District News
ആലുവ: സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രൈവർ ഉൾപ്പെടെ 35 പേർക്ക് പരിക്കേറ്റു.
നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ 31 പേരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ബസ് ഡ്രൈവർ പള്ളിക്കര സ്വദേശി പ്രസാദ് ഉൾപ്പെടെ നാലു പേരിൽ രണ്ടു പേർ വെന്റിലേറ്ററിലും ഒരാൾ ഐസിയുവിലും ഒരാൾ സർജിക്കൽ ഐസിയുവിലുമാണ്. 28 പേരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. നാലു പേരെ ആലുവ കാർമൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് എടത്തല എസ്ഒഎസ് വളവിലായിരുന്നു അപകടം. ആലുവയിൽ നിന്ന് പുക്കാട്ടുപടി ഭാഗത്തേക്ക് പോവുകയായിരുന്ന സെന്റ് തോമസ് ബസും ആലുവ ഭാഗത്തേക്ക് വരികയായിരുന്നു ടോറസുമാണ് കൂട്ടിയിടിച്ചത്. ബസിൽ വനിതകളും വിദ്യാർഥികളുമടക്കം 33 യാത്രക്കാർ ഉണ്ടായിരുന്നു. ബസിന് മുന്നിലിരുന്നവർക്കാണ് ഗുരുതര പരിക്കേറ്റത്.
ഐശ്വര്യ മണി (28), ജെസ്മ (24), ഏലിയാമ്മ (86), ബസ് ഡ്രൈവര്‍ പ്രസാദ് എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ബീന പോള്‍ (64), ബിജി ശിവന് (59), റോസി ആന്റണി (68), മീവ (21), രസ്ന (42), ലൈല (60), പ്രേഷ്മ (30), ലീല (68), ജോവാഷ് (12), ഷാജന് (52), കൃഷ്ണപ്രിയ (22), ജിപ്സണ്‍ പോള്‍ (43), മിസ്രിയ റമീസ് (25), ഉഷ (64), സൈറ ബാനു (26), ഡിലോയ് (44), സുബീഷ് (43), ജുവല്സണ് (21), റാണി (55), മേരി ജോസഫ് (79), മിഥുന് (36), ജോളി (56), പോള്‍ (65), സ്കറിയ (68), ജോര്‍ജ് ജേക്കബ് (66), സുനിത (43), ശ്യാമ ശിവദാസന്‍ (37), കെ.കെ. ജിമ്മി (50) എന്നിവർക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റവരെ അന്‍വര്‍ സാദത്ത് എംഎല്‍എ രാജഗിരി ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.
Kerala
കോഴിക്കോട്: പാളയം ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ബസിന്റെ ചില്ല് അടിച്ചുതകര്‍ത്തു. ഇന്ന് രാവിലെയാണ് സംഭവം.
കോഴിക്കോട് - മുക്കം - തിരുവമ്പാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അസാറോ, മാധവം എന്നീ ബസുകളിലെ ജീവനക്കാര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. സമയക്രമത്തെ ചൊല്ലി ഇരു ബസുകളിലെയും ജീവനക്കാര്‍ തമ്മില്‍ ചാത്തമംഗലത്ത് വെച്ച് വാക്കേറ്റമുണ്ടായിരുന്നു.
ഇതിന് തുടര്‍ച്ചയായാണ് പാളയം ബസ് സ്റ്റാൻഡിൽ വച്ച് അതിക്രമമുണ്ടായത്. മാധവം ബസിന്റെ ചില്ലാണ് തകര്‍ത്തത്. അസാറോ ബസിലെ ജീവനക്കാരൻ അതിക്രമം നടത്തിയെന്നാണ് പരാതി. കസബ പോലീസ് സ്ഥലത്തെത്തി രണ്ട് ബസുകളും കസ്റ്റഡിയിലെടുത്തു.
Kerala
കൊല്ലം: സംസ്ഥാനത്ത് 140 കിലോമീറ്റർ ദൂരപരിധിയില്ലാതെ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താം. കൊല്ലം - കുമളി, എറണാകുളം - കുമളി, കോട്ടയം - കുമളി, കോഴിക്കോട് - എറണാകുളം റൂട്ടികളിലെ സ്വകാര്യബസുകൾക്ക് പെർമിറ്റ് പുതുക്കിനൽകി.
ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന ഏകദേശം 241 സ്വകാര്യബസുകളുടെ പെർമിറ്റുകൾ വൈകാതെ പുതുക്കി നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിനപ്പുറത്തേക്ക് സർവീസ് നടത്തുവാൻ അനുവാദം ഉണ്ടായിരുന്നില്ല.
ഈ നിയന്ത്രണം ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിധി വന്ന് മാസങ്ങൾക്ക് ശേഷമാണ് ദീർഘദൂര റൂട്ടുകളിൽ നിലവിലുള്ള പെർമിറ്റുകൾ പുതുക്കിനൽകാനും പുതിയ പെർമിറ്റുകൾ അനുവദിക്കാനും മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചത്.
District News
വരന്തരപ്പിള്ളി: യാത്രക്കാരിയിൽ നിന്ന് കൃത്യമായ പൈസ ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ പാലപ്പിള്ളിയിൽ സ്വകാര്യ ബസിൽ കയറി യുവാവ് കണ്ടക്ടറെ മർദിച്ചു.
തൃശൂർ പാലപ്പിള്ളി റൂട്ടിൽ സർവീസ് നടത്തുന്ന സുമംഗലി ബസിലെ കണ്ടക്ടറായ വരന്തരപ്പിള്ളി നൂറുകുളം സ്വദേശി കോപ്പാടൻ വീട്ടിൽ ബിബിനാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പാലപ്പിള്ളി എലിക്കോട് സ്വദേശി ജെറിനെതിരെ വരന്തരപ്പിള്ളി പോലീസ് കേസെടുത്തു.
ഈ മാസം ഒന്നിന് രാത്രി എട്ടോടെ പാലപ്പിള്ളി മൈസൂർ ഗേറ്റിന് സമീപത്തായിരുന്നു സംഭവം. തൃശൂരിൽ നിന്ന് പാലപ്പിള്ളിയിലേക്ക് യാത്ര ചെയ്ത യുവതിയിൽ നിന്ന് കൃത്യമായ ചാർജായ 35 രൂപ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യുവാവ് ബസിൽ കയറി കണ്ടക്ടറെ മർദിച്ചത്. മൈസൂർ ഗേറ്റിന് സമീപം ബസ് എത്തിയപ്പോൾ യുവാവ് ബസിൽ കയറി അസഭ്യം പറഞ്ഞ് കണ്ടക്ടറെ മുഖത്തും കൈയിലും ഇടിക്കുകയായിരുന്നു.
