District News
പാലക്കയം: കനത്ത മഴയിലും സന്ദർശകരുടെ അശ്രദ്ധമൂലം മലയോര മേഖലയിൽ അപകടങ്ങൾ പെരുകുന്നു. പാലക്കയം, വട്ടപ്പാറ, മീൻവല്ലം തുടങ്ങിയ കല്ലടിക്കോടൻ മലയോര മേഖലകളിലാണ് അപകടങ്ങൾ വർധിക്കുന്നത്. ഇന്നലെ പാലക്കയം പായപ്പുല്ലിൽ നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ ഡാമിന്റെ വശത്തേയ്ക്കുമറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു.
പെരിന്തൽമണ്ണയിൽ നിന്നുമെത്തിയവർക്കാണ് പരിക്കേറ്റത്. റോഡിൽനിന്നും 200 അടിയോളം ഉരുണ്ടുപോയാണ് ഡാമിന്റെ വശത്ത് തടഞ്ഞുനിന്നത്. അൽപംകൂടി മുന്നോട്ടുപോയിരുന്നെങ്കിൽ ഓട്ടോറിക്ഷ ഡാമിലേയ്ക്കു മറിയുമായിരുന്നു. മഴതുടങ്ങിയതോടെ വിദൂര ദേശത്തു നിന്നുപോലും ബൈക്കുകളിലും ഓട്ടോറിക്ഷകളിലും നിരവധിപ്പേരാണ് ഈ പ്രദേശങ്ങളിൽ എത്തുന്നത്.
നാട്ടുകാരുടെ മുന്നറിയിപ്പുപോലും അവഗണിച്ചാണ് ഇവർ പുഴയിലും മലമ്പ്രദേശങ്ങളിലും ഇറങ്ങിച്ചെല്ലുന്നത്. പിന്തിരിപ്പിക്കാൻ നാട്ടുകാർ ശ്രമിച്ചാൽ അവർക്കുനേരെ ആക്രമിക്കാൻ ചെല്ലുന്നതും പതിവാണ്. മലയോരമേഖലയിൽ കർശനമായ പട്രോളിംഗ് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
District News
ചങ്ങരംകുളം: പെരുമ്പിലാവ്-കുറ്റിപ്പുറം സംസ്ഥാനപാതയിലെ വളയംകുളത്ത് കാര് പിക്കപ്പില് ഇടിച്ച് നിയന്ത്രണം വിട്ട് റോഡരികില് നിര്ത്തിയിട്ട ഇന്നോവ കാറിലേക്ക് ഇടിച്ച് കയറി. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു അപകടം.
നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ കരിക്ക് വെള്ളം കുടിക്കാനായി കണ്ണൂര് പിണറായി സ്വദേശികള് സഞ്ചരിച്ച ഇന്നോവ കാര് റോഡരികില് നിര്ത്തിയിട്ടതായിരുന്നു. കരിക്ക് വിതരണം ചെയ്യുന്ന പൊന്നാനി സ്വദേശിയുടെ പിക്കപ്പ് ചങ്ങരംകുളം ഭാഗത്തേക്ക് തിരിക്കുന്നതിനിടെ ചങ്ങരംകുളം ഭാഗത്തുനിന്ന് വന്ന ചാലിശേരി മണ്ണാരപ്പറമ്പ് സ്വദേശിയുടെ ഓഡി കാര് പിക്കപ്പിന്റെ പിറകില് ഇടിച്ചു. ഇടിയുടെ ആഘാതത്തില് നിയന്ത്രണം വിട്ട ഓഡി കാര് റോഡരികില് പാര്ക്ക് ചെയ്തിരുന്ന ഇന്നോവയിലും ഇടിക്കുകയായിരുന്നു. അപകടത്തില് ആളപായമില്ല. അപകടത്തെത്തുടര്ന്ന് പ്രദേശത്ത് അല്പ്പനേരം ഗതാഗതം മുടങ്ങി.
