ങിവരാം. വീട്ടിലും ക്ലാസിലും, നമുക്ക് കൂടുതൽ നേരം പരസ്പരം സംസാരിക്കാം. ആരേയും വേദനിപ്പിക്കാത്ത തമാശകൾ പറയാം. നല്ല കൂട്ടുകാരാകാം, കാട്ടുജീവികളാകാതിരിക്കാം.
സ്നേഹത്തോടെ,
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
ദീപിക ബാലസഖ്യം വ്യത്യസ്ത കഴിവുകളുള്ള കുട്ടികൾക്കായി സ്പെഷൽ ഒളിന്പിക്സ് ഭാരത് കേരളയുമായി ചേർന്ന് സംഘടിപ്പിക്കുന്ന യൂണിഫൈഡ് സ്പെഷൽ സ്കൂൾ കലോത്സവം മാര്ച്ച് ഏഴ്, 10 തീയതികളിൽ നടക്കും.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായാണ് കലാമത്സരങ്ങൾ.ദീപിക ബാലസഖ്യം വ്യത്യസ്ത കഴിവുകളുള്ള കുട്ടികൾക്കായി സ്പെഷൽ ഒളിന്പിക്സ് ഭാരത് കേരളയുമായി ചേർന്ന് സംഘടിപ്പിക്കുന്ന യൂണിഫൈഡ് സ്പെഷൽ സ്കൂൾ കലോത്സവം മാര്ച്ച് ഏഴ്, 10 തീയതികളിൽ നടക്കും.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായാണ് കലാമത്സരങ്ങൾ.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്പെഷൽ സ്കൂളുകളിൽനിന്നുള്ള കുട്ടികൾക്കു മാർച്ച് 10-നു കോട്ടയം പാന്പാടി സെന്റ് ജോൺ ഓഫ് ഗോഡ് സ്പെഷൽ സ്കൂളിലും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സ്പെഷൽസ്കൂളുകളിൽനിന്നുള്ള കുട്ടികൾക്ക് മാർച്ച് ഏഴിന് കോഴിക്കോട് പ്രൊവിഡൻസ് കോളജിലും നടക്കും.
മത്സരയിനങ്ങൾജൂനിയർ വിഭാഗം
(16 വയസിനു താഴെ - 2026 ജനുവരി ഒന്ന് അടിസ്ഥാനമാക്കി)
നാടോടി നൃത്തം (സിംഗിൾ - ആണ് പെണ് വ്യത്യാസമില്ല. സമയ പരിധി മാക്സിമം 7 മിനിറ്റ്)2. ഫാഷൻ ഷോ (സിംഗിൾ - മത്സരത്തിന് ആണ് പെണ് വ്യത്യാസം ഉണ്ടായിരിക്കും. ഒരു സ്കൂളിൽ നിന്ന് ഒരു ആണ് കുട്ടിക്കും ഒരു പെണ്കുട്ടിക്കും മത്സരത്തിൽ പങ്കെടുക്കാം)3. മിമിക്രി (സിംഗിൾ , ആണ് - പെണ് വ്യത്യാസമില്ല. സമയ പരിധി മാക്സിമം 3 മിനിറ്റ്)4. ചെണ്ട (സിംഗിൾ 5 മിനിറ്റ് )
സീനിയർ വിഭാഗം
(16 വയസിനു മുകളിൽ - 2026 ജനുവരി ഒന്ന് അടിസ്ഥാനമാക്കി) .
നാടോടി നൃത്തം (സിംഗിൾ - ആണ് പെണ് വ്യത്യാസമില്ല. സമയ പരിധി മാക്സിമം 7 മിനിറ്റ്)2. മിമിക്രി (സിംഗിൾ - ആണ് പെണ് വ്യത്യാസമില്ല. സമയ പരിധി മാക്സിമം 3 മിനിറ്റ്)3. ചെണ്ട (സിംഗിൾ 5 മിനിറ്റ് )4. പ്രസംഗം (വിഷയം - പ്രകൃതി സംരക്ഷണം, സമയം 3 മിനിറ്റിൽ കവിയരുത്. മത്സരത്തിന് ആണ് പെണ് വ്യത്യാസം ഉണ്ടായിരിക്കും. ഒരു സ്കൂളിൽ നിന്നും ഒരു ആണ് കുട്ടിക്കും ഒരു പെണ്കുട്ടിക്കും മത്സരത്തിൽ പങ്കെടുക്കാം)
പൊതു മത്സരങ്ങൾ
(പ്രായ പരിധി ഇല്ല)
1. ടാബ്ലോ - ഒരു സ്കൂളിൽ നിന്നും 5 പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം2. യൂണിഫൈഡ് വീൽചെയർ ഡാൻസ് - (ഒരു സ്കൂളിൽ നിന്നും മാക്സിമം 3 കുട്ടികൾക്കും 3 യൂണിഫൈഡിനും പങ്കെടുക്കാം. സമയ പരിധി 5 മിനിറ്റ്)3. യൂണിഫൈഡ് ക്രാഫ്റ്റ് മേക്കിംഗ് - (ഒരു കുട്ടിയും ഒരു യൂണിഫൈഡും ചേരുന്ന ഒരു ടീമിന് ഒരു സ്കൂളിൽ നിന്നും പങ്കെടുക്കാം. പാഴ് വസ്തുകളിൽ നിന്നും ക്രാഫ്റ്റ് നിർമ്മിക്കുന്നത് ഉചിതം. സമയം ഒന്നര മണിക്കൂർ . നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ കൊണ്ടു വരണം.4. നാടൻ പാട്ട് - (യൂണിഫൈഡ് ഗ്രൂപ്പ് - രണ്ടുപേർ യൂണിഫൈഡും , അഞ്ചു കുട്ടികൾ സ്പെഷ്യൽ കുട്ടികളും ആയിരിക്കണം. പാട്ടിന്റെ ദൈർഘ്യം 8 മിനിറ്റിൽ കൂടരുത്. തനത് വാദ്യങ്ങൾ ഉപയോഗിക്കാം., വേഷവിധാനങ്ങൾ ആകാം.)5. ഗ്രൂപ്പ് ഡാൻസ് - (ഒരു സ്കൂളിൽ നിന്നും ഒരു ടീം മാത്രം, ഒരു ടീമിൽ 7 പേരിൽ കൂടരുത്, ഡാൻസിന്റെ ദൈർഘ്യം 10 മിനിറ്റിൽ കൂടരുത്)6. ഓണ്ലൈൻ സെൽഫി മത്സരം - (കലോത്സവ നഗരിയിൽ നിന്നും ഒരു ഗ്രൂപ്പ് സെൽഫി എടുത്ത് അന്ന് രാവിലെ 10.30 ന് മുന്പ് തന്നെ സംഘാടക സമിതിക്ക് അയച്ചു തരിക. തുടർന്ന് അത് ഇൻസ്റ്റാഗ്രം പേജിൽ സ്കൂളിന്റെ പേരും, എൻട്രി നന്പറും സഹിതം പോസ്റ്റ് ചെയ്യും, വൈകിട്ട് 4 മണിക്ക് മുന്പ് മാക്സിമം ലൈക്ക് കിട്ടുന്ന പോസ്റ്റിന് സമ്മാനം ഉണ്ടായിരിക്കുന്നതാണ്.)7. സിനിമാറ്റിക് ഡാൻസ് - (അധ്യാപകർക്ക് മാത്രം - സ്കൂൾതല മത്സരം ആയിരിക്കും. ഒരു ടീമിൽ അഞ്ചു പേരിൽ കൂടരുത്, സമയപരിധി 7 മിനിറ്റ് കവിയാൻ പാടില്ല, ആണ് പെണ് വ്യത്യാസം ഇല്ല)8. പ്രസംഗ മത്സരം (എസ്ഒബി ജില്ലാ കോ-ഓർഡിനേറ്റേഴ്സിനു മാത്രം) വിഷയം - സംയോജിത വിദ്യാഭ്യസവും പുനരിധവാസവും* യൂണിഫൈഡ് കുട്ടികൾ - ബൗദ്ധിക വെല്ലുവിളി ഇല്ലാത്ത, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ആയിരിക്കണം.പ്രായം 16 വയസ്സിന് മുകളിൽ ആയിരിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരു കുട്ടിക്ക് ഒരു വ്യക്തിഗത ഇനത്തിലും ഒരു ഗ്രൂപ്പ് ഇനത്തിലും മാത്രമേ മത്സരിക്കാൻ അവസരമുള്ളൂ. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികളും ജനനസർട്ടിഫിക്കറ്റ്, ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് തുടങ്ങിയവ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മാർച്ച് 1-നു മുന്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 8304987959 (ഡിസിഎൽ ഓഫീസ്), 9446204313 (എസ്ഒബി പ്രോഗ്രാം മാനേജർ), 99476 41817 (എസ്ഒബി ട്രഷറർ) എന്ന നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിൽ വൈറലായി ഓടിയ ഒരു വീഡിയോ കാണുവാനിടയായി.ഒരു വലിയ വീട്... കോടികൾ മുടക്കി പണിതതാണ് എന്ന് കണ്ടാൽ മനസ്സിലാകും.വീടിനകത്തും പുറത്തും നിറയെ പൊലീസുകാരും നാട്ടുകാരും...അകത്തു കയറിയിട്ടു പുറത്തിറങ്ങുന്ന എല്ലാവരും തൂവാല കൊണ്ട് മൂക്കും വായും പൊത്തി പിടിച്ച് പുറത്തേക്ക് ഓടിവരുന്നു... ചിലർ ഛർദ്ദിക്കുന്നു...