പരിക്കേറ്റ യുവാവ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ ഒളിവിലായ യുവാവിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. മർദനത്തിന്റെ ദൃശ്യങ്ങൾ ബസിലെ നിരീക്ഷണ കാമറയിൽനിന്ന് കിട്ടിയിട്ടുണ്ട്.
District News
ചാലക്കുടി: വി.ആർ. പുരം റബ്ബർ തോട്ടത്തിനു സമീപം വെച്ച് സ്വകാര്യബസ് നിയന്ത്രണം വിട്ട് വീടിന്റെ മതിൽ ഇടിച്ചു തകർത്തു.ഇരിങ്ങാലക്കുടയിൽ നിന്നും ചാലക്കുടിയിലേക്ക് വരികയായിരുന്ന മഹിം മാത ബസാണ് അപകടത്തിൽ പെട്ടത്.
ബസിൽ സഞ്ചരിച്ചിരുന്ന വി.ആർ. പുരം ഓമംഗലത്ത് ജിസ്മിയയെ (17) പരിക്കുകളോടെ സെന്റ്് ജെയിംസ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു.
District News
കോഴിക്കോട്: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതില് തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറി. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങള്‍ രക്ഷപെട്ടത് ഭാഗ്യത്തിന്. വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ രാവിലെ കോഴിക്കോട് അഴിഞ്ഞിലം കരുമകന്‍കാവിനു സമീപത്താണ് സംഭവം. മേത്തില്തൊടി പ്രദീപന്റെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്.
ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് പരിക്കേറ്റു. കരാടിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നതിനായി പുറപ്പെട്ട സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. അഴിഞ്ഞിലത്ത് ഇറക്കവും വളവും കഴിഞ്ഞ് വന്ന ബസ് അമിത വേഗതയില്‍ നിയന്ത്രണം വിട്ട് വീടിന്റെ മതില് ഇടിച്ചു തകര്‍ത്ത് ഉള്ളിലേക്കു കുതിച്ചുവരുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സമയം കുടുംബാംഗങ്ങള്‍ വീട്ടിനുള്ളില്‍ ഉണ്ടായിരുന്നു.
മതിലില്‍ ഇടിച്ച് ബസിന്റെ വേഗത കുറഞ്ഞതിനാല്‍ വീടിന്റെ ചുമരില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ബസില്‍ മറ്റ് ആളുകളും ഇല്ലായിരുന്നു. തന്മൂലം വലിയ അപകടം ഒഴിവായി. വീടിന്റെ ബെഡ്റൂമിനോട് ചേര്‍ന്നാണ് ബസ് ഇടിച്ചുനിന്നത്. വീടിന്റെ ഗ്ലാസുകളും എസിയടക്കമുള്ള ഉപകരണങ്ങളും തകര്‍ന്നു. ഒച്ചപ്പാട് കേട്ട് വീട്ടുകാര്‍ ഓടി പുറത്തെത്തിയപ്പോഴേക്കും ഡ്രൈവര്‍ അവിടെ നിന്നു സ്ഥലം വിട്ടിരുന്നു. വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി.
District News
ചക്കിട്ടപാറ: പഞ്ചായത്ത് മൈതാനത്ത് സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ റീൽ പിടിത്തം വിവാദത്തിലായി. കുട്ടികളടക്കം ദിവസവും കായിക പരിശീലനം നടത്തുന്ന മൈതാനത്താണ്സ്വകാര്യ ബസ് ജീവനക്കാർ സാഹസികമായി ബസ് ഓടിച്ചത്. ചില യുവാക്കൾ ഇത് വീഡിയോയിൽ പകർത്തി.
തുടർന്ന് ബസ് ജീവനക്കാരെ ബന്ധപ്പെട്ടപ്പോൾ പോയി കേസ് കൊടുക്കാനായിരുന്നു മറുപടി. ഇതോടെയാണ് വീഡിയോ പുറത്തു വിട്ടത്. കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ചക്കിട്ടപാറ ബിഎഡ്, ബിപിഎഡ് സെന്ററിന്റെ പരിശീലന മൈതാനമാണിത്. ഒളിമ്പ്യൻ ജിൻസൺ ജോൺസനടക്കം ഒട്ടേറെപ്പേരുടെ ബാല്യകാല പരിശീലന കളരിയായ മൈതാനം തകർക്കും വിധം ബസ് ഓടിച്ചവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.പ്രശ്നം പോലീസിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
District News
കാസര്‍ഗോഡ്: ദേശീയപാത സര്‍വീസ് റോഡിലെ ബസ് ഷെല്‍ട്ടറുകള്‍ ദുരിതമാണ് സമ്മാനിക്കുന്നതെന്ന് സ്വകാര്യബസുടമകള്‍. തലപ്പാടി-ചെങ്കള റീച്ചില്‍ കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി സര്‍വീസ് റോഡിലെ ഫുട്ട്പാത്തിലാണ് ബസ് ഷെല്‍ട്ടറുകള്‍ നിര്‍മിച്ചിട്ടുള്ളത്. പലയിടത്തും ഫുട്ട് പാത്തിന് വീതി വളരെ കുറവാണ്. റെഡിമേഡ് ബസ് ഷെല്‍ട്ടറുകള്‍ കൊണ്ടുവന്നാണ് ഓരോ സ്റ്റോപ്പുകളിലും സ്ഥാപിക്കുന്നത്.
രണ്ടുപോസ്റ്റുള്ള റെഡിമേഡ് ബസ് ഷെല്‍ട്ടര്‍ സ്ഥാപിക്കുമ്പോള്‍ ഷെല്‍ട്ടറിന്റെ മുന്‍ഭാഗം പല സ്ഥലങ്ങളിലും റോഡിലേക്ക് തള്ളി നിന്നിട്ടാണുള്ളത്. ബസ് ബേ ഇല്ലാത്തതു കാരണം ബസുകള്‍ സര്‍വീസ് റോഡില്‍ തന്നെ ആളെ ഇറക്കാനും കയറ്റാനും നിര്‍ത്തേണ്ടി വരുന്നു. രണ്ടു ഹെവി വാഹനങ്ങള്‍ക്ക് കഷ്ടിച്ച് പോകാന്‍ മാത്രം വീതിയുള്ള സര്‍വീസ് റോഡില്‍ ബസുകള്‍ നിര്‍ത്തുമ്പോള്‍ പരമാവധി അരിക് ചേര്‍ന്ന് നിര്‍ത്തേണ്ടി വരുന്നു. അങ്ങനെ നിര്‍ത്തിയ പല ബസുകളുടെയും മുകള്ഭാഗം റോഡിലേക്ക് തള്ളി നില്ക്കുന്ന ഷെല്‍ട്ടറില്‍ തട്ടുകയും ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നുണ്ട്.