District News
പൊൻകുന്നം: പാലാ-പൊൻകുന്നം റോഡിൽ പനമറ്റം കവലയിൽ അപകടങ്ങൾ പതിവാകുന്നു. ഇന്നലെ പുലർച്ചെ ഇവിടെ രണ്ടു വാഹനാപകടങ്ങളാണുണ്ടായത്. കവലയിലെ ബസ്സ്റ്റോപ്പിന് സമീപം പുലർച്ചെ റബർത്തടി കയറ്റിവന്ന ലോറി മറിഞ്ഞാണ് ആദ്യ അപകടം. പിന്നാലെ നിയന്ത്രണംവിട്ട വാൻ ഓടയിലേക്ക് മറിഞ്ഞായിരുന്നു രണ്ടാമത്തെ അപകടം. അപകടങ്ങളിൽ ആർക്കും പരിക്കില്ല.
പൊൻകുന്നം ഭാഗത്തുനിന്നെത്തിയ ലോറി വളവ് ശരിയായി തിരിയാതെ എതിർവശത്തേക്ക് ഓടിയാണ് മറിഞ്ഞത്. പനമറ്റം കവലയിൽ ഇതിനു മുന്പും സമാനമായ രീതിയിൽ ലോറികൾ മറിഞ്ഞിട്ടുണ്ട്. ലോഡുമായി വന്ന ലോറികളാണ് അന്നും എതിർവശത്തേക്കെത്തി അപകടത്തിൽപ്പെട്ടത്.
സമീപത്തെ വീട്ടുമുറ്റത്തേക്ക് നാലു തവണ തടിലോറിയുൾപ്പെടെ വാഹനങ്ങൾ മറിഞ്ഞ് വീടിന് നാശമുണ്ടായിട്ടുണ്ട്. ഇപ്പോൾ തടിലോറി മറിഞ്ഞതും ഇതേ വീടിന് സമീപത്താണ്.
District News
എഴുകോണ്: മെറ്റല് ഇളകി റോഡ് സഞ്ചാര യോഗ്യമല്ലാതായതോടെ റോഡില് അപകടം പതിവാകുന്നു.
കൊല്ലം തിരുമംഗലം ദേശീയപാതയോരത്ത് കുണ്ടറ ഭാഗത്ത്നിന്നും കൊട്ടാരക്കരയിലേക്ക് പോകുമ്പോള് എഴുകോണ് ജംഗ്ഷനില്നിന്ന് നെടുമണ്കാവിന് തിരിയുന്ന ഭാഗത്താണ് മെറ്റല് ഇളകിക്കിടക്കുന്നത് അപകടത്തിനു കാരണമാകുന്നത്.
എഴുകോണ് ജംഗ്ഷനില് പിഡബ്ല്യുഡിയുടെ തറയോട് പാകുന്ന പ്രവൃത്തി വെള്ളം കെട്ടിനില്ക്കും എന്ന കാരണം പറഞ്ഞു കുറച്ചു നാട്ടുകാര് തടഞ്ഞിരുന്നു. ബാക്കിയുള്ള ഭാഗം മെറ്റലിട്ട് അവര് തിരികെ പോയി. ഇതാണ് ഇപ്പോള് കാല്നടയാത്രക്കാരും സ്കൂട്ടര് യാത്രകരും അപകടമായിരിക്കുന്നത്. തന്നെയുമല്ല ഓടിപ്പോകുന്ന വണ്ടിയുടെ ടയറില് തട്ടി കല്ലുകള് തെറിച്ച് അപകടമുണ്ടാവുന്നതും പതിവാണ്. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
പാലാ: വിവിധ അപകടങ്ങളില് പരിക്കേറ്റ നാലു പേരെ ചേര്പ്പുങ്കല് മാര് സ്ലീവാ മെഡിസിറ്റിയില് പ്രവേശിപ്പിച്ചു.
