നവീകരിച്ച റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സ്
റാണിപുരം: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സില്‍ സംസ്ഥാന ടൂറിസം വകുപ്പ് 1.93 കോടി രൂപ ചെലവില്‍ നടപ്പാക്കിയ സൗന്ദര്യവത്ക്കരണ, നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി.
നവീകരിച്ച ടൂറിസ്റ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം 10ന് ഉച്ചയ്ക്ക് രണ്ടിന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് നിര്‍വഹിക്കും. വിനോദസഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും താമസസൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായി ആകെ 1,93,20,986 രൂപയുടെ രണ്ടു പദ്ധതികളാണ് റാണിപുരത്ത് നടപ്പാക്കിയത്. സില്‍ക്ക് (സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡ്) മുഖേന 96,67,129 രൂപ ചെലവിലാണ് സൗന്ദര്യവല്ക്കരണപദ്ധതി പൂര്‍ത്തിയാക്കിയത്. ഇതിന്റെ ഭാഗമായി ആംഫി തിയറ്റര്‍, നീന്തല്‍ക്കുളം, സ്റ്റീല്‍ പാലം, സംരക്ഷണ ഭിത്തി, ശുചിമുറി ബ്ലോക്ക്, കുഴല്‍ക്കിണര്‍ എന്നിവയുടെ നിര്‍മാണവും പ്രവേശന കവാടം, ലൈബ്രറി കെട്ടിടം എന്നിവയുടെ സൗന്ദര്യവത്കരണവും പൂര്‍ത്തീകരിച്ചു. കൂടാതെ ലാന്‍ഡ് സ്കേപ്പിംഗ്, ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്കായുള്ള കളിയുപകരണങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. കെല് (കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിംഗ് കമ്പനി ലിമിറ്റഡ്) മുഖേന 96,53,857 രൂപ ചെലവിലാണ് നവീകരണ പ്രവൃത്തികള്‍ നടത്തിയത്. കോട്ടേജുകള്‍, ഗസ്റ്റ് ഹൗസ്, മീറ്റിംഗ് ഹാള്‍, പവലിയന് എന്നിവ ഇതിന്റെ ഭാഗമായി നവീകരിച്ചു. പുതിയ നടത്തിപ്പുകാരന്റെ നേതൃത്വത്തില്‍ നാല് കോട്ടേജുകള്‍ ആവശ്യമായ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ സജ്ജീകരിക്കുകയും എട്ട് മുറികള്‍ കൂടി സന്ദര്‍ശകര്‍ക്കായി ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. റിസോര്‍ട്ടിലെ റസ്റ്ററന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
പ്രകൃതിരമണീയമായ മലനിരകളും പുല്‍മേടുകളും വനസമ്പത്തും നിറഞ്ഞ റാണിപുരത്തേക്ക് ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാനും പ്രദേശത്തിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധിക്കും. റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ടൂറിസം മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. റിസോര്‍ട്ട് ബുക്കിംഗിനായി 9446233653, 0467 2227755, 984709 2928 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.
Tags :