ഉത്തരേന്ത്യയിൽ മധ്യപ്രദേശിലെ ഇൻഡോറിലാണ് ഈ വീട്...
എന്താണ് സംഭവം എന്ന് അറിയാമോ...ആ വീട്ടിൽ ഒരു ദാരുണ സംഭവം നടന്നു... വീട്ടിൽ നിന്നും കനത്ത ദുർഗന്ധം പടർന്നപ്പോൾ നാട്ടുകാരാണ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് പറഞ്ഞത്... പൊലീസ് വന്ന് നോക്കുമ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച!
അച്ഛനും അമ്മയും മരിച്ച് അഴുകി കിടക്കുന്നു..അച്ഛൻ മരിച്ചിട്ട് 30 ദിവസവും അമ്മ മരിച്ചിട്ട് 20 ദിവസവും ആയത്രേ....
കൂട്ടുകാരേ...ഈ അച്ഛനുമമ്മയ്ക്കും ഒരേയൊരു മകനേ ഉള്ളൂ... അയാൾ അമേരിക്കയിലാണത്രേ...വാർഷിക വരുമാനം ഒരുകോടിയോളം വരും എന്നാണ് കേട്ടത്...എന്നാലും രണ്ടു ജീവിതങ്ങൾ സമ്പൂർണമായി സമർപ്പിച്ച് വളർത്തിയ പുന്നാരമകൻ മരണ നേരത്ത് പുതക്കാൻ ആ മാതാപിതാക്കൾക്ക് ഒരു കോടിമുണ്ടുപോലും കൊടുത്തില്ല... സ്വന്തം കാര്യം സെറ്റ് ആയിക്കഴിഞ്ഞപ്പോൾ അവൻ സ്വന്തം മാതാപിതാക്കളെ മറന്നു പോയി.
വാർധക്യം ബാധിച്ച്... രോഗം വന്ന് അവശരായി സഹായത്തിനായി ഒറ്റക്കിരുന്നു നിലവിളിച്ച ആ മാതാപിതാക്കളുടെ അവസ്ഥ കൂട്ടുകാർ നിങ്ങളുടെ ചിന്തയ്ക്ക് വിഷയമാക്കണം.
ഏക മകൻ പിറന്നുവീണ നിമിഷം മുതൽ അമ്മിഞ്ഞപ്പാലും അച്ഛന്റെ നെഞ്ചിൻചൂടും വാസനാസോപ്പുകളും സുഗന്ധചാമരവും തേച്ചു കുളിപ്പിച്ച്...വാത്സല്യത്തേനും ചക്കരയുമ്മകളും നൽകി വളർത്തിയ ഓർമകൾ അവരുടെ മിഴികൾ നനയിച്ചിട്ടുണ്ടാകാം.
വീട് ഇൻഡോറിലാണെങ്കിലും മകന്റെ ഹൃദയത്തിന്റെ ഔട്ട്ഡോറിൽ ആയിരുന്നു ആ അച്ഛനുമമ്മയും!
അതുകൊണ്ടാണ്, മാതാപിതാക്കളുടെ ശരീരം വീട്ടിൽ കിടന്നു അഴുകിയപ്പോൾ നാട് മുഴുവൻ നിറഞ്ഞത് ആ മകന്റെ മനസിന്റെ ദുർഗന്ധമായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞത്...
എന്തായിരിക്കും അവസാനം വരെ അവർ ഓർത്തത്...എന്തായിരിക്കും ആ അച്ഛന്റെ അവസാനത്തെ വാക്കുകൾ..? മരിച്ചുകിടക്കുന്ന ആ പാവം അച്ഛന്റെ ശരീരം പുഴുവരിക്കുന്നത് കണ്ടുകൊണ്ട് മകനെ വിളിച്ചു കരഞ്ഞു കരഞ്ഞു, മരിച്ചു വീഴുന്ന ഒരമ്മ!
ഇതെല്ലാം ഇന്ത്യയിൽ സംഭവിച്ച കാര്യങ്ങളാണ് കൂട്ടുകാരേ....
നാട്ടുകാരും പോലീസും വന്നപ്പോൾ രണ്ടുപേരുടെയും ശരീരം പുഴുവരിക്കുന്നത് കണ്ടുകൊണ്ട് കണ്ണുപൊത്തിക്കരഞ്ഞുപോയത്രേ...
കൊച്ചേട്ടന്റെ കത്ത് വായിക്കുന്ന എല്ലാ കൂട്ടുകാരും ഇപ്പൊൾ വായന അവസാനിപ്പിച്ച് സ്വന്തം അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് ഒന്ന് നോക്കാമോ... ആ മുഖത്ത് സ്നേഹത്തോടെ ഒരു ചക്കര ഉമ്മ കൊടുക്കാമോ? ഞാൻ എവിടെ എല്ലാം പോയാലും എത്രവലുതായാലും ആരായി തീർന്നാലും എത്ര വലിയ കോടീശ്വരൻ ആയാലും എന്നെ ഞാനാക്കിയ എന്റെ അച്ഛനെയും അമ്മയെയും ഞാൻ ഒരിക്കലും മറക്കില്ല എന്ന് ആ മുഖത്തുനോക്കി പറയാമോ.
