ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു ഗുരുവായൂർ അയ്യപ്പ ഭജനസംഘം വിളക്കാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രനടയിൽ ലക്ഷദീപം തെളിഞ്ഞപ്പോൾ.
ഗുരുവായൂർ: ക്ഷേത്രസന്നിധിയെ സംഗീതസാന്ദ്രമാക്കുന്ന പ്രശസ്തമായ ചെമ്പൈ സംഗീതോത്സവത്തിന് നാളെ അരങ്ങുണരും.
മേൽപുത്തൂർ ഓഡിറ്റോറിയത്തിലെ പ്രത്യേകം തയ്യാറാക്കിയ ചെമ്പൈ മണ്ഡപത്തിൽ നാളെ വൈകീട്ട് ആറിന് മന്ത്രി കെ.മുരളീധരൻ ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
ശ്രീഗുരുവായുരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത മൃദംഗ വിദ്വാൻ ടി.കെ.മൂർത്തിക്ക് മന്ത്രി സമ്മാനിക്കും.ഗായിക കെ.എസ്.ചിത്ര, എൻ. കെ.അക്ബർ എംഎൽഎ എന്നിവർ മുഖ്യാതിഥികളാകും.ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അധ്യക്ഷനാകും.
ശനിയാഴ്ച രാവിലെ ഏഴുമുതൽ കച്ചേരികൾ ആരംഭിക്കും. തുടക്കക്കാർ മുതൽ പ്രഗത്ഭരായവർവരെയുള്ള 3000ത്തിലേറെ സംഗീതാർഥികൾ കച്ചേരികൾ അവതരിപ്പിക്കും.
ദിവസവും വൈകീട്ട് ആറുമുതൽ ഒൻപത്വരെ പ്രഗത്ഭരുടെ വിശേഷാൽ കച്ചേരികളാണ്.
20ന് രാവിലെ ഒൻപതു മുതൽ പത്തുവരെ പഞ്ചരത്ന കീർത്തനാലാപമാണ്. 21ന് ഏകാദശി ദിനത്തിൽ രാത്രി പത്തിന് പ്രഗത്ഭരായ സംഗീതജ്ഞർ ചേർന്ന് ചെമ്പൈയുടെ ഇഷ്ട കീർത്തനങ്ങൾ ആലപിക്കുന്നതോടെ സംഗീതോത്സവത്തിന് സമാപനമാകും.
Tags :