പുതുക്കാട് എടിഎം കവര്‍ച്ചാ ശ്രമക്കേസിലെ പ്രതി ജിതിനോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥർ.
പുതുക്കാട്: മെഷീൻ മുറിക്കാൻ കൊണ്ടുവന്ന കട്ടറിന്റെ രണ്ട് ബ്ലേഡുകള് ഒടിഞ്ഞതാണ് തൊറവ് എസ്ബിഐ ശാഖയിലെ എടിഎം, സിഡിഎം കവർച്ചാ ശ്രമം ഉപേക്ഷിക്കാന്‍ കാരണമായത്. സംഭവത്തില്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടിയ പുതുക്കാട് പൊലിസിന് നിര്‍ണായകമായത് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെ വിശദമായ പരിശോധന.
പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ആറു ടീമുകളായി തിരിഞ്ഞായിരുന്നു അന്വേഷണം. പ്രാഥമികമായി വ്യക്തമായ തെളിവുകളൊന്നും ലഭിക്കാതിരുന്നതോടെ സംസ്ഥാനത്തെ എടിഎം കവര്‍ച്ചാ കേസുകളില്‍ ഉള്‍പ്പെട്ടവരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട പരിശോധന.
തുടര്‍ന്ന് സംഭവസ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ ദിവസങ്ങളോളം പരിശോധിച്ചു. ഇതിലൂടെയാണ് പ്രതിയെക്കുറിച്ച് നിര്‍ണായക സൂചനകള്‍ ലഭിച്ചത്. കൃത്യത്തിനു മൂന്നു ദിവസം മുമ്പ് ഇതേ എടിഎം സെന്ററിൽനിന്ന് പ്രതി പണം പിന്‍വലിച്ചതായും കണ്ടെത്തി. മോഷണത്തിനു മുന്നോടിയായുള്ള നിരീക്ഷണത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് പൊലിസിന്റെ നിഗമനം.
കൃത്യം നടന്ന ദിവസം കാറിലെത്തിയ പ്രതി എതിര്‍വശത്തുള്ള പഞ്ചായത്ത് ഓഫിസിനോടു ചേര്‍ന്ന് വാഹനം പാര്‍ക്ക് ചെയ്തു. തുടര്‍ന്ന് വസ്ത്രംമാറി ഹെല്‍മെറ്റും മാസ്കും ധരിച്ചാണ് എടിഎം സെന്ററിലേക്ക് എത്തിയത്. സമൂഹമാധ്യമങ്ങള്‍ നിരീക്ഷിച്ചതില്‍നിന്നാണ് മോഷണത്തിനു പദ്ധതിയിട്ടതെന്നു പൊലിസ് പറഞ്ഞു.
കട്ടര്‍ ഉപയോഗിക്കുന്നതിലെ പരിചയക്കുറവാണ് കവര്‍ച്ചാശ്രമം പരാജയപ്പെടാന്‍ കാരണമായതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കട്ടറിന്റെ രണ്ടു ബ്ലേഡുകള് ഒടിഞ്ഞതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കട്ടര്‍ കൈകാര്യംചെയ്ത രീതിയില്‍നിന്ന് പ്രതി ഈ രംഗത്ത് വിദഗ്ധനല്ലെന്നു മനസിലാക്കാനായതും പൊലിസിനായി.
സാമ്പത്തിക ബാധ്യതയാണ് മോഷണശ്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ വിശദീകരണം. ലോണ്‍ ആപ്പുകള്‍ വഴിയും പലിശയ്ക്ക് പണം കടമെടുത്തും പ്രതി ആഡംബരജീവിതം നയിച്ചിരുന്നതായും പോലീസ് പറഞ്ഞു. യൂബര്‍ ഡ്രൈവറായ പ്രതി ഓട്ടത്തിനായി ഉപയോഗിക്കുന്ന കാറുമായാണ് കൃത്യത്തിനെത്തിയത്.
കൂടുതല്‍ എടിഎമ്മുകളിൽ കവർച്ച നടത്താനും പ്രതി പദ്ധതിയിട്ടിരുന്നതായി പൊലിസ് പറഞ്ഞു. വരന്തരപ്പിള്ളി സ്റ്റേഷന് പരിധിയിലെ അടിപിടിക്കേസിലും ജിതിന് പ്രതിയാണ്.
പുതുക്കാട് പൊലിസിനൊപ്പം ഡാന്‍സാഫ്, ഷാഡോ പോലീസ് സംഘങ്ങളും അന്വേഷണത്തിനുണ്ടായിരുന്നു.
Tags :