പ്രിയ കൂട്ടുകാരെ ഈയൊരു കാലം ഉപഭോഗസംസ്കാരത്തിന്റെ രാക്ഷസവാഴ്ചക്കാലമാണ്. ഉപയോഗമില്ലാത്തതിനെ ഉപേക്ഷിക്കാനുള്ള പ്രലോഭനത്തിന് അടിമപ്പെടുന്നവരുടെ കാലമാണ്. അതുകൊണ്ടാണ് പല വീടുകളിലും എത്ര സ്നേഹിച്ചു വളർത്തിയ മക്കൾ ആണെങ്കിലും മക്കൾ വലുതായി കഴിയുമ്പോൾ മാതാപിതാക്കളെ കൊണ്ട് ഇനി ഉപയോഗമില്ല എന്ന് തോന്നുന്നത് .
നല്ല മക്കൾ മാതാപിതാക്കളെ മറക്കില്ല. എത്ര അസൗകര്യം ഉണ്ടായാലും എത്ര നഷ്ടങ്ങൾ ഉണ്ടായാലും മാതാപിതാക്കളാണ് ഞങ്ങളുടെ ഏറ്റവും വലിയ സമ്പത്ത് എന്ന് പറയാനുള്ള ധൈര്യവും ബോധ്യവും നല്ല മക്കളുടെ സമ്പാദ്യമാണ്. അത്തരത്തിലുള്ള സമ്പന്നരാകാൻ കൂട്ടുകാർക്ക് കഴിയുമ്പോൾ മാതാപിതാക്കളുടെ നന്മയുടെയും മക്കളുടെ സ്നേഹത്തിന്റെയും സുഗന്ധം കൊണ്ട് വീടും നാടും നിറയും അങ്ങനെ നിങ്ങളുടെയും വീട്ടിലും നാട്ടിലും സ്നേഹ സുഗന്ധം നിറയട്ടെ എന്ന് ആശംസിക്കുന്നു.
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
ദീപിക ബാലസഖ്യം കോട്ടയം പ്രവിശ്യ മധ്യവേനൽ അവധിക്കാലത്ത് സംഘടിപ്പിക്കുന്ന ജീവിത ദർശന - നേതൃത്വപരിശീലന ക്യാന്പ് 2026 ഏപ്രിൽ 29, 30 തീയതികളിൽ നടക്കും. കാഞ്ഞിരപ്പള്ളി പൊടിമറ്റം നിർമ്മല റിന്യൂവൽ സെന്ററിലാണ് ക്യാന്പ് സംഘടിപ്പിച്ചിരിക്കുന്നത്.
സമീപകാലഘട്ടത്തിൽ നമ്മുടെ പുതിയ തലമുറയെ ഗ്രസിച്ചിരിക്കുന്ന മാരക വിപത്തായ ലഹരിക്കെതിരേയുള്ള ബോധവത്കരണമാണ് ഈ ക്യാന്പിന്റെ മുഖ്യഘടകം. കൂടാതെ പേഴ്സണാലിറ്റി ഡെവലപ്മെന്റ്, ഗോൾ സെറ്റിംഗ്, കമ്യൂണിക്കേഷൻ സ്കിൽസ്, ലീഡർഷിപ്പ്, ടീം ബിൽഡിംഗ്, സ്ട്രെസ് മാനേജ്മെന്റ്, പബ്ലിക് സ്പീക്കിംഗ്, എങ്ങനെ പഠിക്കാം പരീക്ഷയെഴുതാം തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖ വ്യക്തികൾ ക്ലാസ് നയിക്കും. ഡിബേറ്റ്, ഗ്രൂപ്പ് ഗെയിംസ്, ഗ്രൂപ്പ് ആക്ടിവിറ്റീസ് തുടങ്ങിയവയും ക്യാന്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ക്യാന്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിന്റെ പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 6238219465, 9778316477.
DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കുടുംബാംഗങ്ങളേ,
ഇടുക്കി ജില്ലയിലെ പ്രകാശ് സിറ്റി എന്ന എന്റെ കൊച്ചുഗ്രാമത്തിലെ, പ്രഭാത് പബ്ലിക് ലൈബ്രറി എന്ന ഞങ്ങളുടെ വായനശാലയിൽ അപ്പൻ ഞങ്ങൾക്ക് അംഗത്വം എടുത്തു തരുന്നത്, ഞങ്ങൾ നാലാംക്ലാസിൽ പഠിക്കുന്പോഴാണ്.
അന്നുമുതൽ പുസ്തകങ്ങൾ ഞങ്ങളുടെ കൂട്ടുകാരായി എന്നു മാത്രമല്ല, വായിച്ചുകഴിഞ്ഞവയോട് വലിയ സ്നേഹവും വായിക്കാനുള്ള പുസ്തകങ്ങളോട് വലിയ ആകാംക്ഷയും ഞങ്ങളിൽ വളർത്തിയിരുന്നു. ഒരാഴ്ച ഒരു പുസ്തകം എന്ന വ്യവസ്ഥയിലാണ് അപ്പൻ ഞങ്ങളെ ലൈബ്രറിയിൽ അംഗങ്ങളാക്കിയത്. ഞങ്ങൾ, അതു വായിച്ച് അതിന്റെ സംഗ്രഹം വീട്ടിൽ പറയണം എന്ന ധാരണയുമുണ്ടായിരുന്നു!
അച്ചാച്ചൻ എന്നു ഞങ്ങൾ വിളിക്കുന്ന അപ്പന്, ഏറെയിഷ്ടം യാത്രാവിവരണങ്ങളും ചിന്താഭാരമുള്ള നോവലുകളുമായിരുന്നു. അച്ചാച്ചന്റെ അംഗത്വുംകൂടിച്ചേർന്നപ്പോൾ ഞങ്ങൾക്ക് ഒരാഴ്ച നാലു പുസ്തകങ്ങൾ എടുക്കാം എന്ന ആഹ്ലാദവുമുണ്ടായിരുന്നു.
ഞങ്ങൾ ബാലസാഹിത്യവും ശാസ്ത്രനോവലുകളും കവിതകളും നോവലുകളും വായിക്കാൻ അപ്പൻ നിരന്തരം നിർബന്ധിച്ചു! എഴുത്തുകാരുടെ പേരും അവർ എഴുതിയ മറ്റു കൃതികളും അച്ചാച്ചൻ ചോദിച്ചിരുന്നു. ബഷീറിന്റെ ബാല്യകാലസഖിയും അന്തീനാട് ജോസിന്റെ ബാബുമോനും ലളിതാംബിക അന്തർജനത്തിന്റെ മാണിക്യനുമെല്ലാം വായിച്ച് ഞങ്ങൾ വിങ്ങി, വിതുന്പിക്കരഞ്ഞത് എത്ര ദിനാന്തങ്ങൾ! വേളൂർ കൃഷ്ണൻകുട്ടി, തോമസ് പാല തുടങ്ങിയവരുടെ ഹാസ്യഗ്രന്ഥങ്ങൾ വായിച്ചു ചിരിച്ചുമറിഞ്ഞ് രസിച്ചതും എല്ലാം ഇന്നലത്തെപ്പോലെ ഓർക്കുന്നു.
എന്നാൽ, മുതിർന്നപ്പോൾ ഞങ്ങൾ ഒരു കാര്യം തിരിച്ചറിഞ്ഞു, ലൈബ്രറിയിൽനിന്നു ഞങ്ങൾക്ക് കഥപുസ്തകങ്ങൾ എടുത്തു തന്നിരുന്ന ഞങ്ങളുടെ പ്രിയ പിതാവ്, ഞങ്ങളുടെ അച്ചാച്ചൻ ഒരു ഒന്നാന്തരം കഥപുസ്തകമാണ് എന്ന്. അപ്പൻ എടുത്തുതരുന്ന കഥപുസ്തകം വായിക്കുന്നതോടൊപ്പം അപ്പൻ എന്ന കഥപുസ്തകത്തെയും ഞങ്ങൾ വായിക്കണം എന്ന്.
