പ്രതീകാത്മക ചിത്രം
കളമശേരി: അമിത വേഗത്തിലെത്തിയ ലോറി ഇലക്ട്രിക് പോസ്റ്റുകളും വാഹനങ്ങളും ഇടിച്ചുതകർത്തു. ലോറി ഡ്രൈവർ മദ്യപിച്ചിരുന്നതായി പറയുന്നു.
സൗത്ത് കളമശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കമ്പനിയിൽ ലോഡിറക്കിയ ശേഷം മടങ്ങുന്നതിനിടെ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. അമിതവേഗത്തിൽ എത്തിയ കവേർഡ് ഏഷർ ലോറിയാണ് അപകടമുണ്ടാക്കിയത്. വാഹനം നാട്ടുകാർ തടഞ്ഞു. നോർത്ത് കളമശേരി പത്താം പിയൂസ് ദേവാലയത്തിന്റെ കവാടത്തിന് മുന്നിൽ ലോറി ഒതുക്കിനിർത്തിയ ഡ്രൈവർ കാബിൻ അകത്തുനിന്ന് ലോക്ക് ചെയ്ത് പുറത്തിറങ്ങാതെ ഇരുന്നതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.
പോലീസും നാട്ടുകാരും ഏറെ ശ്രമിച്ചിട്ടും ഡ്രൈവർ ഡോർ തുറക്കാൻ കൂട്ടാക്കിയില്ല. വർക്ക്ഷോപ്പിൽ നിന്നും മെക്കാനിക്ക് എത്തി ഡോർ തുറക്കുകയായിരുന്നു. ഒന്നരമണിക്കൂറിന് ശേഷമാണ് ഡ്രൈവറെ പുത്തിറക്കാൻ കഴിഞ്ഞത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈവർ മദ്യലഹരിയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. കർണാടക രജിസ്ട്രേഷനിലുള്ളതാണ് ലോറി.
സ്വകാര്യ ബസിടിച്ച് പോസ്റ്റ് തകർന്നു
പള്ളുരുത്തി: ഇടക്കൊച്ചിയിൽ കോഴിക്കൂട് ബസ് സ്റ്റോപ്പിന് സമീപം സ്വകാര്യ ബസിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം സംഭവിച്ചതിനെ തുടർന്ന് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന സുധിന് പരിക്കുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ അഘാതത്തിൽ ഇരുമ്പിന്റെ ഇലക്ട്രിക് പോസ്റ്റ് പൂർണമായും തകർന്നു. പ്രദേശത്ത് രണ്ട് മണിക്കൂറോളം വൈദ്യുതി ബന്ധവും ഏറെ നേരം ഗതാഗതവും തടസപ്പെട്ടു.
Tags : Accidents NattuVishasham DistrictNews