കുമ്മണ്ണൂരില് നടന്നു പോകുന്നതിനിടെ സ്കൂട്ടര് ഇടിച്ച് വഴിയാത്രക്കാരന് കെഴുവംകുളം സ്വദേശി ശശികുമാര് (65), സ്കൂട്ടര് യാത്രികന് കൈപ്പള്ളി സ്വദേശി ജിജോ ജോസഫ് (24), കൊച്ചുകൊട്ടാരത്ത് സ്കൂട്ടര് നിയന്ത്രണംവിട്ടു മറിഞ്ഞ് തോടനാല് സ്വദേശികളായ രജനി (40), ആദിനാദ് (11) എന്നിവര്ക്കാണു പരിക്കേറ്റത്.
District News
കാറും ബസും കൂട്ടിയിടിച്ചു
കല്ലൂർക്കാട്: നാകപ്പുഴ പാലക്കുഴിയിൽ ബസും കാറും കൂട്ടിയിടിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് അപകടമുണ്ടായത്. തൊടുപുഴ നിന്നും നാകപ്പുഴ ഭാഗത്തേക്കു വരുന്ന ബസിൽ എതിർദിശയിൽനിന്നുള്ള കാർ ഇടിക്കുകയായിരുന്നു.
ഇരു വാഹനങ്ങളിലെയും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന്റെയും ബസിന്റെയും മുൻഭാഗം തകർന്നിട്ടുണ്ട്.
ഇടിച്ച കാറിലേക്ക്
വൈദ്യുതിപോസ്റ്റ് വീണു
വാഴക്കുളം: കാർ വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടോടെ വാഴക്കുളം കാവന ഷാപ്പിനു സമീപം കൂത്താട്ടുകുളം റോഡിലായിരുന്നു അപകടം. വാഴക്കുളം ഭാഗത്തേക്കു വരികയായിരുന്ന മൂവാറ്റുപുഴ സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.
എതിർദിശയിൽ വരുന്ന വാഹനത്തെ മറികടന്നെത്തിയ മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഇവിടെയുള്ള വളവിൽ കാർ ഇടതു വശത്തേക്ക് ഒതുക്കിയപ്പോൾ നിയന്ത്രണം വിട്ട് വഴിയരികിലെ വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയേറ്റ് തകർന്ന വൈദ്യുത പോസ്റ്റ് കാറിനു മുകളിലേക്കു വീഴുകയായിരുന്നു.
നിയന്ത്രണം നഷ്ടപ്പെട്ട
ഓട്ടോ മറിഞ്ഞു
കല്ലൂര്ക്കാട്: തഴുവംകുന്നില് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ചയുണ്ടായ അപകടത്തില് പണ്ടപ്പിള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവര്ക്ക് പരിക്കേറ്റു. മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയില് തഴുവംകുന്നിലെ സംരക്ഷണഭിത്തിയില്ലാത്ത റോഡിന്റെ ഭാഗത്താണ് വാഹനം അപകടത്തില്പ്പെട്ടത്.
റോഡരികില് സംരക്ഷണഭിത്തി സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്.
