സുസ്ഥിര വികസന നഗരവുമായി നെല്ലിപ്പുഴ ഡിഎച്ച് എസ്എസിലെ മുഹമ്മദ് യാസീനും അമൻ ശങ്കറും.
ചിറ്റൂർ: നല്ല നാളേക്കായി സുസ്ഥിരവികസനനഗരമൊരുക്കി കൊച്ചുമിടുക്കൻമാർ. പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണം ഒഴിവാക്കി ജനങ്ങളുടെ ആവശ്യങ്ങൾ നടത്തിയെടുക്കാനാകുമെന്ന ആശയമാണ് ഇവർ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്.
മണ്ണാർക്കാട് നെല്ലിപ്പുഴ ഡിഎച്ച്എസ്എസിലെ ഒന്പതാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് യാസിനും അമൻ ശങ്കറുമാണ് ജില്ലാ ശാസ്ത്രമേളയിലെ സാമൂഹ്യശാസ്ത്രമേളയിൽ ഈ ആശയമൊരുക്കി ശ്രദ്ധ നേടിയത്.
നഗരങ്ങളിൽ കൃഷി ചെയ്യുന്നത് പ്രായോഗികമല്ല. എന്നാൽ പ്രകൃതിയോടിണങ്ങുന്ന രീതിയിൽ നഗരങ്ങൾ ആസൂത്രണം ചെയ്യാൻ കഴിയുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഇവർ അവതരിപ്പിക്കുന്ന നഗരമാതൃകയിൽ ജനങ്ങൾക്ക് ആവശ്യമായതെല്ലാം ഒരുക്കിയിട്ടുണ്ട്.
കമ്യൂണിറ്റി ഫ്ളവർ ഗാർഡൻ, റൂഫ് ടോപ്പ് ഫാമിംഗ്, മിയാവാക്കി വനം, കണ്ടൽക്കാട്, മെട്രോ ട്രെയിൻ, എയർപോർട്ട്, സ്കൂൾ, ലൈബ്രറി, ഫ്ളോട്ടിംഗ് സോളാർ പാനൽ, കാറ്റിൽ നിന്നുമുള്ള വൈദ്യുതി നിർമാണം, റെയിൻ വാട്ടർ ഹാർവസ്റ്റിംഗ്, മാലിന്യനിർമാർജനം, ആശുപത്രി, ഇ കൊമേഴ്സ് തുടങ്ങി എല്ലാ സംവിധാനങ്ങളും ഈ നഗരത്തിലൊരുക്കിയിട്ടുണ്ട്.
വിവിധ മാർഗങ്ങളിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സ്റ്റോർ ചെയ്ത് ആവശ്യത്തിനു ശേഷമുള്ളത് വിൽപന നടത്തി വരുമാനമുണ്ടാക്കാനും കഴിയുന്നു. ഇതു കൂടാതെ അന്തരീക്ഷ മലിനീകരണത്തിന്റെ അളവ് കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന സംവിധാനവുമുണ്ട്. മേഘവിസ്ഫോടനം സംഭവിക്കുന്പോൾ മുന്നറിയിപ്പ് നൽകുന്ന അലാം സിസ്റ്റവും ഈ നഗരത്തിലുണ്ട്.
വരുംതലമുറയ്ക്ക് പ്രകൃതിയെ ചൂഷണം ചെയ്യാതെ അവരുടെ ആവശ്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാതെതന്നെ നടത്തിയെടുക്കാൻ കഴിയുന്ന സ്മാർട്ട് നഗരമാണ് മുഹമ്മദ് യാസിനും അമൻ ശങ്കറും സ്വപ്നം കാണുന്നത്.
Tags :