ഇതു സംബന്ധിച്ച് പോലീസ് സ്റ്റേഷനിലും മുന്‍ ജില്ലാ കളക്ടര്‍ മുമ്പാകെയും ബസുടമകള്‍ പരാതിപ്പെടുകയും ജില്ലാ കളക്ടര്‍ അപാകത പരിഹരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തതാണ്. എന്നാല്‍, ഊരാളുങ്കല്‍ സൊസൈറ്റി ഷെല്ട്ടറിനടുത്തേക്ക് ബസുകള്‍ എത്താതിരിക്കാന്‍ ഷെല്‍ട്ടറിന്റെ മുന്‍വശത്ത് റോഡില്‍ ഒരു ബാരല്‍ തടസമായി സ്ഥാപിക്കുകയാണ് ഉണ്ടായത്. ഇതുമൂലം ബസുകള്‍ക്ക് വലിയ ദുരിതമാണ് ഉണ്ടായിരിക്കുന്നത്.
ഷെല്‍ട്ടറിന്റെ മുന്നില്‍ നിര്‍ത്തിയാല്‍ റോഡ് ബ്ലോക്കാകും. മുമ്പിലോ പിറകിലോ നിര്‍ത്തിയാല്‍ പരാതികള്‍ക്കും ഇടയാക്കുന്നു. ഫുട്ട്പാത്തില്‍ നിന്നും പുറത്തേക്ക് സര്‍വീസ് റോഡിലേക്ക് തള്ളി നില്ക്കുന്ന ഷെല്‍ട്ടറുകള്‍ ഫുട്ട്പാത്തിന്റെ അകത്തായി വരത്തക്കവണ്ണം പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റഴ്സ് ഫെഡറേഷന് ജില്ലാ കളക്ടര്‍ മുമ്പാകെ നിവേദനം നല്‍കിയതായി പ്രസിഡന്റ് കെ. ഗിരീഷ് അറിയിച്ചു.
District News
ചങ്ങനാശേരി: സ്വകാര്യ ബസ് റോഡരികിൽ പാർക്ക് ചെയ്ത കാറിലും ഓട്ടോയിലും ഇടിച്ച് അപകടം. വാഴൂർ റോഡിൽ വലിയകുളത്തിനു സമീപം ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം.
കാറിലും ഓട്ടോയിലും അപകട സമയത്ത് യാത്രക്കാർ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ബസിലെ യാത്രക്കാർക്കും പരിക്കില്ലെന്ന് പോലീസ് പറഞ്ഞു. ചങ്ങനാശേരി -തോട്ടയ്ക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് തോമസ് ബസാണ് അപകടത്തിൽപ്പെട്ടത്.
District News
മലയാലപ്പുഴ: നിയന്ത്രണംവിട്ട സ്വകാര്യ ബസ് മതിലിലേക്ക് ഇടിച്ചു കയറി. മലയാലപ്പുഴ ആനചാരിക്കൽ ജംഗ്ഷനു സമീപമുള്ള വീടിന്റെ മതിലിലേക്കാണ് ഇന്നലെ രാവിലെ ബസ് ഇടിച്ചു കയറിയത്.
റോഡരികിൽ നിന്നയാളെ തട്ടിവീഴ്ത്തിയശേഷമാണ് ബസ് മതിലിൽ ഇടിച്ചത്. യാത്രക്കാർക്കു നിസാര പരിക്കേറ്റു.
Kerala
പാലാ: വലവൂർ റോഡിൽ പേണ്ടാനം വയലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
വൈകിട്ട് 5.45 ഓടെയായിരുന്നു അപകടം. പാലായിൽ നിന്നും കൂത്താട്ടുകുളത്തിന് പോയ ക്രിസ്തുരാജ് ബസാണ് അപകടത്തിൽപെട്ടത്. പോക്കറ്റ് റോഡിൽ നിന്നും അശ്രദ്ധമായി റോഡിലേയ്ക്കിറങ്ങിയ വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ബസ് മറിഞ്ഞത്.
ഓടിക്കൂടിയ നാട്ടുകാരാണ് ബസിൽ നിന്നും യാത്രക്കാരെ പുറത്തിറക്കിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
District News
കോട്ടയം: കെകെ റോഡിലുടെ സമയക്രമം പാലിക്കാതെ സര്‍വീസ് നടത്തുന്ന ചില സ്വകാര്യ ബസുകള്‍ യാത്രക്കാര്‍ക്കു ദുരിതം സമ്മാനിക്കുന്നു. ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ 2018 ലെ ഉത്തരവ് പ്രകാരം 35 കിലോമീറ്റര്‍ ദൂരം സര്‍വീസ് നടത്തുന്നതിന് ഓര്‍ഡിനറി ബസുകള്‍ക്കു ഓരോ കിലോമീറ്ററിനും 2.30 മിനിറ്റ് സമയവും നഗരപരിധിയില്‍ മൂന്നു മിനിറ്റുമാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ കെകെ റോഡില്‍ ചില സ്വകാര്യ ബസുകള്‍ നിയമം കാറ്റിപ്പറത്തി ഒരു കിലോമീറ്റര്‍ ദൂരം രണ്ടു മിനിറ്റ് എന്ന രീതിയിലാണു സര്‍വീസ് നടത്തുന്നത്.
ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്ക് അനുവദിച്ചിരിക്കുന്ന രണ്ടു മിനിറ്റ് സമയത്താണ് ഓർഡിനറി ബസുകള്‍ സര്‍വീസ് നടത്തുന്നത്. ഇതു ബസുകളുടെ അമിത വേഗത്തിനും മത്സരയോട്ടങ്ങള്‍ക്കും കാരണമാകുന്നതായി അക്ഷേപമുണ്ട്.
ഒരേ ഗണത്തില്‍പ്പെട്ട സ്വകാര്യ ബസുകള്‍ സമയക്രം പാലിക്കാതെ ഓടുന്നത് കാണിച്ച് ബസുടമകള്‍ കോട്ടയം ആര്‍ടിഒയ്ക്കു പരാതി നൽകിയിരുന്നു. തുടര്‍ന്ന് ആര്‍ടിഒ പൊന്‍കുന്നം ജോയിന്റ് ആര്‍ടിഒയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
സ്വകാര്യ ബസുകള്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിട്ടിയുടെ ഉത്തരവ് അനുസരിച്ച് ബസുകളുടെ സമയക്രമം ഉള്‍പ്പെടെ ജോയിന്റ് ആര്‍ടിഒ റിപ്പോര്‍ട്ട് നൽകിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല. ഈ സാഹചര്യത്തില്‍ ബസുടമകള്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ചുണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു അനുകൂല വിധി നേടിയെടുത്തു. ഈ വിധിപ്പകര്‍പ്പ് കോട്ടയം ആര്‍ടിഒ ഓഫീസിനു കൈമാറിയിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല.
