സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
""എല്ലാവരും ഉണ്ണാനിരുന്നില്ലേ? എത്ര നേരമായി നിന്നെ ഒരുമിച്ചുണ്ണാൻ വിളിക്കുന്നു? ഒന്നു വന്നിരിക്കു മോനേ...''"എനിക്കു വേണ്ടെന്ന് ഞാനെത്ര തവണ പറയുന്നു! എനിക്കു വണ്ണം കൂടാതിരിക്കാൻ ഞാൻ ഡയറ്റാ... എന്റെ ക്ലാസിലെ പലരും ഡയറ്റ് നോക്കുന്നുണ്ട്.'' മുറിക്കുള്ളിൽനിന്ന് അരുൺ ഉറക്കെ പറഞ്ഞു.""ഓ പിന്നെ... എട്ടാംക്ലാസിൽ പഠിക്കുന്നവനാണ് ഡയറ്റ് നോക്കുന്നത്. ശരീരം വളരുന്ന പ്രായത്തിൽ, നല്ല ഭക്ഷണം കഴിക്കണം. അതും സമയത്തു കഴിക്കണം. വീട്ടിൽ എല്ലാവരും സാധിക്കുന്നിടത്തോളം ഒന്നിച്ചു കഴിക്കുകയും വേണം!'' ഉറച്ച ശബ്ദത്തിൽ അച്ഛൻ നയം വ്യക്തമാക്കി.ഉച്ചകഴിഞ്ഞ് കളിക്കാനായി പുറത്തുപോയ അരുൺ, നേരം നന്നായി ഇരുട്ടിയതിനുശേഷമാണ് വീട്ടിൽ കയറിവന്നത്.
മൊബൈൽഫോണുമായി മുറിയിലേക്കു കയറിയ അരുൺ അത്താഴം കഴിക്കാനും ഇറങ്ങിവന്നില്ല. അമ്മ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടേയിരുന്നു. അവൻ ദേഷ്യത്തോടെ നോ പറഞ്ഞുകൊണ്ടുമിരുന്നു.ഒരു ദിവസം രാവിലെ അരുൺ എഴുന്നേറ്റത് വലിയ വായിൽ നിലവിളിച്ചുകൊണ്ടാണ്. വയർപൊത്തിക്കരയുന്ന അവന് വലിയ വയറുവേദനയായിരുന്നു! അച്ഛന്റെ കൂടെആശുപത്രിയിലെത്തി. പരിശോധന കഴിഞ്ഞ് ഡോക്ടർ പറഞ്ഞതുകേട്ട് അച്ഛൻ ഞെട്ടി! അരുണിന്റെ പാൻക്രിയാസിനു നീരുണ്ട്.
ബയോപ്സിക്കു വിടണം.അരുണിന്റെ ആമാശയവും ഉദരത്തിലെ മറ്റ് അവയവങ്ങളും മലിനമാണത്രേ! പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നുണ്ടല്ലേ'' എന്ന ചോദ്യത്തിന് "ഇല്ല' എന്ന് അച്ഛനും "യേസ് സാർ' എന്ന് അരുണും പറഞ്ഞു. കളിക്കാനാണെന്നും പറഞ്ഞ് വീട്ടിൽനിന്നുമിറങ്ങുന്നവൻ പണക്കാരുടെ മക്കളോടൊപ്പം ഹോട്ടലുകളിലും ബേക്കറികളിലും കോഫിഹൗസുകളിലും സ്ഥിരമായി കയറി ജങ്ക് ഫുഡിന്റെ അടിമായി മാറിയിരുന്നു!വീട്ടിലെ ഭക്ഷണത്തിന് രുചിയില്ല എന്ന് എന്നും പരാതിയാണ്. കാരണം ഹോട്ടൽ - ബേക്കറി ഭക്ഷണത്തിന്റെ ഉമാമിയാണ് എന്ന് ഡോക്ടർ പറഞ്ഞു.
