x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​രു​ടെ പ്ര​തി​ക​ര​ണം ന​മ്മു​ടെ പ്ര​തി​ഫ​ല​നം...


Published: June 3, 2026 10:32 PM IST | Updated: June 3, 2026 10:32 PM IST

പ്രി​യ ഡി​സി​എ​ൽ കൂ​ട്ടു​കാ​രേ,

ഒ​രി​ക്ക​ൽ ഒ​രു വൃ​ദ്ധ​നാ​യ മ​നു​ഷ്യ​ൻ ഒ​രു ന​ഗ​ര​ക​വാ​ട​ത്തി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ ഒ​രു കു​തി​ര​പ്പു​റ​ത്ത് പാ​ഞ്ഞു​വ​ന്ന ഒ​രാ​ൾ വേ​ഗ​ത കു​റ​ച്ച് വൃ​ദ്ധ​നോ​ടു ചോ​ദി​ച്ചു, ""ഈ ​ന​ഗ​ര​ത്തി​ലെ ആ​ളു​ക​ൾ എ​ങ്ങ​നെ​യു​ള്ള​വ​രാ​ണ്? വൃ​ദ്ധ​ൻ ചോ​ദി​ച്ചു: ""എ​ന്തു​കൊ​ണ്ടാ​ണ് നി​ങ്ങ​ൾ അ​ങ്ങ​നെ ചോ​ദി​ക്കു​ന്ന​ത്?''

കു​തി​ര​സ​വാ​രി​ക്കാ​ര​ൻ പ​റ​ഞ്ഞു:""​ഞാ​നി​തു​വ​രെ താ​മ​സി​ച്ചി​രു​ന്ന ന​ഗ​ര​ത്തി​ലെ ജ​ന​ങ്ങ​ൾ ഒ​ട്ടും മ​ര്യാ​ദ​യി​ല്ലാ​ത്ത​വ​രും സ്നേ​ഹ​മി​ല്ലാ​ത്ത​വ​രു​മാ​യി​രു​ന്നു. എ​നി​ക്കാ സ്ഥ​ല​മൊ​ന്നു മാ​റ​ണം. കു​റേ​ക്കൂ​ടി ന​ല്ല മ​നു​ഷ്യ​രോ​ടൊ​ത്ത് ജീ​വി​ക്ക​ണം.''

വൃ​ദ്ധ​ൻ പ​റ​ഞ്ഞു: ""സ​ഹോ​ദ​രാ, നീ ​ഇ​വി​ടെ​നി​ന്നും പോ​കു​ന്ന​താ​ണു ന​ല്ല​ത്. കാ​ര​ണം, ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ അ​തി​നേ​ക്കാ​ൾ മോ​ശ​വും മ​ര്യാ​ദ​യി​ല്ലാ​ത്ത​വ​രു​മാ​ണ്.” കു​തി​ര സ​വാ​രി​ക്കാ​ര​ൻ മു​ന്നോ​ട്ടു പോ​യി.

അ​ല്പം ക​ഴി​ഞ്ഞ് ഒ​രു കാ​ള​വ​ണ്ടി​യി​ൽ ഒ​രു മ​നു​ഷ്യ​ൻ പ​തി​യെ അ​വി​ടെ​ത്തി, ചോ​ദി​ച്ചു: ""മു​ത്ത​ശ്ശാ, ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ എ​ങ്ങ​നെ​യു​ണ്ട്, എ​നി​ക്ക് താ​മ​സി​ക്കാ​ൻ ഒ​രി​ട​ണം വേ​ണം.'' ""നീ ​വ​ന്ന സ്ഥ​ലം എ​ങ്ങ​നെ​യു​ണ്ടാ​യി​രു​ന്നു?'' വൃ​ദ്ധ​ന്‍റെ ചോ​ദ്യ​ത്തി​ന് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന​താ​യി​രു​ന്നു അ​യാ​ളു​ടെ മ​റു​പ​ടി. ""അ​വ​ർ വ​ള​രെ സ്നേ​ഹ​മു​ള്ള​വ​രാ​യി​രു​ന്നു. എ​നി​ക്ക​വി​ടം വി​ടാ​ൻ ഒ​ട്ടും ഇ​ഷ്ട​മി​ല്ലാ​യി​രു​ന്നു. പെ​ട്ടെ​ന്നു​ണ്ടാ​യ ചി​ല സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ലം ഞാ​ൻ പോ​ന്ന​താ​ണ്.''