സ്വകാര്യ ബസുകള്‍ സമയക്രമം പാലിക്കണമെന്ന ഹൈക്കോടതി വിധി ഉടന്‍ നടപ്പാക്കി യാത്രക്കാരുടെ ഭീതിയകറ്റണമെന്ന് ജില്ലാ കണ്‍സ്യൂമര്‍ ആന്‍ഡ് പാസഞ്ചേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി, അനുഗ്രഹ മോട്ടോഴ്സ് ഉടമ വിജയപ്പന് നായര്‍, പി.ടി. മോട്ടോഴ്സ് ഉടമ പി.ടി. അനിയന്‍കുഞ്ഞ് എന്നിവര്‍ ആവശ്യപ്പെട്ടു.
Kerala
മലപ്പുറം: സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങിയ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. വളാഞ്ചേരി മുക്കിലപീടിക സ്വദേശി ശശി ആണ് മരിച്ചത്. വളാഞ്ചേരി ടൗണില്‍ ബുധനാഴ്ച വൈകുന്നേരം 6:45ഓടെ ആയിരുന്നു അപകടം.
റോഡിലൂടെ നടന്നുപോകുകയായിരുന്ന ശശിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു. വളാഞ്ചേരി-കോഴിക്കോട് റോഡിലായിരുന്നു അപകടം. പുത്തനത്താണി ഭാഗത്തു നിന്നും വന്ന സ്വകാര്യ ബസ് ആണ് ശശിയുടെ കാലിലൂടെ കയറിയിറങ്ങിയത്.
അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ശശിയെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
Kerala
കൊച്ചി: എറണാകുളം പൂക്കാട്ടുപടിയില്‍ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. നാലു വിദ്യാര്‍ഥികള്‍ക്കും കോളജ് ബസ് ഡ്രൈവര്‍ക്കും അടക്കം ഒമ്പതു പേര്‍ക്ക് പരിക്ക്. പെരുമ്പാവുര് അറയ്ക്കപ്പടിയിലുള്ള ജയ് ഭാരത് കോളജിന്റെ ബസും എറണാകുളം ആലുവ റൂട്ടില്‍ ഓടുന്ന റയാന് ബസുമാണ് കൂട്ടിയിടിച്ചത്.
രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. മതിലിനോട് ചേര്‍ന്ന് വന്ന കോളജ് ബസ് കണ്ട് സ്വകാര്യ ബസ് നിര്‍ത്തിയെങ്കിലും നേരെ വന്ന് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറുടെ രണ്ടു കാലും ബസിലെ കാബിനുള്ളില്‍ കുടുങ്ങി.
സ്വകാര്യ ബസിലെ ഡ്രൈവര്‍ക്ക് പരിക്കില്ല. എന്നാല്‍ നാലു യാത്രികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥികളെയും യാത്രികരെയും ഡ്രൈവറെയും ഉടന്‍ അടുത്തുള്ള ആശുപത്രികളില്‍ എത്തിച്ചു. സ്ഥലത്ത് വന്‍ ഗതാഗതക്കുരുക്കും ഉണ്ടായി.
Kerala
ആലപ്പുഴ: ആലപ്പുഴ മാവേലിക്കരയിൽ ബസുകൾ ഓവർടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുളള തർക്കം ആക്രമണത്തിൽ കലാശിച്ചു. സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ.
തിരുവല്ല സ്വദേശി മിഥുൻമോൻ, മാവേലിക്കര സ്വദേശി ദേവപ്രസാദ് എന്നിവരെയാണ് മാന്നാർ പോലീസ് പിടികൂടിയത്. മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറെയാണ് സെന്റ് ജോർജ് ബസിലെ ഡ്രൈവർ മിഥുൻമോനും കണ്ടക്ടർ ദേവപ്രസാദും ചേർന്ന് മർദിച്ചത്.
മാന്നാർ - മാവേലിക്കര സംസ്ഥാന പാതയിൽ കാരാഴ്മ ബസ് സ്റ്റോപ്പിന് സമീപം ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ബസ് ഓവർടേക്ക് ചെയ്തതിനെ ചൊല്ലിയായിരുന്നു ആക്രമണം. കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കാൻ നിർത്തിയപ്പോഴാണ് സ്വകാര്യ ബസ് വട്ടം നിർത്തുകയും പ്രതികൾ കെഎസ്ആർടിസി ഡ്രൈവറെ മർദിക്കുകയുമായികരുന്നു.
കണ്ടക്ടറുടെ കളക്ഷൻ ബാഗ് തട്ടിത്തെറിപ്പിച്ചെന്നും പരാതിയുണ്ട്. കെഎസ്ആർടിസി ബസിൽ യാത്രക്കാരുളളപ്പോഴായിരുന്നു അതിക്രമം. പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാന്നാർ പോലീസ് എത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ജീവനക്കാരെ മർദിച്ചതിനും സ്വകാര്യ ബസ് ജീവനക്കാർക്കെതിരേ കേസെടുത്തത്.
സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടങ്ങി. സ്വകാര്യ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടിയുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് പോകുമെന്ന് മാവേലിക്കര ജോയിന്റ് ആർടിഒ ജി. മനോജ് പറഞ്ഞു.
Kerala
ആലപ്പുഴ: മാവേലിക്കരയിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. തിരുവല്ല സ്വദേശി മിഥുൻമോൻ, മാവേലിക്കര സ്വദേശി ദേവപ്രസാദ് എന്നിവരാണ് കേസിൽ പിടിയിലായത്.
മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്കാണ് മർദനമേറ്റത്. ബസിനെ മറികടക്കുന്നത് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കെഎസ്ആർടിസി കണ്ടക്ടറുടെ കളക്ഷൻ ബാഗ് തട്ടിത്തെറിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
ഞായറാഴ്ച ഉച്ചയോടെ മാന്നാർ-മാവേലിക്കര സംസ്ഥാന പാതയിൽ കാരാഴ്മ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുമ്പോഴായിരുന്നു സ്വകാര്യ ബസ് വട്ടം നിർത്തുകയും ജീവനക്കാർ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയും ചെയ്തത്.
പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാന്നാർ പോലീസ് സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
National
ബംഗളൂരു: ബംഗളൂരുവിൽ സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് തീ പിടിച്ചു. യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബംഗളൂരുവിൽനിന്ന് കാലാബുരാഗിയിലേക്കു പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറുകയും വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയുമായിരുന്നു. ഉടൻ യാത്രക്കാരും ഡ്രൈവറും ക്ലീനറും വാഹനത്തിന് പുറത്തിറങ്ങി. പിന്നാലെ ബസിനു തീപിടിക്കുകയും പൂർണമായി കത്തി നശിക്കുകയും ചെയ്തു.
തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ യാത്രക്കാർ രക്ഷപ്പെട്ടുവെങ്കിലും ലഗേജ് കമ്പാർട്ടുമെന്റിൽ സൂക്ഷിച്ചിരുന്ന എല്ലാ സാധനങ്ങളും തീപിടിത്തത്തിൽ നശിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
ആലപ്പുഴ: ചേർത്തലയിൽ സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇന്ന് രാവലെ 11 ഓടെയാണ് അപകടമുണ്ടായത്.
ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡിലാണ് അപകടം നടന്നത്. ചേര്‍ത്തലയില്‍ നിന്ന് കോട്ടയത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ ബസ് ഡ്രൈവര്‍ കോട്ടയം ചെങ്ങളം പ്രശാന്തിയില്‍ രൂപേഷ് (46), യാത്രക്കാരായ വയലാര്‍ തിരുനിലത്ത് ഷീബ (51), മരുത്തോര്‍വട്ടം കാര്‍ത്തികയില്‍ ഗിരിജ (66), കുമരകം തോട്ടത്തില്‍ സാബു (59), വെച്ചൂര്‍ വേലിച്ചിറ ആനന്ദവല്ലി (65), കുടവെച്ചൂര്‍ തെക്കേനെല്ലിപ്പള്ളി ചന്ദ്രശേഖരന് (56) എന്നിവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയ്ക്കും കൈകള്‍ക്കും സാരമായി പരിക്കേറ്റ രൂപേഷിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കേളജിലേയ്ക്ക് മാറ്റി. നിസാര പരിക്കേറ്റ മറ്റു മൂന്നുപേര്‍ വിവിധ ആശുുപത്രികളില് ചികിത്സ തേടി.
District News
സുൽത്താൻ ബത്തേരി: മീനങ്ങാടി 54ൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു.ഗുഡ്സ് ഓട്ടോയിലിടിക്കാതിരിക്കാൻ ബസ് വെട്ടിച്ചതാണ് ദേശീയപാതയിൽ അപകടത്തിന് കാരണമാക്കിയത്. സുൽത്താൻ ബത്തേരി - കൽപ്പറ്റ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് ഇന്നലെ രാവിലെ എട്ടോടെ അപകടത്തിൽപ്പെട്ടത്.
ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോൾ സമീപം നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു.ബസിന്റെ സൈഡ് ഗ്ലാസ് പൊട്ടി ഒരു യാത്രക്കാരിക്ക് ചെറിയ പരിക്കേറ്റു.
ഓട്ടോക്കാരൻ അശ്രദ്ധമായി തിരിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Kerala
കോഴിക്കോട്: വടകരയിൽ പ്രൈവറ്റ് ബസ് കണ്ടക്ടർക്ക് മർദനമേറ്റതായി പരാതി. വട്ടോളി മാവുള്ള പറമ്പത്ത് സ്വദേശി ദിവാകരന് ആണ് മര്‍ദനമേറ്റത്. ബസ് പിന്നിലേക്കെടുക്കുമ്പോൾ മാറാൻ പറഞ്ഞതിനാണ് ദിവാകരന് നേരെ ആക്രമണമുണ്ടായത്.
വടകര പുതിയ ബസ് സ്റ്റാൻഡിൽ രാവിലെയോടെയാണ് സംഭവം നടന്നത്. വടകര-തൊട്ടില്‍പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹരിശ്രീ ബസിലെ കണ്ടക്ടറാണ് ദിവാകരൻ. ബസ് പിന്നിലോട്ടെടുക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന ആളോട് ദിവാകരന് മാറാന്‍ പറഞ്ഞിരുന്നു.
ഇതില്‍ ക്ഷുഭിതനായ ഇയാള്‍ ദിവാകരനെ മർദിക്കുകയായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പരിക്കേറ്റ ദിവാകരനെ വടകര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Kerala
കോഴിക്കോട്: വടകര പുതുപ്പണത്ത് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇരിങ്ങൽ സ്വദേശി അറുവയൽ രാജീവൻ (52) ആണ് മരിച്ചത്.
ഇരിങ്ങൽ മനയൻകോട്ട് മനേഷ് (46) മനേഷിന്റെ മകൻ അലൻ (7) എന്നിവർക്കാണ് പരിക്കേറ്റത്. മനേഷിന്റെ പരിക്ക് ഗുരുതരമാണ്.
തലശേരി ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. വടകര കീഴൽമുക്കിലെ ബന്ധുവീട്ടിൽ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു സ്കൂട്ടർ യാത്രക്കാർ.
Kerala
കൊയിലാണ്ടി: വെങ്ങളത്ത് സ്വകാര്യ തമ്മിലിടിച്ച് അപകടം. ദേശീയപാതയിൽ വെങ്ങളം പാലത്തിന് സമീപത്തായി ഇന്ന് വൈകുന്നേരമായിരുന്നു അപകടം നടന്നത്. സ്വകാര്യ ബസുകൾ മത്സരയോട്ടത്തിലായിരുന്നെന്ന് യാത്രക്കാർ ആരോപിച്ചു.
കോഴിക്കോട് നിന്നും ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസും ഇതേ റൂട്ടിൽ പോകുകയായിരുന്ന കൃതിക ബസുമാണ് ഇടിച്ചത്. കൃതിക ബസിന് പിന്നിൽ ഫാത്തിമാസ് ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഫാത്തിമാസ് ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് പൂർണമായും തകർന്നു. കുട്ടികളടക്കം നിരവധി യാത്രക്കാർക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല പരിക്കേറ്റവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
Kerala
കണ്ണൂർ: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.
പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പ്രതി പരിചയപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ കക്കാടുള്ള ബന്ധുവീട്ടിൽ എത്തിച്ച് 16കാരിയായ പെൺകുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പെൺകുട്ടിക്ക് ഇയാൾ വിലപിടിപ്പുള്ള മൊബൈൽ ഫോണും വാങ്ങി നൽകിയിരുന്നു. കുട്ടിയുടെ കൈയിൽ പുതിയ ഫോൺ കണ്ടതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തൃശൂര്‍: ചേലക്കരയിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ചേലക്കര ഉദുവടിയിൽ ഇന്ന് പുലര്‍ച്ചെ 7.15ഓടെയാണ് അപകടമുണ്ടായത്.
