പ്രതീകാത്മക ചിത്രം
കോട്ടയം: പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതോടെ നഷ്ടത്തിലായ സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി വിളിച്ച സ്വകാര്യ ബസുടമകളുടെ യോഗം ഇന്നു തിരുവനന്തപുരത്ത് ചേരും. ഇന്നത്തെ യോഗത്തെ സ്വകാര്യ ബസുടമകള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചപ്പോഴും നടപ്പിലാക്കിയപ്പോഴും സര്‍ക്കാര്‍ സ്വകാര്യ ബസുടമകളുമായി ചര്‍ച്ച ചെയ്തിരുന്നില്ല. ആദ്യമായിട്ടാണു ഈ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചിരിക്കുന്നത്.
ഇതിനു പുറമെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളില്‍ സമിതി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. അതേസമയം സമിതിയില്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന് ഇന്നു നടക്കുന്ന യോഗത്തില്‍ ബസുടമകള്‍ ആവശ്യപ്പെട്ടേക്കും. വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും ഉന്നയിക്കും.
ജില്ലയില്‍ പ്രിയദര്‍ശിനി ബസുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്കു വലിയ വരുമാന നഷ്ടമാണുണ്ടായിരിക്കുന്നത്. ഒരു ബസിനു ദിവസം ശരാശരി ഡീസല്‍ നിറയ്ക്കാന്‍ 5,000 രൂപയ്ക്കു മുകളില്‍ വേണ്ടിവരും. ഒരു ലിറ്റര്‍ ഡീസലില്‍ ശരാശരി ഓടുന്നത് 3.5 കിലോമീറ്ററാണ്. ബസ് ജീവനക്കാരുടെ പ്രതിദിന ശമ്പളം 1000- 1200 രൂപ വരെയാണ്. ഫിനാന്‍സ് അടവ്, ടാക്സ്, ഇന്‍ഷ്വറന്‍സ് എന്നിവയ്ക്കും അറ്റകുറ്റപ്പണികൾക്കും പണം കണ്ടെത്തണം. സര്‍ക്കാര്‍ റോഡ് ടാക്സില്‍ കുറവു വരുത്തിയെങ്കിലും പ്രയോജനം ലഭിക്കുന്നില്ല.
സ്വകാര്യ ബസുകള്‍ കിലോമീറ്ററിന് 55 രൂപ നിരക്കില്‍ സര്‍ക്കാര്‍ വാടകയ്ക്ക് എടുക്കുക, ഡീസല്‍ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുക, സ്വകാര്യബസിലും സര്‍ക്കാര്‍ ചെലവില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കി അതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുക തുടങ്ങിയവയാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്. സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധി സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനു ജില്ലയിലെ സ്വകാര്യബസുകള്‍ കഴിഞ്ഞ ദിവസം സര്‍വീസ് നിര്‍ത്തിവച്ചു പ്രതിഷേധിക്കുകയും കളക്ടറേറ്റിലേക്കു മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.