ബാല്യത്തിൽ അപ്പൻ ഞങ്ങൾക്കു ബാലസാഹിത്യമായിരുന്നു! "മല്ലനും മാതേവനും', "കുരങ്ങനും മുതലയും' പോലുള്ള രസിപ്പിക്കുന്ന കഥയായിരുന്നു അപ്പൻ! കൗമാരത്തിൽ, ശരിയായ തീരുമാനങ്ങൾ തെറ്റാതെ എടുക്കാൻ നിർബന്ധിക്കുന്ന, ഞങ്ങളുടെ കുറ്റങ്ങളും കുറവുകളും കള്ളത്തരങ്ങളുമെല്ലാം കണ്ടുപിടിക്കുന്ന, അത്ഭുതശക്തിയുള്ള ഫാന്റവും മാൻഡ്രേക്കും ഡിറ്റക്ടീവ് മഹേഷും സിഐഡി പുഷ്പരാജുമൊക്കെയായിരുന്നു ഞങ്ങളുടെ അപ്പൻ! ഞങ്ങളുടെ എല്ലാ തട്ടിപ്പും വെട്ടിപ്പും കണ്ടുപിടിക്കുന്ന സൂപ്പർമാൻ! ഞങ്ങൾ മുതിർന്നപ്പോൾ അപ്പൻ ഞങ്ങൾക്ക്, വിക്ടർ ഹ്യൂഗോയുടെ "പാവങ്ങളി'ലെ, കള്ളനോട് ക്ഷമിക്കുന്ന ബിഷപ് ആയി മാറി. പിന്നെ മകൾക്കു പഠിക്കാനായി, സ്വന്തം അസ്ഥികൂടം മുൻകൂട്ടി വിൽക്കുന്ന ടാഗോറിന്റെ റിക്ഷാവലിക്കാരനായി.
ഇന്ന്, അപ്പനെ വായിക്കുന്പോൾ, അപ്പൻ ഞങ്ങൾക്ക്, ആരെങ്കിലും എഴുതിയ കഥയല്ല, ഞങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്താൻ ഞങ്ങളെ രക്ഷിക്കാൻ, ഞങ്ങളോട് ക്ഷമിക്കാൻ, ഞങ്ങളെ സ്നേഹിക്കാൻ, ഞങ്ങൾക്കായി സ്വന്തം ശരീരവും രക്തവും നിങ്ങൾക്കുവേണ്ടി മാത്രം എന്നു മാത്രം പറയുന്ന ദൈവപുത്രനായ ക്രിസ്തുവായി, ഞങ്ങളുടെയും കുടുംബത്തിന്റെയും കുരിശുഭാരം ചുമന്ന് ഞങ്ങൾക്ക് ജീവനുണ്ടാകുവാൻ സ്വന്തം ജീവനർപ്പിച്ച രക്ഷകനായി.
2026 ജനുവരി 17ന് ഞങ്ങളുടെ അച്ചാച്ചൻ ഈ ലോകത്തിൽനിന്നു സ്വർഗത്തിലേക്കു യാത്രയായി. ഇന്നുവരെ ഞാൻ എഴുതിയ "കൊച്ചേട്ടന്റെ കത്ത്' എല്ലാം വായിച്ച് അഭിപ്രായം പറഞ്ഞ അച്ചാച്ചൻ,എനിക്ക് അക്ഷരത്തെറ്റില്ലാത്ത പുസ്തകമാണ്. അപ്പൻ എന്ന ഗ്രന്ഥത്തിന്റെ ജീവിതഗന്ധം എന്റെ ജീവിതത്തിന്റെ സുഗന്ധമാണ്.
പ്രിയ കൂട്ടുകാരേ, നമ്മുടെ മാതാപിതാക്കളെ വായിക്കാനുള്ള വളർച്ചയാണ് മക്കൾ എന്ന പദവിയുടെ യോഗ്യത. നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾ വായിച്ചുതീർന്ന നല്ല പുസ്തകങ്ങളാകട്ടെ. ആ ജീവിതകഥകളുടെ ദൃശ്യാവിഷ്കാരമാകട്ടെ നിങ്ങളുടെ ജീവിതം.
സ്നേഹത്തോടെ,
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം സംസ്ഥാന ടാലന്റ് ഫെസ്റ്റ് ജനുവരി 26 തിങ്കളാഴ്ച മൂവാറ്റുപുഴ നിർമ്മല ഇംഗ്ലീഷ്മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
സംസ്ഥാനത്തെ വിവിധ പ്രവിശ്യകളിൽനിന്ന് പ്രവിശ്യാമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികളാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്നത്.
രാവിലെ 8.30-ന് രജിസ്ട്രേഷൻ ആരംഭിക്കും. 9.30-ന് പതാക ഉയർത്തൽ, ഉദ്ഘാടനം. തുടർന്ന് മത്സരങ്ങൾ ആരംഭിക്കും.
വൈകുന്നേരം 3.30-ന് നടക്കുന്ന സമാപനസമ്മേളനത്തിൽ വിജയികൾക്കു സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണംചെയ്യും.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.
ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം.
വിഷയം - ഹൈസ്കൂൾ: (1) ഡിജിറ്റൽ സാധ്യതകൾ ജീവിത വിജയത്തിന്, (2) ഇന്ത്യയ്ക്കുവേണ്ടത് മതസൗഹാർദമോ, മതേതരത്വമോ, (3) നാട്ടിൽനിൽക്കാം, നാടിനെ നിലനിർത്താം
യു.പി. വിഭാഗം - (1) തകരാത്ത ജീവിതത്തിന് ഉറപ്പുള്ള കുടുംബബന്ധങ്ങൾ, (2) മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ്
എൽപി വിഭാഗം - (1) വീട്ടുകാരറിയട്ടെ, എന്റെ കൂട്ടുകാരെ
യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് മുകളിൽ കൊടുത്തിരിക്കുന്ന വിഷയങ്ങളിൽ, മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയമാണ് പ്രസംഗിക്കേണ്ടത്.
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജനുവരി 26-ന് മൂവാറ്റുപുഴ നിർമ്മല എച്ച് .എസ്.എസിൽ നടക്കും.
ജനറൽ ലീഡർ, ഡെപ്യൂട്ടി ലീഡർ, രണ്ടു ജനറൽ സെക്രട്ടറിമാർ (ആൺകുട്ടിയും, പെൺകുട്ടിയും), ജോയിന്റ് സെക്രട്ടറിമാർ, പ്രോജക്ട് സെക്രട്ടറി, ട്രഷറർ, എന്നീ സ്ഥാനങ്ങളിലേക്കാണു തെരഞ്ഞെടുപ്പ്.
പ്രവിശ്യാതല ഭാരവാഹികളിൽ കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് സംസ്ഥാന ഭാരവാഹികളായി മത്സരിക്കാൻ യോഗ്യതയുള്ളത്.
തെരഞ്ഞെടുപ്പിനുശേഷം പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞചൊല്ലി സ്ഥാനമേൽക്കും.