അപകടത്തെതുടര്‍ന്ന് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍വശത്തുനിന്ന് വരുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
തിരുവില്വാമയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്. രണ്ടു ബസുകളുടെയും മുൻഭാഗം തകര്‍ന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സീറ്റിനിടയിൽ കുടുങ്ങിപോവുകയായിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.
സ്വകാര്യ ബസിലെയും കെഎസ്ആര്‍ടിസി ബസിലെയും യാത്രക്കാര്‍ക്ക് പരിക്കേറ്റിണ്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
District News
ചാരുംമൂട്: സ്വകാര്യബസിലെ സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മയിൽ വേറിട്ടൊരു വിനോദ യാത്ര. ഭരണിക്കാവ്-ചെങ്ങന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന എസ്എസ് ട്രാവത്സിലെ സ്ഥിരം യാത്രക്കാരാണ് പാസഞ്ചർ കൂട്ടായ്മയിൽ വിനോദയാത്ര നടത്തിയത്.
കോവിഡിനുശേഷം എസ്എസ് ട്രാവൽസിലെ സ്ഥിരം യാത്രക്കാരെ ഉൾപ്പെടുത്തി ടീം എസ്എസ് എന്ന വാട്സ്ആപ് ഗ്രൂപ്പിന് രൂപം നൽകിയിരുന്നു. ഈ ഗ്രൂപ്പ് വഴി ബസിന്റെ സമയവും വിവരങ്ങളും യാത്രക്കാർക്ക് കൈമാറിവരികയാണ്.
ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ള സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മ ഒടുവിൽ ഒരു വിനോദ യാത്ര നടത്താൻ രംഗത്തുവരികയും വാഗമണ്ണിലേക്ക് വിനോദയാത്ര പോവുകയുമായിരുന്നു. പാസഞ്ചർ കൂട്ടായ്മയും ബസുടമയും ബസിലെ ജീവനക്കാരും എല്ലാവരും ചേർന്നാണ് വിനോദ യാത്രയുടെ ചെലവ് വഹിച്ചത്. യാത്രക്കാർ ഉൾപ്പടെ 23 പേർ പങ്കെടുത്തു. സബീന, ദീപ പ്രദീപ് എന്നിവരാണ് പാസഞ്ചർ കൂട്ടായ്മയ്ക്കു നേതൃത്വം നൽകിയത്.
Kerala
മലപ്പുറം: ബസ് യാത്രക്കിടെ കാലിൽ ചവിട്ടരുതെന്ന് പറഞ്ഞതിന് വയോധികനെ ക്രൂരമായി മർദിച്ചയാൾ അറസ്റ്റിൽ. കേസിലെ പ്രതി ഷഹീർ ബാവയെ തമിഴ്നാട്ടിലെ കമ്പത്ത് നിന്നുമാണ് പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്.
മലപ്പുറം പെരിന്തൽമണ്ണ അരക്കുപറമ്പ് റൂട്ടിലെ സ്വകാര്യബസിൽ കഴിഞ്ഞ ദിവസമാണ് സംഭവം. താഴേക്കോട് സ്വദേശി ഹംസ (65)യ്ക്ക് ആണ് മർദനമേറ്റത്. കാലിൽ ചവിട്ടിയത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവാവ് പ്രകോപിതനാകുകയായിരുന്നു.
യുവാവ് വയോധികനെ ബസിനുള്ളിൽ വച്ചും പിന്നീട് കഴുത്തിന് പിടിച്ച് ബസിന് പുറത്തേക്ക് ഇറക്കി വീണ്ടും മർദിക്കുകയും ചെയ്തു. മർദനത്തിൽ ഹംസയുടെ മൂക്കിന്റെ എല്ല് പൊട്ടുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. നിലവിൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ഹംസയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരിന്തൽമണ്ണ പോലീസ് കേസെടുത്തത്.
Kerala
കോഴിക്കോട്: കോഴിക്കോട് മീഞ്ചന്ത ബൈപ്പാസില്‍ സ്വകാര്യബസ് മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഇരുപതോളം യാത്രക്കാര്‍ക്ക് പരിക്ക്. പരിക്കറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടേയും നില ഗുരുതരമല്ല. മാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന മറ്റൊരു ബസിലിടിച്ച് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
District News
മൂവാറ്റുപുഴ : ആര്‍ടിഒയുടെ കീഴിലുള്ള സ്വകാര്യ ബസുകളുടെ സമയക്രമത്തിലെ ഇടവേളകള്‍ പരിഷ്കരിക്കുന്നു. കേരളത്തിലെ കോര്‍പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവയുടെ പരിധിയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ സമയക്രമങ്ങള്‍ ഏകീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് പരിഷ്കരണം.
മൂവാറ്റുപുഴ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ യോഗത്തിലും സമര പരിഷ്കരണത്തിന്റെ കാര്യത്തിൽ ധാരണയില്‍ എത്തിയിരുന്നു. മൂവാറ്റുപുഴ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി പരിധിയിലുള്ള മൂവാറ്റുപുഴ - കാളിയാര്‍ (പോത്താനിക്കാട് വഴി), മൂവാറ്റുപുഴ തൊടുപുഴ (വാഴക്കുളം വഴി), മൂവാറ്റുപുഴ - കോതമംഗലം റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ സമയ പരിഷ്കരണം നടത്തുന്നത്.
ഈ റൂട്ടുകളില്‍ പെര്‍മിറ്റ് അനുവദിച്ചു നല്‍കിയിട്ടുള്ള വാഹനങ്ങളുടെ നിലവിലെ പെര്‍മിറ്റ്, സമയ വിവര പട്ടിക എന്നിവയുടെ പകര്‍പ്പുകള്‍ 31ന് മുമ്പ് ഓഫിസില്‍ ഹാജരാക്കണമെന്ന് മൂവാറ്റുപുഴ ആര്‍ടിഒ അറിയിച്ചു.
Kerala
അങ്കമാലി: കാലടിയിൽ സ്വകാര്യ ബസിന്റെ മത്സരയോട്ടത്തിൽ കർശന നടപടി സ്വീകരിച്ച് ഗതാഗത വകുപ്പ്. അപകടകരമായ രീതിയിൽ അമിതവേഗതയിൽ ഓടിച്ച ബസിന്റെ പെർമിറ്റ് റദ്ദാക്കുമെന്ന് ആർടിഒ അറിയിച്ചു.
മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് നടപടി. നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ആർടിഒ കെ.ആർ. സുരേഷ് പറഞ്ഞു.