District News
കൂടൽ: പുനലൂർ-മൂവാറ്റുപുഴ റോഡിൽ അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം വേണമെന്ന് ഡിസിസി അധ്യക്ഷൻ പ്രഫ.സതീഷ് കൊച്ചുപറമ്പിൽ. കോൺഗ്രസ് കലഞ്ഞൂർ, കൂടൽ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ജനജാഗ്രത സന്ദേശയാത്ര ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റോഡു പണിയിലുണ്ടായ അപാകതയെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും റോഡിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കാത്ത കോൺട്രാക്ടറുടെ പേരിൽ നടപടി സ്വീകരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
കൂടൽ മണ്ഡലം പ്രസിഡന്റ് എം.ആർ. പ്രകാശ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ ഡി. ഭാനുദേവൻ, മാത്യു ചെറിയാൻ, അബ്ദുൾകലാം ആസാദ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനിലാൽ, പ്രവീൺ പ്ലാവിളയിൽ, ജോൺ ജോർജ്, മനോജ് മഠത്തിൽ, ദിലീപ് അതിരുങ്കൽ, അനീഷ് ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
വടക്കാഞ്ചേരി: വ്യത്യസ്ത അപകടങ്ങളിൽ മൂന്നുപേർക്കു പരിക്കേറ്റു. ഓട്ടുപാറ ന്യൂ രാഗം തിയറ്ററിനുസമീപം ബൈക്ക് മറിഞ്ഞ് ഗുരുതരപരിക്കേറ്റ തലശേരി കുന്നത്തുവളപ്പിൽവീട്ടിൽ മുർഷിദ് (24), പുത്തൻപീടികയിൽവീട്ടിൽ ഹുവൈസ് (22) എന്നിവരെ തൃശൂർ മെഡിക്കൽകോളജ് ആശുപത്രിയിലും അതേസ്ഥലത്ത് ബൈ ക്ക് നിയന്ത്രണംവിട്ടുവീണ് പരിക്കേറ്റ വെള്ളറക്കാട് സ്വദേശി അബുതാഹിറി(21)നെ വടക്കാഞ്ചേരി ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു.
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്കു പരിക്ക്
തലക്കോട്ടുകര: തണ്ടിലം റോഡിൽ പ്രഭാത് നഗറിനു സമീപം ഇന്നലെ വൈകിട്ട് അഞ്ചോടെ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. പരിക്കേറ്റ സ്കൂട്ടർ യാത്രികൻ എരുമപ്പെട്ടി മങ്ങാട് തറയിൽ വീട്ടിൽ ഫ്രാൻസിസ്(60), ബൈക്ക് യാത്രികരായ വേലൂർ മണിമലർക്കാവ് സ്വദേശി വാഴപ്പിള്ളി വീട്ടിൽ ലാസർ മകൻ നിർമൽ(22), കുറുമാൽ ആനപ്പാലം സ്വദേശി ഡിയോ(22) എന്നിവരെ കേച്ചേരി ആക്ട് സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേ ശിപ്പിച്ചു.
District News
മട്ടന്നൂർ: മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നിടങ്ങളിലുണ്ടായ അപകടങ്ങളിൽ നാലുപേർക്കു പരിക്കേറ്റു. മട്ടന്നൂർ-തലശേരി റോഡ്, ഉരുവച്ചാൽ-മണക്കായി റോഡ്, കൊതേരി മുതലക്കൽ എന്നിവിടങ്ങളിലായിരുന്നു അപകടം.
മട്ടന്നൂർ-തലശേരി റോഡിൽ പിക്കപ്പ് ലോറിയിടിച്ച് കാൽനടയാത്രക്കാരനാണ് പരിക്കേറ്റത്. മട്ടന്നൂർ കൊക്കയിൽ സ്വദേശി സഹദേവനാണ് (60) പരിക്കേറ്റത്.
ഇന്നലെ രാവിലെ 9.30 ഓടെ മട്ടന്നൂർ തലശേരി റോഡിൽ ലിങ്ക്സ് മാളിന് സമീപത്തായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുന്നതിനിടെ മട്ടന്നൂർ ഭാഗത്ത് നിന്ന് തലശേരി ഭാഗത്തേക്കു പോകുകയായിരുന്ന പിക്കപ്പ് ലോറി സഹദേവനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ സഹദേവനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉരുവച്ചാൽ മണക്കായി റോഡിൽ സ്കൂട്ടറും ഇന്നോവയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം.
മട്ടന്നൂർ-കണ്ണൂർ റോഡിൽ മുതലക്കലിൽ സ്വകാര്യ ബസിലും കാറിലും ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.