DCL (Deepika Children’s League)
ശിശുദിനത്തോടനുബന്ധിച്ച് ഡിസി എല്ലും കുട്ടികളുടെ ദീപികയും ചേർന്ന് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച "ഞങ്ങൾ ഇന്ത്യയുടെ സുഗന്ധം' വീഡിയോ ചലഞ്ച് മത്സര ഫലം. ദീപിക ബാലഖ്യത്തിനു വേണ്ടി കൊച്ചേട്ടൻ ഫാ.റോയി കണ്ണൻ ചിറ സിഎംഐ എഴുതി ഫാ. ആന്റണി ഉരുളിയാനിക്കൽ സിഎംഐ സംഗീതം പകർന്ന് ഓവിയാറ്റസ് അഗസ്റ്റിനും സംഘവും ആലപിച്ച ഗാനത്തിന് ചുവടുകൾ വച്ചത് പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ്. കുഞ്ഞുങ്ങളിൽ ദേശസ്നഹം, മനുഷ്യസ്നേഹം, ലക്ഷ്യ ബോധം എന്നിവ വളർത്തുന്നതിനും ’നാമൊരു കുടുംബം ’ എന്ന ഡിസിഎല്ലിന്റെ മനോഹരമായ സന്ദേശം കുട്ടികളിലെത്തിക്കുന്നതിനും വേണ്ടിയാണ് ദീപിക, ഡിസിഎല്ലിന്റെ നേതൃത്വത്തിൽ ഇതുപോലെയുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
മത്സരവിജയികൾ
ഹൈസ്കൂൾ വിഭാഗം - ഒന്നാം സമ്മാനം - ലിറ്റിൽ ഫ്ലവർ കോണ്വെന്റ് സ്കൂൾ വെള്ളായണി ജംഗ്ഷൻ തിരുവനന്തപുരം, രണ്ടാം സമ്മാനം - സെന്റ്.മേരീസ് സിജിഎച്ച്എസ്, ഒല്ലൂർ,തൃശ്ശൂർ, മൂന്നാം സമ്മാനം -എൽഎഫ് സിഎച്ച്എസ് ഇരിഞ്ഞാലക്കുട,തൃശ്ശൂർ, സ്പെഷ്യൽ സമ്മാനം - സെന്റ് റാഫേൽ സിജിഎച്ച്എസ്, ഒല്ലൂർ, തൃശ്ശൂർ,
യുപി വിഭാഗം - ഒന്നാം സമ്മാനം (രണ്ടു സ്കൂളുകൾക്ക്) - മേരി മാതാ പബ്ലിക് സ്കൂൾ, പാലാ,കോട്ടയം, ഉർസുലൈൻ സീനിയർ സെക്കണ്ടറി സ്കൂൾ, കണ്ണൂർ, രണ്ടാം സമ്മാനം - സെന്റ മേരീസ് ജിഎച്ച്എസ്, ഒല്ലൂർ, തൃശ്ശൂർ, മൂന്നാം സമ്മാനം - മരിയൻ പബ്ലിക് സ്കൂൾ, മേരികുളം,ഇടുക്കി
സ്പെഷ്യൽ സമ്മാനം നേടിയവർ - സെന്റ റാഫേൽസ് സിജിഎച്ച്എസ് ഒല്ലൂർ, തൃശ്ശൂർ , സെന്റ് ജോർജ് എച്ച്എസ്, ഉടുന്പന്നൂർ,
എൽപി വിഭാഗം - ഒന്നാം സമ്മാനം - സെന്റ് തോമസ് കോണ്വെന്റ് എൽപിഎസ്, പഴയന്നൂർ,തൃശ്ശൂർ, രണ്ടാംസമ്മാനം - എൻഎംഎൽപിഎസ്, വേങ്ങനല്ലൂർ, തൃശ്ശൂർ, മൂന്നാം സമ്മാനം - സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ, പായിപ്പാട്,കോട്ടയം.
സ്പെഷൽ സമ്മാനം നേടിയവർ - മേരി മാതാ പബ്ലിക് സ്കൂൾ, പാലാ, സെന്റ് ആന്റണീസ് ഇഎംഎൽപിസ്കൂൾ, പഴവങ്ങാടി, ആലപ്പുഴ , സെന്റ് മേരിസ് എൽപിഎസ് എടൂർ,കണ്ണൂർ, മരിയൻ പബ്ലിക് സ്കൂൾ, മേരികുളം, ഇടുക്കി, സെന്റ് മേരീസ് സിഎൽപിഎസ്, മറ്റം
പ്രോത്സാഹനസമ്മാനം നേടിയവർ - സെന്റ് തോമസ് എൽപിഎസ് എരുമേലി, വിമല എൽപിഎസ്, ഭീമനടി, എസ്എച്ച്സിജിഎൽപി സ്കൂൾ, ചാലക്കുടി, സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നടക്കുന്ന് മീയന്നൂർ, എസ്ജെ എൽപിഎസ് വെള്ളയാംകുടി, ഹോളിക്രോസ് കോണ്വെന്റ് സ്കൂൾ, കൽപ്പറന്പ്, സെന്റ് ജോർജസ് സിഎൽപിഎസ്, മുക്കാട്ടുകര. ചെറുപുഷ്പം ഇഎംയുപിഎസ് വടക്കഞ്ചേരി, പാലക്കാട്. സെന്റ് ജോണ്സ് യുപി സ്കൂൾ തോണ്ടിയിൽ, പേരാവൂർ, കണ്ണൂർ, ഹോളി ഏഞ്ചൽസ് ഇഎംഎൽപിഎസ് ആറ്റൂർ, മണലാടി, സെന്റ്.തോമസ് എൽപിഎസ് മരങ്ങാട്ടുപിള്ളി
കെ.ജി വിഭാഗം - ഒന്നാം സമ്മാനം - ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ സുൽത്താൻ ബത്തേരി, രണ്ടാം സമ്മാനം - ജ്യോതി കിൻഡർ ഗാർഡൻ, മുരിക്കശ്ശേരി, മൂന്നാം സമ്മാനം - മേരി മാതാ പബ്ലിക് സ്കൂൾ, പാലാ ,സെന്റ് മർത്താസ് നേഴ്സറി സ്കൂൾ, കട്ടപ്പന.
സ്പെഷ്യൽ സമ്മാനം നേടിയവർ -മരിയൻ പബ്ലിക് സ്കൂൾ, മേരികുളം ,വിമല പബ്ലിക് സ്കൂൾ, തൊടുപുഴ,
പ്രോത്സാഹന സമ്മാനം നേടിയവർ - സെന്റ് ജോർജസ് സിഎൽപിഎസ്, മുക്കാട്ടുകര, എസ്എച്ച് ഇഎംഎച്ച്എസ്എസ് ലിറ്റിൽ ബഡ്സ് കിന്റർഗാർഡൻ മൂലമറ്റം, സെന്റ്.മേരീസ് സിഎൽപി സ്കൂൾ, ഒല്ലൂർ, സെന്റ് ഷന്താൾസ് മാമ്മൂട്, ചങ്ങനാശേരി, സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ പുളിപ്പറന്പ്, സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം,പയ്യാവൂർ, സെന്റ് തെരേസാസ് ജിഎച്ച്എസ് ബ്രഹ്മകുളം, എച്ച്ആർസി നഴ്സറി സ്കൂൾ, നടത്തറ, ഹോളി ഏഞ്ചൽസ് ഇഎംസ്കൂൾ, കരുവന്നൂർ, ഹോളി ചൈൽഡ് കോണ്വെന്റ് നേഴ്സറി സ്കൂൾ ചെർളയം, സെന്റ് പോൾ സിഇഎം പ്രീ പ്രൈമറി സ്കൂൾ,കുരിയച്ചിറ, എസ്എച്ച്ഇഎം നഴ്സറി സ്കൂൾ, ചാലക്കുടി, സെന്റ് തോമസ് എൽപിഎസ് എരുമേലി, കൃപാഭവൻ പ്രീ പ്രൈമറി, മണ്ണംപേട്ട.
DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
ഒരു നാടോടിക്കഥയുണ്ട്, ഒരു കുഞ്ഞുറുന്പ് കാൽതെറ്റി പുഴയിൽ വീണുപോയി. വെള്ളത്തിൽ മുങ്ങിത്താഴുന്ന ഉറുന്പിനെ, പുഴയരികിലെ ആൽമരത്തിലിരുന്ന വെള്ളരിപ്രാവ് കണ്ടു. അലിവുതോന്നി ഒരു ആലില കൊത്തി പുഴയിലേക്കിട്ടു. പെട്ടെന്നുതന്നെ ഉറുന്പ് ആലിലയിൽ പിടിച്ചുകയറി രക്ഷപ്പെട്ടു.
2026 ജനുവരി പത്തിന്, തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ മലങ്കര ജലാശയത്തിലേക്ക് ഒരു ആലില പറന്നിറങ്ങി. ആ ആലിലയുടെ പേര് വാണിയപ്പുരയ്ക്കൽ അജിയുടെ മകളായ പൊന്നു എന്ന് ഓമനപ്പേരുള്ള കീർത്തന എന്നാണ്.
കുഞ്ഞുറുന്പിനു പകരം മലങ്കര ജലാശയത്തിൽ കാലിടറി വീണ് മുങ്ങിത്താണുകൊണ്ടിരുന്നത് ജയ എന്നു പേരുള്ള ഒരു പാവം വീട്ടമ്മയായിരുന്നു. വെള്ളത്തിൽ വീണുപോയ തുണി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി ജലാശയത്തിൽ വീണ ജയയുടെ അരികിലേക്ക് ദൈവം അടർത്തിയിട്ട ആലിലയായിരുന്നു കീർത്തന എന്ന പെൺകുട്ടി.
അപ്രതീക്ഷിതമായി ആരോ വെള്ളത്തിൽ മുങ്ങിത്താഴുന്നതുകണ്ട കീർത്തന, ജലാശയത്തിലേക്കു കുതിച്ചുചാടി ജയയെ രക്ഷപ്പെടുത്തി കരകയറ്റുകയായിരുന്നു! അങ്ങനെ മലങ്കര ജലാശയത്തിൽ ജയ കീർത്തനമുയർന്നു! സമയത്ത്, ഈ മകൾക്കു തന്നെ രക്ഷിക്കാൻ ദൈവം തോന്നിപ്പിച്ചില്ലായിരുന്നെങ്കിൽ?
പ്രിയ കൂട്ടുകാരേ, കീർത്തന നമുക്ക് ഒരു പാഠപുസ്തകമാണ്. ഇത് ജെൻ - സി കാലമാണെന്നും , പുതുതലമുറ ഡിജിറ്റൽ യുഗത്തിൽ തലമറന്ന്, നിലമറന്ന്, വിലമറന്ന് നശിക്കുകയാണെന്നും വിലപിക്കുന്നവരുണ്ട്. അതിനവർക്ക് ചില കാരണങ്ങളുമുണ്ടാകും. വീട്ടിൽ മൊബൈലിൽ ഗെയിം കളിക്കുന്ന, ടിവിയിൽ സിനിമ കാണുന്ന കുട്ടികളിൽ പലരും അടുത്ത മുറിയിലോ അടുക്കളയിലോ ഒരു ചെറിയ സഹായത്തിന് കുടുംബാംഗങ്ങൾ ആരെങ്കിലും വിളിച്ചാൽ, ഒന്നു തലയുയർത്തുകപോലും ചെയ്യാറില്ല. അമ്മയോ, അച്ഛനോ പോലും അർഹിക്കുന്ന ആദരവും സ്നേഹവും നൽകാൻ സൈബർ അഡിക്ടുകളായ, മൊബൈൽ അടിമകളായ പല കുട്ടികളും മനസു കാണിക്കാറുമില്ല! നവമാധ്യമ അടിമപ്പണിക്കാർ, തങ്ങളുടെ അടിമത്തം തന്നെയാണ് സ്വാതന്ത്ര്യം എന്നു തെറ്റായി കരുതുന്നവരാണ്.
ഇവിടെയാണ്, കുടയത്തൂർ ഗവൺമെന്റ് ഹയർ സെക്കന്ഡറി സ്കൂൾ, പ്ലസ് വൺ വിദ്യാർഥിനിയായ കീർത്തന എന്ന ഗ്രാമീണ പെൺകുട്ടി ഒരു തിരുത്തൽ സന്ദേശമാകുന്നത്.
അവൾ ഇതിനോടകം നീന്തൽ ഉൾപ്പെടെ വിവിധ കഴിവുകൾ വളർത്തി, ആത്മവിശ്വാസം നേടിയ മിടുമിടുക്കിയാണ്. സഹായം ആവശ്യമുള്ളവരെ ഏതവസരത്തിലും സഹായിക്കണമെന്ന് സ്വന്തം മാതാപിതാക്കളിൽനിന്നും ഗുരുജനങ്ങളിൽനിന്നും അവൾ പഠിച്ചിട്ടുണ്ട്! അവസരംവന്നപ്പോൾ, ഒരു നിമിഷംപോലും പാഴാക്കാതെ അവൾ തന്റെ കഴിവുകൾ പുറത്തെടുത്തു. വിലപ്പെട്ട ഒരു ജീവന് രക്ഷകയാവുകയും ചെയ്തു.
കൂട്ടുകാരേ, കീർത്തന, ആത്മവിശ്വാസത്തിന്റെയും ധീരതയുടെയും സങ്കീർത്തനമാണ്. സ്വന്തം കഴിവുകളിൽ മതിപ്പുനേടിയാൽ ഏതു പ്രതിസന്ധിയേയും അതിജീവിക്കാനുള്ള കരുത്തും ധൈര്യവും നിങ്ങൾക്കും ലഭിക്കും. മനസിൽ ധൈര്യവും ഹൃദയത്തിൽ സ്നേഹവും ദയയും ഉണ്ടെങ്കിൽ നിങ്ങൾക്ക് ഏതു ദുരിതത്തേയും അതിജീവിക്കാം. മറ്റുള്ളവരുടെ അതിജീവനത്തിന് സഹായിക്കുകയും ചെയ്യാം.
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഡിസിഎല്ലും കുട്ടികളുടെ ദീപികയും ചേർന്ന് സംഘടിപ്പിച്ച ഓൺലൈൻ പ്രച്ഛന്നവേഷ മത്സരത്തിന്റെ ഫലം. മഹാത്മാഗാന്ധി, ജവഹാർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, സരോജിനി നായിഡു എന്നിവരെ അവതരിപ്പിക്കാനായിരുന്നു മത്സരത്തിൽ ആവശ്യപ്പെട്ടത്.