സോഷ്യൽ മീഡിയ വഴി മന്ത്രിക്ക് ലഭിച്ച വീഡിയോയാണ് സംഭവത്തിന് ആധാരമായത്. ദൃശ്യങ്ങൾ പരിശോധിച്ച മന്ത്രി ഗതാഗത കമ്മീഷണറോട് അടിയന്തര അന്വേഷണം നടത്താൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി അങ്കമാലി ജോയിന്റ് ആർടിഒ സസ്പെൻഡ് ചെയ്തു.
Special News
ഫേഷൻ ഫാബ്രിക്സിന്റെ മുന്നിൽ തൃശൂർക്കുള്ള ബസ് കാത്ത് അയാൾ നിൽക്കുമ്പോൾ തിരുവാതിര ഞാറ്റുവേലയിലെ മഴ തോർന്ന് വെയിൽ തെളിഞ്ഞു തുടങ്ങിയിരുന്നു... അപ്പോൾ സമയം ഒമ്പതേമുക്കാലിനോട് അടുത്തിരുന്നു...
ആ നേരത്ത് തൃശൂർക്കുള്ള ബസുകളിൽ പൊതുവേ നല്ല തിരക്കാണ്.. ബസ് വന്നയുടൻ ചാടി കയറാൻ പാകത്തിന് നാലഞ്ചാളുകൾ അവിടെ അക്ഷമരായി കാത്ത് നിന്നിരുന്നു.... ഒരു ബസ് വന്ന് നിന്നു. തിരക്കധികം ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല സീറ്റ് ഒഴിവും ഉണ്ടായിരുന്നു... പക്ഷേ അയാൾ അതിൽ കയറിയില്ല...
സീറ്റ് ണ്ട് ചേട്ടാ... വായോ...ന്ന് ചവിട്ടുപടിയിൽ നിന്ന് കണ്ടക്ടർ അയാളെ വിളിക്കുന്നുമുണ്ട്.. അയാൾ ആരെയോ പ്രതീക്ഷിച്ച് നിൽക്കുന്ന ഭാവത്തിൽ ദൂരേക്ക് ദൃഷ്ടി പതിപ്പിച്ച് നിന്നു... അടുത്ത ബസും വന്നു പോയി...
അയാൾ കയറിയില്ല... രണ്ടു ബസിലും അയാൾ കയറാതിരുന്നത് രണ്ടിലും പാട്ട് വെച്ചിട്ടുണ്ടായിരുന്നില്ല എന്നുള്ളതു കൊണ്ടായിരുന്നു... ബസിൽ പാട്ടുകേട്ട് പോകുന്നതാണ് അയാൾക്കിഷ്ടം...
യാത്രയിൽ സർവതും മറന്ന് പാട്ടുകേട്ട് വെറുതേ പുറത്തേക്ക് നോക്കിയങ്ങനെ ഇരിക്കാൻ അയാൾക്ക് വലിയ ഇഷ്ടമാണ്... ഇനിയും കാത്ത് നിന്നാൽ ഓഫീസിൽ എത്താൻ വൈകും എന്നൊരു ടെൻഷനിൽ അടുത്ത ബസിൽ പാട്ടില്ലെങ്കിലും കയറാം എന്നയാൾ തീരുമാനിച്ചു... നിവൃത്തിയില്ലല്ലോ...
ദാ അടുത്ത ബസ് വന്നു നിൽക്കുമ്പോൾ തന്നെ അയാൾ കേൾക്കുന്നത് "വൈശാഖ സന്ധ്യേ.. നിൻ ചുണ്ടിലെന്തേ... അരുമ സഖിതൻ അധര കാന്തിയോ...’ എന്നാണ്. ബസിൽ സൂചി കുത്താൻ ഇടമില്ലാത്തത്ര തിരക്കാണ്..
അവിടെ അപ്പോൾ ബസ് കാത്ത് നിൽക്കുന്നവർ ആരും അതിൽ കയറുന്നില്ല.. പക്ഷേ അയാൾ ആ ബസിൽ ചാടി കയറി കാരണം "കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടർന്നു...’ എന്ന വരി അയാൾക്ക് അത്രയും പ്രിയപ്പെട്ടതായിരുന്നു...
ബസിൽ പിന്നിൽ വലതു വശത്ത് ചെറിയ ഒരു സ്ഥലം കണ്ടെത്തി അയാൾ പാട്ടിൽ ലയിച്ചുനിന്നു.... വൈശാഖ സന്ധ്യ കഴിഞ്ഞപ്പോൾ " മേഘം പൂത്തു തുടങ്ങി...’ അതും അയാൾക്ക് പ്രിയപ്പെട്ടതായിരുന്നു...
പ്രത്യേകിച്ച് മേഘം പൂത്ത് മോഹം പെയ്തപ്പോൾ മേദിനി നെഞ്ചിൽ കേട്ടു പുതിയൊരു താളം. ആദ്യം കേൾക്കുമ്പോൾ മേദിനിയുടെ അർഥം അയാൾക്ക് അറിയില്ലായിരുന്നു... ഭൂമി എന്നാണ് മേദിനിയുടെ അർത്ഥം എന്നറിഞ്ഞപ്പോൾ ആ വരികൾ അയാൾക്ക് വലിയ ഇഷ്ടമായി..
ഓരോ സ്റ്റോപ്പ് കഴിയുമ്പോഴും തിരക്ക് കൂടി കൂടി വരികയാണ്.. കണ്ടക്ടർ മുന്നോട്ട് ആളുകളെ ഒതുക്കുന്നതിനുസരിച്ച് അയാളെ കടന്നുപോകന്നവരുടെ ശരീരവും ബാഗുകളും എല്ലാം അയാളെ ചെറുതായിയെങ്കിലും വേദനിപ്പിക്കുന്നുണ്ട് പക്ഷേ അയാൾ പാട്ടിലാണ്... അന്ന് വയ്ക്കുന്ന പാട്ടുകൾ എല്ലാം അയാൾക്ക് പ്രിയപ്പെട്ടവ ആയിരുന്നു...
പുറത്തെ കാഴ്ചകൾ അയാളുടെ കണ്ണുകൾ കാണുന്നുണ്ടായിരുന്നുവെങ്കിലും മനസ് അത് കണ്ടില്ല.. അയാളുടെ മനസിൽ അപ്പോൾ അയാൾ പലയിടത്തും പല വേദികളിലും നിന്നു ആ പാട്ടുകളൊക്കെ പാടുകയായിരുന്നു...