വൃ​ദ്ധ​ൻ പ​റ​ഞ്ഞു, “നി​ങ്ങ​ൾ​ക്ക് ഈ ​ന​ഗ​ര​ത്തി​ലേ​ക്കു സ്വാ​ഗ​തം. ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ അ‍​വ​രേ​ക്കാ​ൾ വ​ള​രെ ന​ല്ല​വ​രാ​ണ്.''

ഇ​തെ​ല്ലാം കേ​ട്ടു​കൊ​ണ്ട്, വൃ​ദ്ധ​ന​രി​കി​ൽ നി​ന്ന മ​റ്റൊ​രാ​ൾ ചോ​ദി​ച്ചു: എ​ന്താ​ണ് നി​ങ്ങ​ൾ ര​ണ്ടു മ​റു​പ​ടി​ക​ൾ കൊ​ടു​ത്ത​ത്? വൃ​ദ്ധ​ൻ പ​റ​ഞ്ഞു: ""നി​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ്, അ​തു​പോ​ലെ​യാ​യി​രി​ക്കും മ​റ്റു​ള്ള​വ​ർ നി​ങ്ങ​ൾ​ക്കും! നി​ങ്ങ​ൾ മ​റ്റു​ള്ള​വ​രേ​പ്പ​റ്റി എ​പ്പോ​ഴും പ​രാ​തി​യും കു​റ്റ​വും പ​റ​ഞ്ഞു​ന​ട​ന്നാ​ൽ എ​ല്ലാ​വ​രും നി​ങ്ങ​ളെ അ​ക​റ്റി​നി​ർ​ത്തും. ന​ല്ല സ്വ​ഭാ​വ​മു​ള്ള​വ​രെ എ​ല്ലാ​വ​രും ചേ​ർ​ത്തു​നി​ർ​ത്തും! മ​റ്റു​ള്ള​വ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ ന​മ്മു​ടെ​ത​ന്നെ പ്ര​തി​ഫ​ല​ന​ങ്ങ​ളു​ണ്ട് എ​ന്ന​റി​യ​ണം.

പ്രി​യ കൂ​ട്ടു​കാ​രേ, നി​ങ്ങ​ൾ പു​തി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ, പു​തി​യ ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​ണ്. പ​ഴ​യ ക്ലാ​സി​ലെ കൂ​ട്ടു​കാ​രും പു​തി​യ​വ​രും നി​ങ്ങ​ളു​ടെ ക്ലാ​സി​ലു​ണ്ടാ​വാം. ഇ​പ്പോ​ൾ​ത്ത​ന്നെ നി​ങ്ങ​ൾ എ​ല്ലാ​വ​രോ​ടും സം​സാ​രി​ച്ചിട്ടുണ്ടാകും. ഒ​ട്ടേ​റെ​പ്പേ​റെ കൂ​ട്ടു​കാ​രാ​ക്കി​യി​ട്ടു​മു​ണ്ടാ​കും. എ​ന്നാ​ൽ, ചി​ല​ർ ഇ​പ്പോ​ഴും ആ​രോ​ടും മി​ണ്ടാ​തെ, ഇ​ങ്ങോ​ട്ടാ​രെ​ങ്കി​ലും സം​സാ​രി​ക്കാ​ൻ വ​രു​മോ എ​ന്നു ചി​ന്തി​ച്ച് കാ​ത്തി​രി​ക്കു​ന്നു​മു​ണ്ടാ​വാം.

പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ, നി​ങ്ങ​ളു​ടെ പ​ഠ​ന​വും വി​ജ​യ​വും ഉ​റ​പ്പാ​ക്കാ​ൻ ന​ല്ല സ്വ​ഭാ​വ​വും ആ​വ​ശ്യ​മാ​ണ്. ന​ല്ല പെ​രു​മാ​റ്റം ശീ​ലി​ക്കാ​ൻ താ​ഴെ​പ്പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ന്ന​തു ന​ല്ല​താ​ണ്:


1. ശ്ര​ദ്ധി​ച്ചു കേ​ൾ​ക്കാ​നു​ള്ള മ​ന​സ്: മ​റ്റു​ള്ള​വ​ർ പ​റ​യു​ന്ന​ത് പൂ​ർ​ണ​മാ​യും ശ്ര​ദ്ധി​ച്ചു കേ​ൾ​ക്കു​ക. നേ​രേ നോ​ക്കു​ക. അ​വ​ർ​ക്ക് നി​ങ്ങ​ളോ​ടു ബ​ഹു​മാ​നം തോ​ന്നും.

2. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യു​ള്ള സം​സാ​രം: ല​ളി​ത​മാ​യി, മാന്യമായ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് വ്യ​ക്ത​ത​യോ​ടെ സം​സാ​രി​ക്കു​ക. നി​ങ്ങ​ൾ​ക്ക് നി​ങ്ങ​ളെ​പ്പ​റ്റി മ​തി​പ്പു​ണ്ടെ​ങ്കി​ൽ, മ​റ്റു​ള്ള​വ​രും നി​ങ്ങ​ളെ വി​ല​മ​തി​ക്കും.

3. ശ​രീ​ര​ഭാ​ഷ പ്ര​ധാ​നം : പ​റ​യു​ന്ന​വ​രു​ടെ ക​ണ്ണി​ൽ നോ​ക്കി സം​സാ​രി​ക്കു​ക. ന​ല്ല പ്ര​സ​ന്ന​മാ​യ മു​ഖം, ചി​രി, എ​ല്ലാം ന​ല്ല​താ​ണ്.

4. ഹൃ​ദ്യ​മാ​യ ഭാ​വ​പ്ര​ക​ട​നം ന​ല്ല​ത്: മ​റ്റു​ള്ള​വ​രു​ടെ മ​ന​സ​റി​ഞ്ഞ് സം​സാ​രി​ക്കാ​ൻ പ​ഠി​ക്കു​ക. അ​വ​രു​ടെ സ​ന്തോ​ഷ​വും സ​ങ്ക​ട​വും പ​ങ്കി​ടു​ക!

5. "മ​ര്യാ​ദ​വാ​ക്കു​ക​ൾ' ഉ​ണ്ടാ​വ​ട്ടെ: " ക്ഷ​മി​ക്ക​ണേ', " ന​ന്ദി കേ​ട്ടോ', " ദ​യ​വാ​യി' തു​ട​ങ്ങി​യ മ​ര്യാ​ദ വാ​ക്കു​ക​ൾ ഉ​ചി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ക.

കൂ​ട്ടു​കാ​രേ, നി​ങ്ങ​ളു​ടെ വാ​ക്കും പെ​രു​മാ​റ്റ​വും മ​റ്റു​ള്ള​വ​ർ​ക്ക് നി​ങ്ങ​ളി​ലേ​ക്ക് വ​രാ​നു​ള്ള വ​ഴി​യും വാ​തി​ലു​മാ​ണ്. അ​ധ്യാ​പ​ക​രോ​ടും കൂ​ട്ടു​കാ​രോ​ടും ഹൃ​ദ്യ​മാ​യി പെ​രു​മാ​റി​യാ​ൽ നി​ങ്ങ​ൾ​ക്ക് ന​ല്ല നേ​താ​വാ​കാം. പ​ഠ​നം വി​ജ​യ​ക​ര​മാ​ക്കു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കാം. എ​വി​ടെ​യും നി​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കാം. പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ഏ​വ​ർ​ക്കും ആ​ഹ്ലാ​ദ​ക​ര​മാ​ക​ട്ടെ.

സ്നേ​ഹാ​ശം​സ​ക​ളോ​ടെ,
സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

Tags : DCL DCL Balarangam Kochettente Letter

Recent News

Corehub Up