മഹാത്മാഗാന്ധി :
എൽപി വിഭാഗം: ഒന്നാം സമ്മാനം - യാദവ് കെ പ്രദീപ്, (സെന്റ് ആന്റണീസ് എൽ പി സ്കൂൾ ചേനപ്പാടി, കാഞ്ഞിരപ്പള്ളി)
രണ്ടാം സമ്മാനം -ദ്വയിബ് അഹമ്മദ് (ജയ്മാതാ സീനിയർ സെക്കൻഡടറി സ്കൂൾ, ഉളിയത്തടുക്ക, കാസർഗോഡ്)
മൂന്നാം സമ്മാനം -അന്നാ മരിയ ഷൈജു (എസ്.സി. എൽപിഎസ് കോട്ടക്കൽ, മാള)
കെജി വിഭാഗം: ഒന്നാം സമ്മാനം -മുഹമ്മദ് ആദം (ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം വടക്കഞ്ചേരി പാലക്കാട്)
രണ്ടാം സമ്മാനം - ഇമ്മാനുവൽ അനീഷ് (ജ്യോതി കിൻഡർ ഗാർഡൻ,മുരിക്കാശ്ശേരി)
മൂന്നാം സമ്മാനം -അയാൻ അഹമ്മദ് (ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സുൽത്താൻബത്തേരി)
ജവഹർലാൽ നെഹ്റു
എൽ പി വിഭാഗം: ഒന്നാം സമ്മാനം - ആദ്വേ അനിൽ, (മേരിറാണി പബ്ലിക് സ്കൂൾ ളായിക്കാട്,ചങ്ങനാശേരി)
രണ്ടാം സമ്മാനം (രണ്ടു പേർക്ക്) ജെറോണ് ജോബി( നിർമ്മല ഇംഗ്ലീഷ് മീഡിയം കാളകെട്ടി കാഞ്ഞിരപ്പള്ളി കോട്ടയം), മുഹമ്മദ് നാസിൽ എൻ എ ( (ജയ്മാതാ സീനിയർ സെക്കൻഡടറി സ്കൂൾ, ഉളിയത്തടുക്ക, കാസർഗോഡ്)
മൂന്നാം സമ്മാനം - ആരവ് കൃഷ്ണ (സെന്റ് ജോർജ് സിഎൽപി സ്കൂൾ, മുക്കാട്ടുകര, തൃശൂർ)
കെ.ജി. വിഭാഗം:ഒന്നാം സമ്മാനം - പൂജിത വിജീഷ് (ലിറ്റിൽഫ്ലവർ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ സുൽത്താൻബത്തേരി)
രണ്ടാം സമ്മാനം : മിൻഹ ഫാത്തിമ (ജ്യോതി കിന്റർഗാർഡൻ മുരിക്കാശ്ശേരി)
മൂന്നാം സമ്മാനം (രണ്ടു പേർക്ക്) - ഹമ്ദ ബാദുഷ (സെന്റ്.് ജോസഫ് കിൻഡർ ഗാർഡൻ ആൻഡ് പ്ലേ സ്കൂൾ കാഞ്ഞിരപ്പള്ളി ), ഏന്പൽ ടിനു (ഇൻഫന്റ് ജീസസ്,ചേർപ്പുങ്കൽ,പാലാ)
ഇന്ദിരാഗാന്ധി
എൽപി വിഭാഗം: ഒന്നാം സമ്മാനം - ലിയമരിയ ജിതീഷ് (വിമല എഎൽപിഎസ് ഭീമനാടി,കാസർഗോഡ്)
രണ്ടാം സമ്മാനം - മീവ സാറാ അനീഷ് - (വിമല സെൻട്രൽ സ്കൂൾ പെരുന്പാവൂർ)
മൂന്നാം സമ്മാനം - ഇഷ എലിസ് രാജേഷ് (സെന്റ് ജോണ്സ് യു പി സ്കൂൾ തൊണ്ടിയിൽ,പേരാവൂർ,കണ്ണൂർ)
കെ ജി വിഭാഗം: ഒന്നാം സമ്മാനം - മിൻഹ മറിയം മാഹീൻ (നിർമ്മല ജൂനിയർ സ്കൂൾ മൂവാറ്റുപുഴ)
രണ്ടാം സമ്മാനം - ഹാജിറ ആബിദ് കല്ലട്ര (അപ്സര പബ്ലിക് സ്കൂൾ കാസർകോട്)
മൂന്നാം സമ്മാനം (രണ്ടുപേർക്ക് ) - ശ്രീധരി ആർ നായർ (വിമല സെൻട്രൽ സ്കൂൾ പെരുന്പാവൂർ), ആൻ ട്രീസ ഫിലിപ്പ് (ജ്യോതി കിന്റർഗാർഡൻ മുരിക്കാശ്ശേരി)
സരോജിനി നായിഡു
എൽപി വിഭാഗം -ഒന്നാം സമ്മാനം - അമേയ അരുണ് (ജ്യോതി നികേതൻ ഇംഗ്ലീഷ് മീഡിയം, പുന്നപ്ര)
രണ്ടാം സമ്മാനം -ലയ എസ്, (ചെറുപുഷ്പം യുപി സ്കൂൾ വടക്കൻഞ്ചേരി, പാലക്കാട്)
മൂന്നാം സമ്മാനം - ഭദ്ര വി.എസ് (സേക്രട്ട് ഹാർട്ട് ഇഎംഎൽപി സ്കൂൾ, തൃശൂർ)
കെ.ജി വിഭാഗം :ഒന്നാംസമ്മാനം - ഹാഷ മറിയം (ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സുൽത്താൻബത്തേരി)
രണ്ടാം സമ്മാനം - ഇവ മരിയ (എസ് എച്ച് ഇ എം നഴ്സറി സ്കൂൾ ചാലക്കുടി)
മൂന്നാം സമ്മാനം - ഫാത്തിമ ഫൈഹ (എസ്എച്ച് സി എൽ പി സ്കൂൾ വൈലത്തൂർ, നായരങ്ങാടി)
DCL (Deepika Children’s League)
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
ഒരു ദിവസം അതിസന്പന്നനായ ഒരു മനുഷ്യൻ റോഡിലൂടെ നടക്കുന്പോൾ, ഒരു ഭിക്ഷക്കാരനെ കണ്ടു. അടുത്തുചെന്ന് അയാളോടു ചോദിച്ചു, ""നീ എങ്ങനെയാണ് ഒരു ഭിക്ഷക്കാരനായത്?'' ഭിക്ഷക്കാരൻ പറഞ്ഞു, ""ഒരു ജോലിക്കു വേണ്ടി ഞാൻ അലയാത്ത ഇടമില്ല, മുട്ടാത്ത വാതിലുകളില്ല, ഒന്നും കിട്ടാതെയായപ്പോൾ, പിച്ച തെണ്ടുകയല്ലാതെ മറ്റു വഴിയില്ലാതെ വന്നു. താങ്കൾ എനിക്ക് ഒരു ജോലി തന്നാൽ, ഞാൻ ഭിക്ഷാടനം നിർത്തിക്കോളാം!''
അപ്പോൾ ആ ധനികൻ പറഞ്ഞു, ""ഞാൻ നിന്നെ എന്റെ ബിസിനസ് പാർട്ണർ ആക്കാം. നമുക്ക് ഒരുമിച്ചു വളരാം.'' ഭിക്ഷക്കാരന്റെ ഹൃദയം നിശ്ചലമായതുപോലെ തോന്നി! ഒരുതുള്ളി വെള്ളം കൊതിച്ചവന് ഒരു കിണർതന്നെ കിട്ടിയ അനുഭവം! ധനവാൻ പറഞ്ഞു, ""എനിക്ക് ധാരാളം നെൽവയൽ ഉണ്ട്. ഞാൻ ഓരോ ദിവസവും ലോറിയിൽ നിറയെ ധാന്യം നിനക്കു തരാം. നീ അതു കൊണ്ടുപോയി വിറ്റാൽ മതി. മാസാവസാനം നമുക്ക് ലാഭം വീതിച്ചെടുക്കാം.'' ഭിക്ഷക്കാരൻ അകാംക്ഷയോടെ ചോദിച്ചു. ""എനിക്ക് എത്ര ശതമാനം ലാഭവിഹിതമാണ് അങ്ങ് തരുന്നത്. പത്തോ, അതോ അഞ്ചു ശതമാനമോ?'' അപ്പോഴും ധനവാൻ ഭിക്ഷക്കാരനെ ഞെട്ടിച്ചു. ""ഞാൻ 90 ശതമാനം നിനക്കു തരും. എനിക്ക് 10 ശതമാനം മതി.'' ഭിക്ഷക്കാരൻ ആനന്ദാതിരേകത്താൽ ധനവാന്റെ മുന്നിൽ മുട്ടുകുത്തി, പാദം തൊട്ടുമുത്തിക്കരഞ്ഞു.