District News
തെന്മല : നിയന്ത്രണങ്ങള് മറികടന്നു വിനോദ സഞ്ചാരികളും ശബരിമല തീര്ഥാടകര് ഉള്പ്പെടെയുള്ളവരും കല്ലടയാറ്റില് ഇറങ്ങുന്നത് ഭീഷണി ഉയര്ത്തുന്നു. ഒറ്റക്കൽ പാറക്കടവ്, ലുക്ക്ഔട്ട് ഭാഗങ്ങളിലെ ശക്തമായി വെള്ളമൊഴുകുന്ന ഭാഗങ്ങളിലാണ് ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ശബരിമല തീര്ഥാടകരും വിനോദ സഞ്ചാരികളും ഇറങ്ങുന്നത്.
കഴിഞ്ഞ ദിവസം ഒറ്റക്കല് മേഖലയില് കൂട്ടമായി കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശികളായ ശബരിമല തീര്ഥാടകരില് രണ്ടുപേര് ഒഴുക്കില്പ്പെട്ടു. 50 മീറ്ററോളം ദൂരത്തില് ഒഴുകിപ്പോയ ഇരുവരും പിന്നീട് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഒരാള്ക്ക് നിസാരമായി പരിക്കേറ്റു.
അടിയന്തിരമായി അധികൃതരുടെ ഇടപെടീല് ഉണ്ടാകണമെന്ന് നാട്ടുകാര് ആവശ്യപ്പെടുന്നു. അപകടവസ്ഥ കൂടുതലയുള്ള ഭാഗത്ത് മുമ്പ് സ്ഥാപിച്ചിരുന്ന നിയന്ത്രണ വേലികള് മിക്കയിടത്തും തകര്ന്നു. ഇവ പുനസ്ഥാപിച്ചു വിവിധ ഭാഷകളില് വീണ്ടും മുന്നറിയിപ്പ് ബോര്ഡുകള് സ്ഥാപിക്കണമെന്നും നാട്ടുകാര് പറയുന്നു.
വഴുക്കൽ നിറഞ്ഞ പാറക്കെട്ടുകളിലും അടിയൊഴുക്കുമുള്ള ഈ ഭാഗത്ത് ആളുകള് ഇറങ്ങുന്നതിനു ശക്തമായ നിയന്ത്രണങ്ങളാണ് അധികൃതര് ഏര്പ്പെടുത്തിയിട്ടുള്ളത്.
വേനൽക്കാല ജലവിതരണത്തിനായി കനാലുകളിലും ഷട്ടറുകളിലും അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി ആറ്റിൽ ജലനിരപ്പ് ക്രമീകരിച്ചിരിക്കുകയാണ്. ഇതിനാല് തന്നെ ശാന്തമായി ഒഴുകുന്ന കല്ലടയാറ്റിലെ അപകടവാസ്ഥ മനസിലാക്കാതെ ആളുകള് ഇങ്ങോട്ടേക്ക് എത്തുന്നു. മറ്റു പ്രദേശങ്ങളില് നിന്നും എത്തുന്നവരക്ക് ഇവിടെ പതിയിരിക്കുന്ന അപകട ചുഴികളെപ്പറ്റി അറിയില്ല.
