സീന വീട്ടുമുറ്റത്ത് നിർമിച്ച ഹെലികോപ്റ്ററും വിമാനവും.
കയ്പമംഗലം: ഉപയോഗശൂന്യമായ പാഴ്വസ്തുക്കൾക്ക് പുതുജീവൻ നൽകി വീട്ടുമുറ്റത്തെ കുട്ടികളുടെ വിസ്മയ പാർക്കാക്കി മാറ്റിയിരിക്കുകയാണ് കൂരിക്കുഴി സ്വദേശി പുതിയ വീട്ടിൽ സീന സലാം. കുവൈത്ത് എയർവേയ്സിന്റെ വിമാനം, ഹെലികോപ്റ്റർ, അരയന്നങ്ങൾ, കൊക്കുകൾ, വഞ്ചി തുടങ്ങി ഒട്ടേറെ രൂപങ്ങൾ സീനയുടെ കരവിരുതിൽ ഇവിടെ ഇടംപിടിച്ചിട്ടുണ്ട്.
വൈവിധ്യമാർന്ന ചെടിച്ചട്ടികളാൽ സമൃദ്ധമായ പൂന്തോട്ടം, മനോഹരമായ ഇരിപ്പിടങ്ങൾ, വെള്ളച്ചാട്ടത്തോടു കൂടിയ കൃത്രിമക്കുളം, ഏറുമാടം തുടങ്ങി കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന നിരവധി നിർമിതികളാണ് വീട്ടുമുറ്റത്തുള്ളത്.
കൂടാതെ പഴയ കാലത്തെ വസ്തുക്കളുടെ ശേഖരം, ലൈബ്രറി എന്നിവയും വീട്ടുമുറ്റത്ത് ഒരുക്കിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ഒരു കുട്ടികളുടെ പാർക്കിലെത്തിയ പ്രതീതിയാണ് ഇവിടെ സന്ദർശകർക്ക് ലഭിക്കുന്നത്. സീനയുടെ ഈ വേറിട്ട സർഗാത്മക പ്രവർത്തനം മാധ്യമങ്ങളിൽ വാർത്തയായതോടെ നിരവധി അംഗീകാരങ്ങളും തേടിയെത്തി. സ്കൂളുകളിൽ നിന്നും അങ്കണവാടികളിൽ നിന്നുമുള്ള കുട്ടികളടക്കം നിരവധി പേരാണ് സീനയുടെ വീട്ടുമുറ്റത്തെ വിസ്മയക്കാഴ്ചകൾ കാണാനെത്തുന്നത്.
Tags :