പുത്തൻപുരക്കൽ ചാക്കോ അമിത കീടനാശിനി പ്രയോഗം ബാധിച്ച തന്റെ തേനീച്ചക്കോളനി ചൂണ്ടിക്കാണിക്കുന്നു.
ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിലെ അറബി മേഖലയിൽ വ്യാപകമായി കശുമാവിന് വീര്യംകൂടിയ കീടനാശിനികൾ തളിക്കുന്നതായി ആരോപണം. പ്രദേശവാസി പുത്തൻപുരയ്ക്കൽ ചാക്കോ പൊലിസിൽ പരാതി നൽകി. പഞ്ചായത്തിലെ നൂറുകണക്കിന് ഏക്കർ വരുന്ന കശുമാവിൻതോട്ടമുള്ള കോളിത്തട്ട്, മട്ടിണി, അറബിക്കുളം, അങ്ങാടിശേരി തട്ട്, അറബി, കുന്നേൽപ്പടി, ചുപ്പുംകരി മേഖലകളിൽ തോട്ടം പാട്ടത്തിനെടുത്തവരാണ് ഇത്തരത്തിൽ അനുവാദമില്ലാത്ത വീര്യം കൂടിയ കീടനാശിനി തളിക്കുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം. നാട്ടുകാർ അന്വേഷിക്കുമ്പോൾ ജൈവ കീടനാശിനികളാണ് തളിക്കുന്നത് എന്നാണ് ഇവർ പറയുന്നത്. എങ്കിലും വാസ്തവം ഇതല്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.
തേനീച്ചകൾ ചത്തുവീഴുന്നതും മുതിർന്നവർക്കും കുട്ടികൾക്കും ശ്വാസതടസവും മറ്റു ആരോഗ്യ പ്രശ്നങ്ങളും പതിവാകുന്നതായി പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കൂടാതെ, വ്യാപകമായി ചെറുപ്രാണികൾ ചത്തു വീഴുന്നതായും കാണപ്പെട്ടു. കശുമാവിന് മരുന്ന് തളിച്ച ശേഷമാണ് ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നത് എന്ന് മനസിലാതോടെയാണ് പ്രദേശവാസികൾ അധികൃതർക്ക് പരാതി നൽകിയത്. തേനീച്ചകൃഷിയെയും ഇത് ബാധിക്കുന്നതയി 54 വർഷമായി തേനീച്ചകൃഷി നടത്തുന്ന കർഷകൻ ചാക്കോ പറയുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ച് മന്ത്രി, എംഎൽഎ, കളക്ടർ എന്നിവർക്ക് പരാതി നൽകിയിരുന്നുവെങ്കിലും തുടർനടപടികൾ ഒന്നും തന്നെ സ്വീകരിച്ചില്ല എന്ന ആരോപണവും നിലനിൽക്കുന്നു.
കശുമാവ് കൃഷി ധാരാളമുള്ള ഇവിടങ്ങളിൽ കൃഷിവകുപ്പ് നിർദേശിച്ച കീടനാശിനികൾ മാത്രമേ ഉപയോഗിക്കാവൂ എന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. തേനീച്ചകളെ ഉൾപ്പെടെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Tags :