അടുത്തടുത്തായുള്ള പാറയിടുക്കുകളില് അകപ്പെട്ടല് രക്ഷപെടാന് കഴിയാത്ത വിധം കുടുങ്ങും. നിരവധിപേര് അപകടത്തില്പ്പെട്ട ഇവിടെ മരിച്ചവരുടെ എണ്ണവും ചെറുതല്
Kerala
എരുമേലി: അപകടക്കെണിയായ എരുമേലി കണമലയിൽ വീണ്ടും വാഹനം മറിഞ്ഞു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകരുടെ മിനി ബസ് ആണ് റോഡരികിലേക്കു മറിഞ്ഞത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള തീർഥാടകർ ബസിലുണ്ടായിരുന്നു. കർണാടക സ്വദേശികളായിരുന്നു. ചെറിയ പരിക്കുകൾ ഉണ്ടെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്ന് അറിയുന്നു. എല്ലാ തീർഥാടന കാലത്തും അപടകമുണ്ടാകുന്ന മേഖലയാണ് കണമല. സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും ഈ മേഖലയിലെ അപകടങ്ങൾ പൂർണമായി ഒഴിവാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ശബരിമല തീർഥാടനകാലത്തിന്റെ രണ്ടാം ദിവസമായപ്പോൾത്തന്നെ അയ്യപ്പഭക്തർ ഉൾപ്പെട്ട ആറ് അപകടങ്ങൾ തീർഥാടക മേഖലയിൽ ഉണ്ടായി. ആദ്യ ദിനം അഞ്ച് അപകടങ്ങളാണ് ഉണ്ടായത്. കാഞ്ഞിരപ്പള്ളിയിൽ പുലർച്ചെ അഞ്ചിന്, അമരാവതി രാവിലെ പത്തരയ്ക്ക്, കരിനിലം രാവിലെ 11ന്, മരുതുംമൂട് ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം നാലിനും, എരുമേലി പ്രപ്പോസിൽ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് എന്നിവിടങ്ങളിലാണ് അപകടങ്ങളുണ്ടായത്. മരുതുംമൂട്ടിൽ ഉച്ചയ്ക്കും വൈകുന്നേരവുമായി രണ്ട് അപകടങ്ങൾ ഉണ്ടായി.
വാഹനത്തിൽ കുടുങ്ങി
ഉച്ചയ്ക്ക് 12ന് പൂഞ്ഞാർ-എരുമേലി സംസ്ഥാനപാതയിൽ അമരാവതിക്കു സമീപം ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തീർഥാടകരുടെ ഒമ്നിവാൻ നിയന്ത്രണംവിട്ട് മതിലിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. അപകടത്തെത്തുടർന്ന് ഡ്രൈവറും മുൻ സീറ്റിലെ തീർഥാടകനും വാഹനത്തിനുള്ളിൽ കുടുങ്ങി. നാട്ടുകാരും പോലീസും ഏറെനേരം പണിപ്പെട്ടാണ് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കർണാടക സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ ഉൾപ്പെടെ ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.
ഈ അപകടത്തിൽ പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ മുണ്ടക്കയം സ്വദേശിയുടെ കാർ കരിനിലത്തിനു സമീപം മറ്റൊരു തീർഥാടന വാഹനവുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ഇരു കാറുകൾക്കും സാരമായ കേടുപാട് സംഭവിച്ചു. തുടർന്ന് ആദ്യ അപകടത്തിൽ പരിക്കേറ്റവരെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെ 12.30ന് ദേശീയപാതയിൽ 35-ാം മൈൽ മെഡിക്കൽ ട്രസ്റ്റ് ജംഗ്ഷനു സമീപം നിയന്ത്രണംവിട്ട തീർഥാടന വാഹനം ആരോഗ്യവകുപ്പിന്റെ ഉൾപ്പെടെ രണ്ട് വാഹനങ്ങളിൽ ഇടിച്ച ശേഷം റോഡിന്റെ വശത്തെ ക്രാഷ് ബാരിയറിൽ ഇടിച്ചുനിന്നു. തെലുങ്കാന സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഒരാൾക്ക് പരിക്കേറ്റു. ഇയാളെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മൂന്ന് വാഹനങ്ങൾക്കും സാരമായ കേടുപാട് സംഭവിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗത തടസവുമുണ്ടായി.
അമിതവേഗവും ഉറക്കവും
വൈകുന്നേരം നാലോടെ മരുതുംമൂട് ഗുരുമന്ദിരത്തിനു സമീപം ദർശനംകഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ റോഡിന്റെ വശത്തെ തിട്ടയിലിടിച്ച് അപകടമുണ്ടായി. അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. ആന്ധ്ര സ്വദേശികളായ തീർഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗമാണ് പലപ്പോഴും തീർഥാടന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള കാരണം. ഇതോടൊപ്പം തുടർച്ചയായ യാത്രയെ തുടർന്ന് ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതും അപകടത്തിന് ഇടയാക്കുകയാണ്.