കൂട്ടുകാരേ, നിങ്ങളും ഈ ഉമാമിയുടെ അടിമകളാണോ? ഉമാമി എന്ന ജപ്പാൻ വാക്കിന് കൊതിപ്പിക്കുന്ന രുചി എന്നാണർത്ഥം. തക്കാളി, പനീർ, മട്ടൻ, ചിക്കൻ, മത്സ്യം, കൂൺ, കടൽ പായൽ എന്നിവയിൽനിന്നു ലഭിക്കുന്ന സ്വാഭാവികമായ ഉമാമി ആരോഗ്യത്തിന് നല്ലതാണ്.എന്നാൽ, രുചികൂട്ടാനായി മോണോ സോഡിയം ഗ്ലൂറ്റാമേറ്റ് (MSG) എന്ന അജിനോമോട്ടോ ചേർത്തുണ്ടാക്കുന്ന "ഉമാമി'യുടെ അടിമകളാണ് നമ്മുടെ കഥയിലെ അരുണും കൂട്ടുകാരിൽ ഒട്ടേറെപ്പേരും!ഇന്നു കുട്ടികളും യുവജനങ്ങളും മാത്രമല്ല, മുതിർന്നവരും എം.എസ്.ജിയിലൂടെ നിർമിക്കുന്ന ഉമാമിക്ക് അടിമകളാണ്. നമ്മുടെ വീട്ടിലുണ്ടാക്കുന്ന നാടൻ ഭക്ഷണം ഇന്നാർക്കും വേണ്ട. ഭക്ഷണം ഇന്നു ഹോട്ടലിലാണ് എന്നു പറയുന്പോഴേ, നാവിൽ വെള്ളം ഉണർത്താൻ അജിനോമോട്ടോയുടെ ഉമാമിക്കു കഴിവുണ്ട്!
നൂഡിൽസ്, ഫ്രൈഡ് ചിക്കൻ, ബർഗർ പാറ്റീസ്, ഫ്രോസൻ മോമോസ്, ഷവർമ്മ തുടങ്ങയ എല്ലാ ഇറക്കുമതി ഭക്ഷണത്തിലും എം.എസ്.ജിയും കൃത്രിമ രുചിയും, വിഷമയമായ നിറങ്ങളുടെ പൊടികളും ആസിഡും എല്ലാം അമിതമായ അളവിൽ ചേർക്കുന്നുണ്ട്.ചിപ്സ്, ലെയ്സ്, കുർക്കുറെ, നാച്ചോസ്, ചീസ്ബോൾസ്, പഫ്സ്, പാനിപൂരി മസാലകൾ, പോപ്കോൺ തുടങ്ങി കുട്ടികൾ ആർത്തിയോടെ ഭക്ഷിക്കുന്ന സാധനങ്ങളിലെല്ലാം അത്യന്തം അപകടകരമായ കൃത്രിമ ഫ്ലേവറുകളും ആസിഡുകളും എം.എസ്.ജിയും ചേർക്കുന്നുണ്ട്.
നമ്മുടെ നാടൻ ചോറും കറികളും നാടൻ കോഴിയും കപ്പയും ബീഫും അപ്പവും മുട്ടയും പുട്ടും കടലയും ചെണ്ടക്കപ്പയും കാന്താരിമുളകും ഉള്ളിച്ചമ്മന്തിയുമൊക്കെ കഴിച്ച്, നല്ല കല്ലുമസിലുമായി കല്ലിനോടും മണ്ണിനോടും പടവെട്ടി വളർന്ന കേരംതിങ്ങുന്ന ഈ കേരളനാടിന്റെ തനതുഭക്ഷണശൈലികളും രുചിക്കൂട്ടുകളുമൊക്കെ, കുഴിമന്തിയുടെ കുഴിയിലിട്ടു മൂടുന്നതാരാണ്?കൂട്ടുകാരേ, ഭക്ഷണം ഒരു സംസ്കാരമാണ്. ഓരോ നാടിനുമുണ്ട് സ്വന്തമായ ഒരു ഭക്ഷണസംസ്കാരചരിത്രം! അതിനാൽ, നമുക്കു വീട്ടിലെ ഭക്ഷണം കഴിച്ചു വളരാം. അരുണിനേപ്പോലെ, പല കൂട്ടുകാർക്കും വീട്ടിലിരുന്ന് അച്ഛനുമമ്മയും പറയുന്നതിന് ഒരു വിലയുമില്ല.
വയറും തിരുമ്മി, ആശുപത്രിയിൽ ചെല്ലുന്പോൾ ഡോക്ടർ പറഞ്ഞാലേ സത്യം മനസിലാകൂ!നമുക്കു വീട്ടിൽ ഭക്ഷണവും ഭാഷണവും മതി എന്നു പറയാം. അമ്മക്കറികളുടെ രുചിയും ആവിപാറുന്ന ചോറിലൊരുതുള്ളി എണ്ണയുമുപ്പും പുരട്ടി, അമ്മ വാരിത്തരുന്ന ചോറുരുളകളുടെ അരുളുകളും നമ്മുടെ ആരോഗ്യത്തിന്റെ നിയമാവലിയാകട്ടെ
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
Tags : DCL Kochettan's letter