കടുത്ത ജയചന്ദ്രൻ ഫാനായ അയാൾക്ക് അന്ന് ആ ബസിൽ ജയചന്ദ്രന്റെ പാട്ടുകൾ വെക്കാത്തതിൽ ചെറിയ വിഷമം തോന്നിയ സമയത്ത് അതാ വരുന്നു സ്പീക്കറിൽ " നീലഗിരിയുടെ സഖികളെ... ജ്വാലാമുഖികളെ....’
അതേ സമയത്തു തന്നെയാണ് അയാളുടെ വശത്തു നിന്നിരുന്ന ആൾ മുകളിലെ കമ്പിയിൽ പിടിച്ചിരുന്ന കൈ പെട്ടെന്ന് താഴ്ത്തിയപ്പോൾ കൈമുട്ട് അയാളുടെ തോളിൽ ശക്തിയായി ഇടിച്ചു.. കടുത്ത വേദന.. കൈമുട്ടിന്റെ ഉടമസ്ഥൻ ഇപ്പോൾ ചീത്ത കേൾക്കും എന്ന വിഷമത്തിൽ ഒരു ക്ഷമാപണത്തോടെ അയാളെ നോക്കി..
അപ്പോൾ ആയിരം താമര തളിരുകൾ വിടർത്തി.. അരയന്നങ്ങളെ വളർത്തി... വസന്തവും ശിശിരവും കുളിക്കാൻ ഇറങ്ങുന്ന വനസരോവരത്തിൽ ആയിരുന്നു അയാൾ... അയാൾക്ക് അപ്പോൾ എങ്ങനെ ദേഷ്യം വരും... അയാൾ അദേഹത്തെ നോക്കി പുഞ്ചിരിച്ചു...
സൂര്യജ്യാല പ്രതീക്ഷിച്ചിടത്ത് നറു നിലാവ്... കൈ കൊണ്ട് അബദ്ധത്തിലാണെങ്കിലും ഇടിച്ച ആൾ അയാളെ മനസു കൊണ്ട് നമിച്ചു.. അയാൾക്ക് അപ്പോൾ മറ്റേയാളോട് ദേഷ്യപ്പെടാനല്ല തോന്നിയത് മറിച്ച് അയാൾക്ക് പറയണമെന്നുണ്ടായിരുന്നു ഈ പാട്ടിനാണ് ജയചന്ദ്രന് ആദ്യമായി സംസ്ഥാന അവാർഡ് കിട്ടിയതെന്ന്,...
ഈ വരികൾ വയലാർ, ചിത്രത്തിന്റെ സംവിധായകൻ സേതുമാധവൻ സാറിന് എഴുതി കൊടുത്തത് തിടുക്കത്തിൽ ഹോട്ടൽ റിസ്പഷന്റെ മുന്നിൽ വെച്ച് അവിടെ നിന്ന് ഒരു പേനയും കടലാസും വാങ്ങി നിന്ന നില്പിലായിരുന്നു എന്ന്... എന്തൊരു പ്രതിഭാധനരായിരുന്നു അവർ എന്ന്....
പക്ഷേ അയാൾ ഒന്നും മിണ്ടിയില്ല.. പാട്ടിൽ അലിഞ്ഞങ്ങനെ നിന്നു...കൻമഷമില്ലാത്ത മനസ്സുമായി... ബസ് ചുങ്കം സ്റ്റോപ്പ് കഴിഞ്ഞു പടിഞ്ഞാറെ കോട്ട എത്താറായി... പാട്ട് നിർത്തി..പെട്ടെന്ന് അയാൾക്ക് സ്ഥലകാലബോധം വന്നു.. പടിഞ്ഞാറെ കോട്ടയിൽ കുറേ പേർ ഇറങ്ങി അയാൾക്ക് ഇരിക്കാൻ സീറ്റ് കിട്ടി.. അയാൾ കണ്ണുകളടച്ച് അങ്ങനെ ഇരുന്നു..
മഴ പെയ്ത് തോർന്നാലും . മരം പിന്നേം പെയ്യുമല്ലോ..അയാളുടെ ഉള്ളിൽ പിന്നെയും പാട്ടുകളുടെ പ്രവാഹമായിരുന്നു... അവിടെ അയാൾ ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ ലജ്ജയിൽ മുങ്ങിയ ഒരു മുഖം കണ്ട്...
മല്ലിക പൂവിൻ മധുരഗന്ധത്തിൽ, മന്ദസ്മിതത്തിൽ വസന്തം കണ്ട്...മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി, അല്ലിയാമ്പൽ പൂവ്വിനെ തൊട്ടുണർത്തി അങ്ങനെ ഇരിക്കുകയായിരുന്നു.. അപ്പോഴാണ് അയാളുടെ സീറ്റിന്റെ കമ്പിയിൽ ചാരി നിന്ന് കണ്ടക്ടർ പറഞ്ഞത്..
ചേട്ടാ.. നാളെ മുതൽ ബസിൽ പാട്ടുണ്ടാവില്ലാട്ടാ.. എംവിഡിന്റെ സ്ട്രിക്റ്റ് ഓർഡറാ...ഫൈൻ ഉണ്ടാവും... അയാളാലോചിച്ചു... ഇയാൾ എങ്ങനെ തന്റെ പാട്ടു കമ്പം അറിഞ്ഞു...പിന്നെ ഓർത്തു ഇവർ ദിവസവും എത്ര തരം ആൾക്കാരെ കാണുന്നതാ.. പഴക്കം കൊണ്ട് അവർക്ക് മനസു വായിക്കാൻ പറ്റ്യേർക്കും.
ഇനി ബസിൽ പാട്ടില്ല എന്നോർത്തപ്പോൾ അയാളുടെ മുഖം സങ്കടം കൊണ്ട് ഇരുണ്ടു.. തിരുവാതിര ഞാറ്റുവേലയിലെ ആകാശവും അപ്പോൾ പെട്ടെന്നിരുണ്ടു..ബസപ്പോൾ വടക്കുംനാഥന്റെ മുന്നിൽ തൃശൂർ സ്വരാജ്റൗണ്ടിൽ കയറുകയായിരുന്നു..
കണ്ണുകളാൽ അർച്ചന... മൗനങ്ങളാൽ കീർത്തനം... എല്ലാം എല്ലാം അറിയുന്നീ ഗോപുരവാതിൽ... അയാൾ നടുവിലാലിൽ ബസിറങ്ങിയപ്പോൾ മാനം കവിഞ്ഞ് പെയ്ത മഴയാണോ അയാളുടെ കവിൾതടം നനയിച്ചത്... അതോ.......
ഗിരീഷ്കുമാർ കൊലയാംപറമ്പത്ത് മുഖപുസ്തകത്തിൽ പങ്കുവച്ചത്