ധനവാൻ പറഞ്ഞതുപോലെതന്നെ ചെയ്തു. പിറ്റേദിവസംതന്നെ നല്ല വസ്ത്രങ്ങൾ വാങ്ങി നൽകി. ഒപ്പം ലോറിക്കണക്കിന് ധാന്യങ്ങളും. ഓരോ ദിവസം കഴിയുംതോറും ഭിക്ഷക്കാരന്റെ അവസ്ഥ മാറിവന്നു. അയാളുടെ പക്കൽ പണം കുന്നുകൂടി. അയാൾ ആഹ്ലാദനൃത്തം ചവിട്ടി! മാസാവസാനമായി. ഭിക്ഷക്കാരനായിരുന്നയാൾ കിട്ടിയ പണമെല്ലാം കൂട്ടിവച്ചു. ധനവാൻ തന്റെ 10 ശതമാനം വിഹിതം വാങ്ങാൻ വന്നു. അപ്പോൾ നമ്മുടെ മുൻഭിക്ഷക്കാരന്റെ മനസിൽ ആർത്തിയും അഹന്തയും കുന്നുകൂടി. അയാൾ ഇങ്ങനെ ചിന്തിച്ചു.
""ഞാനല്ലേ, രാപകൽ അധ്വാനിച്ചത്, മുതലാളി ഒന്നും അറിഞ്ഞിട്ടേയില്ല. എന്റെ വിയർപ്പ്, എന്റെ കിതപ്പ്, അതിനാൽ മുതലാളിക്ക് 10 ശതമാനമെന്നല്ല, ഒന്നും കൊടുക്കേണ്ട ആവശ്യമില്ല.'' ആ ധനവാൻ വന്ന് അവന്റെ വാതിലിൽ മുട്ടിക്കൊണ്ടിരുന്നു. എന്നാൽ, അയാൾ വാതിൽ തുറന്നില്ല!
പ്രിയ കൂട്ടുകാരേ, നമ്മളും പലപ്പോഴും ഇങ്ങനെയാണ്. 2026 എന്ന ഒരു പുതുവർഷത്തിലേക്ക് നമ്മൾ കടന്നുകഴിഞ്ഞു. നമ്മൾ എങ്ങനെ ഇതുപോലെ വളർന്നു, നമ്മൾ എങ്ങനെ ഇന്നുവരെ എത്തി എന്നു ചിന്തിച്ചാൽ ഈ കഥയുടെ പൊരുൾ ഉള്ളിൽ തെളിയും!
ഈ ഭൂമിയിലേക്കു മനുഷ്യരായി പിറന്നപ്പോൾ നമ്മളും ആ പിച്ചക്കാരനെപ്പോലെതന്നെ സ്വന്തമായി ഒന്നുമില്ലാത്തവരായിരുന്നു. പൂർണമായി മറ്റുള്ളവരെ ആശ്രയിക്കേണ്ടവരുമായിരുന്നു. നമ്മൾ വീണപ്പോൾ കൈപിടിച്ച് എണീൽപ്പിച്ചതും ആവശ്യങ്ങൾ വന്നപ്പോൾ നമ്മുടെ കൈനിറച്ചു നൽകി നമ്മെ വളരാൻ സഹായിച്ചതും നമ്മുടെ സൃഷ്ടാവായ നല്ല ദൈവമാണ്! നമ്മുടെ സ്നേഹസന്പന്നരായ മാതാപിതാക്കളിലൂടെയും സഹോദരങ്ങളിലൂടെയും അധ്യാപകരിലൂടെയും കൂട്ടുകാരനിലൂടെയുമാണ് ദൈവം കാലാകാലങ്ങളിൽ നമ്മെ പരിപാലിച്ചു വളർത്തിയത്! ഇന്നു നമ്മൾക്കുണ്ട് എന്ന് നമ്മൾ അഭിമാനിക്കുന്ന നമ്മുടെ ജീവൻ, നമ്മുടെ വിശ്വാസം, സ്വഭാവം, ജീവിത മൂല്യങ്ങൾ, നമ്മൾ സ്വന്തമാക്കിയ നേട്ടങ്ങൾ, അറിവ്, വിപുലമായ സൗഹൃദവലയം എല്ലാം നമുക്കെങ്ങനെ കിട്ടി? എല്ലാം നമ്മൾ ഉണ്ടാക്കിയതാണോ? നമ്മുടെ ഈ ശരീരം, സുന്ദരമായ മുഖം, വിടർന്ന മിഴികൾ, തുറന്ന പുഞ്ചിരി, നമ്മുടെ വിവിധ കഴിവുകൾ, എല്ലാം ദൈവം ഈ മർത്ത്യജന്മം നമുക്കു നൽകിയതുകൊണ്ടു മാത്രമല്ലേ?
അതെ കൂട്ടുകാരേ, നമ്മെ നാമാക്കാൻ ദൈവത്തിന്റെ പ്രതിനിധികളായി നമ്മുടെ ജീവിതത്തിലേക്കു വന്നവരെ നമ്മൾ മറക്കരുത്. അവരിലൂടെ ലഭിച്ചതെല്ലാം നമ്മൾ എന്നും സ്മരിക്കണം. പുതുവത്സരത്തിൽ നമ്മുടെ ജീവിതത്തിന്റെ പത്തുശതമാനം നമുക്കു മറ്റുള്ളവർക്കായി മാറ്റിവയ്ക്കാം. അങ്ങനെ, ദൈവത്തിന് എന്നും നന്ദി പ്രകടിപ്പിച്ച് ജീവിക്കാം. ഏവർക്കും പുതുവത്സരാശംസകൾ,
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം സംസ്ഥാന ടാലന്റ് ഫെസ്റ്റ് ജനുവരി 26-ന് മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സംസ്ഥാനത്തെ വിവിധ പ്രവിശ്യകളിൽനിന്ന് പ്രവിശ്യാമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികളാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്നത്.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.
ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം.
വിഷയം- ഹൈസ്കൂൾ: (1) ഡിജിറ്റൽ സാധ്യതകൾ ജീവിത വിജയത്തിന്, (2) ഇന്ത്യയ്ക്കുവേണ്ടത് മതസൗഹാർദമോ, മതേതരത്വമോ, (3) നാട്ടിൽനിൽക്കാം, നാടിനെ നിലനിർത്താം.
യുപി വിഭാഗം- (1) തകരാത്ത ജീവിതത്തിന് ഉറപ്പുള്ള കുടുംബബന്ധങ്ങൾ, (2) മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ്.
എൽപി വിഭാഗം- (1) വീട്ടുകാരറിയട്ടെ, എന്റെ കൂട്ടുകാരെ.
യുപി- ഹൈസ്കൂൾ വിഭാഗങ്ങൾക്ക് മുകളിൽ കൊടുത്തിരിക്കുന്ന വിഷയങ്ങളിൽ മത്സര സമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയമാണ് പ്രസംഗിക്കേണ്ടത്.